സമകാലികം 2019 ഏപ്രിൽ: ചോദ്യോത്തരങ്ങള്‍
1.
മികച്ച സേവനം കണക്കിലെടുത്ത് രാഷ്ട്രത്തലവന്മാര്‍ക്ക് സയിദ് മെഡല്‍
നല്‍കുന്ന രാജ്യം?
Answer:
യു.എ.ഇ.
യുനൈറ്റഡ്
അറബ് എമിറേറ്റ്‌സ് നല്‍കുന്ന പരമോന്നത ബഹുമതിയാണ് സയിദ് മെഡല്‍. 2019-ല്‍
ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കാണ് ഈ പുരസ്‌കാരം ലഭിച്ചത്. ഇരു
രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനായി നടത്തിയ ശ്രമങ്ങള്‍കൂടി
പരിഗണിച്ചാണ് മോദിക്ക് പുരസ്‌കാരം നല്‍കിയത്. യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖാലിഫ ബിന്‍
സായിദാണ് ഇത്തവണത്തെ പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്.
2.
കേന്ദ്ര സര്‍ക്കാര്‍ എല്ലാ വര്‍ഷവും നല്‍കിവരുന്ന മഹര്‍ഷി ഭദ്രായന്‍
വ്യാസ് സമ്മാന്‍(Maharshi Badrayan Vyas Samman) ഏത് രംഗത്തെ
മികവിനുള്ളതാണ്?
Answer:
ക്ലാസിക്കല്‍ ഭാഷകളിലെ സമഗ്ര സംഭാവന
മലയാളം
ഉള്‍പ്പെടെയുള്ള ക്ലാസിക്കല്‍ ഭാഷകളില്‍ സമഗ്രസംഭാവന നല്‍കുന്നവര്‍ക്കാണ് എല്ലാ
വര്‍ഷവും കേന്ദ്ര സര്‍ക്കാര്‍ മഹര്‍ഷി ഭദ്രായന്‍ വ്യാസ് സമ്മാന്‍ നല്‍കി വരുന്നത്.
ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക. 2002-ലാണ് അവാര്‍ഡ് നല്‍കാന്‍ തുടങ്ങിയത്. 2018-ലെ പുരസ്‌കാരം ഏപ്രില്‍ 4-ന് ഉപരാഷ്ട്രപതി വെങ്കയ്യ
നായിഡു വിതരണം ചെയ്തു.
3.
2019-20-ല്‍ ഇന്ത്യയുടെ വളര്‍ച്ച നിരക്ക് എത്രയായിരിക്കുമെന്നാണ്
ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ(ADB) പ്രവചനം?
Answer:
7.2
2019-20ല്‍ 7.2 ശതമാനത്തിലേക്ക് താഴുന്ന വളര്‍ച്ച നിരക്ക് 2020-21-ല്‍ 7.3 ശതമാനമായി വര്‍ധിക്കുമെന്നാണ് എ.ഡി.ബി.യുടെ
പ്രവചനം. ഏഷ്യന്‍ രാജ്യങ്ങളുടെ ആകെ വളര്‍ച്ച നിരക്ക് 2019-ല്‍
5.7 ശതമാനമായിരിക്കുമെന്നാണ് കണക്ക്. 2020-ല്‍ ഇത് 5.6 ശതമാനമായി താഴും.
4.
സുല്‍ത്താന്‍ അസ്ലന്‍ഷ ഹോക്കി കപ്പ് ഏത് രാജ്യമാണ് എല്ലാ വര്‍ഷവും
നടത്തുന്നത്?
Answer:
മലേഷ്യ
ഇന്റര്‍നാഷണല്‍
ഹോക്കി ഫെഡറേഷനുമായി സഹകരിച്ച് മലേഷ്യന്‍ ഹോക്കി കോണ്‍ഫെഡറേഷനാണ് ഈ ടൂര്‍ണമെന്റ്
നടത്തുന്നത്. 1983-ലാണ് ടൂര്‍ണമെന്റ് തുടങ്ങിയത്. തുടക്കത്തില്‍ രണ്ട് വര്‍ഷം
കൂടുമ്പോഴായിരുന്നെങ്കില്‍ ഇപ്പോള്‍ എല്ലാ വര്‍ഷവും ടൂര്‍ണമെന്റ് നടത്തുന്നുണ്ട്. 2019-ല്‍ ദക്ഷിണ കൊറിയയാണ് ഈ ടൂര്‍ണമെന്റിലെ വിജയി. ഏപ്രില്‍ 1-ന് നടന്ന ഫൈനലില്‍ ഇന്ത്യയെ 4-2ന്
പരാജയപ്പെടുത്തിയാണ് ദക്ഷിണകൊറിയ കിരീടം നേടിയത്.
5.
റിസര്‍വ് ബാങ്ക് ഏപ്രില്‍ നാലിന് പുതുക്കി നിശ്ചയിച്ച റിപ്പോ
നിരക്ക് എത്രയാണ്?
Answer:
6
വാണിജ്യ
ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കാണ്
റിപ്പോ. ഫെബ്രുവരിയില്‍ ഇത് കാല്‍ ശതമാനം കുറച്ചിരുന്നു. റിപ്പോ നിരക്ക്
കുറയുമ്പോള്‍ ബാങ്ക് വായ്പകളുടെ പലിശ കുറയാറുണ്ട്. റിവേഴ്‌സ് റിപ്പോ നിരക്കില്‍
മാറ്റം വരുത്തിയിട്ടില്ല.
6.
ലോക ആരോഗ്യ ദിനം എന്നാണ്?
Answer:
ഏപ്രില്‍ 7
വേള്‍ഡ്
ഓട്ടിസം ദിനം-ഏപ്രില്‍ 2 മൈന്‍ സുരക്ഷാ ബോധവത്കരണ ദിനം-ഏപ്രില്‍ 4 കായിക
ദിനം-ഏപ്രില്‍ 6 ചൈനീസ് ഭാഷാ ദിനം-ഏപ്രില്‍ 20
7.
2019 ഏപ്രില്‍ 1-ന് ഐ.എസ്.ആര്‍.ഒ. വിജയകരമായി
വിക്ഷേപിച്ച കൃത്രിമോപഗ്രഹം?
Answer:
എമിസാറ്റ്
ശ്രീഹരിക്കോട്ടയിലെ
സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നാണ് എമിസാറ്റ് വിക്ഷേപിച്ചത്. പി.എസ്.എല്‍വി.
സി 45 ഉപയോഗിച്ചായിരുന്നു വിക്ഷേപണം. മറ്റ് രാജ്യങ്ങളില്‍നിന്നുള്ള 28 ചെറു ഉപഗ്രഹങ്ങളും ഇതോടൊപ്പം വിക്ഷേപിച്ചു.
8.
തിരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠന ശാഖ ഏത്?
Answer:
സെഫോളജി
1948-ല്‍ ഡബ്ല്യു.എഫ്.ആര്‍. ഹാര്‍ഡി ആണ് സെഫോളജി(Psephology) എന്ന വാക്ക് തിരഞ്ഞെടുപ്പു പഠനത്തെ സൂചിപ്പിക്കാന്‍ ആദ്യമായി ഉപയോഗിച്ചത്.
വോട്ടിങ് സംബന്ധമായ ഡാറ്റകള്‍ വിശകലനംചെയ്ത് നിഗമനങ്ങള്‍ തയ്യാറാക്കുകയാണ് ഈ
പഠനശാഖ പ്രധാനമായി ചെയ്യുന്നത്.
9.
ജപ്പാനില്‍ പുതുതായി ചുമതലയേല്‍ക്കുന്ന സാമ്രാജ്യത്തിന്റെ പേര്?
Answer:
റേയ്‌വ
ചക്രവര്‍ത്തി
ഭരണം നിലനില്‍ക്കുന്ന ജപ്പാനില്‍ ഹെയ്‌സെയ് സാമ്രാജ്യത്തിന്റെ കാലാവധി ഏപ്രിലോടെ
പൂര്‍ത്തിയാവും. അകിഹിതോ ചക്രവര്‍ത്തിയാണ് ഇപ്പോള്‍ ഭരണത്തിലുള്ളത്.
ഇദ്ദേഹത്തിന്റെ ഭരണ കാലാവധി അവസാനിക്കുന്നതോടെ 2019 മേയ് 1-ന് റെയ്‌വ സാമ്രാജ്യം നിലവില്‍ വരും. കല്‍പനയും സൗഹാര്‍ദവും എന്നാണ് റെയ്‌വ
എന്ന ജാപ്പനീസ് വാക്കിന്റെ അര്‍ഥം. പ്രധാനമന്ത്രി ഷിന്‍സോ ആബെയാണ് പുതിയ
സാമ്രാജ്യത്തിന്റെ പേര് പ്രഖ്യാപിച്ചത്. ആധുനിക ജപ്പാന്റെ ചരിത്രത്തില്‍ നാല്
സാമ്രാജ്യങ്ങളാണ് ഇതുവരെ ഉള്ളത്. മെയ്ജി(1868-1912), തയ്‌ഷോ(1912-1926),
ഷോവ(1926-1989), ഹെയ്‌സെയ്(1989-2019)
10.
5G നെറ്റ് വര്‍ക്ക് കവറേജ് ലഭിച്ച ലോകത്തെ ആദ്യ ജില്ല?
Answer:
ഷാങ്ഹായ്(ചൈന)
മാര്‍ച്ച്
30-നാണ് 5 G നെറ്റ് വര്‍ക്കിന്റെ ട്രയല്‍ റണ്‍
ഷാങ്ഹായിലെ ഹോങ്കാവുവില്‍ നടന്നത്. 4G നെറ്റ് വര്‍ക്കിനേക്കാള്‍
പത്തുമുതല്‍ നൂറിരട്ടിവരെ വേഗത്തില്‍ ഡൗണ്‍ലോഡ് സാധ്യമാക്കുന്നതാണ് 5G നെറ്റ് വര്‍ക്ക്. ഈ വര്‍ഷാവസാനമാവുമ്പോഴേക്ക് 10,000
ഫൈവ് ജി ബേസ് സ്‌റ്റേഷനുകള്‍ ഈ ജില്ലയില്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം. 2019 ഏപ്രില്‍ 5-ന് പൂര്‍ണ തോതില്‍ 5G നെറ്റ്‌വര്‍ക്ക് സാധ്യമാക്കുമെന്ന് ദക്ഷിണ കൊറിയയും
പ്രഖ്യാപിച്ചിട്ടുണ്ട്.
11.
പരിസ്ഥിതി മാനേജ്‌മെന്റ് സംവിധാനം നടപ്പാക്കിയതിനുള്ള ISO
14001: 2015 സര്‍ട്ടിഫിക്കറ്റ് (ഹരിത ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റ്)
നേടിയ ഇന്ത്യയിലെ ആദ്യ റെയില്‍വെ സ്റ്റേഷന്‍?
Answer:
ഗുവാഹട്ടി
ഇന്റര്‍നാഷണല്‍
ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേഡൈസേഷന്‍ എന്നതിന്റെ ചുരുക്ക രൂപമാണ് ഐ.എസ്.ഒ.
മാലിന്യ സംസ്‌കരണ സംവിധാനമടക്കമുള്ള പരിസ്ഥിതി സൗഹൃദ സംവിധാനങ്ങളൊരുക്കിയാണ്
ഗുവാഹട്ടി സ്റ്റേഷന്‍ ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍ നേടിയത്.
12.
ബേറെഷീറ്റ്(Beresheet Spacecraft) എന്നത് ഏത്
രാജ്യത്തിന്റ പരാജയപ്പെട്ട ചാന്ദ്ര ദൗത്യമാണ്?
Answer:
ഇസ്രായേല്‍
ഇസ്രായേലിന്റെ
പ്രഥമ ചാന്ദ്ര ദൗത്യമായിരുന്നു ബേറെഷീറ്റ്. 2019 ഫെബ്രുവരി 22-ന് ഫ്‌ളോറിഡയിലെ കേപ് കാനവറില്‍നിന് വിക്ഷേപിച്ച ബേറെഷീറ്റ് ഏപ്രില്‍ 12-ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമെന്നായിരുന്നു കണക്കാക്കിയിരുന്നത്.
എന്നാല്‍ ദൗത്യത്തിന്റെ അവസാന ഘട്ടത്തില്‍ ഈ ബഹിരാകാശ പേടകത്തിന്റെ എന്‍ജിന്‍
തകരാറിലായി ഭൂമിയുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു. ഇസ്രായേല്‍ ഏറോസ്‌പേസ് ഇന്‍ഡസ്ട്രീസും
സ്വകാര്യ സ്ഥാപനമായ സ്‌പേസ് ഇലും ചേര്‍ന്നുള്ള ബേറെഷീറ്റ് സ്വകാര്യ
പങ്കാളിത്തത്തോടെയുള്ള ആദ്യ ചാന്ദ്ര ദൗത്യം കൂടിയായിരുന്നു. സോവിയറ്റ് യൂണിയന്‍, യു.എസ്. ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമേ ഇതുവരെ ചന്ദ്രനില്‍
പര്യവേക്ഷണ പേടകം ഇറക്കാനായിട്ടുള്ളൂ.
13.
ലികുഡ് പാര്‍ട്ടി(Likud) ഏത് രാജ്യത്ത്
അധികാരത്തിലുള്ള പ്രധാന രാഷ്ട്രീയപ്പാര്‍ട്ടിയാണ്?
Answer:
ഇസ്രായേല്‍
ബെഞ്ചമിന്‍
നെതന്യാഹു ചെയര്‍പേഴ്‌സണായ ലിക്കുഡ് പാര്‍ട്ടി 2019-ല്‍ നടന്ന പാര്‍ലമെന്റ്
തിരഞ്ഞെടുപ്പിലും ഇസ്രായേലില്‍ ഭരണത്തിലെത്തി. നെസറ്റ്(Knesset) എന്നറിയപ്പെടുന്ന ഇസ്രായേല്‍ പാര്‍ലമെന്റില്‍ 120
അംഗങ്ങളാണുള്ളത്. ലിക്കുഡ് പാര്‍ട്ടിയും സഖ്യ കക്ഷികളും 65
സീറ്റുകള്‍ നേടി. ബെഞ്ചമിന്‍ നെതന്യാഹു അഞ്ചാം തവണയാണ് ഇസ്രായേലിന്റെ
പ്രധാനമന്ത്രിയാവുന്നത്.
14.
ഏറ്റവും കൂടുതല്‍ സംസ്ഥാന ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി?
Answer:
കെ.എം. മാണി
കേരളത്തില്‍
ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗവും മന്ത്രിയുമായ നേതാവാണ് കെ.എം.മാണി. 1965-ല്‍
പാലായില്‍നിന്ന് ആദ്യമായി നിയമസഭാംഗമായി ജയിച്ചു. അത്തവണ സഭ ചേർന്നില്ല. 1967-ലെ തിരഞ്ഞെടുപ്പില്‍ വീണ്ടും ജയിച്ചു. പിന്നീട് ഇതുവരെ എല്ലാ
തിരഞ്ഞെടുപ്പിലും പാലായില്‍നിന്ന് നിയമസഭയിലെത്തി. ഒരേ മണ്ഡലത്തില്‍നിന്ന് ഏറ്റവും
കൂടുതല്‍ തവണ(13) ജയിച്ച എം.എല്‍.എ., ഏറ്റവും
കൂടുതല്‍ കാലം(24 വര്‍ഷം) മന്ത്രിസ്ഥാനം വഹിച്ച എം.എല്‍.എ.,
ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗം(12), കൂടുതല്‍
സംസ്ഥാന ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി(13 തവണ), ഏറ്റവും കൂടുതല്‍ കാലം ധനവകുപ്പും(11 വര്‍ഷം 8 മാസം), നിയമ വകുപ്പും(21 വര്‍ഷം
2 മാസം), കൈകാര്യം ചെയ്ത മന്ത്രി
തുടങ്ങിയ റെക്കോഡുകള്‍ കെ.എം.മാണിയുടെ പേരിലുണ്ട്. 1933
ജനുവരി 30-ന് കോട്ടയം ജില്ലയിലെ മീനച്ചിലായിരുന്നു ജനനം. 2019 ഏപ്രില്‍ 10-ന് 86-ാം
വയസ്സില്‍ അന്തരിച്ചു.
15.
വിസ്ഡ്ണ്‍സ് ലീഡിങ് ക്രിക്കറ്റര്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ട
ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം?
Answer:
സ്മൃതി മന്ഥാന
വിരാട്
കോലി തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ലീഡിങ് ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ടു.
അഫ്ഗാനിസ്ഥാന്റെ സ്പിന്‍ ബൗളര്‍ റാഷിദ് ഖാനാണ് ലീഡിങ് ട്വന്റി-20
ക്രിക്കറ്റര്‍. കോലി 2018-ല്‍ 2735
റണ്ണെടുത്തിരുന്നു. സ്മൃതി മന്ഥാന 1291 റണ്ണെടുത്തിട്ടുണ്ട്.
16.
അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷനായ ഫിഫയുടെ എക്‌സിക്യുട്ടീവ് കൗണ്‍സിലിലേക്ക്
തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍?
Answer:
പ്രഫുല്‍ പട്ടേല്‍
2019 മുതല്‍ 23 വരെയുള്ള നാല് വര്‍ഷത്തേക്കാണ് പ്രഫുല്‍
പട്ടേലിനെ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുത്തത്. ഇന്ത്യന്‍ ഫുട്‌ബോള്‍
ഫെഡറേഷന്റെ പ്രസിഡന്റാണ് പ്രഫുല്‍ പട്ടേല്‍.
17.
പട്ടാള അട്ടിമറിയിലൂടെ പുറത്തായ ഒമര്‍ അല്‍ ബഷിര്‍ ഏത് ആഫ്രിക്കന്‍
രാജ്യത്തിന്റെ പ്രസിഡന്റായിരുന്നു?
Answer:
സുഡാന്‍
30 വര്‍ഷം സുഡാന്‍ പ്രസിഡന്റായിരുന്ന ഒമര്‍ അല്‍ ബഷീറിനെ ഏപ്രില്‍ 11-ന് പട്ടാളം പുറത്താക്കുകയായിരുന്നു. വിലക്കയറ്റം ഉള്‍പ്പെടെയുള്ള
കാരണങ്ങളാല്‍ ബഷീറിനെതിരെ സുഡാനില്‍ ജനകീയ പ്രക്ഷോഭം നടന്നു വരികയായിരുന്നു.
ഇതിനിടെയാണ് പട്ടാളം ഭരണം പിടിച്ചെടുത്തത്.
18.
ഡേവിഡ് മല്‍പാസ (David Malpssa) ഏത്
അന്താരാഷ്ട്ര ബാങ്കിന്റെ പുതിയ പ്രസിഡന്റാണ്?
Answer:
വേള്‍ഡ് ബാങ്ക്
യു.എസ്.
ട്രഷറി ഉദ്യോഗസ്ഥന്‍ കൂടിയായ ഡേവിഡ് മാല്‍പാസിനെ അഞ്ച് വര്‍ഷത്തേക്കാണ് ലോക
ബാങ്ക് പ്രസിഡന്റായി നിയമിച്ചിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ബാങ്ക് ഫോര്‍ റീകണ്‍സ്ട്രക്ഷന്‍
ആന്‍ഡ് ഡവലപ്‌മെന്റ്(ഐ.ബി.ആര്‍.ഡി.) ആണ് വേള്‍ഡ് ബാങ്ക് എന്നറിയപ്പെടുന്നത്.
അമേരിക്കക്കാരെ മാത്രമാണ് ലോക ബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാറ്.
19.
2019-ലെ വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ട
ഫോട്ടോയുടെ ടൈറ്റിൽ?
Answer:
Crying Girl on the Border
ഗെറ്റി
ഫോട്ടോഗ്രാഫര്‍ ജോണ്‍ മൂര്‍ എടുത്ത ചിത്രമാണ് 'അതിര്‍ത്തിയില്‍ കരയുന്ന കുട്ടി'.
2018 ജൂണ്‍ 12-ന് എടുത്തതാണ് ഈ ഫോട്ടോ.
യു.എസ്. അതിര്‍ത്തി കടന്നെത്തിയ മെക്‌സിക്കന്‍ അഭയാര്‍ഥികളായ അമ്മയും കുഞ്ഞും
യു.എസ്.പോലീസ് പിടിയിലായപ്പോഴെടുത്ത ഫോട്ടോയാണിത്. പിടികൂടുന്ന അഭയാര്‍ഥികള്‍ക്കിടയിലെ
അമ്മയെയും കുഞ്ഞിനെയും വേര്‍പിരിച്ച് താമസിപ്പിക്കുന്ന യു.എസ്. നയത്തിനെതിരെ
പ്രതിഷേധം ശക്തമാകാന്‍ ഇടയാക്കിയ ഫോട്ടോയാണിത്. പ്രതിഷേധത്തെതുടര്‍ന്ന്
അമേരിക്കയ്ക്ക് ഈ നയം തിരുത്തേണ്ടിവന്നു.
20.
ഗ്രഹാം റീഡ് (Graham Reid) ആരാണ്?
Answer:
ഇന്ത്യന്‍ പുരുഷ ഹോക്കി ടീം കോച്ച്
54 കാരനായ ഗ്രഹാം റീഡിനെ ഏപ്രില്‍ 9-നാണ് പുരുഷ ഹോക്കി
ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി നിയമിച്ചത്. 2020 അവസാനം
വരെയാണ് നിയമനം. 2018 ഡിസംബറില്‍ ഹരീന്ദ്ര സിങ്
സ്ഥാനമൊഴിഞ്ഞതിനു ശേഷം പുരുഷ ഹോക്കി ടീമിന് മുഖ്യ പരിശീലകനുണ്ടായിരുന്നില്ല. 1992-ലെ ബാര്‍സലോണ ഒളിമ്പിക്‌സില്‍ വെള്ളിമെഡല്‍ നേടിയ ഓസ്‌ട്രേലിയന്‍
ടീമംഗമായിരുന്നു ഗ്രഹാം റീഡ്.
21.
എന്റെ പോലീസ് ജീവിതം രചിച്ചതാര്?
Answer:
ടി.പി. സെന്‍കുമാര്‍
കേരള
പോലീസിലെ മുന്‍ ഡി.ജി.പിയായ ടി.പി. സെന്‍കുമാറിന്റെ സര്‍വീസ് സ്റ്റോറിയാണ് 'എന്റെ പോലീസ്
ജീവിതം'. കേരള പോലീസ് അന്വേഷിച്ച വിവാദമായ ചില കേസുകളില്‍
പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയതിലൂടെ ഈ പുസ്തകം വിവാദമായി.
22.
കര്‍ഷക ആത്മഹത്യയുടെ പേരില്‍ തെക്കിന്റെ വിദര്‍ഭ(Vidarbha of
the South) എന്ന് വിളിക്കപ്പെടുന്ന കേരളത്തിലെ ജില്ല?
Answer:
വയനാട്
രാജ്യത്ത്
കര്‍ഷക ആത്മഹത്യ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മഹാരാഷ്ട്രയിലെ
വിദര്‍ഭയിലാണ്. കേരളത്തില്‍ കര്‍ഷക ആത്മഹത്യ കൂടുതല്‍ നടന്ന ജില്ലയായതുകൊണ്ടാണ്
വയനാടിനെ തെക്കിന്റെ വിദര്‍ഭ എന്ന് വിശേഷിപ്പിക്കുന്നത്. കടക്കെണിമൂലം കഴിഞ്ഞ ഏഴ്
മാസത്തിനിടെ അഞ്ചോളം കര്‍ഷക ആത്മഹത്യകള്‍ വയനാട്ടില്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
23.
മുഹമ്മദ് ഷയ്യ(Mohammad Shtayyeh) ഏത്
രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയാണ്?
Answer:
പലസ്തീന്‍
പലസ്തീന്റെ
പുതിയ പ്രധാനമന്ത്രിയായി 2019 ഏപ്രില്‍ 14-നാണ് മുഹമ്മദ് ഷയ്യ ചുമതലയേറ്റത്. മഹമൂദ്
അബ്ബാസാണ് പാലസ്തീന്റെ നിലവിലെ പ്രസിഡന്റ്.
24.
2019-ലെ ആഗോള പത്രസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം?
Answer:
140
180 രാജ്യങ്ങളുള്ള പട്ടികയില്‍ നോര്‍വെയാണ് ഒന്നാം സ്ഥാനത്ത്. ഫിന്‍ലന്‍ഡ്,
സ്വീഡന്‍ എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. തുര്‍ക്ക്‌മെനിസ്ഥാനാണ്
180-ാം സ്ഥാനത്ത്. 2018-ലെ സൂചികയില്‍
ഇന്ത്യ 138-ാം സ്ഥാനത്തായിരുന്നു. പാരിസ് ആസ്ഥാനമായുള്ള
റിപ്പോര്‍ട്ടേഴ്‌സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സാണ് സൂചിക തയ്യാറാക്കി
പ്രസിദ്ധീകരിക്കുന്നത്.
25.
സ്ഥാനാര്‍ഥിയില്‍നിന്ന് അനധികൃത പണം പിടികൂടിയതിന്റെ പേരില്‍ ഇത്തവണ
തിരഞ്ഞെടുപ്പ് റദ്ദാക്കിയ ലോക്‌സഭാ മണ്ഡലമേത്?
Answer:
വെല്ലൂര്‍
ഡി.എം.കെ.
നേതാക്കളുടെ വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും അനധികൃത പണം
പിടിച്ചെടുത്തതിനെത്തുടര്‍ന്നാണ് തമിഴ്നാട്ടിലെ വെല്ലൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ്
നടപടികള്‍ റദ്ദാക്കിയത്. 2019 ഏപ്രില്‍ 18-നായിരുന്നു ഇവിടെ തിരഞ്ഞെടുപ്പ്
നടക്കേണ്ടിയിരുന്നത്. ഭരണഘടനയുടെ 324-ാം വകുപ്പിലെ സെക്ഷന്‍ 21 പ്രകാരം രാഷ്ടപതിയാണ് തിരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കി
ഉത്തരവിറക്കിയത്. ഇന്ത്യയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണ് പണം
പിടികൂടിയതിന്റെ പേരില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കുന്നത്. പൊതു തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിനുശേഷമായിരിക്കും
ഈ മണ്ഡലത്തില്‍ ഇനി തിരഞ്ഞെടുപ്പ്.
26.
ലോക പൈതൃകദിനം എന്നാണ്?
Answer:
ഏപ്രില്‍ 18
സ്മാരകങ്ങളുടെയും
പൈതൃക കേന്ദ്രങ്ങളുടെയും സംരക്ഷണ ബോധവത്കരണത്തിനായി 1983-ലാണ് ലോക
പൈതൃക ദിനം ആചരിക്കാന്‍ തുടങ്ങിയത്. Rural Landscapes എന്നായിരുന്നു
2019-ലെ ദിനാചരണത്തിന്റെ വിഷയം.
27.
നോത്രദാം കത്തീഡ്രല്‍ എവിടെയാണ്?
Answer:
പാരിസ്
ഫ്രാന്‍സിലെ
പാരീസിലുള്ള നോത്രെദാം കത്തീഡ്രല്‍ ഏപ്രില്‍ 17-ന് കത്തിനശിച്ചു. 1163-ല്‍ അലക്‌സാന്‍ഡര്‍ മൂന്നാമന്‍ പാപ്പ ശിലാസ്ഥാപനം നടത്തിയതെന്ന്
വിശ്വസിക്കുന്ന ഈ കത്തീഡ്രല്‍ 200 വര്‍ഷങ്ങള്‍കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.
ഫ്രഞ്ച് ഗോഥിക് ശൈലിയിലാണ് ഇത് നിര്‍മിച്ചത്. 52 ഏക്കറിലെ
മരങ്ങള്‍ നിര്‍മാണത്തിന് ഉപയോഗിച്ചതായി കരുതുന്നു. 13
ദശലക്ഷം സഞ്ചാരികളാണ് ഒരു വര്‍ഷം ഇവിടം സന്ദര്‍ശിക്കുന്നത്. 1991-ല്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയുടെ ഭാഗമായി.
28.
ഇന്ത്യയുടെ ഏത് അയല്‍രാജ്യത്തിന്റെ ആദ്യ കൃത്രിമോപഗ്രഹമാണ് രാവണ I
?
Answer:
ശ്രീലങ്ക
ഏപ്രില്‍
18-ന് നാസയുടെ വിക്ഷേപണ വാഹനമുപയോഗിച്ച് വിര്‍ജീനിയയില്‍വെച്ചാണ് രാവണ I
വിക്ഷേപിച്ചത്. 1.05 കിലോഗ്രാമാണ്
ഉപഗ്രത്തിന്റെ ഭാരം. അഞ്ച് വര്‍ഷത്തോളം ഇത് പ്രവര്‍ത്തനക്ഷമമായിരിക്കുമെന്നാണ്
കണക്കുകൂട്ടല്‍.
29.
ലോകത്ത് ആദ്യമായി ഗോത്രഭാഷയില്‍ നിര്‍മിച്ച ചിത്രമെന്ന റെക്കോഡ്
നേടിയ നേതാജി എന്ന സിനിമ കേരളത്തിലെ ഏത് ഗോത്രവിഭാഗത്തിന്റെ ഭാഷയിലാണ് നിര്‍മിച്ചത്?
Answer:
ഇരുള
വിജീഷ്
മണി സംവിധാനം ചെയ്ത 'നേതാജി' സിനിമ സുഭാഷ് ചന്ദ്രബോസിന്റെ ജീവിതം
അടിസ്ഥാനമാക്കിയുള്ളതാണ്. അട്ടപ്പാടിയിലെ ആദിവാസികളുടെ ഇരുള ഭാഷയിലുള്ള സിനിമയില്‍
പ്രമുഖ വ്യവസായി ഗോകുലം ഗോപാലനാണ് നേതാജിയെ അവതരിപ്പിച്ചത്.
30.
സംസ്ഥാന സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിയിലൂടെ എത്രവയസ്സിനു താഴെയുള്ള
കുട്ടികള്‍ക്കാണ് സൗജന്യ ഹൃദയ ശസ്ത്രക്രിയയ്ക്ക് നടത്തിവരുന്നത്?
Answer:
18
കുട്ടികളുടെ
ഹൃദയ വൈകല്യങ്ങള്‍ പരിഹരിക്കാന്‍ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയാണ് 'ഹൃദ്യം'.
2017-ലാണ് പദ്ധതി തുടങ്ങിയത്. www.hridyam.in എന്ന
വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നവരെ മുന്‍ഗണനാക്രമത്തില്‍
തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ദേശീയ ആരോഗ്യ ദൗത്യം ഫണ്ട് കൂടി ഉപയോഗിച്ചാണ്
പദ്ധതി നടപ്പാക്കുന്നത്.
31.
2019-ലെ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം നേടിയ ടീം?
Answer:
സര്‍വീസസ്
ലുധിയാനയിലെ
ഗുരുനാനാക്ക് സ്റ്റേഡിയത്തില്‍ ഏപ്രില്‍ 21-ന് നടന്ന ഫൈനലില്‍ പഞ്ചാബിനെ 1-0 ന് പരാജയപ്പെടുത്തിയാണ് സര്‍വീസസ് കിരീടം നേടിയത്. സന്തോഷ് ട്രോഫിയില്‍
സര്‍വീസസിന്റെ ആറാം കിരീട നേട്ടമാണിത്. ഏറ്റവും കൂടുതല്‍ തവണ സന്തോഷ് ട്രേഫി
കിരീടം നേടിയത് പശ്ചിമ ബംഗാളാണ്. 32 തവണ. എട്ടുതവണ വിജയിയായ
പഞ്ചാബാണ് രണ്ടാം സ്ഥാനത്ത്. കേരളം ആറ് തവണ സന്തോഷ് ട്രോഫി നേടിയിട്ടുണ്ട്.
32.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന
ആരോപണങ്ങള്‍ അന്വേഷിക്കാനായി സുപ്രിംകോടതി നിയമിച്ച സമിതിയുടെ അധ്യക്ഷന്‍?
Answer:
എസ്.എ. ബോബ്‌ഡെ
ചീഫ്
ജസ്റ്റിസ് ഗൊഗോയിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സുപ്രിം
കോടതി ആഭ്യന്തര സമിതി രൂപീകരിക്കുകയായിരുന്നു. ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ
അധ്യക്ഷനായ മൂന്നംഗ സമിതിയില്‍ ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് ഇന്ദിര ബാനര്‍ജി എന്നിവരാണുള്ളത്.
അതേസമയം ചീഫ് ജസ്റ്റിസിനെതിരെയുള്ള ആരോപണം കോര്‍പ്പറേറ്റ് ഗൂഡാലോചനയാണെന്ന
അഭിഭാഷകന്‍ ഉത്സവ് സിങ് ബെയിനിന്റെ ആരോപണം അന്വേഷിക്കാന്‍ മുന്‍ ജഡ്ജി എ.കെ. പട്‌നായികിനെ
സുപ്രിം കോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹി പോലീസ്, സിബി.ഐ.,
ഇന്റലിജന്‍സ് ബ്യൂറോ എന്നിവ അന്വേഷണത്തില്‍ പട്‌നായികിനെ
സഹായിക്കണമെന്നും സുപ്രിംകോടതി സ്‌പെഷ്യല്‍ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.
33.
ഇന്ത്യയുടെ നയതന്ത്ര ബന്ധത്തിന്റെ 70-ാം വാര്‍ഷിക
വേളയില്‍ രാമായണം വിഷയമാക്കി സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?
Answer:
ഇന്‍ഡോനീഷ്യ
സീതയെ
രക്ഷിക്കാനുള്ള ജടായുവിന്റെ പോരാട്ടമാണ് സ്റ്റാമ്പിലെ ചിത്രം. ജക്കാര്‍ത്തയിലെ
ഫിലാറ്റലി മ്യൂസിയത്തില്‍ സ്റ്റാമ്പ് പ്രദര്‍ശനത്തിന് വെക്കും.
34.
2019-ല്‍ ദോഹയില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍
ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയ രാജ്യം?
Answer:
ബഹ്‌റൈന്‍
11 സ്വര്‍ണമടക്കം 22 മെഡലുകളാണ് ബഹ്‌റൈന്‍ നേടിയത്.
ഒമ്പത് സ്വര്‍ണം നേടിയ ചൈനയാണ് രണ്ടാം സ്ഥാനത്ത്. നാലാം സ്ഥാനത്തുള്ള ഇന്ത്യ
മൂന്ന് സ്വര്‍ണം നേടി. 23-ാമത് ഏഷ്യന്‍ അത്‌ലറ്റിക്
ചാമ്പ്യന്‍ഷിപ്പാണ് 2019 ഏപ്രില്‍ 21
മുതല്‍ 24 വരെ ഖത്തറിലെ ദോഹയില്‍ നടന്നത്.
35.
ഐ.എല്‍.ഒ. തയ്യാറാക്കിയ 20-ാം നൂറ്റാണ്ടിലെ
ഏറ്റവും വലിയ വ്യാവസായിക ദുരന്തങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്ന് ഇടം
നേടിയതേത്?
Answer:
ഭോപ്പാല്‍ വാതക ദുരന്തം
ഇന്റര്‍നാഷണല്‍
ലേബര്‍ ഓര്‍ഗനൈസേഷന്‍ തയ്യാറാക്കിയ The Safety and Health at the Heart of the Future of
Work - Building on 100 years of experience' എന്ന റിപ്പോര്‍ട്ടിലാണ്
20-ാം നൂറ്റാണ്ടിലെ പ്രധാന വ്യാവസായിക ദുരന്തങ്ങളുടെ
പട്ടികയുള്ളത്. 1984-ലാണ് ഭോപ്പാല്‍ ദുരന്തമുണ്ടായത്.
മധ്യപ്രദേശിലെ ഭോപ്പാലില്‍ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍നിന്ന് 40 ടണ്ണോളം മീഥൈല്‍ ഐസോസയനേറ്റ് ചോര്‍ന്നാണ് ദുരന്തമുണ്ടായത്. ഒദ്യോഗിക
കണക്ക് പ്രകാരം 5,295 പേര്‍ മരിച്ചു.
36.
യുനെസ്‌കോയുടെ ലോക പുസ്തക ദിനാചരണത്തിന്റെ ഭാഗമായി 2019-ലെ പുസ്തക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട നഗരം?
Answer:
ഷാര്‍ജ
ഏപ്രില്‍
23 ആണ് യുനെസ്‌കോ ലോക പുസ്തക ദിനമായി ആചരിച്ചത്. 1995
ഏപ്രില്‍ 23-നാണ് ആദ്യമായി ഈ ദിനം ആചരിച്ചത്. ഷേക്‌സ്പിയറുടെ
ചരമ ദിനമാണ് ഏപ്രില്‍ 23. 2001-ലാണ് ദിനാചരണത്തോടനുബന്ധിച്ച്
പുസ്തക തലസ്ഥാനങ്ങളെ തിരഞ്ഞെടുത്ത് തുടങ്ങിയത്. മാഡ്രിഡ് ആയിരുന്നു 2001-ലെ പുസ്തക തലസ്ഥാനം. 2003-ല്‍ ന്യൂഡല്‍ഹി പുസ്തക
തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
37.
2019-ലെ ഏഷ്യന്‍ റെസ്റ്റിലിങ് ചാമ്പ്യന്‍ ഷിപ്പ് എവിടെയാണ്
നടക്കുന്നത്?
Answer:
ചൈന
ചൈനയിലെ
ഷിയാനില്‍ ഏപ്രില്‍ 23 മുതല്‍ 28 വരെയാണ് മത്സരങ്ങള്‍. ലോക ഒന്നാം നമ്പര്‍
താരമായ ബജ്രംഗ് പൂനിയയാണ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം നേടിയത്.
ഏഷ്യന്‍ അസോസിയേറ്റഡ് റസ്റ്റിലിങ് കമ്മിറ്റിയാണ് എല്ലാ വര്‍ഷവും ചാമ്പ്യന്‍ഷിപ്പ്
നടത്തുന്നത്. 1979-ലാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്
തുടങ്ങിയത്.
38.
2019-ലെ ബീജിങ് ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവെലില്‍
ഛായാഗ്രഹണത്തിനുള്ള അവാര്‍ഡ് നേടിയ മലയാള ചിത്രം?
Answer:
ഭയാനകം
ജയരാജ്
സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിഖില്‍ എസ്. പ്രവീണ്‍ ആണ്
നിര്‍വഹിച്ചത്. ഛായാഗ്രഹണത്തിന് നേരത്തെ ഈ ചിത്രം ദേശീയ അവാര്‍ഡും നേടിയിട്ടുണ്ട്.
39.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂന മര്‍ദത്തിന്റെ ഫലമായുള്ള
ചുഴലിക്കാറ്റിന് ഫാനി എന്ന പേര് നിർദേശിച്ച രാജ്യം?
Answer:
ബംഗ്ലാദേശ്
ഇന്ത്യന്‍
മഹാസമുദ്രത്തിലെ വടക്കു ഭാഗങ്ങളില്‍ രൂപം കൊള്ളുന്ന ചുഴലിക്കാറ്റുകള്‍ക്ക് പേര്
നല്‍കുന്നത് ബംഗ്ലാദേശ്,
ഇന്ത്യ, മാലദ്വീപ്, മ്യാന്മര്‍, ഒമാന്‍, പാകിസ്താന്‍,
ശ്രീലങ്ക, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളാണ്. 50 വര്‍ഷത്തിനിടെ ഏപ്രിലില്‍ ബംഗാള്‍ ഉള്‍ക്കടലിലില്‍ രൂപം കൊണ്ട് തമിഴ്‌നാട്ടിലേക്ക്
വീശുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് ഫാനി. ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയുടെ
തെക്ക് കിഴക്കായാണ് ഫാനിക്ക് കാരണമായ ന്യൂനമര്‍ദം ഏപ്രില്‍ 25 ഓടെ രൂപപ്പെട്ടത്.
40.
ഏത് രാജ്യത്തിന്റെ പ്രസിഡന്റായാണ് ഹാസ്യ താരമായ വോളഡിമിര്‍ സെലന്‍സ്‌കി(Volodymyr
Zelensky) തിരഞ്ഞെടുക്കപ്പെട്ടത്?
Answer:
യുക്രൈന്‍
'സെര്‍വന്റ് ഓഫ് ദ പീപ്പിള്‍' എന്ന ആക്ഷേപ ഹാസ്യ
ടെലിവിഷന്‍ സീരിയലിലൂടെ ശ്രദ്ദേയനായ ഹാസ്യ താരമാണ് സെലന്‍സ്‌കി. അപ്രതീക്ഷിതമായാണ്
സെലന്‍സ്‌കി യുക്രൈയിന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായതും
വിജയിച്ചതും.
* സമകാലികം 2019: മാർച്ച് - ഇവിടെ ക്ലിക്കുക
* സമകാലികം 2019: ഫെബ്രുവരി - ഇവിടെ ക്ലിക്കുക
* സമകാലികം 2019: കറന്റ് അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക
* സമകാലികം 2018: കറന്റ് അഫയേഴ്സ് ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക
* സമകാലികം 2019: മാർച്ച് - ഇവിടെ ക്ലിക്കുക
* സമകാലികം 2019: ഫെബ്രുവരി - ഇവിടെ ക്ലിക്കുക
* സമകാലികം 2019: കറന്റ് അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക
* സമകാലികം 2018: കറന്റ് അഫയേഴ്സ് ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
PSC Solved Question Papers ---> Click here
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍