Header Ads Widget

Ticker

6/recent/ticker-posts

CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2019 JUNE

സമകാലികം 2019 ജൂൺ: ചോദ്യോത്തരങ്ങള്‍
1. Confetti-ഏത് സാമൂഹ്യ മാധ്യമത്തിന്റെ പുതിയ ഗെയിം ഷോ ആണ്?
Answer: ഫെയ്‌സ് ബുക്ക്
ജൂണ്‍ 4-നാണ് ഫെയ്‌സ് ബുക്ക് കണ്‍ഫെറ്റി എന്ന പേരില്‍ പുതിയ ഇന്ററാക്ടീവ് ഗെയിം ഷോ അവതരിപ്പിച്ചത്. അമേരിക്കയിലാണ് ഇത് ആദ്യമായി പുറത്തിറക്കിയത്. ഫെയ്‌സ് ബുക്ക് വാച്ചിലൂടെ മാത്രമേ ഇത് കാണാനാവൂ.

2. റിസര്‍വ് ബാങ്കിന്റെ പുതിയ റിപ്പോ നിരക്ക് എത്രയാണ്?
Answer: 5.75
ജൂണ്‍ ആറിനാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് പുതുക്കി നിശ്ചയിച്ചത്. ആറ് ശതമാനമായിരുന്ന റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ച് 5.75 ശതമാനമാക്കിയതോടെ പൊതുവിപണിയില്‍ പണ ലഭ്യത കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍നിന്നെടുക്കുന്ന വായ്പയുടെ പലിശ നിരക്കാണ് റിപ്പോ. റീപര്‍ച്ചേസ് അഗ്രീമെന്റ് റേറ്റ് എന്നതിന്റെ ചുരുക്ക രൂപമാണ് റിപ്പോ.

3. ഏത് രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയാണ് സ്‌കോട്ട് മോറിസണ്‍?
Answer: ഓസ്‌ട്രേലിയ
ഒസ്‌ട്രേലിയയുടെ 30-ാമത് പ്രധാനമന്ത്രിയാണ് സ്‌കോട്ട് മോറിസണ്‍. ഓസ്‌ട്രേലിയയിലെ ലിബറല്‍ പാര്‍ട്ടി നേതാവാണ് ഇദ്ദേഹം. മാല്‍ക്കം ടേണ്‍ബുള്ളായിരുന്നു തൊട്ടുമുമ്പത്തെ പ്രധാനമന്ത്രി.

4. 2019-ലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ ടീം?
Answer: ലിവര്‍പൂള്‍
യൂണിയന്‍ ഓഫ് യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നടത്തുന്ന യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗാണ് യുവേഫ(UEFA). ഫൈനലില്‍ ടോട്ടനത്തെ 2-0ന് പരാജയപ്പെടുത്തിയാണ് ലിവര്‍പൂള്‍ ഇത്തവണത്തെ കിരീടം നേടിയത്. ടോട്ടനം ആദ്യമായാണ് ഫൈനലിലെത്തിയത്.

5. ഹരിത കേരള മിഷന്‍ ചെറുവനം സ്ഥാപിക്കാനായി രൂപം നല്‍കിയ പുതിയ പദ്ധതി?
Answer: പച്ചത്തുരുത്ത്
തിരുവനന്തപുരം പോത്തന്‍കോട് പഞ്ചായത്തിലെ വേങ്ങോട് വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂണ്‍ 5-ന് പദ്ധതി ഉദ്ഘാടനം ചെയ്തു. അര സെന്റില്‍ കൂടുതലുള്ള ഭൂമികളില്‍ വൃക്ഷങ്ങള്‍ വെച്ച് പിടിപ്പിച്ച് ചെറു വനം സ്ഥാപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 250 തദ്ദേശ സ്ഥാപനങ്ങളിലായി 460 ഏക്കര്‍ പ്രദേശത്ത് ആദ്യ ഘട്ടത്തില്‍ പദ്ധതി തുടങ്ങി.

6. വാര്‍ഷിക ടേണ്‍ഓവറിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനി ഏത്?
Answer: റിലയന്‍സ് ഇന്‍ഡസ്ട്രീസ്
2018-19-ല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വരുമാനം 44% വര്‍ധിച്ചു. വരുമാനം, ലാഭം, മാര്‍ക്കറ്റ് മൂലധനം എന്നിവയിലെല്ലാം റിലയന്‍സ് ഇക്കാലയളവില്‍ മുന്നിലെത്തുകയും ചെയ്തു. പൊതുമേഖലയിലെ ഏറ്റവും ലാഭകരമായ കമ്പനി എന്ന പദവി ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗാസ് കോര്‍പ്പറേഷനാണ്. 2016-17,2017-18 വര്‍ഷങ്ങളില്‍ ഈ നേട്ടം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനായിരുന്നു. 2018-19-ല്‍ ഒ.എന്‍.ജി.സിയുടെ അറ്റാദായം 26,716 കോടി രൂപയാണ്. ഐ.ഒ.സി.യുടേത് 17,274 കോടി രൂപയാണ്.

7. 2019-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ മുഖ്യ തീം എന്തായിരുന്നു?
Answer: Beat Air Pollution
ജൂണ്‍ 5-നായിരുന്നു ലോക പരിസ്ഥിതി ദിനാചരണം. ചൈനയിലായിരുന്നു ആചരണത്തിന്റെ ആഗോള വേദി. 1974-ലാണ് യു.എന്‍. പരിസ്ഥിതി ദിനാചരണം തുടങ്ങിയത്. Only One Earth എന്നായിരുന്നു ആദ്യ ദിനാചരണത്തിന്റെ മുഖ്യ വിഷയം. കഴിഞ്ഞ വര്‍ഷം Beat Plastic Pollution എന്ന വിഷയത്തിലായിരുന്നു ദിനാചരണം.

8. ലോകകപ്പ് ക്രിക്കറ്റില്‍ ഇന്നിങ്‌സിലെ ആദ്യ ഓവര്‍ ബോള്‍ ചെയ്ത ആദ്യ സ്പിന്നര്‍?
Answer: ഇമ്രാന്‍ താഹിര്‍
2019-ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഓവലില്‍ നടന്ന മത്സരത്തിലാണ് ദക്ഷിണാഫ്രിക്കയുടെ ലെഗ് സ്പിന്നര്‍ ഇമ്രാന്‍ താഹിറിന് ആദ്യ ഓവര്‍ ബോള്‍ ചെയ്യാന്‍ അവസരം ലഭിച്ചത്. 1992-ലെ ലോകകപ്പില്‍ ന്യൂസിലന്‍ഡിന്റെ ഓഫ് സ്പിന്നര്‍ ദീപക് പട്ടേല്‍ രണ്ടാമത്തെ ഓവറില്‍ ബൗള്‍ ചെയ്തിരുന്നു.

9. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖ തയ്യാറാക്കിയ കമ്മറ്റിയുടെ അധ്യക്ഷന്‍?
Answer: ഡോ. കെ. കസ്തൂരി രംഗന്‍
ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാനാണ് ഡോ. കെ. കസ്തൂരി രംഗന്‍. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ സമഗ്രമായ മാറ്റം നിര്‍ദേശിക്കുന്ന കരട് നയം മേയ് 31-നാണ് കേന്ദ്ര മാനവ ശേഷി മന്ത്രി രമേശ് പൊഖ്രിയാലിന് സമര്‍പ്പിച്ചത്. പത്താം ക്ലാസ് വരെയും തുടര്‍ന്ന് പ്ലസ്ടു വരെയുമുള്ള രണ്ടുഘട്ടത്തിനു പകരം നാലുഘട്ടങ്ങളായി തിരിച്ചുള്ള രീതി ( 5+3+3+4) യാണ് കരട് നയത്തില്‍ പറയുന്നത്.

10. 2018-ലെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നേടിയതാര്?
Answer: ഷീല
2018-ലെ ജെ.സി.ഡാനിയേല്‍ പുരസ്‌കാരം 2019 ജൂണ്‍ 5-നാണ് പ്രഖ്യാപിച്ചത്. കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണിത്. സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് എല്ലാ വര്‍ഷവും പുരസ്‌കാരം നല്‍കുന്നത്. അഞ്ചു ലക്ഷം രൂപയും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. 2017-ല്‍ ശ്രീകുമാരന്‍ തമ്പിക്കായിരുന്നു ജെ.സി.ഡാനിയേല്‍ അവാര്‍ഡ്.

11. ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ കിരീടം നേടിയതാര്?
Answer: റാഫേല്‍ നദാല്‍
ഫൈനലില്‍ ഡൊമനിക് തയിമിനെ പരാജയപ്പെടുത്തിയാണ് നദാല്‍ കിരീടം നേടിയത്. വനിത വിഭാഗം സിംഗിള്‍സില്‍ അഷ്‌ലി ബാര്‍ത്തി കിരീടം നേടി.

12. പ്രധാന മന്ത്രി നരേന്ദ്ര മോദിയെ Nishan Izzuddin അവാര്‍ഡ് നല്‍കി ആദരിച്ച രാജ്യം?
Answer: മാലദ്വീപ്
മലദ്വീപ് വിദേശികള്‍ക്ക് നല്‍കുന്ന പരമോന്നത പുരസ്‌കാരമാണ് നിഷാന്‍ ഇസുദ്ദീന്‍ അവാര്‍ഡ്. ജൂണ്‍ 8-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാലദ്വീപ് സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് പുരസ്‌കാരം സമ്മാനിച്ചത്.

13. ഏത് രാജ്യത്തിന്റെ പുതിയ പ്രസിഡന്റായാണ് കാസിം ജോമര്‍ ടോക്കയേവ് (Kassym-Jomart Tokayev) തിരഞ്ഞെടുക്കപ്പെട്ടത്?
Answer: കസാക്കിസ്താന്‍
കസാക്കിസ്താന്റെ ഇടക്കാല പ്രസിഡന്റായിരുന്ന കാസിം ജോമര്‍ ടോക്കയേവ് 71 ശതമാനം വോട്ട് നേടിയാണ് പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റായിരുന്ന നൂര്‍സുല്‍ത്താന്‍ നാസര്‍ബയേവ് 2019 മാര്‍ച്ചില്‍ രാജിവെച്ചതിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്.

14. ലോക ഭക്ഷ്യ സുരക്ഷ ദിനമായി (World Food Safety Day) ആചരിച്ചതെന്ന്?
Answer: ജൂണ്‍ 7
ഭക്ഷ്യ സുരക്ഷയ്ക്കുള്ള ദിനാചരണം ഇതാദ്യമായാണ് നടത്തുന്നത്. Food Safety, everyone’s business എന്നതായിരുന്നു ഈ ദിനാചരണത്തിന്റെ പ്രധാന തീം. ഐക്യരാഷ്ട്ര സംഘടന 2018 ഡിസംബറിലാണ് ഈ ദിനാചരണത്തിന് അംഗീകാരം നല്‍കിയത്.

15. അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നതെന്ന്?
Answer: ജൂണ്‍ 21
അഞ്ചാമത് അന്താരാഷ്ട യോഗ ദിനം 2019 ജൂണ്‍ 21-ന് ആചരിക്കും. ജാര്‍ഖണ്ഡില്‍ റാഞ്ചിയിലുള്ള പ്രഭാത് താരയാണ് മുഖ്യ വേദി. ഇവിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 30,000 പേര്‍ക്കൊപ്പം യോഗ അനുഷ്ഠിക്കും. കേന്ദ്ര ആയുഷ് മന്ത്രാലയമാണ് യോഗ ദിനാചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

16. പാബുക്, ഫാനി, വായു ചുഴലിക്കാറ്റുകളുമായി ബന്ധപ്പെട്ട വസ്തുത.
Answer: ഇവയെല്ലാം ട്രോപ്പിക്കല്‍ സൈക്ലോണുകളാണ്
നോര്‍ത്ത് ഇന്ത്യന്‍ ഓഷ്യന്‍ മേഖലയില്‍ ഈ വര്‍ഷം ബാധിച്ച ആദ്യ ഉഷ്ണമേഖലാ ചുഴലിക്കാറ്റ് പാബുക്ക് ആണ്. 2019 ജനുവരി 4-ന് ദക്ഷിണ ചൈന കടലിലാണ് ഇത് രൂപംകൊണ്ടത്. മണിക്കൂറില്‍ 85 കിലോമീറ്ററായിരുന്നു ഇതിന്റെ വേഗം. തായലന്‍ഡ്, മ്യാന്മര്‍, ആന്‍ഡമാന്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ ഇത് ബാധിച്ചു. ലാവോസാണ് ഈ പേര് നല്‍കിയത്. ഏപ്രില്‍ 26-ന് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഫാനിയാണ് രണ്ടാമത്തേത്. മണിക്കൂറില്‍ 215 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച ഈ ചുഴലിക്കാറ്റ് വന്‍നാശം വിതച്ചു. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളെ ബാധിച്ചു. ബംഗ്ലാദേശ് ആണ് ഈ പേര് നല്‍കിയത്. ഈ വര്‍ഷത്തെ മൂന്നാമത്തെ ചുഴലിക്കാറ്റാണ് ജൂണ്‍ 10-ന് അറബിക്കടലില്‍ ലക്ഷ ദ്വീപിനു സമീപം രൂപംകൊണ്ട വായു. ഇതിന് പേര് നല്‍കിയത് ഇന്ത്യയാണ്. മണിക്കൂറില്‍ 75 കിലോമീറ്ററാണ് ഇതിന്റെ ശരാശരി വേഗം.

17. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ദേശീയ പാര്‍ട്ടി പദവി നേടിയ ആദ്യ രാഷ്ട്രീയ പാര്‍ട്ടി?
Answer: നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി
മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി.എ. സാങ്മ മേഘാലയ കേന്ദ്രീകരിച്ച് 2012-ല്‍ സ്ഥാപിച്ച പാര്‍ട്ടിയാണ് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി. അദ്ദേഹത്തിന്റെ മകന്‍ കോണ്‍റാഡ് സാങ്മയാണ് ഇപ്പോഴത്തെ അധ്യക്ഷന്‍. 2019 ജൂണ്‍ 7-നാണ് ഇലക്ഷന്‍ കമ്മിഷന്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയെ ദേശീയ പാര്‍ട്ടിയായി അംഗീകരിച്ചത്. മേഘാലയയിലെ ഭരണ കക്ഷിയാണിപ്പോള്‍. അരുണാചല്‍ പ്രദേശില്‍ അഞ്ച് സീറ്റും മണിപ്പുരില്‍ നാല് സീറ്റുമുണ്ട്. ലോക്‌സഭയില്‍ ഒരു അംഗമുണ്ട്. പുസ്തകമാണ് പാര്‍ട്ടിയുടെ ചിഹ്നം.

18. അന്തരിച്ച പ്രശസ്ത സാഹിത്യകാരനും സംവിധായകനുമായ ഗിരീഷ് കര്‍ണാട് ഏത് ഭാഷയിലെ എഴുത്തുകാരനായിരുന്നു?
Answer: കന്നഡ
2019 ജൂണ്‍ 10-നാണ് 81 കാരനായ ഗിരീഷ് കര്‍ണാട് അന്തരിച്ചത്. 1998-ല്‍ ജ്ഞാന പീഠ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഫിലിം ഫെയര്‍ അവാര്‍ഡും നേടിയിട്ടുണ്ട്. 1974-ല്‍ പദ്മശ്രീയും 1992-ല്‍ പദ്മഭൂഷനും നല്‍കി ആദരിക്കപ്പെട്ടു. 'തുഗ്ലക്ക്' ആണ് ഏറ്റവും പ്രധാന രചന.

19. ഐക്യരാഷ്ട്ര സംഘടനയുടെ ഏത് ഏജന്‍സിയാണ് 2019 ജൂണ്‍ 10-ന് നൂറ് വര്‍ഷം പൂര്‍ത്തിയാക്കിയത്?
Answer: ഐ.എല്‍.ഒ.
ഒന്നാം ലോക മഹായുദ്ധത്തിനുശേഷം 1919-ല്‍ ലീഗ് ഓഫ് നാഷന്‍സിന് കീഴില്‍ രൂപവത്കരിച്ച സംഘടനയാണ് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍. 1946-ല്‍ ഇത് ഐക്യരാഷ്ട്ര സംഘടനയ്ക്ക് കീഴിലായി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയാണ് ആസ്ഥാനം.

20. 2022-ല്‍ മൂന്ന് ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് അയക്കുമെന്ന പ്രഖ്യാപനം യാഥാര്‍ഥ്യമായാല്‍ താഴെപ്പറയുന്ന ഏത് നേട്ടമാണ് ഇന്ത്യയ്ക്ക് സ്വന്തമാകുക?
Answer: മനുഷ്യനെ ഇന്ത്യ സ്വന്തം ദൗത്യത്തിലൂടെ ആദ്യമായി ബഹിരാകാശത്തെത്തിച്ചു. 
2022 ഓഗസ്റ്റ് 15-ന് മൂന്ന് ഇന്ത്യക്കാരെ സ്വന്തം ദൗത്യത്തിലൂടെ ബഹിരാകാശത്തേക്കെത്തിക്കുമെന്നാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യക്കാരായ രാകേഷ് ശര്‍മ, കല്‍പ്പനാ ചൗള, സുനിത വില്യംസ് എന്നിവര്‍ ഇതിനകം ബഹിരാകാശ യാത്ര നടത്തിയിട്ടുണ്ട്. സോവിയറ്റ് റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളുടെ ദൗത്യത്തിലൂടെയായിരുന്നു ഇത്. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഐ.എസ്.ആര്‍.ഒയുടെ ഗഗന്‍യാന്‍ പദ്ധതിക്ക് 10,000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. സോവിയറ്റ് യൂണിയന്‍, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇതുവരെ സ്വന്തമായി മനുഷ്യനെ ബഹിരാകാശത്തേക്ക് അയച്ചിട്ടുള്ള രാജ്യങ്ങള്‍.

21. ജൂണ്‍ 20-ന് വിജയകരമായി വിക്ഷേപിക്കപ്പെട്ട രാവണ-1 ഏത് രാജ്യത്തിന്റെ ആദ്യ ക്രിത്രിമോപഗ്രഹമാണ്?
Answer: ശ്രീലങ്ക
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്നാണ് രാവണ-1 വിക്ഷേപിച്ചത്. ജപ്പാന്‍ സഹായത്തോടെയുള്ള BIRDS പ്രോജക്ടിന്റെ ഭാഗമായായിരുന്നു വിക്ഷേപണം. രണ്ട് ശ്രീലങ്കന്‍ എന്‍ജിനീയര്‍മാരാണ് ഈ ഉപഗ്രഹം നിര്‍മിച്ചത്.

22. 2019-ലെ ഫെമിന മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടതാര്?
Answer: സുമന്‍ റാവു
മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ട രാജസ്ഥാന്‍കാരിയായ സുമന്‍ റാവുവാണ് ഈ വര്‍ഷത്തെ മിസ് വേള്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക. ബിഹാറുകാരിയായ ശ്രേയ ശങ്കര്‍ മിസ് ഇന്ത്യ യുണൈറ്റഡ് കോണ്ടിനന്റായി ഈ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. മുംബൈയിലെ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലായിരുന്നു ഫെമിന മിസ് ഇന്ത്യ മത്സരം.

23. 2018-19 ലെ ക്യു.എസ്. ലോക യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ ഒന്നാം റാങ്ക് നേടിയ സര്‍വകലാശാല?
Answer: മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി. 
സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റിയും ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയും യഥാക്രമം രണ്ടും മൂന്നും റാങ്ക് നേടി. ലോക റാങ്കിങ്ങില്‍ 152-ാം സ്ഥാനം നേടിയ ഐ.ഐ.ടി. ബോംബെയാണ് ഇന്ത്യയിലെ മികച്ച സ്ഥാപനം. 500 സര്‍വകലാശാലകളുള്ള പട്ടികയില്‍ ഇന്ത്യയില്‍നിന്ന് 23 സ്ഥാപനങ്ങള്‍ ഇടം നേടിയിട്ടുണ്ട്.

24. ഐ.എസ്.ആര്‍.ഒയുടെ ചന്ദ്രയാന്‍ 2-ന്റെ പ്രോജക്ട് ഡയറക്ടറായി നിയമിക്കപ്പെട്ടതാര്?
Answer: മുത്തയ്യ വനിത
ഐ.എസ്.ആര്‍.ഒയുടെ ആദ്യ വനിതാ പ്രോജക്ട് ഡയരക്ടറാണ് മുത്തയ്യ വനിത. ജൂലായ് 15-നാണ് ചന്ദ്രയാന്‍ രണ്ട് വിക്ഷേപിക്കാന്‍ ഐ.എസ്.ആര്‍.ഒ. ഒരുങ്ങുന്നത്. ഇതിന്റെ ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവയുടെ ചുമതല പ്രോജക്ട് ഡയരക്ടര്‍ക്കാണ്. ഈ ദൗത്യത്തിന്റെ മിഷന്‍ ഡയരക്ടറും വനിതയാണ്. മിഷന്‍ ഡയരക്ടറായ ഋതു കരിദാലിനാണ് വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി. മാര്‍ക്ക് IIIയുടെ ചുമതല. 1000 കോടി രൂപയാണ് ചന്ദ്രയാന്‍ 2-ന്റെ ചെലവ്.

25. ഫോക്‌സാം ഗ്രാന്‍ഡ് പ്രിക്‌സില്‍ മലയാളിയായ പി.യു. ചിത്ര സ്വര്‍ണം നേടിയത് എത്ര മീറ്റര്‍ ഓട്ടത്തിലാണ്?
Answer: 1500 മീറ്റര്‍
സ്വീഡനിലെ സോളന്‍ട്യൂണയില്‍ ജൂണ്‍ 20-ന് നടന്ന ഫോക്‌സാം ഗ്രാന്‍ഡ് പ്രിക്‌സ് 2019-ലാണ് പി.യു. ചിത്ര സ്വര്‍ണ മെഡല്‍ നേടിയത്. ഏഷ്യന്‍ ചാമ്പ്യയായ പി.യു.ചിത്ര വനിതകളുടെ 1500 മീറ്റര്‍ ഓട്ടം 4മിനുട്ട് 12.65 സെക്കന്‍ഡുകൊണ്ട് പൂര്‍ത്തിയാക്കി. ചിത്രയുടെ സീസണിലെ ഏറ്റവും മികച്ച വേഗമാണിത്. സ്വീഡിഷ് അത്‌ലറ്റിക്‌സ് ഫെഡറേഷനാണ് ഫോക്‌സാം ഗ്രാന്‍ഡ് പ്രിക്‌സ് എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്നത്.

26. ഐക്യ രാഷ്ട്ര സംഘടനയുടെ World Population Prospects 2019 പ്രകാരം ഏത് വര്‍ഷമാണ് ഇന്ത്യ ചൈനയുടെ ജനസംഖ്യയെ മറികടക്കുമെന്ന് പ്രവചിക്കുന്നത്?
Answer: 2027
2019-ലെ ലോക ജനസംഖ്യ 770 കോടിയിലെത്തിയതായാണ് World Population Prospects 2019 വ്യക്തമാക്കുന്നത്. 2050 ആകുമ്പോള്‍ ഇത് 970 കോടിയിലെത്തുമെന്നാണ് കണക്കാക്കുന്നത്. വര്‍ധനയുടെ 50 ശതമാനവും ഇന്ത്യയും അമേരിക്കയും ഉള്‍പ്പെടെയുള്ള 9 രാജ്യങ്ങളിലായിരിക്കും. 2019-ല്‍ ഇന്ത്യയിലെ ജനസംഖ്യ 137 കോടിയാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ചൈനയില്‍ 143 കോടിപ്പേരുണ്ട്.

27. 17-ാം ലോക്‌സഭയുടെ സ്പീക്കര്‍?
Answer: ഓം ബിര്‍ള
എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി എതിരില്ലാതെയാണ് ഓം ബിര്‍ള 17-ാം ലോക്‌സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്. രാജസ്ഥാനിലെ കോട്ട ലോക്‌സഭാംഗമാണ് ബിര്‍ള. ഡോ. വീരേന്ദ്രകുമാറായിരുന്നു ഈ ലോക്‌സഭയുടെ പ്രോട്ടേം സ്പീക്കര്‍. ലോക്‌സഭയിലെ കോണ്‍ഗ്രസ് സഭാ നേതാവ് പശ്ചിമ ബംഗാളില്‍നിന്നുള്ള അധീര്‍ രഞ്ജന്‍ ചൗധരിയാണ്.

28. കലേശ്വരം ജലസേചന പദ്ധതി ഏത് നദിയിലാണ്?
Answer: ഗോദാവരി
തെലങ്കാന സംസ്ഥാന സര്‍ക്കാരിന്റെ വിവിധോദ്ദേശ്യ ജലസേചന പദ്ധതിയാണ് കലേശ്വരം പദ്ധതി. ജൂണ്‍ 21-ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്ര ശേഖര്‍ റാവുവാണ് ഇത് ഉദ്ഘാടനം ചെയ്തത്. തെലങ്കാനയിലെ 13 ജില്ലകളിലായി 45 ലക്ഷം ഏക്കര്‍ സ്ഥലത്ത് ജലസേചനം സാധ്യമാക്കുന്നതാണ് പദ്ധതി. ജലവൈദ്യുതി ഉത്പാദനവും ലക്ഷ്യമിടുന്നുണ്ട്. 141 ടി.എം.സി.യാണ് റിസര്‍വോയറിലെ ജലസംഭരണ ശേഷി.

29. താഴെപ്പറയുന്നതില്‍ ഏതാണ് ജൂണ്‍ 21-ന്റെ പ്രത്യേകത?
Answer: വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പകല്‍
സൂര്യന്‍ ഉത്തരായന രേഖയ്ക്ക് മുകളില്‍ വരുന്ന ദിനമാണ് ജൂണ്‍ 21. (ഒന്നോ രണ്ടോ ദിവസം മുന്നോട്ടോ പിന്നോട്ടോ ആവാം). summer solstice എന്നാണ് ഇത് അറിയപ്പെടുന്നത്. ഭൂമിയുടെ ഉത്തരാര്‍ധ ഗോളത്തില്‍ ഈ ദിവസം പകലിന് രാത്രിയേക്കാള്‍ ദൈര്‍ഘ്യം കൂടുതലായിരിക്കും. ദക്ഷിണാര്‍ധ ഗോളത്തില്‍ ഈ ദിവസം പകലിന് ദൈര്‍ഘ്യം കുറവും രാത്രിക്ക് ദൈര്‍ഘ്യം കൂടുതലുമായിരിക്കും. ഭൂമിയുടെ ഉത്തരാര്‍ധ ഗോളത്തില്‍ വേനല്‍ക്കാലം(summer) തുടങ്ങുന്നത് ഈ ദിനമാണ്. സെപ്റ്റംബര്‍ 23-ന് അവസാനിക്കും. സൂര്യന്‍ ദക്ഷിണായന രേഖയ്ക്ക് മുകളില്‍ വരുന്നത് ഡിസംബര്‍ 21-നാണ്.

30. രാജ്യസഭയുടെ പുതിയ നേതാവ്?
Answer: താവര്‍ ചന്ദ് ഗെലോട്ട്
കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രിയാണ് താവര്‍ ചന്ദ് ഗെലോട്ട്. അരുണ്‍ ജെയ്റ്റ്‌ലി സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് ഗെലോട്ടിനെ രാജ്യസഭാ ലീഡറായി തിരഞ്ഞെടുത്തത്. റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് ഉപനേതാവ്.

31. താഴെപ്പറയുന്നവയില്‍ ജി-20യില്‍ അംഗമല്ലാത്ത രാജ്യമേത്?
Answer: പാകിസ്താന്‍
അര്‍ജന്റിന, ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇന്‍ഡോനീഷ്യ, ഇറ്റലി, ജപ്പാന്‍, മെക്‌സിക്കോ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, റഷ്യ, സൗദി അറേബ്യ, തുര്‍ക്കി, യു.കെ., അമേരിക്ക എന്നീ 19 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനുമാണ് ജി-20 അംഗങ്ങള്‍. 2019-ലെ ജി-20 ഉച്ചകോടി ജൂണ്‍ 28,29 തീയതികളിലായി ജപ്പാനിലെ ഒസാക്കയില്‍ നടന്നു. ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് ആന്‍ഡ് വേള്‍ഡ് ഇക്കണോമി ഉച്ചകോടി എന്നാണ് ജി-20 ഉച്ചകോടി ഔദ്യോഗികമായി അറിയപ്പെടുന്നത്. ഗ്രൂപ്പ് ഓഫ് 20 എന്നതിന്റെ ചുരുക്കപ്പേരാണ് G20.

32. 2017-ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം നേടിയതാര്?
Answer: ടി.ജെ.എസ്.ജോര്‍ജ്
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ആദരിക്കുന്നതിനായി കേരള ഗവണ്‍മെന്റ് നല്‍കുന്ന പുരസ്‌കാരമാണ് സ്വദേശാഭിമാനി കേസരി പുരസ്‌കാരം. 2017-ലെ പുരസ്‌കാരം 2019 ജൂണ്‍ 24-നാണ് പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയാണ് പുരസ്‌കാര തുക.

33. ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ വിഭാഗമായ റോയുടെ പുതിയ മേധാവി?
Answer: സാമന്ത് ഗോയല്‍
റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്റെ ചുരുക്കപ്പേരാണ് റോ. 1968-ലാണ് ഇത് രൂപവത്കരിച്ചത്. അനില്‍ ദശ്മനായിരുന്നു 2017 മുതല്‍ റോയുടെ മേധാവി. ഇദ്ദേഹം ജൂണ്‍ 26-ന് വിരമിച്ചതോടെയാണ് പുതിയ മേധാവിയായി സാമന്ത് ഗോയലിനെ നിയമിച്ചത്. ബാലകോട്ടില്‍ വ്യോമ സേന നടത്തിയ ആക്രമണത്തിന്റെ ആസൂത്രകരിലൊരാളാണ് സാമന്ത് കുമാര്‍ ഗോയല്‍. രാജ്യത്തിന്റെ ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റലിജന്‍സ് ബ്യൂറോയുടെ പുതിയ മേധാവിയായി അരവിന്ദ് കുമാറിനെയും കേന്ദ്ര സര്‍ക്കാര്‍ ഇതോടൊപ്പം നിയമിച്ചു.

34. കൃഷ്ണ സ്വാമി നടരാജന്‍ ഏത് സേനാവിഭാഗത്തിന്റെ പുതിയ ഡയരക്ടര്‍ ജനറലാണ്?
Answer: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്
ഡയരക്ടര്‍ ജനറല്‍ സ്ഥാനത്തു നിന്ന് രാജേന്ദ്ര സിങ് വിരമിച്ച ഒഴിവിലേക്കാണ് നടരാജനെ നിയമിച്ചത്. ജൂണ്‍ 30-ന് ചുമതലയേല്‍ക്കും. കോസ്റ്റ് ഗാര്‍ഡ് ഓഫീസര്‍മാരില്‍നിന്ന് ഡയരക്ടര്‍ ജനറലാവുന്ന രണ്ടാമത്തെയാളാണ് കെ. നടരാജന്‍. വിരമിച്ച രാജേന്ദ്ര സിങ്ങാണ് ആദ്യത്തെയാള്‍.

35. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന വ്യവസ്ഥയോടെയുള്ള പഞ്ചായത്തീ രാജ് നിയമ ഭേദഗതി ബില്‍ പാസാക്കിയ സംസ്ഥാനം?
Answer: ഉത്തരാഖണ്ഡ്
കുടുംബാസൂത്രണം പ്രോത്സാഹിപ്പിക്കാനായാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് പഞ്ചായത്തീരാജ് തിരഞ്ഞെടുപ്പില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പൊതു വിഭാഗക്കാര്‍ പത്താം ക്ലാസും പട്ടിക ജാതി, പട്ടിക വര്‍ഗ പുരുഷന്മാര്‍ എട്ടാം ക്ലാസും പട്ടിക ജാതി, പട്ടിക വര്‍ഗ വനിതകള്‍ അഞ്ചാം ക്ലാസും ജയിച്ചിരിക്കണമെന്ന വ്യവസ്ഥയും പുതിയ ബില്ലിലുണ്ട്.

36. ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യ പ്രതിരോധ മിസൈല്‍ സംവിധാനമായ എസ്-400 വാങ്ങുന്നത്?
Answer: റഷ്യ
ലോകത്ത് നിലവില്‍ ലഭ്യമായ ഏറ്റവും മികച്ച മിസൈല്‍ പ്രതിരോധ സംവിധാനമായാണ് റഷ്യയുടെ എസ്-400 വിലയിരുത്തപ്പെടുന്നത്. 2007 മുതല്‍ റഷ്യന്‍ സായുധ സേനയുടെ ഭാഗമാണിത്. റഷ്യയില്‍നിന്ന് ഈ സംവിധാനം ഇന്ത്യ വാങ്ങുന്നതിനെ അമേരിക്ക എതിര്‍ത്തിരുന്നു. ജൂണ്‍ 26-ന് ഇന്ത്യയിലെത്തിയ യു.എസ്.വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ ദേശീയ താത്പര്യത്തിനാണ് പ്രാധാന്യം നല്‍കുകയെന്ന് ഇന്ത്യ അറിയിച്ചിരുന്നു.

37. 'Lessons Life Taught Me Unknowingly' ഏത് ബോളിവുഡ് താരത്തിന്റെ ആത്മകഥയാണ്?
Answer: അനുപം ഖേര്‍
Lessons Life Taught Me Unknowingly 2019 ഓഗസ്റ്റ് 5-ന് പ്രകാശനം ചെയ്യും. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസാണ് പ്രസാധകര്‍. പദ്മശ്രീ, പദ്മഭൂഷണ്‍ ബഹുമതികള്‍ നേടിയ അനുപം ഖേര്‍ രണ്ട് ദേശീയ അവാര്‍ഡുകളും എട്ട് ഫിലിംഫെയര്‍ അവാര്‍ഡുകളും നേടിയിട്ടുണ്ട്. അനുപം ഖേറിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ പുസ്‌തകമാണ് 'The Best Thing about You Is You.

38. നീതി ആയോഗിന്റെ ആരോഗ്യ ഇന്‍ഡക്‌സില്‍ ഒന്നാം റാങ്ക് നേടിയ സംസ്ഥാനം?
Answer: കേരളം
ജൂണ്‍ 25-നാണ് നീതി ആയോഗ് സംസ്ഥാനങ്ങളുടെ ഹെല്‍ത്ത് ഇന്‍ഡക്‌സ് പ്രസിദ്ധീകരിച്ചത്. ആന്ധ്രപ്രദേശും മഹാരാഷ്ട്രയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. Healthy States, Progressive India റിപ്പോര്‍ട്ട് എന്നാണ് നീതി ആയോഗിന്റെ ഈ ഇന്‍ഡക്‌സ് റിപ്പോര്‍ട്ടിന്റെ പേര്. ലോക ബാങ്കിന്റെയും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെയും സാങ്കേതിക സഹായത്തോടെയാണ് ഇന്‍ഡക്‌സ് തയ്യാറാക്കിയത്.

39. ഷാങ്ഹായ് ചലച്ചിത്ര മേളയില്‍ മികച്ച കലാമൂല്യമുള്ള സിനിമയായി തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം?
Answer: വെയില്‍ മരങ്ങള്‍
ഷാങ്ഹായ് ചലച്ചിത്ര മേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ മലയാള ചലച്ചിത്രമാണ് ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍ മരങ്ങള്‍. ഗോള്‍ഡന്‍ ഗ്ലോബ് വിഭാഗത്തില്‍ 112 രാജ്യങ്ങില്‍നിന്നുള്ള ചിത്രങ്ങളില്‍നിന്നാണ് വെയില്‍ മരങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടത്. നടന്‍ ഇന്ദ്രന്‍സാണ് വെയില്‍ മരങ്ങളില്‍ മുഖ്യ കഥാപാത്രം ചെയ്തത്.

40. ഹല്‍വ സെറിമണി(Halwa ceremony) താഴെപ്പറയുന്ന എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer: കേന്ദ്ര ബജറ്റ്
ഇന്ത്യയില്‍ കേന്ദ്ര ബജറ്റ് തയ്യാറാക്കുന്ന ജീവനക്കാരെ അത് അവതരിപ്പിക്കുന്ന ദിവസം വരെ രഹസ്യമായി താമസിപ്പിക്കുന്ന രീതിയുണ്ട്. ബജറ്റിന്റെ രഹസ്യ സ്വഭാവം നിലനിര്‍ത്താനാണ് ഇങ്ങനെ ചെയ്യുന്നത്. ബജറ്റ് പ്രസ് സ്ഥിതിചെയ്യുന്ന ന്യൂഡല്‍ഹിയിലെ നോര്‍ത്ത് ബ്ലോക്കിലാണ് ഇവരെ താമസിപ്പിക്കുന്നത്. ഇവര്‍ക്ക് ഹല്‍വ ഉള്‍പ്പെടെയുള്ള മധുര പലഹാരങ്ങള്‍ വിതരണം ചെയ്യുന്നതിനാലാണ് ഇതിന് ഹല്‍വ സെറിമണി എന്ന പേര് വന്നത്. 2019-20-ലെ ബജറ്റിന്റെ ഭാഗമായുള്ള ഹല്‍വ സെറിമണി ജൂണ്‍ 22-ന് തുടങ്ങി. 2019 ജൂലായ് 5-നാണ് കേന്ദ്ര ബജറ്റ് ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്.
* സമകാലികം 2019: മെയ് ഇവിടെ ക്ലിക്കുക  
* സമകാലികം 2019: ഏപ്രിൽ ഇവിടെ ക്ലിക്കുക  
* സമകാലികം 2019: മാർച്ച് ഇവിടെ ക്ലിക്കുക  
* സമകാലികം 2019: ഫെബ്രുവരി ഇവിടെ ക്ലിക്കുക  
* സമകാലികം 2019: കറന്റ്‌ അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* സമകാലികം 2018: കറന്റ്‌ അഫയേഴ്സ് ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.
PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments