1. മുപ്പത്തെട്ടാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള ഉദ്ഘാടനം ചെയ്തത് ആര്?
Answer: ഷേയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി
ഷാര്‍ജ ഭരണാധികാരിയും യു.എ.ഇ. സുപ്രീം കൗണ്‍സില്‍ അംഗവുമായ ഹിസ് ഹൈനസ് ഷേയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പുസ്തകമേള ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങില്‍ തുര്‍ക്കിയില്‍ നിന്നുള്ള എഴുത്തുകാരനും നൊബേല്‍ സമ്മാനജേതാവുമായ ഓര്‍ഹന്‍ പാമുക്, അമേരിക്കന്‍ നടനും എഴുത്തുകാരനുമായ സ്റ്റീവ് ഹാര്‍വെ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
2. ഐ.എസ്. തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ വധിച്ച അമേരിക്കയുടെ സൈനിക ഓപ്പറേഷനില്‍ പങ്കെടുത്ത ആ നായയുടെ പേര്?
Answer: ''കൊനാന്‍''
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ട്വിറ്ററിലൂടെ നായയുടെ പേര് വെളിപ്പെടുത്തിയത്. കൊനാനെ അമേരിക്കന്‍ ഹീറോയെന്ന് വിശേഷിപ്പിച്ചു കൊണ്ട് ട്രംപ് ട്വീറ്റ് ചെയ്തു. ബെല്‍ജിയന്‍ മാലിനോയിസ് ഇനത്തില്‍പ്പെട്ട നായയാണ് കൊനാന്‍.
3. പാകിസ്താനിലെ ജനങ്ങള്‍ കശ്മീര്‍ വിഷയം ഗൗരവമായി കാണുന്നില്ലെന്ന് സര്‍വേ. ഏത് ഏജൻസിയാണ് സർവേ നടത്തിയത്?
Answer: ഗല്ലപ് ഇന്റര്‍നാഷണല്‍
പാകിസ്താനിലെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രധാന പ്രശ്‌നം വര്‍ധിച്ചുവരുന്ന നാണയപ്പെരുപ്പമാണെന്നും കശ്മീര്‍ വിഷയമല്ലെന്നും സര്‍വേ. ഗല്ലപ് ഇന്റര്‍നാഷണല്‍ എന്ന ഏജന്‍സി പാകിസ്താനിലെ നാലു പ്രവിശ്യകളിലും നടത്തിയ സര്‍വേയിലാണ് ജനങ്ങള്‍ നേരിടുന്ന പ്രധാന വിഷയം സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്നത്. പാകിസ്താന്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്ന് കഴിഞ്ഞ ജൂലായില്‍ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ചൂണ്ടിക്കാട്ടിയിരുന്നു.
4. മനോഹര്‍ ലാല്‍ ഖട്ടാര്‍ ഏത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായാണ് വീണ്ടും അധികാരമേറ്റത്?
Answer: ഹരിയാന
ബി.ജെ.പി. നേതാവായ ഖട്ടാര്‍ തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് ഹരിയാനയുടെ മുഖ്യമന്ത്രിയാവുന്നത്. 90 സീറ്റുകളുള്ള ഹരിയാന നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 40 സീറ്റോടെ ബി.ജെ.പി. ഏറ്റവും വലിയ ഒറ്റകക്ഷിയായതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ഖട്ടാറിനെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണിച്ചത്. 10 സീറ്റ് നേടിയ ജനനായക് ജനത പാര്‍ട്ടിയുടെ പിന്തുണയോടെയാണ് ബി.ജെ.പി. സര്‍ക്കാര്‍ രൂപവത്കരിക്കുന്നത്.
5. വാര്‍ത്താ ചരിത്ര മ്യൂസിയമായ 'ന്യൂസിയം' എവിടെയാണ്?
Answer: വാഷിങ്ടണ്‍ ഡി.സി
മാധ്യമ ചരിത്രത്തിന്റെ കാഴ്ച ബംഗ്ലാവായാണ് വാഷിങ്ടണ്‍ ഡി.സിയിലെ ന്യൂസിയം അറിയപ്പെടുന്നത്. നാലു ലക്ഷം അടിയില്‍ ഏഴു നിലകളുള്ള വാര്‍ത്താ ചരിത്ര മ്യൂസിയമാണിത്. സാമ്പത്തിക പ്രതിസന്ധി കാരണം ഡിസംബറില്‍ ഈ മ്യൂസിയം പൂട്ടുമെന്നാണ് വാര്‍ത്തകള്‍. ഫ്രീഡം ഫോറം എന്ന സംഘടനയായിരുന്നു ന്യൂസിയത്തിന്റെ സ്ഥാപകര്‍.
6. കഴിഞ്ഞയാഴ്ച വാര്‍ത്തകളിലിടം നേടിയ ഫ്രാന്‍സിസ്‌കോ ഫ്രാങ്കോ ഏത് രാജ്യത്തെ സ്വേച്ഛാധിപതിയായിരുന്നു?
Answer: സ്‌പെയിന്‍
1939-ല്‍ സ്‌പെയിനില്‍ അധികാരത്തിലെത്തിയ ഇടതുപക്ഷ സര്‍ക്കാരിനെ മൂന്നു വര്‍ഷം നീണ്ട ആഭ്യന്തരയുദ്ധത്തിലൂടെ പുറത്താക്കി അധികാരം പിടിച്ചടക്കിയ സേന ജനറലാണ് ഫ്രാന്‍സിസ്‌കോ ഫ്രാങ്കോ. 1975-ല്‍ മരിക്കുന്നതുവരെ സ്‌പെയിനിന്റെ ഭരണാധികാരിയായി തുടര്‍ന്നു. സ്‌പെയിനിലെ ആഭ്യന്തര യുദ്ധത്തില്‍ അഞ്ചു ലക്ഷത്തോളം പേരെയാണ് ഫ്രാങ്കോയുടെ സൈന്യം കൊലചെയ്തത്. ഇവര്‍ക്കായി സ്‌പെയിനിലെ ഇപ്പോഴത്തെ സോഷ്യലിസ്റ്റ് സര്‍ക്കാര്‍ 'വാലി ഓഫ് ഫാളെനില്‍' സ്മാരകം നിര്‍മിക്കുകയാണ്. വാലി ഓഫ് ഫാളെനില്‍ അടക്കം ചെയ്തിരുന്ന ഫ്രാന്‍സിസ്‌കോ ഫ്രാങ്കോയുടെ ഭൗതിക ശരീരം ഇവിടെ നിന്ന് മാറ്റിസ്ഥാപിച്ചതാണ് ഇപ്പോള്‍ വാര്‍ത്തയായത്.
7. വിദ്യാര്‍ഥികളുടെ എണ്ണം പരിഗണിച്ച് ലോകത്തിലെ ഏറ്റവും വലിയ സ്‌കൂള്‍ എന്ന ഗിന്നസ് റെക്കോഡ് നേടിയ സിറ്റി മോണ്ടിസോറി സ്‌കൂള്‍ ഇന്ത്യയില്‍ ഏത് നഗരം കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്?
Answer: ലഖ്‌നൗ
2019-20 അധ്യയന വര്‍ഷം 56,000 വിദ്യാര്‍ഥികളാണ് സിറ്റി മോണ്ടിസോറി സ്‌കൂളില്‍ പഠിക്കുന്നത്. 18 ബ്രാഞ്ചുകളാണ് ഈ ഇംഗ്ലീഷ് മീഡിയം സ്‌കൂളിനുള്ളത്. 2002-ല്‍ യുനസ്‌കോയുടെ പീസ് എജുക്കേഷന്‍ അവാര്‍ഡ് ഈ സ്‌കൂളിന് ലഭിച്ചിട്ടുണ്ട്.
8. നറുഹിതോ ഏത് രാജ്യത്തെ പുതിയ ചക്രവര്‍ത്തിയാണ്?
Answer: ജപ്പാന്‍
ഒക്ടോബര്‍ 22-നാണ് നറുഹിതോ ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് ജപ്പാന്റെ ചക്രവര്‍ത്തി പദവി ഏറ്റെടുത്തത്. നറുഹിതോയുടെ ഭരണ കാലം റെയ് വ യുഗം എന്നായിരിക്കും അറിയപ്പെടുക. ഹെയ്‌സെയ് യുഗത്തില്‍ ജപ്പാനെ 27 വര്‍ഷം നയിച്ച അകിഹിതോ ചക്രവര്‍ത്തി 2018-ല്‍ സ്ഥാനമൊഴിഞ്ഞതോടെയാണ് പുതിയ ചക്രവര്‍ത്തി അധികാരത്തിലെത്തിയത്.
9. ഭിന്നശേഷിക്കാര്‍ക്കുള്ള ആദ്യ ഡിഫറന്റ് ആര്‍ട്‌സ് സെന്റര്‍ തുടങ്ങുന്നതെവിടെയാണ്?
Answer: തിരുവനന്തപുരം
തിരുവനന്തപുരം കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കിലെ മാജിക് പ്ലാനറ്റിലാണ് ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാവതരണത്തിനുള്ള സ്ഥിരം വേദിയായ ഡിഫറന്റ് ആര്‍ട്‌സ് സെന്റര്‍ തുടങ്ങുന്നത്. നവംബര്‍ ആദ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത് ഉദ്ഘാടനം ചെയ്യും. ഇത്തരത്തിലുള്ള ലോകത്തെ ആദ്യ സംരംഭമാണിത്.
10. കേന്ദ്ര സര്‍ക്കാരിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയായ 'ഭാരത് കി ലക്ഷ്മി'യുടെ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട കായിക താരം?
Answer: പി.വി.സിന്ധു
പി.വി.സിന്ധുവിനു പുറമെ ബോളിവുഡ് നടി ദീപിക പദുകോണും 'ഭാരത് കി ലക്ഷ്മി'യുടെ അംബാസഡറാണ്. രാജ്യത്തെ വനിതകളുടെ ശ്രദ്ധേയമായ സേവനങ്ങള്‍ ലോകത്തെ അറിയിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കി ബാത്തി'ന്റെ 57-ാമത് എഡിഷനിലാണ് പദ്ധതി പ്രഖ്യാപിച്ചത്.
11. മിസോറമിന്റെ ഗവര്‍ണര്‍ പദവിയിലെത്തുന്ന എത്രാമത് മലയാളിയാണ് പി.എസ്. ശ്രീധരന്‍ പിള്ള?
Answer: മൂന്നാമത്
2011 മുതല്‍ 14 വരെ വക്കം പുരുഷോത്തമനും 2018 മേയ് മുതല്‍ 2019 മാര്‍ച്ച് വരെ കുമ്മനം രാജശേഖരനും മിസോറം ഗവര്‍ണറായിരുന്നു. പുതിയ കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മു കശ്മിരില്‍ ഗിരീഷ്ചന്ദ്ര മുര്‍മുവും ലഡാക്കില്‍ രാഥാകൃഷ്ണ മാഥൂറുമാണ് പുതിയ ലഫ്റ്റനന്റ് ഗവര്‍ണമാര്‍.
12. മലബാര്‍ പോലീസ് മ്യൂസിയം നിലവില്‍ വരുന്നതെവിടെയാണ്?
Answer: കോഴിക്കോട്
കോഴിക്കോട് സിറ്റി പോലീസ് ചീഫ് ഓഫീസ് കെട്ടിടത്തിലാണ് മലബാര്‍ പോലീസ് മ്യൂസിയം സ്ഥാപിക്കുന്നത്. നവംബര്‍ 1-ന് ഇത് ഉദ്ഘാടനം ചെയ്യും.
13. എത്ര വയസ്സ് തികഞ്ഞവര്‍ക്കാണ് തപാല്‍ വോട്ടിന് ഇലക്ഷന്‍ കമ്മിഷന്‍ സൗകര്യമൊരുക്കുന്നത്?
Answer: എണ്‍പത്
എണ്‍പത് വയസ്സ് തികഞ്ഞവര്‍ക്കും അംഗപരിമിതര്‍ക്കും അവശ്യ സര്‍വീസിലുള്ളവര്‍ക്കുമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തപാല്‍ വോട്ടിന് പുതുതായി സൗകര്യമൊരുക്കുന്നത്. 1961-ലെ തിരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്ത് സ്ഥലത്തില്ലാത്ത വോട്ടര്‍മാര്‍ എന്ന നിര്‍വചനം വിപുലീകരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് ജോലിയുള്ളവര്‍ക്കും സൈനികര്‍ക്കും മാത്രമേ നിലവില്‍ തപാല്‍വോട്ടുള്ളൂ.
14. യുഎസ് സൈനിക നീക്കത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ട ഐഎസ് തലവന്‍?
Answer: അബൂബക്കര്‍ അല്‍ ബാഗ്ദാദി
കഴിഞ്ഞ അഞ്ച് വര്‍ഷമായി ബാഗ്ദാദി ഒളിവില്‍ കഴിയുകയാണ്. 2010ലാണ് ബാഗ്ദാദി ഭീകരസംഘടനയായ ഐഎസ്‌ഐയുടെ നേതാവാകുന്നത്. പിന്നീട് അല്‍ഖ്വെയ്ദയെ സംഘടനയില്‍ ലയിപ്പിച്ച ശേഷം ഐസിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു.
15. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ എത്രാമത് സീസണാണ് ഇത്തവണത്തേത്?
Answer: ആറ്
2013 -ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണ്‍ മത്സരങ്ങള്‍ നടന്നത് 2014-ലാണ്. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയാണ് ആദ്യ സീസണിലെ കിരീടം നേടിയത്. കഴിഞ്ഞതവണ ബെംഗളുരു എഫ്.സി.ക്കായിരുന്നു കിരീടം. 10 ടീമുകളാണ് ഇത്തവണ കിരീടത്തിനായി മത്സരിക്കുന്നത്. ഒക്ടോബര്‍ 20-ന് കൊച്ചിയിലായിരുന്നു ഈ സീസണിലെ ഉദ്ഘാടന മത്സരം.
16. കഴിഞ്ഞയാഴ്ച വാര്‍ത്തകളില്‍ ഇടം നേടിയ പാക്ടു മലനിരകള്‍ ഏത് രാജ്യത്താണ്?
Answer: ഉത്തരകൊറിയ
ഉത്തരകൊറിയയിലെ ഏറ്റവും ഉയരംകൂടിയ മലനിരകളാണ് പാക്ടു. ഉത്തരകൊറിയന്‍ രാഷ്ട്രത്തലവന്‍ കിം ജോങ് ഉന്‍ വെള്ളക്കുതിരപ്പുറത്തേറി ഈ മലനിരകളില്‍ സവാരി നടത്തിയ ചിത്രമാണ് വാര്‍ത്തകളിലിടം നേടിയത്. സുപ്രധാനമായ പ്രഖ്യാപനങ്ങള്‍ക്ക് മുന്നോടിയായാണ് സാധാരണ കിം ജോങ് ഉന്‍ ഈ മലനിരകളിലെത്താറുള്ളത്. 2750 മീറ്ററാണ് പാക്ടുവിന്റെ ഉയരം.
17. നാറാണത്തു ഭ്രാന്തനുമായി ബന്ധപ്പെട്ട രായിരനെല്ലൂര്‍ മല ഏത് ജില്ലയിലാണ്?
Answer: പാലക്കാട്
പറയിപെറ്റ പന്തിരുകുലത്തിലെ നാറാണത്തു ഭ്രാന്തന്‍ പാറയുരുട്ടിക്കയറ്റി താഴേക്കിട്ട് രസിച്ചത് രായിരനെല്ലൂര്‍ മലയിലാണെന്നാണ് വിശ്വാസം. പാലക്കാട് പട്ടാമ്പിക്കടുത്താണിത്. എല്ലാവര്‍ഷവും തുലാം ഒന്നിന് വിശ്വാസികള്‍ ഈ മലകയറാനെത്തുന്നുണ്ട്. ഒക്ടോബര്‍ 18-നായിരുന്നു ഇത്തവണത്തെ മലകയറ്റം.
18. നിതി ആയോഗ് 2019 ഒക്ടോബര്‍ 17-ന് പുറത്തിറക്കിയ ഇന്ത്യ ഇന്നവേഷന്‍ സൂചികയില്‍ കേരളത്തിന്റെ സ്ഥാനം?
Answer: ആറ്
നൂതനാശയങ്ങളും സാങ്കേതിക വിദ്യയും പ്രോത്സാഹിപ്പിക്കുന്നതിലെ മികവ് പരിഗണിച്ചാണ് സൂചിക തയ്യാറാക്കിയത്. കര്‍ണാടകമാണ് സൂചികയില്‍ ഒന്നാമത്. തമിഴ്‌നാടും മഹാരാഷ്ട്രയും യഥാക്രമം രണ്ടും മൂന്നും റാങ്കിലെത്തി.
19. കനേഡിയന്‍ എഴുത്തുകാരി മാര്‍ഗരറ്റ് അറ്റ് വുഡിനൊപ്പം ഇത്തവണത്തെ ബുക്കര്‍ പുരസ്‌കാരം പങ്കിട്ട ബെര്‍ണാഡിനെ എവരിസ്റ്റോ ഏത് രാജ്യക്കാരിയാണ്?
Answer: ബ്രിട്ടന്‍
ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ കരുത്ത വര്‍ഗക്കാരിയാണ് ബെര്‍ണാഡിനെ എവരിസ്റ്റോ. ഗേള്‍, വുമണ്‍, അതര്‍ എന്ന കൃതിക്കാണ് എവരിസ്റ്റോ ബുക്കര്‍ നേടിയത്. കനേഡിയക്കാരിയായ മാര്‍ഗരറ്റ് അറ്റ് വുഡിന്റെ ദ ടെസ്റ്റമെന്റ്‌സ് എന്ന കൃതിക്കാണ് പുരസ്‌കാരം. ബുക്കര്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് 79 കാരിയായ മാര്‍ഗരറ്റ് അറ്റ്‌വുഡ്. 45.5 ലക്ഷം രൂപയോളമാണ് പുരസ്‌കാരത്തുക.
20. ഇന്ത്യന്‍ സാഹിത്യത്തിലെ മികച്ച കൃതിക്ക് 2020 മുതല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മാതൃഭൂമി ബുക്ക് ഓഫ് ദ ഇയര്‍ പുരസ്‌കാരം എത്ര രൂപയുടേതാണ്?
Answer: അഞ്ച് ലക്ഷം
ഫിക്ഷന്‍ വിഭാഗത്തില്‍ ഇംഗ്ലീഷിലെഴുതിയ കൃതികളെയും മറ്റു ഭാഷകളില്‍നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത കൃതികളെയുമാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. പ്രഥമ പുരസ്‌കാരം അടുത്ത വര്‍ഷം ജനുവരി 30 മുതല്‍ ഫെബ്രുവരി രണ്ടുവരെ തിരുവനന്തപുരത്ത് നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സമ്മാനിക്കും.
21. ആസാദ് ഹിന്ദ് ഗവണ്‍മെന്റിന്റെ 76-ാം സ്ഥാപക വാര്‍ഷിക ദിനമാണ് 2019 ഒക്ടോബര്‍ 21. ഏത് ദേശീയ നേതാവാണ് 1943-ല്‍ ആസാദ് ഹിന്ദ് ഗവണ്‍മെന്റ് സ്ഥാപിച്ചത്?
Answer: സുഭാഷ് ചന്ദ്രബോസ്
1943-ല്‍ സിംഗപ്പുര്‍ ആസ്ഥാനമായാണ് സുഭാഷ് ചന്ദ്രബോസ് ആസാദ് ഹിന്ദ് ഗവണ്‍മെന്റ് സ്ഥാപിച്ചത്. ജപ്പാന്‍,ഇറ്റലി,ജര്‍മനി എന്നിവയുടെ പിന്തുണയോടെയായിരുന്നു ഇത്. സ്വതന്ത്ര ഇന്ത്യയുടെ താത്കാലിക ഗവണ്‍മെന്റ് എന്ന രീതിയിലാണ് ആസാദ് ഹിന്ദ് ഗവണ്‍മെന്റ് രൂപവത്കരിച്ചത്.
22. ഇത്തവണത്തെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ എത്രപേര്‍ക്കാണ് പങ്കിട്ടു നല്‍കിയത്?
Answer: മൂന്ന്
ഇന്ത്യക്കാരനായ അഭിജിത് ബാനര്‍ജി, ഭാര്യ എസ്‌തേര്‍ ദുഫ്‌ളോ, അമേരിക്കക്കാരന്‍ മൈക്കല്‍ ക്രെമര്‍ എന്നിവര്‍ക്കാണ് ഇത്തവണത്തെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ ലഭിച്ചത്. ആഗോള ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള പരീക്ഷണാധിഷ്ഠിത സമീപനത്തിനാണ് ഇത്തവണത്തെ നൊബേല്‍. സാമ്പത്തിക നൊബേല്‍ നേടുന്ന ആദ്യ ദമ്പതികളാണ് അഭിജിത് ബാനര്‍ജി-എസ്‌തേര്‍ ദുഫ്‌ളോ ദമ്പതികള്‍. അമര്‍ത്യ സെന്നിനുശേഷം സാമ്പത്തിക നൊബേല്‍ നേടുന്ന ഇന്ത്യക്കാരനാണ് അഭിജിത് ബാനര്‍ജി. സാമ്പത്തിക ശാസ്ത്ര നൊബേല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ(46) വ്യക്തിയും രണ്ടാം വനിതയുമാണ് ഫ്രഞ്ച്-അമേരിക്കന്‍ വംശജയായ ദുഫ്‌ളോ. ആറരക്കോടി രൂപയോളമാണ് പുരസ്‌കാരത്തുക.
23. ഇന്ത്യയിലെ പുതിയ കേന്ദ്ര ഭരണപ്രദേശങ്ങളായ ലഡാക്ക്, ജമ്മുകശ്മീര്‍ എന്നിവ നിലവില്‍ വരുന്നതെപ്പോള്‍?
Answer: നവംബര്‍ 1
കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയും പ്രത്യേക പദവിയും എടുത്തുകളായാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 31 വരെയായിരുന്നു സംസ്ഥാനപദവിയുണ്ടായിരുന്നത്. നവംബര്‍ ഒന്നു മുതല്‍ ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി. ഇതോടെ ഇന്ത്യയില്‍ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം ഒമ്പതിലെത്തി.
Loading...
Answer: ചിപ്‌കോ
മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നല്‍കിവരുന്ന പുരസ്‌കാരമാണിത്. പത്തുലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരം. ഉത്തരാഖണ്ഡ് സ്വദേശിയായ ചണ്ഡീപ്രസാദ് ഭട്ട് സ്ഥാപിച്ച ദഷോലി സ്വരാജ്യ സംഘാണ് ചിപ്‌കോ പ്രസ്ഥാനത്തിന്റെ തുടക്ക രൂപം. 1973-ലാണ് ചിപ്‌കോ പ്രസ്ഥാനം നിലവില്‍വന്നത്.
25. ഏത് രാജ്യത്താണ് ഹാഗിബിസ് ചുഴലിക്കാറ്റ് നാശം വിതച്ചത്?
Answer: ജപ്പാന്‍
ശാന്തസമുദ്രത്തില്‍ സമീപകാലത്തുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഹാഗിബിസ്. ജപ്പാനില്‍ ഈ നൂറ്റാണ്ടിലുണ്ടായ ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റായിരുന്നു ഇത്. നൂറോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
26. ഒക്ടോബര്‍ 12-ന് മുംബൈയില്‍ അന്തരിച്ച റാം മോഹന്‍ താഴെപ്പറയുന്ന ഏത് വിശേഷണത്തിനുടമയാണ്?
Answer: ഇന്ത്യന്‍ അനിമേഷന്റെ പിതാവ്
തിരുവല്ല സ്വദേശിയായ റാം മോഹനാണ് 1992-ല്‍ ഇന്ത്യയിലെ ആദ്യ അനിമേറ്റഡ് ഫീച്ചര്‍ ഫിലിമായ 'രാമായണ' നിര്‍മിച്ചത്. മുംബൈയിലെ ഗ്രാഫിറ്റി സ്‌കൂള്‍ ഓഫ് അനിമേഷന്റെ സ്ഥാപകനാണ്. 2014-ല്‍ പദ്മശ്രീ ലഭിച്ചിട്ടുണ്ട്.
27. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്ത ഇന്ത്യ-ചൈന രണ്ടാം അനൗപചാരിക ഉച്ചകോടി എവിടെ വെച്ചായിരുന്നു?
Answer: മഹാബലിപുരം
2018-ല്‍ ചൈനയിലെ വുഹാനിലായിരുന്നു ആദ്യ അനൗപചാരിക ഉച്ചകോടി. മൂന്നാം ഉച്ചകോടി അടുത്തവര്‍ഷം ചൈനയില്‍വെച്ച് നടക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ, വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. പല്ലവ രാജാവായ നരസിംഹ വര്‍മനാണ് മഹാബലിപുരം സ്ഥാപിച്ചത്.
28. മലയാളത്തിലെ ഏത് കവിയുടെ ജന്മദിനമാണ് ദേശീയ കഥകളി ദിനമായി ആചരിക്കണമെന്ന് ആവശ്യമുയരുന്നത്?
Answer: വള്ളത്തോള്‍
ഒക്ടോബര്‍ 16-നാണ് മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ ജന്മദിനം. കഥകളിയുടെ പ്രചാരകനും കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമാണ് വള്ളത്തോള്‍.
29. DHARMA GUARDIAN-2019 ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സൈനിക പരിശീലനമാണ്?
Answer: ജപ്പാന്‍
2018-ലാണ് ഇരു രാജ്യങ്ങളും ധര്‍മ ഗാര്‍ഡിയൻ എന്ന പേരിലുള്ള സംയുക്ത സൈനിക പരിശീലനത്തിന് തുടക്കം കുറിച്ചത്. 2019-ലെ പരിശീലനം ഒക്ടോബര്‍ 19 മുതല്‍ നവംബര്‍ 2വരെ മിസോറമിലെ വെയരംഗ്‌റ്റെയില്‍ നടക്കും. ഇന്ത്യന്‍ കരസേനയുടെ 25 അംഗങ്ങളും ജാപ്പനീസ് ഗ്രൗണ്ട് ഡിഫന്‍സ് ഫോഴ്‌സിലെ 25 അംഗങ്ങളും പരിശീലനത്തില്‍ പങ്കെടുക്കും.
30. 2019-ലെ സമാധാന നൊബേല്‍ ലഭിച്ച ആബി അഹമ്മദ് അലി ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്?
Answer: എത്യോപ്യ
എത്യോപ്യയും അയല്‍ രാജ്യമായ എറിത്രിയയുമായി വര്‍ഷങ്ങള്‍ നീണ്ട യുദ്ധം അവസാനിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്കാണ് സമാധാന നൊബേല്‍ നല്‍കിയത്. 2018 ഏപ്രിലിലാണ് ആബി അഹമ്മദ് എത്യോപ്യയുടെ പ്രധാനമന്ത്രിയായത്. 2019-ലെ സാഹിത്യ നൊബേല്‍ ഓസ്ട്രിയന്‍ നോവലിസ്റ്റും നാടകകൃത്തുമായ പീറ്റര്‍ ഹാന്‍ഡ്‌കെയ്ക്കാണ്. ഇതോടൊപ്പം പ്രഖ്യാപിച്ച 2018-ലെ സാഹിത്യ നൊബേല്‍ പോളിഷ് എഴുത്തുകാരി ഓള്‍ഗ ടോകാര്‍ട്ചുക് നേടി.
31. ഇത്തവണത്തെ ലോക വനിത ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടിയ ഇന്ത്യന്‍ താരം?
Answer: മഞ്ജുറാണി
ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ മഞ്ജുറാണി റഷ്യയുടെ എകറ്റെറിന പാല്‍റ്റ്‌സെവയോട് പരാജയപ്പെടുകയായിരുന്നു. ആറാം സീഡുകാരിയായ മഞ്ജുറാണിയുടെ ആദ്യ ലോക ചാമ്പ്യന്‍ഷിപ്പായിരുന്നു ഇത്. മേരികോം, ജമുന ബോറോ, ലൗലീന ഹെയ്ന്‍ എന്നീ ഇന്ത്യന്‍ താരങ്ങള്‍ ഇവണത്തെ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടി. ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന താരം എന്ന റെക്കോഡ് എട്ടു മെഡലുകളോടെ മേരി കോം സ്വന്തം പേരിലാക്കി.
32. മധ്യപ്രദേശ് സര്‍ക്കാരിന്റെ 2018-19-ലെ കിഷോര്‍ കുമാര്‍ സമ്മാന്‍ നേടിയ മലയാള സംവിധായകന്‍?
Answer: പ്രിയദര്‍ശന്‍
മധ്യപ്രദേശ് സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പാണ് 1997-ല്‍ ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. പ്രശസ്ത ഗായകന്‍ കിഷോര്‍ കുമാറിന്റെ സ്മരണയ്ക്കായുള്ളതാണ് ഈ അവാര്‍ഡ്. രണ്ട് ലക്ഷം രൂപയാണ് സമ്മാനത്തുക.
33. ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങളുള്ള ഗ്രഹമേത്?
Answer: ശനി
വലയഗ്രഹമായ ശനിയെ ചുറ്റി 82 ഉപഗ്രഹങ്ങളുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. വ്യാഴത്തിന് 79 ഉപഗ്രഹങ്ങളുണ്ട്. ഹവായ് ദ്വീപിലുള്ള സുബാരു ടെലസ്‌കോപ്പാണ് ശനിയുടെ 20 പുതിയ ഉപഗ്രഹങ്ങളെ കണ്ടെത്തിയത്.
34. ഇന്ത്യന്‍ പ്രതിരോധ സേനയുടെ ഏറ്റവും വലിയ സൈനിക പരിശീലനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹിമ വിജയ് (Him Vijay) ഏത് സംസ്ഥാനത്താണ് നടന്നു വരുന്നത്?
Answer: അരുണാചല്‍പ്രദേശ്
അരുണാചല്‍പ്രദേശില്‍ നിയന്ത്രണ രേഖയ്ക്ക് 100 കിലോമീറ്ററിനടുത്താണ് പരിശീലനം നടക്കുന്നത്. 4000 സേനാംഗങ്ങളടങ്ങുന്ന മുന്ന് ഗ്രൂപ്പുകളാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. ഒക്ടോബര്‍ 7-ന് തുടങ്ങിയ ആദ്യഘട്ടം 10-ന് അവസാനിക്കും. രണ്ടാം ഘട്ടം ഒക്ടോബര്‍ 20-ന് തുടങ്ങി 24-ന് അവസാനിക്കും.
35. ഈയിടെ അന്തരിച്ച ജാക് ഷിറാക്ക് ഏത് രാജ്യത്തെ മുന്‍ പ്രസിഡന്റായിരുന്നു?
Answer: ഫ്രാന്‍സ്
പാരീസ് നഗരത്തിന്റെ മേയര്‍, രണ്ടു വട്ടം ഫ്രാന്‍സിന്റെ പ്രധാനമന്ത്രി എന്നീ പദവികളും ഷിറാക്ക് വഹിച്ചിട്ടുണ്ട്. 1995 മുതല്‍ 2007 വരെയാണ് ഫ്രാന്‍സിന്റെ പ്രസിഡന്റായത്.
36. കൊച്ചിയില്‍നിന്ന് ഏത് വിദേശ രാജ്യത്തേക്ക് പുതുതായി തുടങ്ങിയ വിമാന സര്‍വീസാണ് അര്‍ക്കിയ(Arkia)?
Answer: ഇസ്രായേല്‍
ഇസ്രായേലി എയര്‍ലൈനാണ് അര്‍കിയ. സെപ്റ്റംബര്‍ 28-നാണ് കൊച്ചിക്കും ഇസ്രായേലിലെ ടെല്‍ അവീവിനുമിടയില്‍ അര്‍കിയ ആദ്യ സര്‍വീസ് നടത്തിയത്. ആഴ്ചയില്‍ രണ്ട് ദിവസമാണ് സര്‍വീസ്.
37. ഇന്ത്യയിലെ ആദ്യ സ്വകാര്യ തീവണ്ടി ഏത്?
Answer: തേജസ്
ഐ.ആര്‍.സി.ടി.സിയുടെ തേജസ് തീവണ്ടി ഒക്ടോബര്‍ നാലിനാണ് സര്‍വീസ് തുടങ്ങിയത്. ലഖ്‌നൗ-ന്യൂഡല്‍ഹി റൂട്ടിലാണ് ഈ സ്വകാര്യ തീവണ്ടി സര്‍വീസ് നടത്തുന്നത്. സ്വകാര്യമേഖലയില്‍ 150 തീവണ്ടികള്‍ അനുവദിക്കാന്‍ റെയില്‍വേ ബോഡ് തീരുമാനിച്ചിട്ടുണ്ട്.
38. നിതി ആയോഗിന്റെ സ്‌കൂള്‍ ഗുണനിലവാര സൂചിക 2019-ല്‍ കേരളത്തിന്റെ സ്ഥാനം?
Answer: ഒന്ന്
2016-17 അധ്യയന വര്‍ഷത്തെ കണക്കുകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര മാനവ ശേഷി മന്ത്രാലയം ലോകബാങ്കിന്റെ സഹകരണത്തോടെ തയ്യാറാക്കിയതാണ് സ്‌കൂള്‍ ഗുണനിലവാര സൂചിക. സമഗ്ര വിഭാഗത്തില്‍ വലിയ സംസ്ഥാനങ്ങളുടെ ഗണത്തില്‍ 76.6 ശതമാനം സ്‌കോര്‍ നേടിയാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്. രാജസ്ഥാന്‍ രണ്ടാം സ്ഥാനവും കര്‍ണാടക മൂന്നാം സ്ഥാനവും നേടി.
39. കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്?
Answer: ജസ്റ്റിസ് എസ്. മണികുമാര്‍
മദ്രാസ് ഹൈക്കോടതി ജഡ്ജിയായ മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഒക്ടോബര്‍ 3-നാണ് നിയമിച്ചത്. ഇതോടൊപ്പം മറ്റ് ആറ് ഹൈക്കോടതികളിലും പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചിട്ടുണ്ട്. എല്‍. നാരായണ സ്വാമി(ഹിമാചല്‍പ്രദേശ്), രവിശങ്കര്‍ ഝാ(പഞ്ചാബ്-ഹരിയാന), ഇന്ദ്രജിത്ത് മഹന്തി(രാജസ്ഥാന്‍), ജസ്റ്റിസ് കെ.കെ. മഹേശ്വരി(ആന്ധ്രപ്രദേശ്), ജസ്റ്റിസ് അരൂപ് ഗോസ്വാമി(സിക്കിം), ജസ്റ്റിസ് അജയ് ലാംബ(ഗുവാഹാട്ടി) എന്നിവരാണ് പുതുതായി നിയമിക്കപ്പെട്ട മറ്റ് ചീഫ് ജസ്റ്റിസുമാര്‍.
40. ലോക ബഹിരാകാശ വാരമായി ആചരിക്കുന്നതെപ്പോള്‍?
Answer: ഒക്ടോബര്‍ 4-10
ലോകത്തെ 80 രാജ്യങ്ങള്‍ ബഹിരാകാശ വാരാചരണത്തില്‍ പങ്കെടുക്കുന്നുണ്ട്. The Moon: Gateway to the stars എന്നതായിരുന്നു ഈ വര്‍ഷത്തെ വാരാചരണത്തിന്റെ തീം. 1957 ഒക്ടോബര്‍ 4-നാണ് ഈ വാരാചരണം തുടങ്ങിയത്. ആദ്യ കൃത്രിമോപഗ്രഹമായ സ്ഫുട്‌നിക് 1 വിക്ഷേപിച്ചതിന്റെ ഓര്‍മയ്ക്കായാണ് ഒക്ടോബര്‍ നാലിന് വാരാചരണം തുടങ്ങുന്നത്.
41. പീറ്റര്‍ റാറ്റ്ക്ലിഫ്, വില്യം കെയിലിന്‍, ഗ്രെഗ് സെമന്‍സ എന്നിവര്‍ക്ക് 2019-ലെ നൊബേല്‍ സമ്മാനം ലഭിച്ചത് ഏത് രംഗത്തെ മികവിനാണ്?
Answer: വൈദ്യശാസ്ത്രം
ഓക്‌സിജന്റെ ലഭ്യതക്കനുസരിച്ച് കോശങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന 'മോണിക്യുലര്‍ സ്വിച്ചി'നെപ്പറ്റിയുള്ള ഗവേഷണത്തിനാണ് ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേല്‍. വില്യം കെയിലിന്‍, ഗ്രെഗ് സെമന്‍സ എന്നിവര്‍ യു.എസ്. ഗവേഷകരാണ്. പീറ്റര്‍ റാറ്റ്ക്ലിഫ് ബ്രിട്ടീഷുകാരനാണ്.
42. ഇന്ത്യയുടെ ഏത് സേന വിഭാഗത്തിന്റെ പുതിയ തലവനാണ് രാകേഷ്‌കുമാര്‍ സിങ് ബദൗരിയ?
Answer: വ്യോമസേന
ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ 26-മാത് തലവനാണ് രാകേഷ്‌കുമാര്‍ സിങ് ബദൗരിയ. ബി.എസ്. ധനോവ വിരമിച്ച ഒഴിവില്‍ സെപ്റ്റംബര്‍ 30-നാണ് ബദൗരിയ ചുമതലയേറ്റത്.
43. ഇന്ത്യയുടെ ഏത് അയല്‍ രാജ്യമാണ് ഒക്ടോബര്‍ ഒന്നിന് തങ്ങളുടെ എഴുപതാം സ്ഥാപക ദിനം ആഘോഷിച്ചത്?
Answer: ചൈന
1949 ഒക്ടോബര്‍ ഒന്നിനാണ് മാവോ സേതുങ് ചൈനീസ് റിപ്പബ്ലിക് സ്ഥാപിക്കപ്പെട്ടതായി പ്രഖ്യാപിച്ചത്. ചൈനയുടെ അര്‍ധ സ്വയംഭരണ മേഖലയായ ഹോങ്കോങില്‍ സ്വാതന്ത്ര്യ പ്രക്ഷോഭം ശക്തമാവുന്നതിനിടെയായിരുന്നു എഴുപതാം പിറന്നാള്‍ ആഘോഷം.
* സമകാലികം 2019: സെപ്തംബർ - ഇവിടെ ക്ലിക്കുക
* സമകാലികം 2019: ഓഗസ്ററ് - ഇവിടെ ക്ലിക്കുക
* സമകാലികം 2019: ജൂലൈ - ഇവിടെ ക്ലിക്കുക
* സമകാലികം 2019: ജൂൺ - ഇവിടെ ക്ലിക്കുക
* സമകാലികം 2019: മെയ് - ഇവിടെ ക്ലിക്കുക
* സമകാലികം 2019: ഏപ്രിൽ - ഇവിടെ ക്ലിക്കുക
* സമകാലികം 2019: മാർച്ച് - ഇവിടെ ക്ലിക്കുക
* സമകാലികം 2019: ഫെബ്രുവരി - ഇവിടെ ക്ലിക്കുക
* സമകാലികം 2019: കറന്റ് അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക
* സമകാലികം 2018: കറന്റ് അഫയേഴ്സ് ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.
PSC Solved Question Papers ---> Click here
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍