Header Ads Widget

Ticker

6/recent/ticker-posts

CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2019 JULY

സമകാലികം 2019 ജൂലൈ: ചോദ്യോത്തരങ്ങള്‍
1. രണ്ടാം തവണ അധികാരത്തിലെത്തിയതിനുശേഷം പ്രധാന മന്ത്രി നരേന്ദ്ര മോദി നടത്തിയ ആദ്യ മന്‍ കീ ബാത്ത് പ്രഭാഷണത്തില്‍ പരാമര്‍ശിക്കപ്പെട്ട അക്ഷര വായനശാല കേരളത്തിലെ ഏത് ജില്ലയിലാണ്?
Answer: ഇടുക്കി
കേരളത്തിലെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ വായനശാലയാണ് അക്ഷര. 160 പുസ്തകങ്ങളുമായി 2010-ല്‍ ഒരു ചായക്കടയിലാണ് ഈ വായനശാലയുടെ തുടക്കം. ഇപ്പോള്‍ ഇടമലക്കുടി മുളകുതറക്കുടിയിലെ ഏകാധ്യാപക വിദ്യാലയത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപകനായ പി.കെ.മുരളീധരനും ചായക്കടക്കാരനായ പി.വി.ചിന്നത്തമ്പിയും ചേര്‍ന്നാണ് വായനശാല സ്ഥാപിച്ചത്.

2. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അടുത്ത അഞ്ച് വര്‍ഷം എത്ര ശതമാനം വീതം വാർഷിക വളർച്ച നേടണമെന്നാണ് സാമ്പത്തിക സര്‍വേ നിര്‍ദേശിക്കുന്നത്?
Answer: എട്ട് ശതമാനം
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഇപ്പോള്‍ 2.61 ലക്ഷം കോടി ഡോളറിന്റേതാണ്. 2024-25 ആകുമ്പോഴേക്ക് ഇത് അഞ്ചു ലക്ഷം കോടി ഡോളറിലെത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി അടുത്ത അഞ്ച് വര്‍ഷം 8 ശതമാനം വീതം വാര്‍ഷിക വളര്‍ച്ച കൈവരിക്കണമെന്നാണ് ബജറ്റിനു മുന്നോടിയായി ജൂലായ് നാലിന് അവതരിപ്പിച്ച സാമ്പത്തിക സര്‍വേ നിര്‍ദേശിക്കുന്നത്. 2018-19-ല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6.8 ശതമാനമായിരുന്നു.

3. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ വൈദ്യുതീകൃത റെയില്‍വേ ടണല്‍ നിലവില്‍ വന്നതെവിടെ?
Answer: നെല്ലൂര്‍
ദക്ഷിണ മധ്യ റെയില്‍വേ സോണിനു കീഴില്‍ ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ ചെര്‍ലോപ്പള്ളിക്കും റാപുരു റെയില്‍വേ സ്റ്റേഷനും ഇടയിലാണ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ വൈദ്യുതീകൃത റെയില്‍വേ തുരങ്ക പാത നിലവില്‍ വന്നത്. 6.6 കിലോമീറ്ററാണ് ഇതിന്റെ ദൈര്‍ഘ്യം. 6.5 മീറ്ററാണ് ഉയരം. 460 കോടി രൂപ ചെലവില്‍ പുതിയ ഓസ്‌ട്രേലിയന്‍ ടണലിങ് രീതിയിലാണ് ഇത് നിര്‍മിച്ചത്.

4. ഇന്ത്യയ്ക്ക് നാറ്റോ രാജ്യങ്ങള്‍ക്ക് തുല്യമായ പദവി നല്‍കാന്‍ തീരുമാനിച്ച രാജ്യം?
Answer: അമേരിക്ക
ജൂലായ് 3-നാണ് അമേരിക്കന്‍ സെനറ്റ് ഇന്ത്യയ്ക്ക് നാറ്റോ രാജ്യങ്ങള്‍ക്ക് തുല്യമായ പദവി അംഗീകരിക്കുന്നതിനുള്ള നിയമ വ്യവസ്ഥ പാസാക്കിയത്. 2020 സാമ്പത്തിക വര്‍ഷത്തെ നാഷണല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ നിയമബില്ലിലാണ് ഇന്ത്യയുമായുള്ള സഹകരണ നിര്‍ദേശമുള്ളത്. ഇത് നടപ്പാവുന്നതോടെ ഇന്ത്യയുമായുള്ള അമേരിക്കയുടെ പ്രതിരോധ സഹകരണം വര്‍ധിക്കും. 2016-ല്‍ യു.എസ്. ഇന്ത്യയെ പ്രധാന പ്രതിരോധ പങ്കാളി പദവിയിലേക്ക് ഉയര്‍ത്തിയിരുന്നു.

5. ഗരുഡ VI ഏതൊക്കെ രാജ്യങ്ങളുടെ സംയുക്ത സൈനിക അഭ്യാസമാണ്?
Answer: ഇന്ത്യ-ഫ്രാന്‍സ്
ഇന്ത്യന്‍ എയര്‍ഫോഴ്‌സും ഫ്രഞ്ച് എയര്‍ഫോഴ്‌സും സംയുക്തമായി നടത്തുന്ന വ്യോമാഭ്യാസമാണ് ഗരുഡ. ഫ്രാന്‍സിലെ മോണ്ട് ഡി മര്‍സാനില്‍ 2019 ജൂലായ് 1 മുതല്‍ 12 വരെയാണ് ആറാമത് ഗരുഡ പരിശീലനം. 2014-ല്‍ ഇന്ത്യയിലായിരുന്നു അഞ്ചാമത് ഗരുഡ പരിശീലനം.

6. യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ രാജ്യത്തെ ആദ്യ ആധാര്‍ സേവ കേന്ദ്രം തുടങ്ങിയതെവിടെ?
Answer: ഡല്‍ഹി, വിജയവാഡ
വിദേശ കാര്യ മന്ത്രാലയത്തിനു കീഴിലുള്ള പാസ്‌പോര്‍ട്ട് സേവ കേന്ദ്രത്തിന് സമാന രീതിയിലുള്ള സേവനങ്ങളാണ് ആധാര്‍ സേവ കേന്ദ്രങ്ങളില്‍ ലഭിക്കുക. പുതിയ ആധാര്‍ എടുക്കല്‍, തെറ്റ് തിരുത്തല്‍, പുതിയ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കല്‍ എന്നിവയെല്ലാം ആധാര്‍ സേവ കേന്ദ്രങ്ങള്‍ വഴി ലഭിക്കും. രാജ്യത്തെ 53 നഗരങ്ങളില്‍ ആധാര്‍ സേവ കേന്ദ്രങ്ങള്‍ തുടങ്ങാനാണ് പദ്ധതി.

7. അടല്‍ ബിഹാരി വാജ്‌പേയിയെക്കുറിച്ചുള്ള A Prime Minister to Remember- Memories of a Military Chief- എന്ന പുസ്തകം രചിച്ച മുന്‍ ഇന്ത്യന്‍ വ്യോമസേനാ തലവന്‍?
Answer: അഡ്മിറല്‍ സുശീല്‍ കുമാര്‍
ഇന്ത്യന്‍ നാവിക സേനയുടെ മുന്‍ മേധാവിയാണ് അഡ്മിറല്‍ സുശീല്‍ കുമാര്‍. ഈയിടെ പ്രസിദ്ധീകൃതമായ ഈ പുസ്തകം പ്രതിരോധ രംഗത്ത് അടല്‍ ബിഹാരി വാജ്‌പേയി നടത്തിയ ഇടപെടല്‍ വിശദീകരിക്കുന്നു. 1998 മുതല്‍ 2001 വരെ ഇന്ത്യന്‍ നാവിക സേനയുടെ മേധാവിയായിരുന്നു സുശീല്‍ കുമാര്‍.

8. കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക മേഖലയുടെ നവീകരണത്തിനായി രൂപം നല്‍കിയ ട്രാന്‍സ്‌ഫോമേഷന്‍ ഓഫ് ഇന്ത്യന്‍ അഗ്രിക്കള്‍ച്ചര്‍ എന്ന പേരിലുള്ള ഉന്നതാധികാര സമിതിയുടെ അധ്യക്ഷന്‍
Answer: ദേവേന്ദ്ര ഫഡ്‌നവിസ്
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് അധ്യക്ഷനായ ഉന്നതാധികാര സമിതിയില്‍ ഒമ്പത് അംഗങ്ങളാണുള്ളത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍, നിതി ആയോഗ് അംഗം രമേഷ് ചന്ദ്, ഗുജറാത്ത്,മധ്യപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഹരിയാന, അരുണാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ എന്നിവരാണ് അംഗങ്ങള്‍. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്ന രീതിയില്‍ കാര്‍ഷിക രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം സമര്‍പ്പിക്കാനാണ് കമ്മറ്റി രൂപവത്കരിച്ചിരിക്കുന്നത്.

9. യൂറോപ്യന്‍ കേന്ദ്ര ബാങ്കിന്റെ പുതിയ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടതാര്?
Answer: ക്രിസ്റ്റീന്‍ ലഗാര്‍ദെ
യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ജൂലായ് 2-നാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ പ്രസിഡന്റായി ക്രിസ്റ്റീന ലഗാര്‍ദെയുടെ പേര് അംഗീകരിച്ചത്. ഐ.എം.എഫിന്റെ മാനേജിങ് ഡയരക്ടറാണ് ഇപ്പോള്‍ ക്രിസ്റ്റീന്‍ ലഗാര്‍ദേ. നേരത്തെ ഫ്രാന്‍സിന്റെ ധനകാര്യ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിതയാണ് ഇവര്‍.

10. കേന്ദ്ര സര്‍ക്കാര്‍ ജലസംരക്ഷണത്തിനായി തുടങ്ങിയ പുതിയ പദ്ധതി?
Answer: ജല ശക്തി അഭിയാന്‍
ജൂലായ് 1-ന് കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്രസിങ് ശെഖാവത്ത് ജലശക്തി അഭിയാന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ 256 ജില്ലകളിലായി കുടിവെള്ള ക്ഷാമം നേരിടുന്ന 1592 ബ്ലോക്കുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

11. 2019-ലെ കോപ്പ അമേരിക്ക ഫുട്‌ബോള്‍ കിരീടം നേടിയ രാജ്യം?
Answer: ബ്രസീല്‍
ഫൈനലില്‍ പെറുവിനെ 3-1 ന് പരാജയപ്പെടുത്തിയാണ് ബ്രസീല്‍ കിരീടം നേടിയത്. കോപ്പയില്‍ ബ്രസീലിന്റെ 9-ാമത് കിരീടമാണിത്. 1989-ലാണ് ഇതിനു മുമ്പ് ബ്രസീല്‍ കോപ്പ ഫുട്‌ബോള്‍ കിരീടം നേടിയത്.

12. 2019-ലെ വനിതാ ഫുട്‌ബോള്‍ ലോകകപ്പ് കിരീടം നേടിയ രാജ്യം?
Answer: അമേരിക്ക
1991-ലാണ് അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷനായ ഫിഫ വനിതകളുടെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരം തുടങ്ങിയത്. നാല് വര്‍ഷം കൂടുമ്പോഴാണ് ടൂര്‍ണമെന്റ് നടക്കുന്നത്. 2019-ല്‍ ഫ്രാന്‍സില്‍ വെച്ചായിരുന്നു ലോകകപ്പ് മത്സരങ്ങള്‍. ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിനെ 2-0 ന് പരാജയപ്പെടുത്തിയാണ് അമേരിക്ക കിരീടം നേടിയത്. കഴിഞ്ഞ തവണയും അമേരിക്കയ്ക്കായിരുന്നു കപ്പ്.

13. ഇന്ത്യയില്‍നിന്ന് ലോക പൈതൃക പട്ടികയില്‍ പുതുതായി ഇടം നേടിയ കേന്ദ്രം?
Answer: ജെയ്പുര്‍ സിറ്റി
യുണൈറ്റഡ് നാഷന്‍സ് എജുക്കേഷണല്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ വേള്‍ഡ് ഹെറിറ്റേജ് കമ്മറ്റിയാണ് പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട കേന്ദ്രങ്ങളെ തിരഞ്ഞെടുക്കുന്നത്. വര്‍ഷത്തില്‍ ഒരിക്കല്‍ കമ്മറ്റി യോഗം ചേരും. 2019-ലെ കമ്മറ്റി യോഗം ജൂണ്‍ 30 മുതല്‍ ജൂലായ് 10 വരെ അസര്‍ബൈജാനിലെ ബാകുവില്‍ നടന്നു. കമ്മറ്റിയുടെ 43-ാം വാര്‍ഷിക യോഗമായിരുന്നു ഇത്. ജൂലായ് 7-നാണ് രാജസ്ഥാനിലെ ജെയ്പുര്‍ നഗരത്തെ പൈതൃക പട്ടികയിലേക്ക് തിരഞ്ഞെടുത്തത്. സവായ് ജെയ്‌സിങ് രണ്ടാമന്‍ 1727-ല്‍ നിര്‍മിച്ചതാണ് ജെയ്പുര്‍ നഗരം. ഇന്ത്യയില്‍നിന്ന് പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട കേന്ദ്രങ്ങളുടെ എണ്ണം ഇതോടെ 38 ആയി.

14. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ പുതിയ തലവന്‍?
Answer: രാഹുല്‍ ദ്രാവിഡ്
ബെംഗളൂരുവിലാണ് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ആസ്ഥാനം. ബി.സി.സി.ഐയുടെ കീഴില്‍ 2000-ല്‍ ആണ് ഇത് സ്ഥാപിതമായത്. രാജ്‌സിങ് ദുംഗാപുര്‍ ആയിരുന്നു ആദ്യ ചെയര്‍മാന്‍.

15. വിമാന ടിക്കറ്റുകള്‍ക്ക് 2020 മുതല്‍ ഗ്രീന്‍ ടാക്‌സ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച രാജ്യം?
Answer: ഫ്രാന്‍സ്
ഗതാഗതം മൂലമുള്ള മലിനീകരണം കുറക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് വിമാന ടിക്കറ്റിന് ഗ്രീന്‍ ടാക്‌സ് ഏര്‍പ്പെടുത്താന്‍ ഫ്രാന്‍സ് തീരുമാനിച്ചത്. ഫ്രാന്‍സിലെ വിമാനത്താവളങ്ങളില്‍നിന്ന് പുറപ്പെടുന്ന വിമാനങ്ങളുടെ ടിക്കറ്റുകള്‍ക്ക് മാത്രമാണ് ഈ നികുതി ഏര്‍പ്പെടുത്തുന്നത്. വിമാന ടിക്കറ്റുകള്‍ക്ക് ഗ്രീന്‍ ടാക്‌സ് ഏര്‍പ്പെടുത്തിയ ആദ്യ രാജ്യം സ്വീഡനാണ്. 2018 ഏപ്രില്‍ മുതല്‍ സ്വീഡനില്‍ ഇത് നിലവിലുണ്ട്.

16. ക്രിക്കറ്റില്‍ ഒരു ലോകകപ്പില്‍ അഞ്ച് സെഞ്ചുറി നേടിയ ആദ്യ താരം?
Answer: രോഹിത് ശര്‍മ
2019-ലെ ലോകകപ്പ് ക്രിക്കറ്റില്‍ ഒമ്പത് കളിയില്‍ അഞ്ച് സെഞ്ചുറി നേടിയാണ് ഇന്ത്യയുടെ രോഹിത് ശര്‍മ റെക്കോഡ് സ്വന്തമാക്കിയത്. ലോകകപ്പ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി എന്ന റെക്കോഡ് നേട്ടത്തില്‍ രോഹിത്ത് സച്ചിനൊപ്പമെത്തുകയും ചെയ്തു. ആറ് സെഞ്ചുറികള്‍ വീതമാണ് ഇരുവരുടെയും പേരിലുള്ളത്.

17. 2018-19-ലെ ഇന്ത്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടതാര്?
Answer: സുനില്‍ ഛേത്രി
തുടര്‍ച്ചയായ മൂന്നാം തവണയാണ് സുനില്‍ ഛേത്രി ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെടുന്നത്. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനാണ് 2018-19-ലെ മികച്ച ഫുട്‌ബോള്‍ താരങ്ങളെ പ്രഖ്യാപിച്ചത്. മലയാളിയായ സഹല്‍ അബ്ദുല്‍ സമദാണ് എമര്‍ജിങ് പ്ലെയര്‍. മികച്ച വനിത ഫുട്‌ബോള്‍ താരമായി ആശലത തിരഞ്ഞെടുക്കപ്പെട്ടു.

18. ലോക ജനസംഖ്യ ദിനം?
Answer: ജൂലായ് 11
ഐക്യരാഷ്ട്ര സംഘടന ഡവലപ്‌മെന്റ് പ്രോഗ്രാം(യു.എന്‍.ഡി.പി.) എല്ലാ വര്‍ഷവും ജൂലായ് 11 ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നു. 1989 മുതലാണ് ജനസംഖ്യാ ദിനാചരണം തുടങ്ങിയത്. 1987 ജൂലായ് 11-ന് ലോക ജനസംഖ്യ 500 കോടി തികഞ്ഞതായി പ്രഖ്യാപിക്കപ്പെട്ടതിനാലാണ് ഈ ദിനം ഇതിനായി തിരഞ്ഞെടുത്തത്.

19. കിര്യാക്കോസ് മിസോടക്കി ഏത് രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയാണ്?
Answer: ഗ്രീസ്
ഗ്രീസിലെ പൊതു തിരഞ്ഞെടുപ്പില്‍ കിര്യാക്കോസ് മിസോടക്കിയുടെ ന്യൂ ഡമോക്രസി വിജയിച്ചിരുന്നു. ഗ്രീസിന്റെ പുതിയ പ്രധാനമന്ത്രിയായി മിസോടക്കി ജൂലായ് 8-ന് അധികാരമേറ്റു. സിരിസ പാര്‍ട്ടി നേതാവ് അലക്‌സി സിപ്രാസ് ആയിരുന്നു തൊട്ടുമുമ്പത്തെ പ്രധാനമന്ത്രി.

20. ലോക സര്‍വകലാശാല മീറ്റില്‍ ഏറ്റവും വേഗമേറിയ താരമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരി?
Answer: ദ്യുതി ചന്ദ്
ഇറ്റലിയിലെ നാപ്പോളിയില്‍ നടന്ന വനിത വിഭാഗം 100 മീറ്ററില്‍ 11.32 സെക്കന്‍ഡോടെയാണ് ദ്യുതി സ്വര്‍ണം നേടിയത്. അന്താരാഷ്ട്ര തലത്തില്‍ 100 മീറ്ററില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ദ്യുതി. ഭുവനേശ്വറിലെ കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്‌നോളജി വിദ്യാര്‍ഥിയാണ് ഒഡിഷക്കാരിയായ ദ്യുതി.

21. 12-ാമത് ഐ.സി.സി. ക്രിക്കറ്റ് ലോകകപ്പ് നേടിയ രാജ്യം?
Answer: ഇംഗ്ലണ്ട്
ഐ.സി.സി. ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ ആദ്യ കിരീട നേട്ടമാണിത്. ലണ്ടനിലെ ലോര്‍ഡ്‌സില്‍ നടന്ന ഫൈനലില്‍ ബൗണ്ടറികളുടെ എണ്ണം കണക്കാക്കിയാണ് ന്യൂസീലന്‍ഡിനെതിരെ ഇംഗ്ലണ്ടിനെ വിജയിയായി തിരഞ്ഞെടുത്തത്. 50 ഓവര്‍ മത്സരത്തില്‍ ഇരു ടീമുകളും സമനിലയിലായിരുന്നു. തുടര്‍ന്ന് നടന്ന സൂപ്പര്‍ ഓവറും സമനിലയില്‍ കലാശിച്ചതോടെയാണ് ബൗണ്ടറിയുടെ അടിസ്ഥാനത്തില്‍ വിജയിയെ തിരഞ്ഞെടുത്തത്. ടൂര്‍ണമെന്റിലെ താരമായി ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയിന്‍ വില്യംസണ്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ രോഹിത് ശര്‍മയാണ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്.

22. ഏത് രാജ്യത്തെയാണ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും വിലക്കിയിരിക്കുന്നത്?
Answer: സിംബാബ്‌വെ
ക്രിക്കറ്റ് ബോര്‍ഡിന്റെ തിരഞ്ഞെടുപ്പില്‍ വീഴ്ച വരുത്തിയതിനാലാണ് സിംബാബ്‌വെയ്ക്ക് ഐ.സി.സി. വിലക്ക് ഏര്‍പ്പെടുത്തിയത്. ഐ.സി.സിയുടെ എല്ലാ മത്സരങ്ങളിലും വിലക്ക് ബാധകമായിരിക്കും. മൂന്ന് മാസത്തിനകം തിരഞ്ഞെടുക്കപ്പെട്ട ക്രിക്കറ്റ് ബോഡ് രൂപവത്കരിച്ചാല്‍ ഒക്ടോബറില്‍ വിലക്ക് പുനപ്പരിശോധിക്കും.

23. താഴെ പറയുന്നവയില്‍ ഏതാണ് 2019 ജൂലായ് 20-ന്റെ പ്രത്യേകത?
Answer: മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയതിന്റെ 50-ാം വാര്‍ഷിക ദിനം.
നീല്‍ ആംസ്‌ട്രോങ്, എഡ്വിന്‍ ആല്‍ഡ്രിന്‍ എന്നീ അമേരിക്കന്‍ ബഹിരാകാശ യാത്രികര്‍ 1969 ജൂലായ് 20-നാണ് ചന്ദ്രനിലിറങ്ങിയത്. അപ്പോളോ 11 പേടകത്തിലായിരുന്നു യാത്ര. ഈഗിള്‍ എന്ന ബഹിരാകാശ വാഹനത്തിലാണ് ആംസ്‌ട്രോങും ആല്‍ഡ്രിനും ചന്ദ്രനിലിറങ്ങിയത്. നീല്‍ ആംസ്‌ട്രോങ്ങാണ് ആദ്യം ചന്ദ്രനില്‍ ആദ്യം കാല് കുത്തിയത്. ഇതുവരെ 12 പേര്‍ ചന്ദ്രനിലിറങ്ങിയിട്ടുണ്ട്. 1972-ലാണ് മനുഷ്യന്‍ അവസാനമായി ചന്ദ്രനിലെത്തിയത്.

24. 2019-ലെ വിംബിള്‍ഡണ്‍ വനിതാ കിരീടം നേടിയതാര്?
Answer: സിമോണ ഹാലപ്
ഫൈനലില്‍ സെറിന വില്യംസിനെ പരാജയപ്പെടുത്തിയാണ് റൊമാനിയയുടെ സിമോണ ഹാലപ് കിരീടം നേടിയത്. പുരുഷ വിഭാഗത്തില്‍ റോജര്‍ ഫെഡററെ പരാജയപ്പെടുത്തി സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച് കിരീടം നേടി.

25. ബ്ലു ഫ്ലാഗ് സര്‍ട്ടിഫിക്കറ്റ് നേടുന്നതിനുള്ള വികസനം നടപ്പാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തിരഞ്ഞെടുത്ത 12 ബീച്ചുകളില്‍ ഉള്‍പ്പെട്ട കേരളത്തിലെ ബീച്ച്?
Answer: കോവളം
അന്ത്രാഷ്ട്ര തലത്തില്‍ സമുദ്ര തീരങ്ങള്‍ക്ക് ലഭിക്കുന്ന അംഗീകാരമാണ് ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ എജുക്കേഷന്‍ നല്‍കുന്ന ബ്ലു ഫ്ലാഗ് സര്‍ട്ടിഫിക്കറ്റ്. ശുചിത്വം, പരിസ്ഥിതി സൗഹൃദം, അന്താരാഷ്ട്ര നിലവാരത്തിലുള്ള വിനോദ സഞ്ചാര സൗകര്യങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. കോവളമുള്‍പ്പെടെ രാജ്യത്തെ 12 ബീച്ചുകളെ ഇതിനായി സജ്ജമാക്കാനാണ് ബ്ലൂ ഫ്ലാഗ് പദ്ധതിയിലൂടെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ലക്ഷ്യമിടുന്നത്.

26. എത്ര മില്ലി മീറ്ററില്‍ കൂടുതല്‍ മഴയുണ്ടാവുമ്പോഴാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്?
Answer: 204 മി.മീ.
24 മണിക്കൂറിനുള്ളില്‍ 204 മില്ലി മീറ്ററില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുള്ളപ്പോള്‍ റെഡ് അലര്‍ട്ടും 115 മുതല്‍ 204 വരെ മില്ലിമീറ്റര്‍ മഴയ്ക്ക് സാധ്യതയുള്ളപ്പോള്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിക്കുന്നു. ദുരന്ത നിവാരണത്തിന് തയ്യാറായിരിക്കാനുള്ള മുന്നറിയിപ്പാണ് റെഡ് അലര്‍ട്ട്.

27. ലോക ഹെപ്പറ്റൈറ്റിസ് ദിനം?
Answer: ജൂലായ് 28
ലോകത്താകെ 325 ദശലക്ഷം പേര്‍ക്ക് വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധയുണ്ടെന്നാണ് ലോക ആരോഗ്യ സംഘടനയുടെ കണക്ക്. 28.5 ലക്ഷം പേര്‍ക്ക് 2017-ല്‍ രോഗം ബാധിച്ചു. ഹെപ്പറ്റൈറ്റിസ് ബാധിതരില്‍ 80 ശതമാനത്തിനും ചികിത്സാ സൗകര്യം ലഭ്യമല്ലെന്നും ഡബ്ല്യു.എച്ച്.ഒ. റിപ്പോര്‍ട്ടില്‍ പറയുന്നു. 2019-ലെ ദിനാചരണത്തിന്റെ ആതിഥേയ രാജ്യം പാകിസ്താനാണ്. Invest in eliminating hepatitis എന്നതാണ് ഇത്തവണത്തെ ദിനാചരണത്തിന്റെ വിഷയം.

28. ഏത് സംസ്ഥാനത്തിന്റെ പുതിയ ഗവര്‍ണറാണ് ബിശ്വഭൂഷണ്‍ ഹരിചന്ദന്‍?
Answer: ആന്ധ്രപ്രദേശ്
പുതുതായി രണ്ട് സംസ്ഥാനങ്ങളിലാണ് ജൂലായില്‍ ഗവര്‍ണര്‍മാരെ നിയമിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവായ ഹരിചന്ദനെ ആന്ധ്രപ്രദേശിന്റെയും രാജ്യസഭ അംഗമായ അനസൂയ ഉകെയിയെ ഛത്തിസ്ഗഢിന്റെയും ഗവര്‍ണറായാണ് രാഷ്ട്രപതി റാംനാഥ് കോവിന്ദ് നിയമിച്ചത്. ഛത്തിസ്ഗഢിന്റെ ആദ്യ ട്രൈബല്‍ വനിതാ ഗവര്‍ണറാണ് അനസൂയ.

29. കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രധാനമന്ത്രി ശ്രം യോഗി മന്‍ധന്‍(PM-SYM) എന്തുമായി ബന്ധപ്പെട്ട പദ്ധതിയാണ്?
Answer: പെന്‍ഷന്‍
അസംഘടിത തൊഴിലാളികള്‍ക്കുള്ള കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ പദ്ധതിയാണ് പ്രധാനമന്ത്രി ശ്രം യോഗി മന്‍ധന്‍. 2019 ഫെബ്രുവരി 15-നാണ് ഇത് നിലവില്‍ വന്നത്. 2019 ജൂലായ് 10 വരെയുള്ള കണക്ക് പ്രകാരം 30,85,205 പേര്‍ ഇതില്‍ ചേര്‍ന്നതായാണ് കണക്ക്. അംഗങ്ങളാവുന്നവര്‍ക്ക് 60 വയസ്സിനു ശേഷം 3000 രൂപ പെന്‍ഷന്‍ നല്‍കുന്നതാണ് പദ്ധതി.

30. ഐ.സി.സി. ഹാള്‍ ഓഫ് ഫെയിമില്‍ ഈയിടെ ഇടം നേടിയ ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം?
Answer: സച്ചിന്‍ തെന്‍ഡുല്‍ക്കര്‍
ദക്ഷിണാഫ്രിക്കയുടെ അലന്‍ ഡൊണാള്‍ഡ്, ഓസ്‌ട്രേലിയയുടെ വനിത താരം ഫിറ്റ്‌സ്പാട്രിക് എന്നിവരാണ് സച്ചിനൊപ്പം ഇത്തവണ ഈ ബഹുമതി നേടിയത്. ഐ.സി.സി. ഹാള്‍ ഓഫ് ഫെയിം നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് സച്ചിന്‍. സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ്, ബിഷന്‍ സിങ് ബേദി, അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ ഇതിനു മുമ്പ് ഈ ബഹുമതി നേടിയിട്ടുണ്ട്. വിരമിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തിയായവരെയാണ് ഹാള്‍ ഓഫ് ഫെയിമിനായി ഐ.സി.സി. പരിഗണിക്കുന്നത്. 2013 നവംബറിലാണ് സച്ചിന്‍ ക്രിക്കറ്റില്‍നിന്ന് വിരമിച്ചത്.

31. ബോറിസ് ജോണ്‍സണ്‍ ഏത് രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയാണ്?
Answer: ബ്രിട്ടന്‍
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായ ബോറിസ് ജോണ്‍സണ്‍ ബ്രിട്ടന്റെ മുന്‍ വിദേശ കാര്യ സെക്രട്ടറിയാണ്. തെരേസ മേയ് സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയില്‍ 66 ശതമാനം വോട്ട് നേടിയാണ് ജോണ്‍സണ്‍ പ്രധാനമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2019 ജൂലായ് 24-ന് അദ്ദേഹം പ്രധാനമന്ത്രിയായി ചുമതലയേറ്റു.

32. വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്‍ ലോകത്തെ ഏറ്റവും നവീകൃത രാജ്യമായി(Innovative country) തിരഞ്ഞെടുത്തത് ഏത് രാജ്യത്തെയാണ്?
Answer: സ്വിറ്റ്‌സര്‍ലന്‍ഡ്
വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്‍ തയ്യാറാക്കിയ 2019-ലെ ഇന്നവേഷന്‍ ഇന്‍ഡക്‌സില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഒന്നാം റാങ്ക് നേടി. സ്വീഡനാണ് രണ്ടാം സ്ഥാനത്ത്. അമേരിക്ക,നെതര്‍ലന്‍ഡ്, യുണൈറ്റഡ് കിങ്ഡം എന്നിവയാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് റാങ്കുകളില്‍. ഇന്ത്യ 52-ാം റാങ്കിലാണ്. 2007 മുതലാണ് എല്ലാ വര്‍ഷവും ഗ്ലോബല്‍ ഇന്നവേഷന്‍ ഇന്‍ഡക്‌സ് പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. സാമ്പദ്ഘടനയിലെയും ബിസിനസ് രംഗത്തെയും പരിഷ്‌കാരങ്ങളാണ് റാങ്കിങ്ങിന് പ്രധാനമായി പരിഗണിക്കുന്നത്. ഇത്തവണത്തെ ഇന്‍ഡക്‌സ് പ്രസിദ്ധീകരിച്ചത് ന്യൂഡല്‍ഹിയില്‍ വെച്ചായിരുന്നു.

33. സ്വകാര്യ മേഖലയിലെ 75 ശതമാനം തൊഴിലവസരങ്ങളും തദ്ദേശീയര്‍ക്ക് സംവരണം ചെയ്ത ആദ്യ ഇന്ത്യന്‍ സംസ്ഥാനം?
Answer: ആന്ധ്രപ്രദേശ്
ആന്ധ്രപ്രദേശ് നിയമ സഭ ജൂലായ് 22-ന് പാസാക്കിയ ഫാക്ടറീസ് ആക്ട് 2019-ലാണ് ഈ വ്യവസ്ഥയുള്ളത്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സ്വകാര്യ മേഖലാ സ്ഥാപനങ്ങളും അവരുടെ തൊഴിലിന്റെ 75 ശതമാനം ആന്ധ്രപ്രദേശുകാര്‍ക്ക് തന്നെ നല്‍കണം. ആവശ്യമായ സ്‌കില്‍ ഉള്ളവരുടെ അഭാവത്തില്‍ പരിശീലനം നല്‍കാനുള്ള സൗകര്യം ഒരുക്കുകയും വേണം. മധ്യപ്രദേശ് സര്‍ക്കാര്‍ സ്വകാര്യ മേഖലാ ജോലികളില്‍ 70 ശതമാനം തദ്ദേശീയര്‍ക്ക് സംവരണം ചെയ്യുന്നതായി ജൂലായ് 9-ന് പ്രഖ്യാപിച്ചിരുന്നു. കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളും ഈ നിര്‍ദേശം നടപ്പാക്കാനൊരുങ്ങുകയാണ്.

34. യു.എന്‍. ലോക പൈതൃക പട്ടികയില്‍ നിലവില്‍ എത്ര കേന്ദ്രങ്ങളുണ്ട്?
Answer: 1121
യുണൈറ്റഡ് നാഷന്‍സ് എജുക്കേഷനല്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ തയ്യാറാക്കുന്ന ലോക പൈതൃക പട്ടികയില്‍ ഇപ്പോള്‍ 1121 കേന്ദ്രങ്ങളുണ്ട്. 29 കേന്ദ്രങ്ങള്‍ 2019-ല്‍ കൂട്ടിച്ചേര്‍ത്തതാണ്. ഇതില്‍ 53 എണ്ണം അതീവ ഗുരുതര ഭീഷണി നേരിടുന്നവയാണ്. 869 കേന്ദ്രങ്ങള്‍ സാംസ്‌കാരിക പ്രാധാന്യവും 213 എണ്ണം പരിസ്ഥിതി പ്രാധാന്യവും ഉള്ളവയാണ്. ഇന്ത്യയില്‍ നിന്ന് 38 കേന്ദ്രങ്ങള്‍ പട്ടികയിലിടം പിടിച്ചിട്ടുണ്ട്.

35. ഇന്ത്യയുടെ ചന്ദ്രയാന്‍ 2 വിക്ഷേപിച്ചത് എന്ന്?
Answer: 2019 ജൂലായ് 22
ഇന്ത്യയുടെ രണ്ടാം ചന്ദ്ര ഗവേഷണ ദൗത്യമായ ചന്ദ്രയാന്‍ 2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍നിന്ന് 2019 ജൂലായ് 22-ന് ഉച്ചയ്ക്ക് 2.43-നാണ് വിക്ഷേപിച്ചത്. ജി.എസ്.എല്‍.വി. മാര്‍ക്ക് 3 ഡി ഉപയോഗിച്ചായിരുന്നു വിക്ഷേണം. 16 മിനുട്ടും 24 സെക്കന്‍ഡും കൊണ്ട് ചന്ദ്രയാന്‍ 2 ഭൂമിയുടെ ഭ്രമണ പഥത്തില്‍ എത്തി. സെപ്റ്റംബര്‍ 7-ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പേടകമിറക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍.

36. കാര്‍ഗില്‍ വിജയ ദിവസ് എന്നാണ്?
Answer: ജൂലായ് 26
1999 മേയ് 3-നാണ് കാര്‍ഗിലില്‍ നിയന്ത്രണ രേഖ മറികടന്ന് പാക് സൈന്യം നുഴഞ്ഞു കയറിയത്. അടല്‍ ബിഹാരി വാജ്‌പേയിയാരുന്നു അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി. നവാസ് ഷെറീഫ് പാക് പ്രാധാനമന്ത്രിയും. കാര്‍ഗില്‍ തിരികെപ്പിടിക്കാന്‍ ഇന്ത്യ നടത്തിയ സൈനിക നീക്കമാണ് ഓപ്പറേഷന്‍ വിജയ്.

37. കേരളത്തിലെവിടെയാണ് എല്ലാ വര്‍ഷവും അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരം നടക്കുന്നത്?
Answer: പുലിക്കയം
കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി പുലിക്കയത്തെ ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായാണ് എല്ലാ വര്‍ഷവും അന്ത്രാഷ്ട്ര കയാക്കിങ് മത്സരം നടക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കയാക്കിങ് മത്സരമാണിത്. ജൂലായ് 25 മുതല്‍ 28 വരെയാണ് ഇത്തവണത്തെ മത്സരം. കേരള വിനോദ സഞ്ചാര വകുപ്പിന് കീഴിലെ സാഹസിക ടൂറിസം വിഭാഗമാണ് മുഖ്യ സംഘാടകര്‍.

38. ലോകത്ത് ഏറ്റവും ഉയര്‍ന്ന വരുമാനം നേടിയ ചിത്രം എന്ന റെക്കോഡ് ഇപ്പോള്‍ ഏത് സിനിമയ്ക്കാണ്?
Answer: എന്‍ഡ് ഗെയിം
ജെയിംസ് കാമറൂണിന്റെ അവതാര്‍ എന്ന സിനിമയ്ക്കായിരുന്നു ഏറ്റവും ഉയര്‍ന്ന ബോക്‌സ് ഓഫീസ് കലക്ഷന്‍ എന്ന റെക്കോഡ് ഇതുവരെ. ഒരു പതിറ്റാണ്ടോളം തുടര്‍ന്ന ഈ റെക്കോഡ് ഈ ജൂലായില്‍ മാര്‍വല്‍ അവഞ്ചേഴ്‌സിന്റെ എന്‍ഡ് ഗെയിം സ്വന്തമാക്കി. പത്തൊമ്പതിനായിരം കോടി രൂപയോളം മൊത്തവരുമാനം നേടിയാണ് എന്‍ഡ്‌ഗെയിം റെക്കോഡിട്ടത്.

39. നിപ രോഗത്തിന് കാരണമായ വൈറസുകളെ ആദ്യമായി കണ്ടെത്തിയ കമ്പുങ് സുങ്ങായ് നിപാ എന്ന സ്ഥലം ഏത് രാജ്യത്താണ്?
Answer: മലേഷ്യ
1998-ലാണ് മലേഷ്യയിലെ സുങ്ങായ് നിപ എന്ന ഗ്രാമത്തില്‍ പന്നികളില്‍ ഈ അപൂര്‍വ രോഗം പടര്‍ന്നു പിടിച്ചത്. ഗ്രാമത്തിന്റെ പേരില്‍നിന്ന് നിപ എന്ന് രോഗത്തിനും പേരു വന്നു. ജന്തുക്കളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസായാണ് ആദ്യ കണക്കാക്കിയത്. പിന്നീട് ഇത് മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്കും പകരുന്നതായി തിരിച്ചറിഞ്ഞു. പന്നികള്‍, വവ്വാലുകള്‍ എന്നിവയിലാണ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളത്. മലേഷ്യക്കു പുറമെ സിംഗപ്പുര്‍, ബംഗ്ലാദേശ്, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തില്‍ ഒടുവില്‍ നിപ റിപ്പോര്‍ട്ട് ചെയ്ത എറണാകുളം ജില്ലയെ ജൂലായ് 23-ന് നിപ വിമുക്ത ജില്ലയായി പ്രഖ്യാപിച്ചു.

40. മുന്‍പ്രധാനമന്ത്രി ചന്ദ്രശേഖറിനെക്കുറിച്ചുള്ള 'Chandra Shekhar - The Last Icon of Ideological Politics' എന്ന പുസ്തകം രചിച്ചതാര്?
Answer: ഹരിവന്‍ഷ്
രാജ്യ സഭയുടെ ഉപാധ്യക്ഷനാണ് ഹരിവന്‍ഷ്(Harivansh). രവി ദത്ത് ബാജ്‌പേയിയുമായി ചേര്‍ന്ന് രചിച്ച ഈ പുസ്തകം ജൂലായ് 24-ന് പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് പ്രകാശനം ചെയ്തത്.

41. ലോകബാങ്കിന്റെ പുതിയ ആഗോള ജി.ഡി.പി. റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്ഥാനം?
Answer: ഏഴ്
ലോക ബാങ്ക് തയ്യാറാക്കിയ 2018-ലെ ആഗോള ജി.ഡി.പി. റാങ്കിങ്ങില്‍ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 2017-ല്‍ ആറാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഇത്തവണ ഏഴാമതായി. ചൈനയാണ് രണ്ടാം സ്ഥാനത്ത്. ജപ്പാന്‍, ജര്‍മനി, യു.കെ., ഫ്രാന്‍സ് എന്നിവയാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച്, ആറ് സ്ഥാനങ്ങളില്‍.

42. ഐ.എസ്.ആര്‍.ഒയുടെ പുതിയ ടെക്‌നിക്കല്‍ ലെയ്‌സണ്‍ യൂണിറ്റ് തുടങ്ങുന്നതെവിടെയാണ്?
Answer: മോസ്‌കൊ
റഷ്യയിലെ മോസ്‌കോയില്‍ ഐ.എസ്.ആര്‍.ഒയുടെ ടെക്‌നിക്കല്‍ യൂണിറ്റ് തുടങ്ങാന്‍ കേന്ദ്ര മന്ത്രിസഭയാണ് അനുമതി നല്‍കിയത്. ബഹിരാകാശ ഗവേഷണത്തില്‍ റഷ്യയുടെയും ഈ മേഖലയിലെ മറ്റ് രാജ്യങ്ങളുടെയും സഹകരണം ഉറപ്പാക്കുന്നതിനായാണ് മോസ്‌കോയില്‍ ലെയ്‌സണ്‍ യൂണിറ്റ് തുടങ്ങുന്നത്. ഐ.എസ്.ആര്‍.ഒ. വിദേശ രാജ്യങ്ങളില്‍ തുടങ്ങുന്ന മൂന്നാമത് ടെക്‌നിക്കല്‍ ലെയ്‌സണ്‍ യൂണിറ്റാണ് റഷ്യയിലേത്. ഒന്നരക്കോടി രൂപയാണ് ഒരു വര്‍ഷം ഈ യൂണിറ്റിന്റെ പ്രവര്‍ത്തന ചെലവായി കണക്കാക്കുന്നത്. അമേരിക്കയിലെ വാഷിങ്ടണിലും ഫ്രാന്‍സിലെ പാരിസിലും നിലവില്‍ ഐ.എസ്.ആര്‍.ഒയ്ക്ക് ലെയ്‌സണ്‍ യൂണിറ്റുണ്ട്.

43. ഇന്ത്യയില്‍ കടുവകള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?
Answer: മധ്യപ്രദേശ്
2018-ലെ സര്‍വ്വേ പ്രകാരം മധ്യപ്രദേശില്‍ 526 കടുവകളുണ്ട്. കടുവകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനം കര്‍ണാടകത്തിനാണ്. 524 കടുവകളാണ് കര്‍ണാടകത്തിലുള്ളത്. മൂന്നാം സ്ഥാനത്തുള്ള ഉത്തരാഖണ്ഡില്‍ 442 കടുവകളുണ്ട്. സര്‍വ്വേ പ്രകാരം രാജ്യത്താകെ 2967 കടുവകളാണ് ഇപ്പോഴുള്ളത്. കേരളത്തിലെ പെരിയാര്‍ കടുവ സംരക്ഷണ കേന്ദ്രമാണ് രാജ്യത്തെ ഏറ്റവും മികച്ച കടുവ സംരക്ഷണ കേന്ദ്രം. കടുവ സംരക്ഷണം നന്നായി നടപ്പാക്കുന്ന സംസ്ഥാനം എന്ന ബഹുമതി കേരളത്തിലാണ്.

44. ട്വന്റി-20 ക്രിക്കറ്റില്‍ 1000 റണ്‍സും 100 വിക്കറ്റും തികച്ച ആദ്യ താരമെന്ന റെക്കോഡ് നേടിയ എലീസ പെറി ഏതി രാജ്യത്തെ ക്രിക്കറ്റ് താരമാണ്?
Answer: ഓസ്‌ട്രേലിയ
ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തില്‍ 45 റണ്‍സ് നേടിയാണ് ട്വന്റി-20 ക്രിക്കറ്റില്‍ 1000 റണ്‍സും 100 വിക്കറ്റും എന്ന റെക്കോഡ് എലീസ പെറി സ്വന്തമാക്കിയത്. പുരുഷതാരങ്ങളിലാരും ഇതിനു മുമ്പ് ഈ നേട്ടത്തിലെത്തിയിട്ടില്ല. ഓസ്‌ട്രേലിയന്‍ വനിത ടീമിലെ ഓള്‍ റൗണ്ടറാണ് എലിസ.

45. ജൂലായ് 30-ന് ഗൂഗിള്‍ ഡൂഡിലിലൂടെ ആദരമര്‍പ്പിച്ച ഇന്ത്യയിലെ ആദ്യ വനിതാ നിയമസഭാംഗം?
Answer: ഡോ. മുത്തുലക്ഷ്മി റെഡ്ഡി
ഡോ. മുത്തു ലക്ഷ്മിയുടെ 133-ാം ജന്മദിനമായിരുന്നു 2019 ജൂലായ് 30-ന്. 1925-ല്‍ മദ്രാസ് പ്രസിഡന്‍സി കൗണ്‍സിലിലേക്ക് ഇവര്‍ നാമ നിര്‍ദേശം ചെയ്യപ്പെടുകയായിരുന്നു. 1886-ല്‍ തമിഴ്‌നാട് പുതുക്കോട്ടയിലാണ് മുത്തു ലക്ഷ്മിയുടെ ജനനം. എല്ലാ വര്‍ഷവും ജൂലായ് 30 ആശുപത്രി ദിനമായി ആചരിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

46. ജഗദീപ് ധന്‍ഖര്‍ ഏത് സംസ്ഥാനത്തിന്റെ പുതിയ ഗവര്‍ണറാണ്?
Answer: പശ്ചിമ ബംഗാള്‍
കേസരി നാഥ് ത്രിപാഠി ഗവര്‍ണര്‍ പദവിയൊഴിഞ്ഞതിനെത്തുടര്‍ന്നാണ് സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും രാജസ്ഥാനിലെ ബി.ജെ.പി. എം.എല്‍.എയുമായ ജഗദീപ് ധന്‍ഖറിനെ പശ്ചിമ ബംഗാളിന്റെ ഗവര്‍ണറായി നിയമിച്ചത്. ജൂലായ് 31-ന് അദ്ദേഹം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

47. POCSO അമന്റ്‌മെന്റ് ബില്ലിന്റെ മുഴുവന്‍ പേരെന്ത്?
Answer: Protection of Children from Sexual Offences (Amendment) Bill.
ഓഗസ്റ്റ് 1-നാണ് ലോകസഭ POCSO (Amendment) Bill പാസാക്കിയത്. രാജ്യസഭ നേരത്തെ ഇത് പാസാക്കിയിരുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമക്കുറ്റങ്ങള്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥയുള്ളതാണ് ബില്‍. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ബില്‍ വ്യവസ്ഥ ചെയ്യുന്നു. 16 വയസ്സില്‍ താഴെയുള്ളവരെയാണ് കുട്ടികളായി ബില്ലില്‍ പരിഗണിക്കുന്നത്. 16 വയസ്സില്‍ താഴെയുള്ളവര്‍ക്കെതിരെയുള്ള ലൈംഗിക പീഡനങ്ങള്‍ക്ക് ചുരുങ്ങിയത് 20 വര്‍ഷം തടവ് ശിക്ഷ ലഭിക്കും. വധശിക്ഷയാണ് പരമാവധി.

48. 2019-ലെ രമണ്‍ മഗ്‌സസേ അവാര്‍ഡ് നേടിയ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകന്‍?
Answer: രവീഷ് കുമാര്‍
1957 മുതല്‍ നല്‍കിവരുന്ന രമണ്‍ മഗ്‌സസേ അവാര്‍ഡ് ഏഷ്യയുടെ നൊബേല്‍ എന്നാണ് അറിയപ്പെടുന്നത്. 2019-ല്‍ അഞ്ച് പേര്‍ക്കാണ് ഈ പുരസ്‌കാരം ലഭിച്ചത്. എന്‍.ഡി.ടിവിയിലെ രവീഷ് കുമാറിന് പുറമെ മ്യാന്മറില്‍നിന്നുള്ള കോ സ്വി വിന്‍, തായ്‌ലന്‍ഡില്‍നിന്നുള്ള അംഗ്ഹാന നീലാപായിജിത്, ഫിലിപ്പിന്‍സില്‍നിന്നുള്ള റേയ്മണ്ടോ പുജാന്റെ കായാബ്യാബ്, ദക്ഷിണ കൊറിയയില്‍നിന്നുള്ള കിം ജോങ് കി എന്നിവര്‍ക്കാണിത്. ഫിലിപ്പൈന്‍സ് പ്രസിഡന്റായിരുന്ന രമണ്‍ മഗ്‌സാസേയുടെ സ്മരണയ്ക്കായാണ് എല്ലാ വര്‍ഷവും പുരസ്‌കാരം നല്‍കുന്നത്.

49. പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി ചെയര്‍മാന്‍?
Answer: അധിര്‍ രഞ്ജന്‍ ചൗധരി
ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവാണ് അധിര്‍ രഞ്ജന്‍ ചൗധരി. പാര്‍ലമെന്റിന്റെ പ്രധാന കമ്മറ്റികളിലൊന്നായ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റിയില്‍ 22 അംഗങ്ങളാണ് ഉള്ളത്. കേന്ദ്ര ഗവണ്‍മെന്റിന്റെ വരവ് ചെലവ് കണക്കുകള്‍ പരിശോധിക്കാന്‍ അധികാരമുള്ള കമ്മറ്റിയാണിത്.

50. പാര്‍ലമെന്റ് പാസാക്കിയ പുതിയ മോട്ടോര്‍ വാഹന ഭേദഗതി ബില്‍ പ്രകാരം ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ ലഭിക്കുന്ന പിഴ എത്ര രൂപയാണ്?
Answer: 5000 രൂപ
മോട്ടോര്‍ വാഹന ഭേദഗതി ബില്‍ ലോക്‌സഭ ജൂലായ് 23-നും രാജ്യസഭ ജൂലായ് 31-നുമാണ് അംഗീകരിച്ചത്. ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ നേരത്തെ 500 രൂപയായിരുന്നു പിഴ. ഇതാണ് 5000 രൂപയാക്കിയത്. സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 1000 രൂപയും മദ്യപിച്ച് വാഹനമോടിച്ചാല്‍ 10,000 രൂപയുമാണ് പുതുക്കിയ പിഴ. ആംബുലന്‍സ് പോലുള്ള അടയന്തര സര്‍വീസുകള്‍ക്ക് വഴിനല്‍കിയില്ലെങ്കില്‍ 10,000 രൂപ പിഴ ചുമത്തും. റോഡ് നിര്‍മാണത്തിലെ അപാകം കൊണ്ട് ഉണ്ടാവുന്ന അപകടങ്ങള്‍ക്ക് കരാറുകാരന്‍ ഒരു ലക്ഷം രൂപ പിഴയടക്കേണ്ടി വരും.
* സമകാലികം 2019: ജൂൺ ഇവിടെ ക്ലിക്കുക  
* സമകാലികം 2019: മെയ് ഇവിടെ ക്ലിക്കുക  
* സമകാലികം 2019: ഏപ്രിൽ ഇവിടെ ക്ലിക്കുക  
* സമകാലികം 2019: മാർച്ച് ഇവിടെ ക്ലിക്കുക  
* സമകാലികം 2019: ഫെബ്രുവരി ഇവിടെ ക്ലിക്കുക  
* സമകാലികം 2019: കറന്റ്‌ അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* സമകാലികം 2018: കറന്റ്‌ അഫയേഴ്സ് ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.
PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments