സമകാലികം 2019 മെയ്: ചോദ്യോത്തരങ്ങള്‍
1. സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തി വരുന്ന അശ്വമേധം പരിപാടി ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്?
Answer: കുഷ്ഠരോഗം
കുഷ്ഠരോഗ ലക്ഷണങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിനുള്ള ഭവന സന്ദര്‍ശന പദ്ധതിയാണ് അശ്വമേധം എന്ന പേരില്‍ ആരോഗ്യ വകുപ്പ് നടത്തുന്നത്. ഏപ്രില്‍ 29 മുതല്‍ മേയ് 12 വരെയാണ് ഭവന സന്ദര്‍ശനം. ഒരു ലക്ഷത്തോളം വീടുകള്‍ ഇതിനകം സന്ദര്‍ശിച്ചതായാണ് കണക്ക്.

2. 'ഗെയിം ചെയിഞ്ചര്‍' ഏത് ക്രിക്കറ്റ് താരത്തിന്റെ ആത്മകഥയാണ്?
Answer: ഷഹിദ് അഫ്രിദ്
തന്റെ പ്രായം വെളിപ്പെടുത്തിക്കൊണ്ടുള്ള അഫ്രിദിയുടെ ഈ പുസ്തകം വിവാദമാവുകയാണ്. നേരത്തെ ഐ.സി.സി. രേഖകളില്‍ 1980 ആണ് അഫ്രിദി ജനന വര്‍ഷമായി നല്‍കിയിരുന്നത്. ഇത് പ്രകാരം 1996-ല്‍ ശ്രീലങ്കക്കെതിരെ 37 പന്തില്‍ 100 റണ്‍ നേടുമ്പോള്‍ 16 വയസ്സുകാരനായാണ് അഫ്രിദിയെ കണക്കാക്കിയിരുന്നത്. ഇത് തെറ്റാണെന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലിലൂടെ വ്യക്തമാവുന്നത്. 1975-ലാണ് താന്‍ ജനിച്ചതെന്നാണ് ഗെയിം ചെയിഞ്ചര്‍ എന്ന തന്റെ ആത്മകഥയില്‍ അഫ്രീദി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

3. ഐ.എസ്.ആര്‍.ഒ. 2019 ജൂലായില്‍ വിക്ഷേപിക്കുന്ന ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ ചന്ദ്രനിലിറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന പേടകത്തിന്റെ പേര്?
Answer: വിക്രം
2019 ജൂലായ് 9-നും 16-നുമിടയില്‍ ചന്ദ്രയാന്‍-2 വിക്ഷേപിക്കുമെന്നാണ് മേയ് 2-ന് ഐ.എസ്.ആർ.ഒ. പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ പലതവണ ഇതിന്റെ വിക്ഷേപണം നീട്ടിയിരുന്നു. ജി.എസ്.എല്‍.വി. എം.കെ.III എന്ന ഇന്ത്യയുടെ സ്വന്തം വിക്ഷേപണ വാഹനമുപയോഗിച്ച് ശ്രീഹരിക്കോട്ടയില്‍നിന്നായിരിക്കും വിക്ഷേപണം. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ആദ്യമായി ഒരു പേടകമിറക്കുക എന്ന ചരിത്ര ദൗത്യമാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യയുടെ രണ്ടാം ചന്ദ്ര ദൗത്യമാണ് ഇത്തവണത്തേത്. ഓര്‍ബിറ്റര്‍, വിക്രം, പ്രഗ്യാന്‍ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാണ് ഇത്തവണത്തെ ദൗത്യത്തിനുള്ളത്. ഓര്‍ബിറ്റര്‍ ചന്ദ്രന്റെ ഭ്രമണപഥം വരെ എത്തും. തടര്‍ന്ന് വിക്രം പേടകത്തെ ഇത് ചന്ദ്രോപരിതലത്തിലേക്ക് വിക്ഷേപിക്കും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന വിക്രമില്‍നിന്ന് ചെറുവാഹനമായ(റോവര്‍) പ്രഗ്യാന്‍ വേര്‍പെട്ട് ചന്ദ്രോപരിലത്തിലിറങ്ങും. ഇത് 150-200 മീറ്ററോളം സഞ്ചരിച്ച് പരീക്ഷണങ്ങള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

4. 2019-ലെ ലോക പത്ര സ്വാതന്ത്ര്യ ദിനാചരണത്തിന്റെ മുഖ്യ വിഷയം?
Answer: Media for Democracy
യുനെസ്‌കോയുടെ റിപ്പോര്‍ട്ട് പ്രകാരം 2018-ല്‍ ലോകത്ത് 100 ഓളം മാധ്യമ പ്രവര്‍ത്തകര്‍ ജോലിക്കിടെ കൊല്ലപ്പെട്ടിട്ടുണ്ട്. 1994-നും 2018 -നും ഇടയില്‍ 1307 മാധ്യമ പ്രവര്‍ത്തകരാണ് വാര്‍ത്താശേഖരണത്തിനിടെ കൊല്ലപ്പെട്ടത്. മേയ് 3 ആണ് ലോക പത്ര സ്വാതന്ത്ര്യ ദിനമായി യു.എന്‍. ആചരിക്കുന്നത്. ഇത്തവണത്തെ ദിനാചരണം എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബെയില്‍ വെച്ചായിരുന്നു. 1998 മുതലാണ് ഈ ദിനാചരണം യു.എന്‍. തുടങ്ങിയത്.

5. '1267 കമ്മറ്റി' താഴെപ്പറയുന്ന ഏത് സംഘടനയുമായി ബന്ധപ്പെടുന്നു?
Answer: ഐക്യരാഷ്ട്ര സംഘടന
അല്‍ക്വയിദ, താലിബാന്‍ തുടങ്ങിയ സംഘടനകളുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി 15 രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഐക്യരാഷ്ട്ര സംഘടന 1999-ല്‍ രൂപവത്കരിച്ചതാണ് 1267 കമ്മറ്റി. അല്‍ക്വയിദ ആന്‍ഡ് താലിബാന്‍ സാങ്ഷന്‍സ് കമ്മറ്റി എന്നും ഇത് അറിയപ്പെടുന്നുണ്ട്. ജെയ്ഷ് ഇ മുഹമ്മദ് തലവനായ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന തീരുമാനം കൈക്കൊണ്ടത് ഈ കമ്മറ്റിയാണ്. മേയ് 1-നാണ് അസറിനെ ആഗോള ഭീകരനായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചത്. നേരത്തെ ചൈനയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് കമ്മറ്റിക്ക് ഈ പ്രഖ്യാപനം നടത്താനായിരുന്നില്ല. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം വീണ്ടും ശക്തമായത്. തുടര്‍ന്ന് ചൈനയ്ക്ക് എതിര്‍പ്പ് പിന്‍വലിക്കേണ്ടി വന്നു.

6. നിലവിലെ യു.എസ്. സ്‌റ്റേറ്റ് സെക്രട്ടറി?
Answer: മൈക്ക് പോംപിയോ
അമേരിക്കയുടെ വിദേശകാര്യം കൈകാര്യം ചെയ്യുന്നത് സെക്രട്ടറി ഓഫ് സ്റ്റേറ്റാണ്. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യു.എന്‍. തീരുമാനത്തിനു പിന്നില്‍ മൈക്ക് പോംപിയോ നടത്തിയ ഇടപെടല്‍ ശ്രദ്ധേയമായിരുന്നു. 2018 ഏപ്രില്‍ 26-നാണ് ഇദ്ദേഹം അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറിയായത്.

7. ഫുട്‌ബോള്‍ റൈറ്റേഴ്‌സ് അസോസിയേഷന്‍ 2019-ലെ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്ത താരം?
Answer: റഹിം സ്‌റ്റെര്‍ലിങ്
മാഞ്ചസ്റ്റര്‍ സിറ്റിയുടെയും ഇംഗ്ലണ്ടിന്റെയും ഫോര്‍വേഡ് താരമാണ് റഹിം സ്‌റ്റെര്‍ലിങ്. 400 അംഗങ്ങളുള്ള ഫുട്‌ബോള്‍ റൈറ്റേഴ്‌സ് അസോസിയേഷനില്‍ 62 ശതമാനം വോട്ട് നേടിയാണ് സ്‌റ്റെര്‍ലിങ് ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ വനിത ടീം ഫോര്‍വേഡായ നികിത പാരിസിനെ വനിതകളിലെ ഫുട്‌ബോളര്‍ ഓഫ് ദ ഇയറായും എഫ്.ഡബ്ല്യു.എ. തിരഞ്ഞെടുത്തു.

8. റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന പുതിയ 20 രൂപ നോട്ടുകളില്‍ ഇന്ത്യയിലെ ഏത് പൈതൃക കേന്ദ്രത്തിന്റെ ചിത്രമാണ് ആലേഖനം ചെയ്യുന്നത്?
Answer: എല്ലോറ ഗുഹകള്‍
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലിടം നേടിയ എല്ലോറ ഗുഹകള്‍ മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലാണ്. പച്ചകലര്‍ന്ന മഞ്ഞനിറത്തിലുള്ള പുതിയ 20 രൂപ നോട്ടുകളുടെ പിറകു വശത്താണ് എല്ലോറയുടെ ചിത്രം അച്ചടിക്കുന്നത്. മഹാത്മാ ഗാന്ധി സീരീസിലുള്ള ഈ നോട്ടിന്റെ വലിപ്പം 129 mm × 63 mm ആണ്.

9. ജപ്പാനിലെ പുതിയ ചക്രവര്‍ത്തി?
Answer: നറുഹിതോ
2019 മേയ് ഒന്നു മുതല്‍ ജപ്പാനില്‍ റെയ്‌വ സാമ്രാജ്യം നിലവില്‍ വന്നു. ഇതിന്റെ അധിപനായാണ് 59-കാരനായ നറുഹിതോ ചുമതലയേറ്റത്. 1989 മുതല്‍ ചക്രവര്‍ത്തിയായിരുന്ന പിതാവ് അകിഹിതോയില്‍നിന്നാണ് നറുഹിതോ പദവിയേറ്റെടുത്തത്. ജപ്പാന്റെ 200 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ് ഒരു ചക്രവര്‍ത്തി പദവി ഒഴിഞ്ഞ് അധികാരം കൈമാറുന്നത്.

10. 'വരുണ 2019' ഇന്ത്യയും ഏത് രാജ്യവുമായി ചേര്‍ന്നുള്ള സൈനികാഭ്യാസമാണ്?
Answer: ഫ്രാന്‍സ്
ഫ്രാന്‍സിന്റെയും ഇന്ത്യയുടെയും നാവിക സേനയാണ് 'വരുണ 2019'-ല്‍ പങ്കെടുക്കുന്നത്. ഗോവയില്‍ മേയ് 1-ന് തുടങ്ങിയ ആദ്യഘട്ട പരിശീലനം മേയ് 10-ന് അവസാനിക്കും. ഇരു രാജ്യങ്ങളും 1983-ലാണ് സംയുക്ത സൈനികാഭ്യാസം തുടങ്ങിയത്. 2001-ലാണ് ഇതിന് വരുണ എന്ന് പേര് നല്‍കിയത്.

11. ഏത് ദേശീയ നേതാവിനെക്കുറിച്ചാണ് ഇന്ത്യയും ബംഗ്ലാദേശും സംയുക്തമായി ഫീച്ചര്‍ സിനിമ നിര്‍മിക്കുന്നത്?
Answer: ഷെയ്ക്ക് മുജിബുര്‍ റഹ്മാന്‍
ബംഗബന്ധു എന്ന് അറിയപ്പെടുന്ന ഷെയ്ക്ക് മുജിബുര്‍ റഹ്മാനാണ് ബംഗ്ലാദേശിന്റെ സ്ഥാപകനും പിതാവും. മുജീബുര്‍ റഹ്മാന്റെ ജീവിതത്തെ ആസ്പദമാക്കി ഇരു രാജ്യങ്ങളും സംയുക്തമായി നിര്‍മിക്കുന്ന സിനിമയുടെ സംവിധാനം ശ്യാം ബെനഗലാണ്. അതുല്‍ തിവാരിയാണ് തിരക്കഥ തയ്യാറാക്കുന്നത്. 1971-ലാണ് മുജിബുര്‍ റഹ്മാന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശ് സ്ഥാപിതമായത്.

12. ദക്ഷിണ ചൈന കടലില്‍ അമേരിക്ക, ജപ്പാന്‍, ഫിലിപ്പൈന്‍സ്, ഇന്ത്യ എന്നീ രാജ്യങ്ങള്‍ സംയുക്തമായി നടത്തിയ നാവിക പരിശീലനത്തിന്റെ പേര്?
Answer: ഗ്രൂപ്പ് സെയില്‍
മേയ് 3 മുതല്‍ 9 വരെയായിരുന്നു ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളുടെ യുദ്ധക്കപ്പലുകള്‍ സംയുക്തമായി പരിശീലനം നടത്തിയത്. ഇന്ത്യന്‍ നേവിയുടെ ഐ.എന്‍.എസ്. കൊല്‍ക്കത്ത, ഐ.എന്‍.എസ്. ശക്തി എന്നിവയാണ് ഗ്രൂപ്പ് സെയിലില്‍(Group Sail)പങ്കെടുത്തത്.

13. കാലാവസ്ഥാ വ്യതിയാനവും സമുദ്രനിരപ്പ് ഉയരലും മൂലം നാമാവശേഷമാവുമെന്ന് യു.എന്‍. റിപ്പോര്‍ട്ട് പ്രവചിച്ചിരിക്കുന്ന സുന്ദര്‍ബെന്‍സ് താഴെപ്പറയുന്ന ഏത് ജീവി വര്‍ഗത്തിന്റെ പ്രധാന ആവാസ കേന്ദ്രമാണ്?
Answer: റോയല്‍ ബംഗാള്‍ കടുവ
ലോകത്തെ ഏറ്റവും വലിയ കണ്ടല്‍ വനം കൂടിയാണ് ഇന്ത്യയിലും ബംഗ്ലാദേശിലുമായുള്ള സുന്ദര്‍ബന്‍സ്. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ തുടര്‍ന്നാല്‍ ആഗോള താപനം 2040 ആവുമ്പോഴേക്ക് 1.5 ഡിഗ്രി സെല്‍ഷ്യസായി ഉയരും. ഇത് ഐസ് പാളികളുടെ ഉരുകലും സമുദ്രജല നിരപ്പ് ഉയരലും വേഗത്തിലാക്കും. സമുദ്രനിരപ്പില്‍നിന്ന് അധികം ഉയരത്തിലല്ലാത്ത സുന്ദര്‍ബന്‍സ് വെള്ളത്തിനടിയിലാവുകയും റോയല്‍ ബംഗാള്‍ കടുവകള്‍ക്ക് വംശനാശം സംഭവിക്കുകയും ചെയ്യുമെന്നാണ് ഏറ്റവും പുതിയ യു.എന്‍.റിപ്പോര്‍ട്ട് പ്രവചിക്കുന്നത്.

14. ആധുനിക നിയമ പഠനത്തിന്റെ പിതാവ് (Father of Modern Legal Education) എന്നറിയപ്പെടുന്നതാര്?
Answer: എന്‍.ആര്‍.മാധവ മേനോന്‍
ഡോ.എന്‍.ആര്‍. മാധവ മേനോന്‍ മേയ് 9-ന് തിരുവനന്തപുരത്ത് അന്തരിച്ചു. 84 വയസ്സായിരുന്നു. ഇന്ത്യയില്‍ നാഷണല്‍ ലോ സ്‌കൂളുകള്‍ തുടങ്ങുന്നതില്‍ മുഖ്യ പങ്കു വഹിച്ചു. 1987-ല്‍ ബെംഗളൂരുവില്‍ തുടങ്ങിയ നാഷണല്‍ ലോ സ്‌കൂള്‍സ് ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റിയുടെ സ്ഥാപക ഡയരക്ടറായിരുന്നു. 'ദി സ്റ്റോറി ഓഫ് എ ലോ ടീച്ചര്‍' മാധവമേനോന്റെ ആത്മ കഥയാണ്. 2003-ല്‍ പദ്മശ്രീ ലഭിച്ചിട്ടുണ്ട്.

15. മലയാളിയായ ജസ്റ്റിസ് പി.ആര്‍. രാമചന്ദ്ര മേനോന്‍ ഏത് സംസ്ഥാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായാണ് നിയമിതനായത്?
Answer: ഛത്തിസ്ഗഢ്
2019 മേയ് 6-നാണ് പി.ആര്‍. രാമചന്ദ്ര മേനോന്‍ ഛത്തിസ്ഗഢ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. 2009 ജനുവരി 5 മുതല്‍ 2019 മേയ് 5 വരെ അദ്ദേഹം കേരള ഹൈക്കോടതി ജഡ്ജിയായിരുന്നു. രാഷ്ട്രപതിയാണ് ഹൈക്കോടതി ജഡ്ജിമാരെയും ചീഫ് ജസ്റ്റിസിനെയും നിയമിക്കുന്നത്.

16. ലോക റെഡ്‌ക്രോസ് ദിനമായി ആചരിച്ചത് എന്ന്?
Answer: മേയ് 8
റെഡ്‌ക്രോസ് സ്ഥാപകനായ ഹെന്റി ഡുനന്റിന്റെ ജന്മദിനമാണ് മേയ് 8. എല്ലാ വര്‍ഷവും ഈ ദിനം റെഡ്‌ക്രോസ് ദിനമായി ആചരിക്കുന്നു. 1948-ലാണ് ആദ്യമായി മേയ് 8 റെഡ്‌ക്രോസ് ദിനമായി ആചരിച്ചത്. #Love എന്നതായിരുന്നു ഇത്തവണത്തെ ദിനാചരണത്തിന്റെ മുഖ്യ വിഷയം. 189 രാജ്യങ്ങളിലായി 97 ദശലക്ഷത്തോളം വളന്റിയര്‍മാരാണ് റെഡ്‌ക്രോസിന് ഇന്നുള്ളത്.

17. രാമ ജന്മ ഭൂമി-ബാബറി മസ്ജിദ് ഭൂമിതര്‍ക്ക പരിഹാരത്തിനായി സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതിയുടെ ചെയര്‍മാന്‍?
Answer: എഫ്.എം.ഐ. ഖലീഫുള്ള
അയോധ്യയിലെ രാമജന്മ ഭൂമി- ബാബറി മസ്ജിദ് ഭൂമി തര്‍ക്കം കോടതിക്ക് പുറത്ത് ഒത്തു തീര്‍ക്കാനായി സുപ്രിം കോടതി നിയോഗിച്ച സമിതിയില്‍ അധ്യക്ഷനു പുറമെ ശ്രീ ശ്രീ രവിശങ്കര്‍, ശ്രീരാം പഞ്ചു എന്നിവര്‍ അംഗങ്ങളാണ്. മാര്‍ച്ച് എട്ടിനാണ് സമിതിയെ നിയോഗിച്ചത്. മേയില്‍ സമിതി സുപ്രിംകോടതിക്ക് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ സമിതിക്ക് ഓഗസ്റ്റ് 15 വരെ കാലാവധി നീട്ടി നല്‍കിയിരിക്കയാണിപ്പോള്‍.

18. സൗരവ് ഘോഷാല്‍ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട താരമാണ്?
Answer: സ്‌ക്വാഷ്
മലേഷ്യയിലെ ക്വാലാലമ്പുരില്‍ നടന്ന ഏഷ്യന്‍ വ്യക്തിഗത സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷവിഭാഗം കിരീടം സൗരവ് ഘോഷാലിനാണ്. ഇന്ത്യയുടെ വനിത സ്‌ക്വാഷ് താരം ജോഷ്‌ന ചിന്നപ്പയ്ക്കാണ് വനിത കിരീടം. സ്‌ക്വാഷ് ലോക റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇടം നേടിയ ആദ്യ ഇന്ത്യന്‍ പുരുഷ താരമാണ് സൗരവ് ഘോഷാല്‍.

19. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകന്‍?
Answer: ഇഗോര്‍ സ്റ്റിമാക്ക്
സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ രാജി വെച്ച ഒഴിവില്‍ മേയ് 10-നാണ് ഇഗോറിനെ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കോച്ചായി തിരഞ്ഞെടുത്തത്. ക്രൊയേഷ്യക്കാരനായ ഇഗോര്‍ ക്രൊയേഷ്യന്‍ ദേശീയ ടീമിന്റെ പരിശീലകനായിരുന്നു. 1998-ല്‍ ലോകകപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ ക്രൊയേഷ്യന്‍ ടീമില്‍ അംഗവുമായിരുന്നു ഇഗോര്‍.

20. ആഗോള റോഡ് സുരക്ഷാ വാരമായി ആചരിക്കുന്നത്?
Answer: മേയ് 6 മുതല്‍ 12 വരെ
ലീഡര്‍ഷിപ്പ് ഫോര്‍ റോഡ് സേഫ്റ്റി എന്നതാണ് 2019-ലെ റോഡ് സുരക്ഷാ വാരാചരണത്തിന്റെ മുഖ്യ വിഷയം. യു.എന്‍. നേതൃത്വത്തില്‍ ആഗോള തലത്തില്‍ നടക്കുന്ന അഞ്ചാമത് റോഡ് സുരക്ഷാ വാരാചരണമാണ് ഇത്തവണത്തേത്. വാരാചരണത്തോടനുബന്ധിച്ച് ലോക ആരോഗ്യ സംഘടന പുറത്തിറക്കിയ റോഡ് സുരക്ഷാ റിപ്പോര്‍ട്ട് പ്രകാരം ഓരോ വര്‍ഷവും 1.35 ദശ ലക്ഷം പേര്‍ ലോകത്താകെ റോഡ് അപകടങ്ങളില്‍ മരിക്കുന്നുണ്ട്.

21. എന്താണ് Alfa-X?
Answer: ലോകത്തെ ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിന്‍
ജപ്പാന്‍ നിമിച്ച Alfa-X ന്റെ വേഗം മണിക്കൂറില്‍ 400 കിലോമീറ്ററാണ് . ഇതിന്റെ പരീക്ഷണ ഓട്ടം ജപ്പാനിൽ തുടങ്ങി. 2030 ഓടെ സര്‍വീസ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

22. 2019-ലെ ഐ.പി.എല്‍. കിരീടം നേടിയ ടീം?
Answer: മുംബൈ ഇന്ത്യന്‍സ്
ഫൈനലില്‍ ചെന്നൈയെ ഒരു റണ്ണിന് പരാജയപ്പെടുത്തിയാണ് മുംബൈ ഇന്ത്യന്‍സ് കിരീടം നേടിയത്. മുംബൈയുടെ നാലാം ഐ.പി.എല്‍. കിരീടനേട്ടമാണിത്. ഡേവിഡ് വാര്‍ണറാണ് 2019-ലെ ഐ.പി.എല്‍. ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇമ്രാന്‍ താഹിർ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടി. എമര്‍ജിങ് താരമായി കൊല്‍ക്കത്തയുടെ ശുഭ്മാന്‍ ഗില്‍ തിരഞ്ഞെടുക്കപ്പെട്ടു.

23. 2023-ലെ എ.എഫ്.സി. ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് എവിടെവെച്ചാണ്?
Answer: ചൈന
2023-ലെ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വേദിക്കായി ദക്ഷിണ കൊറിയയും ചൈനയുമായിരുന്നു മത്സരത്തിലുണ്ടായിരുന്നത്. ദക്ഷിണ കൊറിയ പിന്മാറിയതോടെയാണ് വേദി ചൈനക്ക് അനുവദിച്ചത്. 24 രാജ്യങ്ങളാണ് ടൂര്‍ണമെന്റിലുള്ളത്. ചൈനയില്‍ ഇത് രണ്ടാം തവണയാണ് ഈ ടൂര്‍ണമെന്റ് നടക്കുന്നത്.

24. മുഖ്യമന്ത്രി പിണറായി വിജയന്‍ ലണ്ടന്‍ ഓഹരി വിപണി വ്യാപാരത്തിനായി തുറന്ന് നല്‍കിയത് ഏത് ദിവസമാണ്?
Answer: മേയ് 17
ലണ്ടന്‍ ഓഹരി വിപണി വ്യാപാരത്തിനായി തുറന്ന് നല്‍കാന്‍ അവസരം ലഭിച്ച ഇന്ത്യയിലെ ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ലണ്ടന്‍ ഓഹരി വിപണിയില്‍ ഓഹരി ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ സംസ്ഥാന തല സ്ഥാപനം കിഫ്ബിയാണ്.

25. ഐ.സി.സിയുടെ ആദ്യ വനിത ക്രിക്കറ്റ് മാച്ച് റഫറിയായി തിരഞ്ഞെടുക്കപ്പെട്ട മുന്‍ ഇന്ത്യന്‍ വനിത ക്രിക്കറ്റര്‍?
Answer: ജി.എസ്. ലക്ഷ്മി
മാച്ച് റഫറിമാരുടെ അന്താരാഷ്ട്ര പാനലിലേക്ക് ജി.എസ്. ലക്ഷ്മിയെ മേയ് 15-നാണ് ഇന്റർനാഷണൽ ക്രിക്കറ്റ് കൗണ്‍സില്‍ തിരഞ്ഞെടുത്തത്. 2008-09ല്‍ ആഭ്യന്തര വനിത ക്രിക്കറ്റില്‍ ലക്ഷ്മി മാച്ച് റഫറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

26. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായുള്ള ഇ വിധാന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer: സംസ്ഥാന നിയമസഭകള്‍
സംസ്ഥാന നിയമസഭകളുടെ ഡിജിറ്റലൈസേഷനാണ് ഇ വിധാന്‍ പദ്ധതിയിലൂടെ നടപ്പാക്കുന്നത്. കേരള നിയമ സഭയിലെ രേഖകളെല്ലാം ഈ പദ്ധതിയിലുള്‍പ്പെടുത്തി ഡിജിറ്റലൈസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ആദ്യ ഘട്ടം അടുത്ത 14 മാസത്തിനകം പൂര്‍ത്തിയാക്കും. പാര്‍ലമെന്റിന്റെ ഡിജിറ്റലൈസേഷന്‍ പദ്ധതിയാണ് ഇ സന്‍സദ്.

27. PDK എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന Poly Di-Ketoenamine എന്താണ്?
Answer: പുനരുപയോഗത്തിനായി സംസ്‌കരിച്ചെടുക്കാവുന്ന പ്ലാസ്റ്റിക്
അമേരിക്കയുടെ ഊര്‍ജ വകുപ്പിന്റെ ലോറന്‍സ് ബാര്‍ക് ലി നാഷണല്‍ ലബോറട്ടറിയില്‍ ഗവേഷകര്‍ പുതുതായി കണ്ടെത്തിയ റിസൈക്കിള്‍ ചെയ്യാവുന്ന പ്ലാസ്റ്റിക്കാണ് PDK. ക്വാളിറ്റി വ്യത്യാസമില്ലാതെ ഏത് നിറത്തിലും രൂപത്തിലും ഇത് നിര്‍മാണത്തിനുപയോഗിക്കാനും എക്കാലവും റീസൈക്കിള്‍ ചെയ്യാനും കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.

28. സ്വവര്‍ഗ വിവാഹം നിയമപരമായി അംഗീകരിച്ച ആദ്യ ഏഷ്യന്‍ രാജ്യം?
Answer: തായ്‌വാന്‍
മേയ് 17-നാണ് തായ്‌വാന്‍ പാര്‍ലമെന്റ് സ്വവര്‍ഗ വിവാഹം നിയമപരമായി അംഗീകരിച്ചുകൊണ്ടുള്ള ബില്‍ പാസാക്കിയത്. ട്രാന്‍സ്ജന്‍ഡറുകള്‍ വര്‍ഷങ്ങളായി നടത്തിയ പ്രചരണത്തിന്റെ അനന്തരഫലമാണ് ഈ ബില്‍.

29. സസാകാവ അവാര്‍ഡ് (Sasakawa Award) ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer: ദുരന്ത നിവാരണ മാനേജ്‌മെന്റ്
ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ ഓഫീസും നിപ്പോണ്‍ ഫൗണ്ടേഷനും സംയുക്തമായി നല്‍കുന്നതാണ് സസാകാവ അവാര്‍ഡ്. 2019-ലെ പുരസ്‌കാരം പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അഡിഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.പി.കെ. മിശ്രയ്ക്കാണ്. മേയ് 16 ന് ജനീവയില്‍ നടക്കുന്ന ആഗോള ദുരന്ത നിവാരണ സമ്മേളനത്തില്‍വെച്ചാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 50,000 യു.എസ്. ഡോളറാണ് അവാര്‍ഡ് ജേതാക്കള്‍ക്ക് നല്‍കുന്നത്. നിപ്പോണ്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ റിയോച്ചി സസാകാവയാണ് 1986-ല്‍ ഈ അവാര്‍ഡ് തുടങ്ങിയത്.

30. ഇന്ത്യയുടെ മുന്‍ സുപ്രിം കോടതി ജഡ്ജിയായ ജസ്റ്റിസ് മദന്‍ ലോകുര്‍ ഏത് രാജ്യത്തെ സുപ്രിംകോടതി ജഡ്ജിയായാണ് നിയമിതനായത്?
Answer: ഫിജി
ഫിജി സുപ്രിംകോടതിയിലെ നോണ്‍ റസിഡന്റ് പാനലിലാണ് മദന്‍ ബി ലോകുറിനെ നിയമിച്ചിരിക്കുന്നത്. 2019 ഓഗസ്റ്റ് 15-ന് ചുമതലയേല്‍ക്കും. മൂന്നു വര്‍ഷത്തേക്കാണ് നിയമനം. 2018 ഡിസംബര്‍ 31-നാണ് ലോകുര്‍ ഇന്ത്യന്‍ സുപ്രിംകോടതിയില്‍നിന്ന് വിരമിച്ചത്.

31. 2019-ലെ വീല്‍ചെയര്‍ ക്രിക്കറ്റ് ഏഷ്യ കപ്പ് ടി 20 കിരീടം നേടിയ രാജ്യം?
Answer: പാകിസ്താന്‍
നേപ്പാളില്‍വെച്ചായിരുന്നു 2019-ലെ വീല്‍ചെയര്‍ ക്രിക്കറ്റ് ഏഷ്യ കപ്പ് ടി 20 ടൂര്‍ണമെന്റ്. കാഠ്മണ്ഡുവില്‍ നടന്ന ഫൈനലില്‍ ഇന്ത്യയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി പാകിസ്താന്‍ കിരീടം നേടി. നാല് രാജ്യങ്ങള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ബംഗ്ലാദേശും നേപ്പാളുമായിരുന്നു മറ്റ് രണ്ട് ടീമുകള്‍.

32. ഏത് രാജ്യത്തിന്റെ പ്രസിഡന്റായാണ് സിറില്‍ റമഫോസ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്?
Answer: ദക്ഷിണാഫ്രിക്ക
ആഫ്രിക്കന്‍ പാര്‍ലമെന്റിലേക്ക് മേയ് 8-ന് നടന്ന തിരഞ്ഞെടുപ്പില്‍ റമഫോസയുടെ പാര്‍ട്ടി 230 സീറ്റ് നേടി വിജയിച്ചിരുന്നു. 400 സീറ്റാണ് ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്റിലുള്ളത്. 66 കാരനായ റമഫോസ ഇത് രണ്ടാം തവണയാണ് ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്.

33. എത്രാമത് ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റാണ് 2019-ല്‍ നടക്കുന്നത്?
Answer: 12-ാമത്
1975-ലാണ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദ്യ ലോകകപ്പ് ക്രിക്കറ്റ് അരങ്ങറിയത്. ഇംഗ്ലണ്ടില്‍ നടന്ന ഈ ടൂര്‍ണമെന്റില്‍ വെസ്റ്റിന്‍ഡീസ് കിരീടം നേടി. നാല് വര്‍ഷം കൂടുമ്പോഴാണ് ടൂര്‍ണമെന്റ് നടത്തുന്നത്. 2019-ല്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമായാണ് മത്സരങ്ങള്‍ നടക്കുന്നത്. 10 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് മേയ് 30-ന് തുടങ്ങി ജൂലായ് 14-ന് അവസാനിക്കും.

34. ഐ.എസ്.ആര്‍.ഒയ്ക്ക് കീഴില്‍ പുതുതായി തുടങ്ങിയ വാണിജ്യ സ്ഥാപനം ഏത്?
Answer: ന്യു സ്‌പേസ് ഇന്ത്യ ലിമിറ്റഡ്
2019 മേയ് 25-ന് ബെഗളൂരുവില്‍ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് ഉദ്ഘാടനം ചെയ്തു. ഐ.എസ്.ആര്‍.ഒയുടെ സാറ്റലൈറ്റ് ഉള്‍പ്പെടെയുള്ളവയുടെ വാണിജ്യകാര്യങ്ങളായിരിക്കും സ്ഥാപനം നിര്‍വഹിക്കുക. ഐ.എസ്.ആര്‍.ഒയ്ക്ക് കീഴിലുള്ള ആദ്യ വാണിജ്യ സ്ഥാപനമാണ് ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍. 1992 സെപ്റ്റംബറിലാണ് ഇത് തുടങ്ങിയത്.

35. 2019-ലെ ജി-20 ഉച്ചകോടി എവിടെ വെച്ചാണ്?
Answer: ജപ്പാന്‍
ജപ്പാനിലെ ഒസാക്കയില്‍ ജൂണ്‍ 28, 29 തീയതികളിലായാണ് 14-മത് ജി 20 ഉച്ചകോടി. ഇന്ത്യ, ചൈന, അമേരിക്ക തുടങ്ങിയവയുള്‍പ്പെടെ 19 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ചേര്‍ന്നതാണ് ജി 20 രാജ്യങ്ങള്‍. ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗം അധിവസിക്കുന്നത് ജി 20 രാജ്യങ്ങളിലാണ്. ലോകത്തെ മൊത്ത ആഭ്യന്തരോത്പാദനത്തിന്റെ 80 ശതമാനവും ഈ രാജ്യങ്ങളുടെ സംഭാവനയാണ്.

36. ലോക്‌സഭയില്‍ ചുരുങ്ങിയത് എത്ര സീറ്റെങ്കിലും നേടുന്ന പാർട്ടിക്കാണ് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കുന്നത്?
Answer: 10%
543 അംഗങ്ങളാണ് ലോക്‌സഭയിലുള്ളത്. 55 അംഗങ്ങളെങ്കിലുമുള്ള രണ്ടാമത്തെ ഏറ്റവും വലിയ പാര്‍ട്ടിക്കാണ് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കുന്നത്. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ ഒരു പാര്‍ട്ടിക്കും ഇത്രയും സീറ്റ് നേടാനാവാത്തതിനാല്‍ പ്രതിപക്ഷ നേതാവ് പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. 17-ാം ലോക്‌സഭിയിലേക്ക് ഇപ്പോള്‍ നടന്ന തിരഞ്ഞെടുപ്പിലും പ്രതിപക്ഷത്തെ ഒരു പാര്‍ട്ടിക്കും 55 സീറ്റ് ലഭിച്ചിട്ടില്ല. ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് 52 സീറ്റേ നേടാനായുള്ളൂ.

37. ഐ.എസ്.ആര്‍.ഒ. മേയ് 22-ന് വിക്ഷേപിച്ച റിസാറ്റ് -2 ബി ഉപഗ്രഹത്തിന്റെ ദൗത്യമെന്ത്?
Answer: ഭൗമ നിരീക്ഷണം
615 കിലോഗ്രാം ഭാരമുള്ള റിസാറ്റ് 2 ബി ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സെന്ററില്‍നിന്നാണ് പി.എസ്.എല്‍.വി.സി 46 ഉപയോഗിച്ച് വിക്ഷേപിച്ചത്. ഏത് കാലാവസ്ഥയിലും സൈന്യത്തെ സഹായിക്കുന്ന പുതിയ സാങ്കേതിക വിദ്യകൂടി ചേര്‍ത്തുള്ളതാണ് ഈ ഭൗമ നിരീക്ഷണ ഉപഗ്രഹം.

38. ഇത്തവണത്തെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം നേടിയ ജോഖ അല്‍ഹാര്‍ത്തി ഏത് ഭാഷയിലെ എഴുത്തുകാരിയാണ്?
Answer: അറബിക്
മാന്‍ബുക്കര്‍ ഇന്റര്‍ നാഷണല്‍ പുരസ്‌കാരം നേടുന്ന ആദ്യ അറബിക് എഴുത്തുകാരിയാണ് ജോഖ അല്‍ഹാര്‍ത്തി. സെലസ്റ്റിയല്‍ ബോഡീസ് എന്ന നോവലിനാണ് 50,000 പൗണ്ട്(44.30 ലക്ഷം രൂപയോളം) തുകയുള്ള പുരസ്‌കാരം. മേരിലിയ ബൂത്ത് ആണ് നോവല്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്ന മികച്ച കൃതികള്‍ക്കാണ് മാന്‍ ബുക്കര്‍ ഇന്റര്‍ നാഷണല്‍ പുരസ്‌കാരം നല്‍കുന്നത്.

39. ലോക പുകയില വിരുദ്ധ ദിനം എന്നാണ്?
Answer: മേയ് 31
Tobacco and lung health എന്നതാണ് 2019-ലെ ദിനാചരണത്തിന്റെ ഊന്നല്‍ വിഷയം. 1988 മുതലാണ് ഈ ദിനാചരണം തുടങ്ങിയത്. മേയ് 29 യു.എന്‍. സമാധാന സംരക്ഷകരുടെ ദിനമായി ആചരിക്കുന്നു.

40. സുപ്രിം കോടതിയില്‍ അനുവദിക്കപ്പെട്ട ജഡ്ജിമാരുടെ പരമാവധി അംഗസംഖ്യ?
Answer: 31
ചീഫ് ജസ്റ്റിസ് അടക്കം 31 ജഡ്ജിമാരാണ് സുപ്രിം കോടതിക്ക് ഭരണഘടനാപരമായി അനുവദിച്ചിട്ടുള്ളത്. നാല് പുതിയ ജഡ്ജിമാര്‍ കൂടി മേയ് 4-ന് ചുമതലയേറ്റതോടെ സുപ്രിം കോടതി മുഴുവന്‍ അംഗസംഖ്യ തികച്ചു. ജസ്റ്റിസുമാരായ ബി.വി. ഗവായി, സൂര്യ കാന്ത്, അനിരുദ്ധ ബോസ്, എ.എസ്.ബൊപ്പണ്ണ എന്നിവരാണ് പുതുതായി ചുമതലയേറ്റത്. സീനിയോറിറ്റി പ്രകാരം ഇതില്‍ രണ്ട് പേര്‍ വിരമിക്കുനതിനിടെ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ആയേക്കും. ജസ്റ്റിസ് ബി.എസ്. ഗവായി 2025-ലും തുടര്‍ന്ന് ജസ്റ്റിസ് സൂര്യ കാന്തും ചീഫ് ജസ്റ്റിസാവാനാണ് സാധ്യത.

41. യു.എന്‍.ഹാബിറ്റാറ്റ് അസംബ്ലിയുടെ 2019-ലെ സമ്മേളനം എവിടെ വെച്ചാണ് നടന്നത്?
Answer: നെയ്‌റോബി
കെനിയയിലെ നെയ്‌റോബിയില്‍ 2019 മേയ് 27 മുതല്‍ 31 വരെയാണ് യു.എന്‍. ഹാബിറ്റാറ്റ് അസംബ്ലിയുടെ 2019-ലെ ആദ്യ സെഷന്‍ നടന്നത്. ഈ സമ്മേളനത്തില്‍ വെച്ച് യു.എന്‍.ഹാബിറ്റാറ്റിന്റെ എക്‌സിക്യുട്ടീവ് ബോര്‍ഡിലേക്ക് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു. Innovation for Better Quality of Life in Cities and Communities എന്നതായിരുന്നു ഈ സമ്മേളനത്തിന്റെ പ്രധാന തീം. നഗര സുസ്ഥിര വികസനവും പാര്‍പ്പിടം ഉറപ്പുവരുത്തലിനുമായി പ്രവര്‍ത്തിക്കുന്ന യു.എന്‍. ഏജന്‍സിയാണ് യു.എന്‍. ഹാബിറ്റാറ്റ്. 1978-ല്‍ രൂപവത്കരിച്ച ഈ സംഘടനയുടെ ആസ്ഥാനം നെയ്‌റോബിയാണ്.

42. ചന്ദ്രാനി മുര്‍മു താഴെപ്പറയുന്ന ഏത് വസ്തുതയുമായി ബന്ധപ്പെട്ടാണ് വാര്‍ത്തകളിലിടം നേടിയത്?
Answer: ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം
ലോക്‌സഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് ചന്ദ്രാനി മുര്‍മു. 17-ാം ലോകസഭയിലേക്ക് ഒഡിഷയിലെ കോഞ്ജാരില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചന്ദ്രാനി മുര്‍മുവിന്റെ പ്രായം 25 വയസ്സും 11 മാസവും 8 ദിവസവുമാണ്. മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദ ധാരിയാണ്.

43. കേന്ദ്രത്തില്‍ ഏത് വകുപ്പിന്റെ സഹമന്ത്രിയായാണ് വി.മുരളീധരന്‍ ചുമതലയേറ്റത്?
Answer: വിദേശ കാര്യം
വിദേശ കാര്യം, പാര്‍ലമെന്ററികാര്യം എന്നിവയുടെ സഹമന്ത്രിയായാണ് വി. മുരളീധരന്‍ ചുമതലയേറ്റത്. മേയ് 30-നായിരുന്നു നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രി സഭയുടെ സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പുറമെ 24 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 9 മന്ത്രിമാരും 24 സഹ മന്ത്രിമാരുമാണ് പുതിയ മന്ത്രിസഭയിലുള്ളത്. ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായാണ് പുതിയ ആഭ്യന്തര മന്ത്രി.

44. ലോക ആരോഗ്യ സംഘടന(WHO) മലേറിയ വിമുക്തമായി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച രാജ്യം?
Answer: അര്‍ജന്റീന
അള്‍ജീരിയ, അര്‍ജന്റീന എന്നീ രാജ്യങ്ങളെ 2019 മേയ് 22-നാണ് ലോക ആരോഗ്യ സംഘടന മലേറിയ വിമുക്ത രാജ്യമായി പ്രഖ്യാപിച്ചത്. തുടര്‍ച്ചയായി മൂന്ന് വര്‍ഷം മലേറിയ റിപ്പോര്‍ട്ട് ചെയ്യാത്ത രാജ്യങ്ങളെയാണ് ഇങ്ങനെ പ്രഖ്യാപിക്കുന്നത്. മലേറിയ വിമുക്തമായി പ്രഖ്യാപിക്കപ്പെടുന്ന രണ്ടാമത്തെ ആഫ്രിക്കന്‍ രാജ്യമാണ് അള്‍ജീരിയ. 1973-ല്‍ ഈ സര്‍ട്ടിഫിക്കറ്റ് നേടിയ മൗറീഷ്യസാണ് ആദ്യത്തേത്. ലോകത്താകെ 38 രാജ്യങ്ങളെ ഇതുവരെ മലേറിയ വിമുക്ത രാജ്യമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്.

45. നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ തൊഴിലില്ലായ്മ എത്ര ശതമാനമാണ്?
Answer: 6.1 ശതമാനം
2017-18 സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം ഇന്ത്യയിലെ നഗരമേഖലയില്‍ 7.8 ശതമാനമാണ് തൊഴിലില്ലായ്മ. ഗ്രാമീണ മേഖലയില്‍ ഇത് 5.3 ശതമാനമാണ്. 1972-73 നുശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണിത്. തൊഴിലില്ലായ്മ കണക്കാക്കുന്നതിലെ മാനദണ്ഡം മാറിയതിനാല്‍ മുന്‍ വര്‍ഷത്തെ കണക്കുമായി ഇത് താരതമ്യം ചെയ്യാനാവില്ലെന്നാണ് സാമ്പിള്‍ സര്‍വേ ഓഫീസിന്റെ നിലപാട്. വിദ്യാഭ്യാസമാണ് പുതിയ രീതിയിലെ പ്രധാന മാനദണ്ഡം.

46. ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതിയിലേക്കുള്ള ബഹിരാകാശ സഞ്ചാരികളെ പരിശീലിപ്പിക്കുന്നതിനായി ഐ.എസ്.ആര്‍.ഒയുമായി ധാരണാപത്രം ഒപ്പുവെച്ച സേനാ വിഭാഗം?
Answer: ഇന്ത്യന്‍ എയര്‍ഫോഴ്‌സ്
മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഗഗന്‍യാന്‍ പദ്ധതി 2022-ല്‍ യാഥാര്‍ഥ്യമാക്കുമെന്നാണ് ഐ.എസ്.ആര്‍.ഒ. പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി ബഹിരാകാശ സഞ്ചാരികളെ തിരഞ്ഞെടുത്ത് പരിശീലിപ്പിക്കാനാണ് ഐ.എസ്.ആര്‍.ഒയും ഇന്ത്യന്‍ എയര്‍ഫോഴ്‌സും മേയ് 30-ന് ധാരണാ പത്രം ഒപ്പുവെച്ചത്. ഇന്ത്യന്‍ വ്യോമസേനയുടെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏറോ സ്‌പേസ് മെഡിസിനായിരിക്കും പരിശീലനത്തിന്റെ നേതൃത്വം.

47. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തതില്‍ എത്ര വോട്ട് കിട്ടുന്നവര്‍ക്കാണ് കെട്ടിവെച്ച തുക തിരിച്ചു നല്‍കുന്നത്?
Answer: ആറിലൊന്ന്
പോള്‍ ചെയ്ത സാധു വോട്ടുകളില്‍ ആറിലൊന്ന് നേടുന്ന സ്ഥാനാര്‍ഥികള്‍ക്കാണ് കെട്ടിവെച്ച തുക തിരിച്ചു നല്‍കുന്നത്. 25,000 രൂപയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥി നിക്ഷേപമായി നല്‍കേണ്ടത്. എസ്.സി., എസ്.ടിക്കാരായ സ്ഥാനാര്‍ഥികള്‍ 12500 രൂപ അടച്ചാല്‍ മതി.

48. പി.എസ്. ഗോലെ(P.S. Golay) ഏത് സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയാണ്?
Answer: സിക്കിം
സിക്കിമിന്റെ പുതിയ മുഖ്യമന്ത്രിയായി പി.എസ്.ഗോലെയെന്ന് അറിയപ്പെടുന്ന പ്രേം സിങ് തമാങ് മേയ് 27-നാണ് സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഗോലെയുടെ പാര്‍ട്ടിയായ സിക്കിം ക്രാന്തികാരി മോര്‍ച്ച 17 സീറ്റുകളോടെ ഭൂരിപക്ഷം നേടിയിരുന്നു. സിക്കിമിന്റെ ആറാമത് മുഖ്യമന്ത്രിയാണ് 51 കാരനായ ഗോലെ. രാജ്യത്ത് ഏറ്റവും കൂടുതല്‍ വര്‍ഷം സംസ്ഥാന മുഖ്യമന്ത്രിയായ നേതാവ് എന്ന റെക്കോഡോടെ കഴിഞ്ഞ 25 വര്‍ഷമായി അധികാരത്തിലിരുന്ന പവന്‍ ചാംലിങ്ങിന്റെ സിക്കിം ഡെമോക്രാറ്റിക് പാര്‍ട്ടിയെയാണ് ഗൊലേയുടെ പാര്‍ട്ടി പരാജയപ്പെടുത്തിയത്. സിക്കിം നിയമസഭയുടെ ആകെ അംഗബലം 32 ആണ്.

49. ഇന്ത്യ അംഗമായ അന്താരാഷ്ട്ര സംഘടനയായ BIMSTEC-ല്‍ ആകെ എത്ര രാജ്യങ്ങളുണ്ട്?
Answer: 7
ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, മ്യാന്മര്‍, തായ്‌ലന്‍ഡ് എന്നീ ഏഴ് രാജ്യങ്ങളാണ് ബിംസ്റ്റെക്കില്‍ അംഗങ്ങളായിട്ടുള്ളത്. ഈ രാജ്യങ്ങളുടെ തലവന്മാരെയാണ് ഇത്തവണ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ മുഖ്യ അതിഥികളായി ക്ഷണിച്ചത്. The Bay of Bengal Initiative for Multi-Sectoral Technical and Economic Cooperation എന്നാണ് BIMSTEC ന്റെ മുഴുവന്‍ പേര്. 1997-ല്‍ രൂപവത്കരിച്ച സംഘടനയുടെ ആസ്ഥാനം ബംഗ്ലാദേശിലെ ധാക്കയാണ്.

50. ഇന്ത്യയില്‍ കാലവര്‍ഷം ആദ്യമെത്തുന്ന പ്രദേശം?
Answer: ആന്‍ഡമാന്‍
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമാണ് മണ്‍സൂണ്‍ എന്നറിയപ്പെടുന്നത്. രാജ്യത്തെ മഴയുടെ 75 ശതമാനവും ലഭിക്കുന്നത് മണ്‍സൂണില്‍നിന്നാണ്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇന്ത്യയില്‍ ആദ്യമെത്തുന്ന സംസ്ഥാനം കേരളമാണ്. ഇത്തവണ കേരളത്തില്‍ ജൂണ്‍ 6-ന് കാലവര്‍ഷം എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ പഠന വകുപ്പിന്റെ പ്രവചനം.
* സമകാലികം 2019: ഏപ്രിൽ ഇവിടെ ക്ലിക്കുക  
* സമകാലികം 2019: മാർച്ച് ഇവിടെ ക്ലിക്കുക  
* സമകാലികം 2019: ഫെബ്രുവരി ഇവിടെ ക്ലിക്കുക  
* സമകാലികം 2019: കറന്റ്‌ അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* സമകാലികം 2018: കറന്റ്‌ അഫയേഴ്സ് ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.
PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here