സമകാലികം 2019 ഓഗസ്ററ്: ചോദ്യോത്തരങ്ങള്‍
1. 67ാ–മത് നെഹ്റു ട്രോഫി വള്ളംകളിയിൽ ജേതാക്കൾ ആര് ?
Answer: നടുഭാഗം ചുണ്ടൻ 
ഓഗസ്ററ്  31- ന്  നടന്ന 67ാ–മത് നെഹ്റു ട്രോഫി വള്ളംകളിയിൽ നടുഭാഗം ചുണ്ടൻ ജേതാക്കൾ. ഫൈനലിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ ഒന്നാമതെത്തി. 1952 ൽ ആലപ്പുഴയിലെത്തിയ ജവഹര്‍ലാൽ നെഹ്റുവിനെ സ്വീകരിക്കാൻ നടത്തിയ ആദ്യ ജലോത്സവത്തിൽ വിജയിച്ച നടുഭാഗം ചുണ്ടന്റെ പേരിൽ, കരക്കാർ പുതിയതായി നിർമിച്ച ചുണ്ടനാണ് ഇത്തവണ നെഹ്റു ട്രോഫി നേടിയ നടുഭാഗം ചുണ്ടൻ. ചമ്പക്കുളം ചുണ്ടനാണ് രണ്ടാം സ്ഥാനത്തെത്തിയത്. കാരിച്ചാൽ ചുണ്ടൻ മൂന്നാം സ്ഥാനം നേടി. പ്രഥമ ചാംപ്യൻസ് ബോട്ട് ലീഗ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

2. 2019-ലെ പാരാ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ ഇന്ത്യന്‍ താരം?
Answer: മാനസി ജോഷി
ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ 1998-ലാണ് പാരാ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയത്. രണ്ട് വര്‍ഷം കൂടുമ്പോഴാണ് മത്സരം സംഘടിപ്പിക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസലില്‍ ഓഗസ്റ്റ് 20 മുതല്‍ 25 വരെയായിരുന്നു ഇത്തവണത്തെ ചാമ്പ്യന്‍ഷിപ്പ്. പുരുഷ സിംഗിള്‍സ്(എസ്.എല്‍. 3)വിഭാഗത്തില്‍ ഇന്ത്യയുടെ പ്രമോദ് ഭഗത് സ്വര്‍ണം നേടി. വനിത സിംഗിള്‍സില്‍ ഇന്ത്യയുടെ പരുള്‍ ദാല്‍സുഖ്ഭായ് പാര്‍മര്‍ക്കാണ് വെള്ളി.

3. 2019-ലെ വള്ളത്തോള്‍ സാഹിത്യ പുരസ്‌കാരം ലഭിച്ചതാര്‍ക്ക്?
Answer: സക്കറിയ
വള്ളത്തോള്‍ സാഹിത്യ സമിതിയാണ് എല്ലാ വര്‍ഷവും വള്ളത്തോള്‍ പുരസ്‌കാരം നല്‍കുന്നത്. 1991-ല്‍ പാല നാരായണന്‍ നായര്‍ക്കാണ് ആദ്യ വള്ളത്തോള്‍ പുരസ്‌കാരം ലഭിച്ചത്. 2018-ല്‍ എം.മുകുന്ദനായിരുന്നു പുരസ്‌കാരം. 1,11,111 രൂപയാണ് പുരസ്‌കാരത്തുക. ചെറുകഥാ സാഹിത്യത്തിലെ സംഭാവനകള്‍ പരിഗണിച്ചാണ് സക്കറിയക്ക് ഈ വര്‍ഷത്തെ പുരസ്‌കാരം നല്‍കിയത്.

4. പാകിസ്താന്‍ ഓഗസ്റ്റ് 28-ന് രാത്രിയില്‍ വിജയകരമായി പരീക്ഷിച്ച മിസൈലിന്റെ പേര്?
Answer: ഗസ്‌നവി
പാകിസ്താന്റെ നാഷണല്‍ ഡവലപ്‌മെന്റ് കോംപ്ലക്‌സ് നിര്‍മിച്ച ഈ മിസൈലിന്റെ മുഴുവന്‍ പേര് ഹത്ഫ് 3 ഗസ്‌നവി എന്നാണ്. ഇന്ത്യയുമായി സെപ്റ്റംബറിലോ ഒക്ടോബറിലോ പൂര്‍ണതോതില്‍ യുദ്ധമുണ്ടാവുമെന്ന് പാക് മന്ത്രി പ്രസ്താവിച്ചതിനു തൊട്ടു പിന്നാലെ നടന്ന മിസൈല്‍ പരീക്ഷണം ലോക ശ്രദ്ധനേടി. കരയില്‍നിന്ന് കരയിലേക്ക് വിക്ഷേപിക്കാവുന്ന ഈ മിസൈലിന്റെ ദൂരപരിധി 300 കിലാമീറ്റര്‍ വരെയാണ്.

5. ഡല്‍ഹിയിലെ പ്രശസ്തമായ ഏത് സ്റ്റേഡിയത്തിനാണ് അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പേര് നല്‍കുന്നത്?
Answer: ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയം
1351 മുതല്‍ 1388 വരെ ഡല്‍ഹി ഭരിച്ചിരുന്ന തുഗ്ലക് വംശ ഭരണാധികാരിയാണ് ഫിറോസ് ഷാ. ഡല്‍ഹിക്കടുത്ത് ഫിറോസാബാദ് നഗരം സ്ഥാപിച്ചത് ഇദ്ദേഹമാണ്. ഇവിടുത്തെ കോട്ടയാണ് ഫിറോസ് ഷാ കോട്‌ല. 1883-ലാണ് ഇവിടെ സ്‌റ്റേഡിയം നിര്‍മിച്ചത്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണിത്. കൊല്‍ക്കത്തയിലെ ഈഡന്‍ഗാര്‍ഡനാണ് ഏറ്റവും പഴക്കമുള്ളത്.

6. ഇന്ത്യയിലെ ആദ്യ വനിത ഡി.ജി.പി. ആയിരുന്ന കാഞ്ചന്‍ ചൗധരി ഓഗസ്റ്റ് 27-ന് അന്തരിച്ചു. ഇവര്‍ ഏത് സംസ്ഥാനത്തെ പോലീസ് മേധാവിയായാണ് പ്രവര്‍ത്തിച്ചിരുന്നത്?
Answer: ഉത്തരാഖണ്ഡ്
72 കാരിയായ കാഞ്ചന്‍ ചൗധരി മുംബൈയിലാണ് അന്തരിച്ചത്. ഐ.പി.എസ്. നേടുന്ന രണ്ടാമത്തെ വനിതയായിരുന്നു ഇവര്‍. പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദി ആയിരുന്നു ആദ്യത്തെ വനിത. 2004-ലാണ് കാഞ്ചന്‍ ചൗധരി ഉത്തരാഖണ്ഡിന്റെ ഡി.ജി.പിയായത്. 2014-ല്‍ വിരമിച്ചു.

7. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് പുതുതായി അനുവദിച്ച 47,000 കോടി രൂപയുടെ 'കാംപ'ഫണ്ട് ഏത് മേഖലയിലെ വികസനത്തിനുള്ളതാണ്?
Answer: വനവത്കരണം
കോംപന്‍സേറ്ററി അഫോറസ്‌റ്റേഷന്‍ ഫണ്ട് മാനേജ്‌മെന്റ് ആന്‍ഡ് പ്ലാനിങ് അതോറിറ്റി എന്നാണ് ' കാംപ'യുടെ മുഴുവന്‍ രൂപം. വികസന ആവശ്യങ്ങള്‍ക്കായി വനം ഏറ്റെടുക്കുന്നതിനു പകരമായി വനവത്കരണം നടത്തുന്നതിനാണ് 47,000 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നത്. കേരളത്തിന് ഇതില്‍ 81.59 കോടി രൂപ ലഭിക്കും. കേരളത്തിനാണ് ഏറ്റവും കുറവ് ലഭിച്ചത്. 5933.98 കോടി രൂപ ലഭിച്ച ഗുജറാത്തിനാണ് ഏറ്റവും കൂടുതല്‍ തുക.

8. ഏത് ജീവിയാണ് വംശനാശം നേരിടുന്ന ജന്തു ജീവജാലങ്ങള്‍ക്കും സസ്യങ്ങള്‍ക്കും ആഗോള വ്യാപാരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന CITES-ന്റെ സംരക്ഷിത പട്ടിക ഒന്നില്‍ പുതുതായി ഇടം നേടിയത്?
Answer: നക്ഷത്ര ആമ
നക്ഷത്ര ആമകളെ(ശാസ്ത്രീയ നാമം: Geochelone elegans) കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്ന് വിദേശത്തേക്ക് അനധികൃതമായി കടത്തുപ്പെടുന്നുണ്ട്. ഭാഗ്യ ചിഹ്നമായാണ് ഇവയെ കരുതുന്നത്. കണ്‍വെന്‍ഷന്‍ ഓണ്‍ ഇന്റര്‍ നാഷണല്‍ ട്രേഡ് ഇന്‍ എന്‍ഡെയിഞ്ചേഡ് സ്പീഷീസ് ഓഫ് വൈല്‍ഡ് ഫോണ ആന്‍ഡ് ഫ്‌ളോറയുടെ ജനീവയില്‍ നടന്ന സമ്മേളനമാണ്(2019 ഓഗസ്റ്റ് 17 മുതല്‍ 28 വരെ) വംശനാശം നേരിടുന്ന നക്ഷത്ര ആമകളെ സംരക്ഷിത പട്ടികയുടെ ഒന്നാം വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇതോടെ ഇവയുടെ വിപണനം കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമായി മാറും. CITES പട്ടികയ്ക്ക് മൂന്ന് അപെന്‍ഡിക്‌സുകളാണുള്ളത്. ഇതില്‍ ഒന്നാം അപെന്‍ഡിക്‌സില്‍ ഉള്‍പ്പെടുന്നവയുടെ വ്യാപാരം പൂര്‍ണമായി തടഞ്ഞിട്ടുണ്ട്. രണ്ടും മൂന്നും അപെന്‍ഡിക്‌സില്‍ ഉള്‍പ്പെടുന്നവയെ നിയന്ത്രണ വിധേയമായി വ്യാപാരം നടത്താം. നക്ഷത്ര ആമയ്ക്ക് പുറമെ കേരളത്തില്‍ ഉള്‍പ്പെടെ കാണുന്ന നീര്‍നായയെയും അപെന്‍ഡിക്‌സ് ഒന്നില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

9. ഏത് സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് റിസര്‍വ് ബാങ്ക് കരുതല്‍ ധനം കേന്ദ്ര ഗവണ്‍മെന്റിന് നല്‍കുന്നത്?
Answer: ബിമല്‍ജലാന്‍ സമിതി
കരുതല്‍ ധനത്തില്‍നിന്ന് 1.76 ലക്ഷം കോടി രൂപയാണ് ബിമല്‍ ജലാന്‍ സമിതിയുടെ ശുപാര്‍ശയെത്തുടര്‍ന്ന് റിസര്‍വ് ബാങ്ക് കേന്ദ്ര ഗവണ്‍മെന്റിന് കൈമാറുന്നത്. റിസര്‍വ്ബാങ്കിന്റെ മുന്‍ ഗവര്‍ണറാണ് ബിമല്‍ ജലാന്‍. 2018 ഡിസംബറിലാണ് സാമ്പത്തിക മൂലധന ചട്ടകൂടിനെ വിലയിരുത്താനുള്ള സമിതിയെ റിസര്‍വ് ബാങ്ക് നിയോഗിച്ചത്.

10. ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ക്ക് 2019 ഒക്ടോബര്‍ രണ്ട് മുതല്‍ പൂര്‍ണമായി നിരോധനമേര്‍പ്പെടുത്തിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനം?
Answer: എയര്‍ ഇന്ത്യ
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് 2022 ആവുമ്പോഴേക്ക് ഇന്ത്യയില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യത്തിലേക്കായാണ് എയര്‍ ഇന്ത്യ ഇത്തരം ഉത്പന്നങ്ങള്‍ നിരോധിച്ചത്. പരിസ്ഥിതി സൗഹൃദ കപ്പുകള്‍, സ്പൂണുകള്‍ തുടങ്ങിയവയായിരിക്കും ഒക്ടോബര്‍ രണ്ട് മുതല്‍ എയര്‍ ഇന്ത്യ ഉപയോഗിക്കുക.

11. 2019-ലെ ഡ്യൂറന്‍ഡ് കപ്പ് കിരീടം നേടിയ ടീം?
Answer: ഗോകുലം കേരള എഫ്.സി.
കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ മോഹന്‍ബഗാനെ 2-1-ന് പരാജയപ്പെടുത്തിയാണ് ഗോകുലം കിരീടം നേടിയത്. ട്രിനിഡാഡുകാരനായ മാര്‍ക്കസ് ജോസഫാണ് ഗോകുലം എഫ്.സിയുടെ ക്യാപ്റ്റന്‍. 1997-ല്‍ എഫ്.സി.കൊച്ചിനാണ് ഡ്യുറന്‍ഡ് കപ്പ് ഇതിനുമുമ്പ് നേടിയ കേരള ടീം. ഐ.എം. വിജയനായിരുന്നു അന്ന് എഫ്.സി. കൊച്ചിന്റെ നായകന്‍.

12. 2019 ഓഗസ്റ്റ് 24 -ന് അന്തരിച്ച മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി.
Answer: അരുണ്‍ ജെയ്റ്റ്‌ലി
ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു. രാഷ്ട്രീയ ജീവിതത്തിലൊരിക്കലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടില്ലാത്ത നേതാവായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി. 18 വര്‍ഷത്തോളം ഗുജറാത്തില്‍ നിന്നുള്ള രാജ്യ സഭാംഗമായിരുന്നു. പിന്നീട് ഉത്തര്‍പ്രദേശില്‍നിന്നുള്ള രാജ്യസഭാംഗമായി. രാജ്യസഭയില്‍ പ്രതിപക്ഷ നേതൃ പദവി വഹിച്ചിട്ടുണ്ട്. 1999-ലെ വാജ്‌പേയി സര്‍ക്കാരിലാണ് ആദ്യമായി കേന്ദ്ര മന്ത്രിയായത്. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമൃത്സറില്‍നിന്ന് മത്സരിച്ചെങ്കിലും അമരീന്ദര്‍സിങ്ങിനോട് പരാജയപ്പെട്ടു. 2019 ഓഗസ്റ്റ് 24-നാണ് ജെയ്റ്റ്‌ലി അന്തരിച്ചത്.

13. കേരള സര്‍ക്കാര്‍ പുതുതായി തുടങ്ങിയ സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി?
Answer: മെഡിസെപ്
കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്രിതര്‍ക്കുമുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയാണ് മെഡിസെപ്. Medical Insurance Scheme for State Employees and Pensioners (MEDISEP) എന്നാണ് ഇതിന്റെ മുഴുവന്‍ രൂപം. 11 ലക്ഷത്തോളം പേര്‍ക്ക് പദ്ധതി പ്രയോജനപ്പെടുമെന്നാണ് കണക്ക്. 2017-18 ലെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്. സ്വകാര്യ കമ്പനിയായ റിലയന്‍സിനായിരുന്നു ഇതിന്റെ നടത്തിപ്പ് ചുമതല ആദ്യം നല്‍കിയതെങ്കിലും ഇപ്പോള്‍ റിലയന്‍സുമായുള്ള കരാര്‍ റദ്ദാക്കിയിരിക്കുകയാണ്.

14. ഓഗസ്റ്റ് 19-ന് അന്തരിച്ച മുഹമ്മദ് സഹൂര്‍ ഖയ്യാം താഴെപ്പറയുന്ന ഏത് ബന്ധപ്പെട്ടിരിക്കുന്നു?
Answer: സംഗീത സംവിധായകന്‍
കഭീ കഭീ... മേരേ ദില്‍മേം... എന്ന് തുടങ്ങുന്ന പ്രശസ്ത ഗാനത്തിന്റെ സംഗീത സംവിധായകനാണ് മുഹമ്മദ് സഹൂര്‍ ഖയ്യാം. മുപ്പതിലേറെ സിനിമകളില്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഖയ്യാം പദ്മഭൂഷണ്‍, ദേശീയ ചലച്ചിത്ര പുരസ്‌കാരം, ഫിലിംഫെയര്‍ പുരസ്‌കാരം തുടങ്ങിയ ഒട്ടേറെ ബഹുമതികള്‍ നേടിയിട്ടുണ്ട്. 2019 ഓഗസ്റ്റ് 19-ന് മുംബൈയില്‍ അന്തരിച്ച ഖയ്യാമിന് 92-ാം വയസ്സായിരുന്നു.

15. ഇപ്പോള്‍ തീപ്പിടുത്തം ഉണ്ടായിരിക്കുന്ന ആമസോണ്‍ മഴക്കാടുകളുടെ ഭൂരിഭാഗം സ്ഥിതിചെയ്യുന്നത് ഏത് രാജ്യത്താണ്?
Answer: ബ്രസീല്‍
ആമസോണ്‍ മഴക്കാടുകളുടെ 60 ശതമാനത്തോളം ബ്രസീലിലാണ്. 13 ശതമാനം പെറുവിലും 10 ശതമാനം കൊളംബിയയിലുമാണ്. ശേഷിക്കുന്ന ഭാഗം വെനസ്വേല, ഇക്വഡോര്‍, ബൊളീവിയ, ഗയാന, സുരിനാം തുടങ്ങിയ രാജ്യങ്ങളിലാണ്. 55 ലക്ഷം ചതുരശ്ര കിലോമീറ്ററോളം വിസ്തൃതിയുള്ളതാണ് ആമസോണ്‍ മഴക്കാടുകള്‍. ലോകത്തിന്റെ ശ്വാസനാളം എന്നാണ് ആമസോണ്‍കാടുകള്‍ വിശേഷിപ്പിക്കപ്പെടുന്നത്.

16. രാജ്യത്ത് നടന്നു വരുന്ന സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ സര്‍വേ എന്തുമായി ബന്ധപ്പെട്ടതാണ്?
Answer: ശുചിത്വം
കേന്ദ്ര കുടിവെള്ള മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് രാജ്യത്തെ എല്ലാ ജില്ലകളിലും ശുചിത്വ സര്‍വേ നടത്തുന്നത്. സ്വതന്ത്ര ഏജന്‍സി നടത്തുന്ന സര്‍വേയില്‍ വിവിധ ഘടകങ്ങള്‍ പരിശോധിച്ച് ജില്ലകള്‍ക്കും സംസ്ഥാനത്തിനും റാങ്ക് നിശ്ചയിക്കുകയാണ് ലക്ഷ്യം. പൊതുജനങ്ങള്‍ക്ക് എസ്.എസ്.ജി. 2019 എന്ന മൊബൈല്‍ ആപ്പ് വഴി അഭിപ്രായം രേഖപ്പെടുത്താനും അവസരമുണ്ട്. ശുചിത്വ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കുന്ന ജില്ലയ്ക്കും സംസ്ഥാനത്തിനും സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അവാര്‍ഡ് നല്‍കും.

17. ഇന്ത്യ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കുന്ന ഇത്തവണത്തെ ജി 7 ഉച്ചകോടി നടക്കുന്ന ബിയാറിറ്റ്‌സ് ഏത് രാജ്യത്താണ്?
Answer: ഫ്രാന്‍സ്
ഫ്രാന്‍സിലെ ബിയാറിറ്റ്‌സില്‍ ഓഗസ്റ്റ് 25-നാണ് 45-ാമത് ജി 7 ഉച്ചകോടി തുടങ്ങിയത്. ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, യു.കെ., യു.എസ്., കാനഡ, ജപ്പാന്‍ എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനുമാണ് ജി 7 രാജ്യങ്ങള്‍. ഇന്ത്യയ്ക്ക് പുറമെ ഓസ്‌ട്രേലിയ, ചിലി, ഈജിപ്ത്, സ്‌പെയിന്‍, റുവാന്‍ഡ എന്നീ ആറ് രാജ്യങ്ങളാണ് പ്രത്യേക ക്ഷണിതാവായി പങ്കെടുക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് പങ്കെടുക്കുന്നത്.

18. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ആദ്യ ഇന്ത്യന്‍ താരം?
Answer: പി.വി. സിന്ധു
സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസലില്‍ 2019 ഓഗസ്റ്റ് 25-ന് നടന്ന ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ പി.വി. സിന്ധു ലോക ബാഡ്മിന്റണ്‍ വനിത വിഭാഗത്തില്‍ കിരീടം നേടിയത്. 2017-ലും 2018-ലും ലോക ചാമ്പ്യന്‍ ഷിപ്പ് ഫൈനലിലെത്തിയിരുന്നെങ്കിലും സിന്ധുവിന് ജയിക്കാനായിരുന്നില്ല. ലോക ചാമ്പ്യന്‍ഷിപ്പില്‍ സിന്ധുവിന്റെ അഞ്ചാം മെഡലാണ് ഇത്തവണത്തെ സ്വര്‍ണം. ലോക ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ജപ്പാന്റെ കെന്റോ മൊമോട്ടയാണ് ഇത്തവണത്തെ ചാമ്പ്യന്‍.

19. പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ഓര്‍ഡര്‍ ഓഫ് സയിദ് ബഹുമതി നല്‍കി ആദരിച്ച ഗള്‍ഫ് രാജ്യം?
Answer: യു.എ.ഇ.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയാണ് ഓര്‍ഡര്‍ ഓഫ് സയിദ്. യു.എ.ഇയുടെ സ്ഥാപകനായ ഷെയ്ഖ് സയിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ സ്മരണയ്ക്കായുള്ളതാണ് ഈ ബഹുമതി. അദ്ദേഹത്തിന്റെ നൂറാം ജന്മവാര്‍ഷികത്തിലാണ് മോദിക്ക് ഈ പുരസ്‌കാരം ലഭിച്ചതെന്ന പ്രത്യേകതയുമുണ്ട്.

20. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഏത് സംസ്ഥാനത്തു നിന്നാണ് ഇപ്പോള്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്?
Answer: രാജസ്ഥാന്‍
28 വര്‍ഷം രാജ്യ സഭാംഗമായിരുന്ന മന്‍മോഹന്‍ സിങ്ങിന്റെ അംഗത്വ കാലാവധി 2019 ജൂണില്‍ തീര്‍ന്നിരുന്നു. അസമില്‍നിന്നായിരുന്നു അദ്ദേഹം രാജ്യ സഭാംഗമായത്. രാജസ്ഥാനില്‍നിന്ന് ഇപ്പോള്‍ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

21. അന്തരിച്ച ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ അന്ത്യ വിശ്രമസ്ഥലം.
Answer:  നിഗം ബോധ്ഘട്ട് 
നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ ധനം, പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി. രാജ്യത്ത് ചരക്ക് സേവന നികുതി നടപ്പാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. അറിയപ്പെടുന്ന അഭിഭാഷകരില്‍ ഒരാളാണ് അരുണ്‍ ജയ്റ്റ്ലി. സുപ്രീം കോടതിയിലും വിവിധ ഹൈക്കോടതികളിലുമായിരുന്നു പ്രാക്ടീസ്. 1989 ല്‍ വി.പി. സിങ് സര്‍ക്കാരിന്റെ കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി നിയമിച്ചു. 

22. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബഹ്‌റൈൻ സർക്കാർ നൽകിയ ബഹുമതി.
Answer: ഓര്‍ഡര്‍ ഓഫ് റിനൈസന്‍സ്
-  പ്രധാനമന്ത്രിയായതിനു ശേഷം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നരേന്ദ്ര മോദിയെ തേടിയെത്തിയത് ആറ് മുസ്ലിം രാജ്യങ്ങളുടെ പരമോന്നത ബഹുമതി. ബെഹ്‌റൈന്റെ കിങ് ഹമദ് ഓര്‍ഡര്‍ ഓഫ് ദ റിനൈസന്‍സ്, യുഎഇയുടെ ഓര്‍ഡര്‍ ഓഫ് സെയ്ദ്, പാലസ്തീന്റെ ഗ്രാന്‍ഡ് കോളര്‍ ഓഫ് ദ സ്റ്റേറ്റ് ഓഫ് പാലസ്തീന്‍, അഫ്ഗാനിസ്ഥാന്റെ അമിര്‍ അമാനുള്ള ഖാന്‍ അവാര്‍ഡ്, സൗദി അറേബ്യയുടെ കിങ് അബ്ദുള്ള അസിസ് ഷാ അവാര്‍ഡ്, മാല്‍ദ്വീവ്‌സിന്റെ റൂള്‍ ഓഫ് നിഷാന്‍ ഇസുദ്ദീനന്‍ തുടങ്ങിയ പുരസ്‌കാരങ്ങളാണ് അഞ്ചു വര്‍ഷത്തിനിടെ മോദിയെ തേടിയെത്തിയത്.

23. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണമെഡല്‍ സ്വന്തമാക്കിയ ഭാരതത്തിന്റെ താരം.
Answer: പി.വി. സിന്ധു
രണ്ട് തവണ കൈയില്‍ നിന്ന് തെന്നിമാറിയ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണമെഡല്‍ സ്വന്തമാക്കി ഭാരതത്തിന്റെ അഭിമാനം പി.വി. സിന്ധു. ലോക മൂന്നാം നമ്പര്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെയാണ് ഫൈനലില്‍ സിന്ധു നിഷ്പ്രയാസം കീഴടക്കിയത് (21-7, 21-7). നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ വിജയം. ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടക്കുന്നത്. കഴിഞ്ഞ രണ്ട് സീസണിലും സിന്ധു ഫൈനലില്‍ തോറ്റ് വെള്ളി മെഡല്‍ നേടി. ഇതിന് പുറമെ രണ്ട് വെങ്കലും കരസ്ഥമാക്കിയിട്ടുണ്ട്. 

24. ജമ്മു ആന്‍ഡ് കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കിയ ഏത് വകുപ്പാണ് കേന്ദ്ര ഗവണ്‍മെന്റ് റദ്ദാക്കിയത്?
Answer: 370
ജമ്മു ആന്‍ഡ് കശ്മീരിന് അനുവദിച്ചിരുന്ന പ്രത്യേക അവകാശങ്ങള്‍ റദ്ദ് ചെയ്യാനും ജമ്മു, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി സംസ്ഥാനത്തെ പുനസംഘടിപ്പിക്കാനുമുള്ള ബില്‍ 2019 ഓഗസ്റ്റ് 5-ന് ആഭ്യന്തര മന്ത്രി അമിത് ഷായാണ് രാജ്യ സഭയില്‍ അവതരിപ്പിച്ചത്. 61 പേര്‍ എതിര്‍ത്തെങ്കിലും 125 പേരുടെ പിന്തുണയോടെ രാജ്യസഭ ബില്‍ പാസാക്കി. ഓഗസ്റ്റ് ആറിന് ലോക്‌സഭയും ബില്‍ പാസാക്കി. ജമ്മു നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശമായിരിക്കും. ഇതോടെ നിയമസഭയുള്ള കേന്ദ്ര ഭരണപ്രദേശങ്ങളുടെ എണ്ണം മൂന്നായി. രാജ്യത്തെ സംസ്ഥാനങ്ങളുടെ എണ്ണം 28 ഉം കേന്ദ്ര ഭരണപ്രദേശങ്ങള്‍ ഒമ്പതുമാണിപ്പോൾ. ഇതില്‍ ഡല്‍ഹി ദേശീയ തലസ്ഥാന ഭരണ പ്രദേശം എന്ന പദവികൂടിയുള്ള കേന്ദ്രഭരണ പ്രദേശമാണ്.

25. അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രിയും ദേശീയ പാര്‍ട്ടിയുടെ വക്താവുമായ ആദ്യ വനിത?
Answer: സുഷമ സ്വരാജ്.
അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി.നേതാവുമായ സുഷമ സ്വരാജ് ദേശീയ പാര്‍ട്ടിയുടെ വക്താവായ ആദ്യ വനിതയായിരുന്നു. ഇന്ദിരാ ഗാന്ധിയാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായ ആദ്യ വനിത. എന്നാല്‍ അവര്‍ പ്രധാന മന്ത്രി പദവിക്കൊപ്പമാണ് ഈ ചുമതലയും വഹിച്ചത്. അങ്ങനെയല്ലാതെ ഈ ചുമതല വഹിച്ച ആദ്യ വനിത സുഷമ സ്വരാജാണ്. ഇന്ത്യയില്‍ കാബിനറ്റ് പദവി വഹിച്ച ആദ്യ വനിത രാജ്കുമാരി അമൃത് കൗറാണ്. 1947 മുതല്‍ 1957 വരെ ഇവര്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നു. ലോക്‌സഭയിലെ ആദ്യ വനിത പ്രതിപക്ഷ നേതാവ് സോണിയ ഗാന്ധിയാണ്. ഈ പദവി വഹിച്ച രണ്ടാമത്തെ വനിതയാണ് സുഷമ.

26. ഒമ്പത് വയസ്സുകാരിയായ വാലന്റിന ഇലാങ്ബാം ഏത് സംസ്ഥാനത്തിന്റെ ഗ്രീന്‍ അംബാസഡറായാണ് തിരഞ്ഞെടുക്കപ്പെട്ടത്?
Answer: മണിപ്പുര്‍
മരംമുറിക്കുന്നത് കണ്ട് കരയുന്ന വാലന്റിനയുടെ വീഡിയോ വൈറലായതിന് പിന്നാലെയാണ് മണിപ്പുര്‍ സര്‍ക്കാര്‍ വാലന്റിനയെ സംസ്ഥാനത്തിന്റെ ഗ്രീന്‍ അംബാസിഡറായി പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തേക്കാണ് നിയമനം. റോഡ് വികസനത്തിന്റെ ഭാഗമായി ഗുല്‍മോഹര്‍ മുറിച്ചു മാറ്റുന്നത് കണ്ടാണ് അഞ്ചാം ക്ലാസുകാരിയായ വാലന്റിന സങ്കടത്തോടെ കരഞ്ഞത്. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ വാലന്റിന നട്ടുപിടിപ്പിച്ചവയായിരുന്നു ഈ ഗുല്‍മോഹര്‍.

27. ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന വനിതാ കായിക താരങ്ങളുടെ ഫോബ്‌സ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളതാര്?
Answer: സെറീന വില്യംസ്
37 കാരിയായ അമേരിക്കന്‍ വനിതാ ടെന്നിസ് താരം സെറീന വില്യംസിന്റെ വാര്‍ഷിക വരുമാനം 206 കോടി രൂപയോളമാണ്. രണ്ടാം സ്ഥാനത്ത് ജപ്പാന്റെ നവോമി ഒസാകയാണ്. 15 അംഗ പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യക്കാരി ബാഡ്മിന്റണ്‍ താരമായ പി.വി. സിന്ധു ആണ്. 36 കോടി രൂപയാണ് സിന്ധുവിന്റെ വാര്‍ഷിക വരുമാനം.

28. ലോകത്ത് ഏറ്റവും കൂടുതല്‍ തദ്ദേശീയ ഭാഷ നിലനില്‍ക്കുന്ന രാജ്യമേത്?
Answer: പാപുവ ന്യൂ ഗിനിയ
ഐക്യരാഷ്ട്ര സംഘടനയുടെ പുതിയ കണക്ക് പ്രകാരം 840 തദ്ദേശീയ ഭാഷകളാണ് ശാന്ത സമുദ്രത്തിലെ ദ്വീപ് രാജ്യമായ പാപ്പുവ ന്യുഗിനിയയില്‍ നിലനില്‍ക്കുന്നത്. 456 തദ്ദേശീയ ഭാഷകള്‍ നിലനില്‍ക്കുന്ന ഇന്ത്യ പട്ടികയില്‍ നാലാമതാണ്. 7111 ഭാഷകളാണ് ലോകത്താകെ നിലനില്‍ക്കുന്നത്. ഇതില്‍ 3741 ഭാഷകള്‍ 1000-ല്‍ താഴെപ്പേര്‍മാത്രം സംസാരിക്കുന്നവയാണ്.

29. സിനിമ സൗഹൃദ സംസ്ഥാനത്തിനുള്ള 2018-ലെ ഈ വര്‍ഷത്തെ അവാര്‍ഡ് നേടിയ സംസ്ഥാനം?
Answer: ഉത്തരാഖണ്ഡ്
2018-ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ ഉള്‍പ്പെട്ടതാണ് സിനിമ സൗഹൃദ സംസ്ഥാനം എന്ന ബഹുമതി. ഇതാദ്യമായാണ് ഈ അവാര്‍ഡ് നല്‍കുന്നത്. സിനിമാ നിര്‍മാണത്തിന് നല്‍കുന്ന ഇളവുകളും പ്രോത്സാഹനങ്ങളും പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്.

30. ലോക ബയോഫ്യുവല്‍ ദിനമായി ആചരിച്ചതെന്ന്?
Answer: ഓഗസ്റ്റ് 10
ഫോസില്‍ ഇതര ഇന്ധനങ്ങളുടെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനായാണ് ഓഗസ്റ്റ് 10-ന് എല്ലാ വര്‍ഷവും ബയോ ഫ്യുവല്‍ ദിനമായി ആചരിക്കുന്നത്. Production of Biodiesel from Used Cooking Oil എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ തീം. നിലവിലെ കണക്ക് പ്രകാരം ഒരു മാസം ഇന്ത്യയില്‍ 850 കോടി ലിറ്റര്‍ ഹൈ സ്പീഡ് ഡീസല്‍ ഉപയോഗിക്കുന്നുണ്ട്.

31. Listening, Learning and Leading- ഓഗസ്റ്റ് 12-ന് പുറത്തിറക്കിയ ഈ പുസ്തകം രചിച്ചതാര്?
Answer: വെങ്കയ്യ നായിഡു
വൈസ്പ്രസിഡന്റ് പദവിയിലെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ അനുഭവങ്ങളും പ്രധാന പ്രസംഗങ്ങളും മറ്റും ക്രോഡീകരിച്ച് രചിച്ച പുസ്തകമാണ് Listening, Learning and Leading. ഓഗസ്റ്റ് 11-ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെന്നൈയില്‍ പുസ്തകം പ്രകാശനം ചെയ്തു.

32. 66-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ മലയാളിയായ കീര്‍ത്തി സുരേഷിന് ഏത് സിനിമയിലെ അഭിനയത്തിനാണ് പുരസ്‌കാരം?
Answer: മഹാനടി
തമിഴിലെ മുന്‍ നടി സാവിത്രിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി തെലുങ്കില്‍ നിര്‍മിച്ച സിനിമയാണ് മഹാനടി. വിക്കി കൗശല്‍, ആയുഷ്മാന്‍ ഖുറാന എന്നിവര്‍ക്കാണ് മികച്ച നടനുള്ള പുരസ്‌കാരം. ഗുജറാത്തി സിനിമയായ 'ഹെല്ലാരോ'യാണ് മികച്ച ചിത്രം. മികച്ച ഛായാഗ്രഹകനുള്ള പുരസ്‌കാരം എം.ജെ.രാധാകൃഷ്ണനാണ്.

33. വിക്രം സാരാഭായിയുടെ നൂറാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് വിക്രം സാരാഭായി ജേണലിസം അവാര്‍ഡ് ഏര്‍പ്പെടുത്തിയ സ്ഥാപനം?
Answer: ഐ.എസ്.ആര്‍.ഒ.
1919 ഓഗസ്റ്റ് 12-നാണ് വിക്രം സാരാഭായി ജനിച്ചത്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വിക്രം സാരാഭായി 1971 ഡിസംബര്‍ 30-ന് അന്തരിച്ചു. സ്‌പേസ് സയന്‍സ്, ടെക്‌നോളജി ആന്‍ഡ് റിസര്‍ച്ച് മേഖലയിലെ സംഭാവനകള്‍ക്കാണ് ഐ.എസ്.ആര്‍.ഒ. ജേണലിസം അവാര്‍ഡ് നല്‍കുന്നത്.

34. ഭിന്നശേഷിക്കാരുടെ പ്രഥമ ട്വന്റി-20 ലോക ക്രിക്കറ്റ് സീരീസില്‍ കിരീടം നേടിയ രാജ്യം?
Answer: ഇന്ത്യ
ഇംഗ്ലണ്ടില്‍ നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ 36 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. ഇംഗ്ലണ്ട്,വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ആറ് രാജ്യങ്ങളാണ് മത്സരിച്ചത്.

35. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി വീണ്ടും നിയമിതനായതാര്?
Answer: രവി ശാസ്ത്രി
കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മറ്റിയാണ് ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ കോച്ചായി രവി ശാസ്ത്രിയെ വീണ്ടും തിരഞ്ഞെടുത്തത്. ടി 20 ലോകകപ്പ് നടക്കുന്ന 2021 വരെയാണ് നിയമനം. ഇന്ത്യയിലാണ് 2021-ലെ ഈ ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്.

36. ദേശീയ ആദിവാസി മേളയായ ആദി മഹോത്സവിന്റെ ഇത്തവണത്തെ വേദി എവിടെയാണ്?
Answer: ലഡാക്ക്
ലഡാക്കിലെ പോളോ ഗ്രൗണ്ടില്‍ ഓഗസ്റ്റ് 17 മുതല്‍ 25 വരെയാണ് ദേശീയ ആദിവാസി മേള. ആദ്യമായാണ് ലഡാക്കില്‍ ഈ മേള സംഘടിപ്പിക്കുന്നത്. കേന്ദ്ര ട്രൈബല്‍ മന്ത്രാലയവും ട്രൈബല്‍ കോ ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഡവലപ്‌മെന്റ് ഫെഡറേഷനും സംയുക്തമായാണ് ഇത് സംഘടിപ്പിക്കുന്നത്.

37. കേരളത്തില്‍ നിന്ന് പുതുതായി ഭൗമ സൂചിക പദവി (Geographical Indication Tag) നേടിയ ഉത്പന്നമേത്?
Answer: തിരൂര്‍ വെറ്റില
മലപ്പുറം ജില്ലയിലെ തിരൂര്‍, താനൂര്‍, തിരൂരങ്ങാടി പരിസരങ്ങളില്‍ കൃഷിചെയ്യുന്ന വെറ്റിലയ്ക്കാണ് തിരൂര്‍ വെറ്റില എന്ന പേരില്‍ ഭൗമ സൂചക പദവി നല്‍കിയത്. തിരൂര്‍ വെറ്റിലയുടെ ഉത്പാദനത്തിനും വിപണനത്തിനും കൂടുതല്‍ പ്രോത്സാഹനമാവും ഈ നേട്ടം.

38. കോറസ്(CORAS) എന്ന പേരില്‍ പുതിയ സുരക്ഷാ കമാന്‍ഡോ വിഭാഗം തുടങ്ങിയത് ഏത് മന്ത്രാലയമാണ്?
Answer: റെയില്‍വേ മന്ത്രാലയം
കമാന്‍ഡോ ഫോര്‍ റെയില്‍വേ സെക്യൂരിറ്റി എന്നതിന്റെ ചുരുക്ക രൂപമാണ് കോറസ്(CORAS). റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ ഉപവിഭാഗമാണിത്. കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ഓഗസ്റ്റ് 14-ന് പുതിയ കമാന്‍ഡോ വിങ് ഉദ്ഘാടനം ചെയ്തു.

39. ഇന്ത്യന്‍ വ്യോമ സേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമന് 2019-ലെ സ്വാതന്ത്ര ദിനത്തോട് അനുബന്ധിച്ച് ഏത് സൈനിക ബഹുമതിയാണ് ലഭിച്ചത്?
Answer: വീര്‍ ചക്ര
യുദ്ധകാലത്ത് സൈനികര്‍ക്ക് നല്‍കുന്ന മൂന്നാമത്തെ ഉന്നത ബഹുമതിയാണ് വീര്‍ ചക്ര. പുല്‍വാമയില്‍ പാക്ക് ഭീകരര്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി പാകിസ്താന്റെ എഫ് 16 വിമാനം വെടിവെച്ച് വീഴ്ത്തിയ അഭിനന്ദന്‍ വര്‍ത്തമന്റെ ധീരതയ്ക്കാണ് പുരസ്‌കാരം. 2019 ഫെബ്രുവരി 27-നായിരുന്നു അഭിനന്ദന്‍ വര്‍ത്തമന്‍ മിഗ് 21 വിമാനം ഉപയോഗിച്ച് പാക്കിസ്താന്റെ എഫ് 16 വിമാനത്തെ നേരിട്ടത്. വിമാനം തകര്‍ന്ന് വീണ് പാകിസ്താന്റെ പിടിയിലായെങ്കിലും മാര്‍ച്ച് ഒന്നിന് മോചിതനായി. കശ്മീരില്‍ ഭീകരര്‍ക്കെതിരായ പോരാട്ടത്തില്‍ വീര മൃത്യു വരിച്ച കരസേനാംഗം പ്രകാശ് ജാധവിന് കീര്‍ത്തി ചക്രയും സ്‌ക്വാഡ്രന്‍ ലീഡര്‍ മിന്റി അഗര്‍വാളിന് യുദ്ധ് സേവ മെഡലും ഇത്തവണ നല്‍കി.

40. തമിഴ്‌നാട് സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഡോ.എ.പി.ജെ. അബ്ദുല്‍ കലാം അവാര്‍ഡ് നേടിയതാര്?
Answer: ഡോ. കെ.ശിവന്‍
ഐ.എസ്.ആര്‍.ഒ. ചെയര്‍മാനായ ഡോ.കെ.ശിവന്‍ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലക്കാരനാണ്. മുന്‍ രാഷ്ട്രപതി ഡോ. എപി.ജെ.അബ്ദുല്‍ കലാമിന്റെ സ്മരണയ്ക്കായി 2015-ലാണ് തമിഴ്‌നാട് സര്‍ക്കാര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. തമിഴ്‌നാട്ടില്‍നിന്നുള്ള പ്രമുഖ ശാസ്ത്രജ്ഞരെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. ഒരു പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയുമാണ് അവാര്‍ഡ്. കലാമിന്റെ ജന്മ ദിനമായ ഒക്ടോബര്‍ 15 യുവജന നവോത്ഥാന ദിനമായി ആചരിക്കുന്നത് തമിഴ്‌നാടാണ്.

41. നേപ്പാളിലെ കാജിന്‍ സാറ തടാകം ഏത് റെക്കോഡിന്റെ പേരിലാണ് വാര്‍ത്തകളിലിടം നേടിയത്?
Answer: ലോകത്തില്‍ ഏറ്റവും ഉയരത്തിലുള്ള തടാകം
നേപ്പാളിലെ മനാങ് ജില്ലയിലെ സിങ്കാര്‍കര്‍ക്ക മേഖലയിലാണ് കാജിന്‍ സാറ തടാകം. സിങ്കാര്‍ എന്നാണ് പ്രാദേശികമായി അറയപ്പെടുന്നത്. ഏതാനും മാസങ്ങള്‍ക്കുമുമ്പാണ് ഈ തടാകം കണ്ടെത്തിയത്. സമുദ്ര നിരപ്പില്‍ നിന്ന് 5200 മീറ്റര്‍ ഉയരത്തിലാണ് ഇതുള്ളത്. 1500 മീറ്റര്‍ നീളവും 600 മീറ്റര്‍ വീതിയുമുണ്ട്. ഇതിന്റെ ഉയരം ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നതോടെയേ ലോകത്തെ ഏറ്റവും ഉയരത്തിലെ തടാകം എന്ന റെക്കോഡ് സ്വന്തമാവൂ. നിലവില്‍ 4919 മീറ്റര്‍ ഉയരത്തിലുള്ള തിലിക്കോ തടാകമാണ് ഏറ്റവും ഉയരത്തിലുള്ള തടാകം എന്ന റെക്കോഡിലുള്ളത്. ഇതും നേപ്പാളിലാണ്.

42. ന്യൂഡല്‍ഹിയില്‍ നടന്ന ലോക വിദ്യാഭ്യാസ ഉച്ചകോടിയില്‍(World Education Summit-2019) ലീഡര്‍ഷിപ്പ് അവാര്‍ഡ് നേടിയ സംസ്ഥാനം?
Answer: രാജസ്ഥാന്‍
Best innovation and initiative leadership award എന്നാണ് ഈ അവാര്‍ഡിന്റെ മുഴുവന്‍ പേര്. ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടത്തിനാണ് രാജസ്ഥാന് അവാര്‍ഡ് ലഭിച്ചത്. വേള്‍ഡ് എജുക്കേഷന്‍ സമ്മിറ്റിന്റെ 14-ാമത് ഉച്ചകോടിയാണ് ന്യൂഡല്‍ഹിയില്‍ ഇത്തവണ നടന്നത്.

43. ലോക സാക്ഷരത ദിനമായി ആചരിക്കുന്നതെന്ന്?
Answer: സെപ്റ്റംബര്‍ 8
Literacy and Multilingualsim എന്നതാണ് 2019-ലെ സാക്ഷരത ദിനത്തിന്റെ മുഖ്യ വിഷയം. 1966 മുതലാണ് ഈ ദിനാചരണം തുടങ്ങിയത്. 2019 തദ്ദേശീയ ഭാഷാ വര്‍ഷം കൂടിയാണ്. 
(സെപ്തംബറിലെ ചോദ്യോത്തരങ്ങൾ ഉടൻ..)
* സമകാലികം 2019: ജൂലൈ ഇവിടെ ക്ലിക്കുക  
* സമകാലികം 2019: ജൂൺ ഇവിടെ ക്ലിക്കുക  
* സമകാലികം 2019: മെയ് ഇവിടെ ക്ലിക്കുക  
* സമകാലികം 2019: ഏപ്രിൽ ഇവിടെ ക്ലിക്കുക  
* സമകാലികം 2019: മാർച്ച് ഇവിടെ ക്ലിക്കുക  
* സമകാലികം 2019: ഫെബ്രുവരി ഇവിടെ ക്ലിക്കുക  
* സമകാലികം 2019: കറന്റ്‌ അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* സമകാലികം 2018: കറന്റ്‌ അഫയേഴ്സ് ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.
PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here