കറന്റ് അഫയേഴ്‌സ് (സമകാലികം) 2020 മാർച്ച്: ചോദ്യോത്തരങ്ങള്‍ 
1. കോവിഡ് -19 പകർച്ചവ്യാധികൾക്കിടയിൽ വീട്ടിലിരിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏത് സംഘടനയാണ് ‘StayHomeIndiaWithBooks’ എന്ന പേരിൽ ഒരു കാമ്പെയ്‌ൻ ആരംഭിച്ചത്?
ഉത്തരം: നാഷണൽ ബുക്ക് ട്രസ്റ്റ്
 ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ ആളുകളുടെ വായനാശീലം വളര്‍ത്താന്‍ സൗജന്യമായി ബുക്ക് ഡൗണ്‍ലോഡ് ചെയ്യാനുള്ള അവസരമാണ് എന്‍.ബി.ടി ഒരുക്കിയിരിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ആസാമീസ്, ബംഗ്ല, ഗുജറാത്തി, ഒഡിയ, മറാത്തി, മിസോ, തമിഴ്, പഞ്ചാബി തുടങ്ങിയ വിവിധ ഭാഷകളിലെ 100-ലേറെ പുസ്തകങ്ങള്‍ ഇങ്ങനെ വായിക്കാം. 

2. ലോക നാടകദിനം എന്നാണു
ഉത്തരം: മാര്‍ച്ച് 27
ലോകനിലവാരമുള്ള രംഗകലാപ്രവര്‍ത്തകരുടെ കൂട്ടായ്മയോടെ 1948ല്‍ പാരീസില്‍വെച്ച് യുനെസ്‌കോയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ അന്തര്‍ദേശീയ തിയ്യറ്റര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആഭിമുഖ്യത്തിലാണ് 1962 മുതല്‍ ലോക നാടകദിനം ആചരിച്ചുവരുന്നത്.

3. കൊറോണ വൈറസ് അണുബാധയുടെ സാധ്യത കണ്ടെത്താൻ ഇന്ത്യൻ സർക്കാർ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷന്റെ പേരെന്താണ്?
ഉത്തരം: Corona Kavach
കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവും സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ ആപ്ലിക്കേഷൻ ഒരു വ്യക്തിയുടെ സ്ഥാനം ഉപയോഗിക്കുന്നുണ്ടോ എന്ന് വിലയിരുത്താൻ ഉപയോഗിക്കുന്നു.

4.  2020 മാർച്ചിൽ 27 നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷന്റെ (നാറ്റോ) 30-ാമത്തെ അംഗമായി ചേർന്ന രാജ്യത്തിന്റെ പേര്.
ഉത്തരം: നോർത്ത് മാസിഡോണിയ
നാറ്റോ സഖ്യകക്ഷികൾ 2019 ഫെബ്രുവരിയിൽ നോർത്ത് മാസിഡോണിയയുടെ പ്രവേശന പ്രോട്ടോക്കോളിൽ ഒപ്പുവച്ചു, അതിനുശേഷം 29 ദേശീയ പാർലമെന്റുകളും രാജ്യത്തിന്റെ അംഗത്വം അംഗീകരിക്കുന്നതിന് വോട്ട് ചെയ്തു.

5. രാജ്യത്ത് COVID-19 ന്റെ വ്യാപനത്തെ ചെറുക്കാൻ ഏത് ഇന്ത്യൻ സായുധ സേനയുടെ സംരംഭമാണ് ‘ഓപ്പറേഷൻ നമസ്‌തേ’?
ഉത്തരം: ഇന്ത്യന്‍ ആര്‍മി
രാജ്യത്താകമാനം എട്ട് കൊറോണ ക്വാറന്റൈന്‍ കേന്ദ്രങ്ങളാണ് സൈന്യം നിലവില്‍ സജ്ജമാക്കിയിരിക്കുന്നത്. കരസേന മേധാവി എം.എം. നര്‍വാനെയാണ് സൈനിക പദ്ധതി വെളിപ്പെടുത്തിയത്.

6. രാജ്യസഭയിലേക്ക് രാഷ്ട്രപതി രാംനാഥ് കോവിദ് നാമനിര്‍ദേശം ചെയ്ത സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ്
ഉത്തരം: രഞ്ജന്‍ ഗൊഗോയ്‌
നവംബര്‍ 17നാണ് രഞ്ജന്‍ ഗൊഗോയ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് വിരമിച്ചത്. 2001ല്‍ ഗുവാഹത്തി ഹൈക്കോടതിയിലാണ് ന്യായാധിപന്‍ എന്ന നിലയിലുളള ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 2010 ല്‍ ഇദ്ദേഹത്തെ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി. 2011ല്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായ രഞ്ജന്‍ ഗൊഗോയ് 2012ലാണ് സുപ്രീംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നേടിയത്. 2018 ഒക്ടോബര്‍ മൂന്നിനാണ് 46-ാമത്തെ ചീഫ് ജസ്റ്റിസായി ഇദ്ദേഹത്തെ നിയമിച്ചത്.

7. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹനായത് 
ഉത്തരം: പ്രഭാ വര്‍മ്മ
അദ്ദേഹത്തിന്റെ ശ്യാമമാധവം എന്ന കവിതാ സമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 50,000 രൂപയാണ് പുരസ്‌കാരത്തുക.

8. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ സമഗ്ര സംഭാവനയ്ക്കുള്ള ഐ.വി. ദാസ് പുരസ്‌കാരത്തിന് അര്‍ഹനായത് 
ഉത്തരം: ഏഴാച്ചേരി രാമചന്ദ്രന്‍
മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകനുള്ള പി.എന്‍. പണിക്കര്‍ പുരസ്‌കാരം (25,000രൂപ) സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം ടി.പി വേലായുധന് ലഭിച്ചു. അര നൂറ്റണ്ടു പിന്നിട്ട മികച്ച ഗ്രന്ഥശാലയ്ക്കുള്ള ഇഎംഎസ് പുരസ്‌കാരം(50,000 രൂപ) കണ്ണൂര്‍ ജില്ലയിലെ പായം ഗ്രാമീണ വായനശാലക്കു ലഭിച്ചു.

9. അവയവ ദാനത്തിലും മാറ്റിവെക്കലിലും 2019ല്‍ ഒന്നാമതെത്തിയ സംസ്ഥാനം?
ഉത്തരം: മഹാരാഷ്ട്ര
2019-ല്‍ 449 രോഗികള്‍ക്കാണ് മഹാരാഷ്ട്രയില്‍ അവയവ മാറ്റ ശസ്ത്രക്രിയ നടത്തിയത്. മുന്‍വര്‍ഷങ്ങളില്‍ ആദ്യ സ്ഥാനങ്ങളില്‍ ഇടംനേടിയിരുന്ന തമിഴ്‌നാടിനെയും തെലങ്കാനയെയും മറികടന്നാണ് മഹാരാഷ്ട്ര ഒന്നാമതെത്തിയത്.

10. 'എനിക്കു മനോഹരമായ ഒരു ജീവിതം ലഭിച്ചുകഴിഞ്ഞു. ഇനി കൃത്രിമ ശ്വാസത്തിന്റെ ആവശ്യമില്ല.  അത് ഏതെങ്കിലും ചെറുപ്പക്കാരുടെ ജീവന്‍ രക്ഷിക്കാനായി ഉപയോഗിക്കൂ' - കൃത്രിമ ശ്വസനോപകരണം നിരസിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞതാര് ?
ഉത്തരം: സൂസന്‍ ഹൊയ്‌ലാട്‌സ് 
ബെല്‍ജിയത്തിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് 90 കാരിയായ സൂസന്റെ മരണം. ഡോക്ടര്‍മാര്‍ കൃത്രിമ ശ്വാസം നല്‍കാന്‍ ശ്രമിച്ചെങ്കിലും സൂസന്‍ തനിക്കത് വേണ്ടെന്ന് പറഞ്ഞ് നിരസിക്കുകയായിരുന്നു.

11. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഓരോ മണിക്കൂറിന്റെ ഇടവേളകളിലും സെല്‍ഫി എടുത്തയക്കണമെന്ന് പ്രത്യേക നിര്‍ദേശം നല്‍കിയ സംസ്ഥാനം?
ഉത്തരം: കര്‍ണാടക
സമ്പര്‍ക്ക വിലക്കേര്‍പ്പെടുത്തി വീടുകളില്‍ കഴിയാനാവശ്യപ്പെട്ടവര്‍ അത് ലംഘിക്കുന്നുണ്ടോ എന്നറിയാനാണ് സെല്‍ഫി അയക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. രാത്രി പത്ത് മുതല്‍ രാവിലെ ഏഴ് വരെയുള്ള സമയമൊഴികെ ബാക്കിയുള്ള ഓരോ മണിക്കൂറും സെല്‍ഫികള്‍ അയക്കണം. ക്വാറന്റൈനിലുള്ളവര്‍ എവിടെയാണുള്ളതെന്ന് അറിയാനാണിത്. ഇതിനായി റവന്യൂ വകുപ്പ് പ്രത്യേക മൊബൈല്‍ ആപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഈ ആപ്പിലൂടെ ജിപിഎസ് സംവിധാനം വഴി ഫോട്ടോ അയക്കുന്നയാള്‍ എവിടെയാണെന്ന് മനസിലാക്കാന്‍ സാധിക്കും. 

12. 2020-ലെ ഏബേല്‍ പുരസ്‌കാരം നേടിയതാരെല്ലാം?
ഉത്തരം: ഹിലെല്‍ ഫര്‍സ്റ്റെന്‍ബര്‍ഗ്, ഗ്രിഗറി മാര്‍ഗുലിസ്
ഗണിതശാസ്ത്രരംഗത്തെ നൊബേല്‍ പുരസ്‌കാരമായി കണക്കാക്കപ്പെടുന്ന പുരസ്‌കാരമാണ് ഏബേല്‍. ജറുസലേമിലെ ഹീബ്രു സര്‍വകലാശാലയിലെ അധ്യാപകനായിരുന്ന ഹിലെല്‍ ഫര്‍സ്റ്റെന്‍ബര്‍ഗും (84) യു.എസിലെ യേല്‍ സര്‍വകലാശാലയിലെ അധ്യാപകനായിരുന്ന ഗ്രിഗറി മാര്‍ഗുലിസുമാണ് (74) പുരസ്‌കാരം പങ്കിട്ടത്.

13. കോവിഡ്-19 പ്രതിരോധത്തിനായി ഉപയോഗിക്കാന്‍ അനുമതി നല്‍കിയ മരുന്ന്?
ഉത്തരം: ഹൈഡ്രോക്‌സി ക്ലോറോക്വിന്‍
ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ രൂപവത്കരിച്ച നാഷണല്‍ ടാസ്‌ക് ഫോഴ്‌സാണ് കോവിഡ്-19ന് ഹൈഡ്രോക്‌സി ക്ലോറോക്വില്‍ പ്രതിരോധ മരുന്നായി നിര്‍ദേശിച്ചത്. മലേറിയയ്ക്ക് ഉപയോഗിക്കുന്ന പ്രതിരോധ മരുന്നാണിത്.

14. മധ്യപ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റതാര്?
ഉത്തരം: ശിവരാജ് സിങ് ചൗഹാന്‍
മധ്യപ്രദേശ് മുഖ്യമന്ത്രിയായി ബി.ജെ.പി.യുടെ ശിവരാജ് സിങ് ചൗഹാന്‍ അധികാരമേറ്റു. ഭൂരിപക്ഷം നഷ്ടപ്പെട്ട കോണ്‍ഗ്രസിന്റെ കമല്‍നാഥ് സര്‍ക്കാര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം അധികാരമേറ്റത്.

15. 2020-ലെ വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ടില്‍ എത്രാമതാണ് ഇന്ത്യയുടെ സ്ഥാനം?
ഉത്തരം: 144
പോയവര്‍ഷം ഹാപ്പിനെസ് റിപ്പോര്‍ട്ടില്‍ 140-ാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ ഇത്തവണയും ആദ്യസ്ഥാനങ്ങളിലെത്തി. ഫിന്‍ലാന്‍ഡ്, ഡെന്‍മാര്‍ക്ക്, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഐസ്‌ലാന്‍ഡ്, നോര്‍വേ എന്നിവ ആദ്യ അഞ്ചില്‍ ഇടംനേടി.

16. ലോക വനദിനമായി ആചരിക്കുന്നതെന്ന്?
ഉത്തരം: മാര്‍ച്ച് 21
വനങ്ങളും ജൈവവൈവിധ്യവും എന്നതാണ് 2020-ലെ ലോക വനദിനത്തിന്റെ പ്രമേയ വിഷയം. 2013 മുതലാണ് ലോക വനദിനം ആചരിക്കാന്‍ ആരംഭിച്ചത്.

17. 2020-ലെ ലോക ജലദിനത്തിന്റെ പ്രമേയമെന്ത്?
ഉത്തരം: Water and Climate Change
എല്ലാവര്‍ഷവും മാര്‍ച്ച് 22-നാണ് ലോക ജലദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്നാണ് ശുദ്ധജല ലഭ്യത ഉറപ്പാക്കുകയെന്നത്. ലോകത്താകമാനം 220 കോടി ജനങ്ങളാണ് ശുദ്ധജല ദൗര്‍ലഭ്യം അഭിമുഖീകരിക്കുന്നത്.

18. 2020 ഏപ്രില്‍ 1 മുതല്‍ ഇന്ത്യയില്‍ നിലവില്‍ വരുന്ന അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി?
ഉത്തരം: ആരോഗ്യ സഞ്ജീവനി
5 ലക്ഷം രൂപവരെയുള്ള ചികിത്സാച്ചെലവുകള്‍ ആരോഗ്യ സഞ്ജീവനിയില്‍ ഉള്‍പ്പടുത്താം. 65 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാം.

19. സുപ്രീം കോടതിയിലെ വാദം വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടത്താനായി തയ്യാറാക്കിയ ആപ്ലിക്കേഷന്‍?
ഉത്തരം: വിദ്യോ
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലും കോടതി നടപടികള്‍ ഡിജിറ്റലാക്കുന്നതിന്റെയും ഭാഗമായാണ് വിദ്യോ ആപ്പ് പുറത്തിറക്കിത്.

20. ഏഴ് വന്‍കരകളിലെയും ഉയരംകൂടിയ അഗ്നിപര്‍വതങ്ങള്‍ കീഴടക്കി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംനേടിയ ഇന്ത്യക്കാരന്‍?
ഉത്തരം: സത്യരൂപ് സിദ്ധാന്ത
കൊല്‍ക്കത്തക്കാരനായ സത്യരൂപ് സിദ്ധാന്ത ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ്. ഏഴ് വന്‍കരകളിലെയും ഉയരംകൂടിയ കൊടുമുടികളും കീഴടക്കിയിട്ടുള്ള സത്യരൂപ് സിദ്ധാന്ത ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞയാള്‍ കൂടിയാണ്. 37 വയസ്സാണ് അദ്ദേഹത്തിന്റെ പ്രായം.

21. കൊറോണവൈറസ് മഹാമാരിയെ നേരിടുന്നതിന് അമേരിക്ക ഇന്ത്യക്ക് നല്‍കിയ ധനസഹായം
ഉത്തരം: 2.9 മില്യന്‍ ഡോളര്‍ (21.7 കോടി രൂപയിലധികം) 
കൊറോണവൈറസ് മഹാമാരിയെ നേരിടുന്നതിന് 64 രാജ്യങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് അമേരിക്ക. 174 മില്യണ്‍ ഡോളാറാണ് 64 രാജ്യങ്ങള്‍ക്കായി നല്‍കുക. ഫെബ്രുവരിയില്‍ യുഎസ് പ്രഖ്യാപിച്ച 100 മില്യണ്‍ ഡോളര്‍ സഹായത്തിന് പുറമെയാണ് പുതിയ ധനസഹായം. 

22. 2020ലെ ലോക വൃക്കദിനമായി ആചരിച്ചതെന്ന്?
ഉത്തരം: മാര്‍ച്ച് 12
2006 മുതല്‍ എല്ലാവര്‍ഷവും മാര്‍ച്ചിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക വൃക്കദിനമായി ആചരിക്കുന്നത്. 15-ാമത് വൃക്കദിനമാണ് ഇത്തവണത്തേത്. വൃക്കരോഗങ്ങളേയും ആരോഗ്യസംരക്ഷണത്തേയും കുറിച്ച് ബോധവത്കരണം നടത്തുകയെന്നതാണ് ഇതിന്റെ പ്രധാനോദ്ദേശ്യം.

23. ഇത്തവണത്തെ (2019-20) രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം നേടിയ ടീം?
ഉത്തരം: സൗരാഷ്ട്ര
രഞ്ജി ട്രോഫി ഫൈനലില്‍ ബംഗാളിനെതിരെ നേടിയ ഒന്നാം ഇന്നിങ്‌സിലെ 44 റണ്‍ ലീഡിന്റെ അടിസ്ഥാനത്തിലാണ് സൗരാഷ്ട്ര വിജയികളായത്. സൗരാഷ്ട്രയുടെ ആദ്യ രഞ്ജി ട്രോഫി കിരീട നേട്ടമാണിത്. സൗരാഷ്ട്രയുടെ അര്‍പിത് വാസവദ ഫൈനലിലെ താരമായി. രഞ്ജി ട്രോഫി കിരീടം ഏറ്റവും കൂടുതല്‍ നേടിയിട്ടുള്ളത് മുംബൈയാണ് - 41 തവണ.

24. നാനാ ശങ്കര്‍സേഠിന്റെ പേരില്‍ പുനര്‍നാമകരണം ചെയ്യുന്ന റെയില്‍വേ സ്റ്റേഷനേത്?
ഉത്തരം: മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍
പുതിയ മാറ്റം വരുന്നതോടെ മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ 'നാനാ ശങ്കര്‍സേഠ് മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍' എന്നറിയപ്പെടും. 1845ല്‍ ഇന്ത്യന്‍ റെയില്‍വേ അസോസിയേഷന്റെ രൂപീകരണത്തിനും ഇന്ത്യയിലെ റെയില്‍വേ വികസനത്തിലും മുഖ്യ പങ്കുവഹിച്ചയാളാണ് നാനാ ശങ്കര്‍സേഠ്.

25. 2020 മാര്‍ച്ച് 10 മുതല്‍ മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കിയ ബാങ്ക് ഏത്?
ഉത്തരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
മിനിമം ബാലന്‍സ് ഒഴിവാക്കിയതിനു പിന്നാലെ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളിലെ പലിശനിരക്ക് എസ്.ബി.ഐ 3 ശതമാനമാക്കി കുറച്ചു. വായ്പാ പലിശനിരക്കുകളിലും കുറവു വരുത്തിയിട്ടുണ്ട്. 2020 മാര്‍ച്ച് 10 മുതല്‍ക്കാണ് മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നത്.

26. 2021 സെന്‍സസിന്റെ ആദ്യഘട്ടം ആരംഭിക്കുന്നതെന്ന്?
ഉത്തരം: 2020 ഏപ്രില്‍ 1
2021ലെ ജനസംഖ്യാ കണക്കെടുപ്പ് രണ്ട് ഘട്ടങ്ങളായി നടക്കും. ആദ്യഘട്ടം 2020 ഏപ്രില്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെ നടക്കും. 2021 ഫെബ്രുവരി 9 മുതല്‍ 28 വരെയാണ് രണ്ടാംഘട്ടം.

27. ടാറ്റാ പവറിന്റെ ബ്രാന്‍ഡ് അംബാസഡറായി നിയമിതനായ ക്രിക്കറ്റ് താരം?
ഉത്തരം: ഷാര്‍ദുല്‍ ഠാക്കൂര്‍
ഇന്ത്യയിലെ ഏറ്റവും വലിയ ഊര്‍ജ്ജോത്പാദക കമ്പനിയാണ് ടാറ്റ പവര്‍. 1919ല്‍ ദൊറാബ്ജി ടാറ്റ സ്ഥാപിച്ച കമ്പനിയുടെ ആസ്ഥാനം മുംബൈയിലാണ്.

28. പുതുശ്ശേരി രാമചന്ദ്രന്‍ താഴെപ്പറയുന്നവയില്‍ ഏത് മേഖലയുമായി ബന്ധപ്പെട്ടയാളാണ്?
ഉത്തരം: കവി
കവി, ഭാഷാ ഗവേഷകന്‍, ചരിത്രകാരന്‍, അധ്യാപകന്‍ തുടങ്ങിയ നിലകളില്‍ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ പുതുശ്ശേരി രാമചന്ദ്രന്‍ 2020 മാര്‍ച്ച് 14-നാണ് അന്തരിച്ചത്. എഴുത്തച്ഛന്‍ പുരസ്‌കാരം ഉള്‍പ്പടെ ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്‌.

29. ഇത്തവണത്തെ (2019-20) ഐ.എസ്.എല്‍ കിരീടം നേടിയ ടീം ഏത്?
ഉത്തരം: അത്‌ലറ്റികോ ഡി കൊല്‍ക്കത്ത
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐ.എസ്.എല്‍) ആറാമത് പതിപ്പായിരുന്നു ഇത്തവണ നടന്നത്. ഗോവയില്‍ വച്ചുനടന്ന ഫൈനലില്‍ അത്ലറ്റികോ ഡി കൊല്‍ക്കത്ത ചെന്നൈയിന്‍ എഫ്.സി.യെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. കൊല്‍ക്കത്തയുടെ മൂന്നാമത്തെ ഐ.എസ്.എല്‍. കിരീടമാണിത്.

30. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ സാമ്പത്തിക വിപണികളും അടച്ച ആദ്യ രാജ്യം?
ഉത്തരം: ഫിലിപ്പൈന്‍സ്
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ സാമ്പത്തിക വിപണികളെയും താത്ക്കാലികമായി നിര്‍ത്തിവച്ച ലോകത്തിലെ ആദ്യത്തെ രാജ്യമായി ഫിലിപ്പൈന്‍സ് മാറി. ഫിലിപ്പൈന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെയും ബാങ്കേഴ്‌സ് അസോസിയേഷന്‍ ഓഫ് ഫിലിപ്പൈന്‍സിന്റെയും പ്രസ്താവനകളിലാണ് സാമ്പത്തിക അടച്ചുപൂട്ടല്‍ സ്ഥിരീകരിച്ചത്. മാര്‍ച്ച് 17നാണ് ഫിലിപ്പൈന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അടച്ചത്.

31. സംസ്ഥാന സര്‍ക്കാരിന്റെ 2017ലെ സ്വാതി പുരസ്‌കാരം നേടിയതാര്?
ഉത്തരം: ഡോ. എല്‍. സുബ്രഹ്മണ്യം
സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സംഗീത പുരസ്‌കാരമായ സ്വാതി പുരസ്‌കാരം വയലിനിസ്റ്റ് ഡോ. എല്‍. സുബ്രഹ്മണ്യത്തിന്. 1988ല്‍ പദ്മശ്രീയും 2001 പദ്മ ഭൂഷണും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. 2017-ലെ സ്വാതി പുരസ്‌കാരമാണിത്. രണ്ടുലക്ഷം രൂപയുടേതാണ് പുരസ്‌കാരം. 2020 മാര്‍ച്ച് നാലിനാണ് പുരസ്‌കാര പ്രഖ്യാപനം നടന്നത്.

32. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലായി നിയമിക്കപ്പെട്ട ആദ്യ വനിത?
ഉത്തരം: നുപൂര്‍ കുല്‍ശ്രേഷ്ഠ
1999ലാണ് നുപൂര്‍ കുല്‍ശ്രേഷ്ഠ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ ചേര്‍ന്നത്. വനിതാദിനമായ മാര്‍ച്ച് എട്ടിനാണ് അവര്‍ കോസ്റ്റ ഗാര്‍ഡ് ഡി.ഐ.ജിയായി ചുമതലയേറ്റത്.

33. യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ വൈഫൈ സംവിധാനമൊരുക്കുന്ന ഇന്ത്യയിലെ ആദ്യ എയര്‍ലൈന്‍ കമ്പനി?
ഉത്തരം: വിസ്താര
അടുത്തിടെയാണ് കേന്ദ്രസര്‍ക്കാര്‍ യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ വൈഫൈ സംവിധാനം നല്‍കാന്‍ അനുമതി നല്‍കിയത്. വൈഫൈ ഉപയോഗിക്കുമ്പോള്‍ ഫോണ്‍ ഫ്‌ളൈറ്റ് മോഡിലായിരിക്കണമെന്ന് നിര്‍ദേശമുണ്ട്. വിസ്താരയുടെ ബോയിങ് 787-9 എയര്‍ക്രാഫ്റ്റിലാണ് ആദ്യമായി ഈ സംവിധാനം ഏപ്പെടുത്തുക.

34. മുകേഷ് അംബാനിയെ മറികടന്ന് ഏഷ്യയിലെ സമ്പന്നന്മാരുടെ പട്ടികയില്‍ ഒന്നാമതെത്തിയതാര്?
ഉത്തരം: ജാക് മാ
ബ്ലൂംബെര്‍ഗ് ബില്യണയര്‍ ഇന്‍ഡക്‌സ് പ്രകാരം ഇന്ത്യയിലെ ഏറ്റവും സമ്പന്നനാണ് മുകേഷ് അംബാനി. ലോകത്തിലെ സമ്പന്നന്മാരുടെ പട്ടികയില്‍ 19-ാമതാണ് അംബാനിയുടെ സ്ഥാനം. ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനിയായ അലിബാബയുടെ സ്ഥാപകനായ ജാക് മാ 18-ാമതാണ്. ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസ് തന്നെയാണ് ഇത്തവണയും ഒന്നാമത്. ബില്‍ഗേറ്റ്‌സാണ് പട്ടികയിലെ രണ്ടാമന്‍.

35. ഇന്ത്യയുടെ പുതിയ ഫിനാന്‍സ് സെക്രട്ടറിയായി നിയമിതനായതാര്?
ഉത്തരം: അജയ് ഭൂഷണ്‍ പാണ്ഡെ
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ കാബിനറ്റ് കമ്മിറ്റിയാണ് അജയ് ഭൂഷണ്‍ പാണ്ഡെയെ പുതിയ ഫിനാന്‍സ് സെക്രട്ടറിയായി നിയമിച്ചത്. ഫെബ്രുവരിയോടെ കാലാവധി അവസാനിച്ച രാജിവ് കുമാറിനു പകരക്കാരനായാണ് അദ്ദേഹം നിയമിതനായത്. കേന്ദ്രധനകാര്യ മന്ത്രാലയത്തിനു കീഴിലാണ് ഫിനാന്‍സ് സെക്രട്ടറി പ്രവര്‍ത്തിക്കുന്നത്.

36. പൊതുഗതാഗതം സൗജന്യമാക്കിയ ലോകത്തിലെ ആദ്യ രാജ്യമേത്?
ഉത്തരം: ലക്‌സംബര്‍ഗ്
യൂറോപ്പിലെ ഏറ്റവും ചെറിയ ഏഴാമത്തെ രാജ്യമാണ് ലക്‌സംബര്‍ഗ്. 2020 ഫെബ്രുവരി 29 മുതല്‍ക്കാണ് ഇവിടെ പൊതുഗതാഗതം സൗജന്യമാക്കിയത്. റോഡുകളിലെ ട്രാഫിക് ജാം കുറയ്ക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

37. ഏത് ബാങ്കാണ് 2020 ഏപ്രില്‍ ഒന്നുമുതല്‍ കനറാ ബാങ്കില്‍ ലയിക്കുന്നത്?
ഉത്തരം: സിന്‍ഡിക്കേറ്റ് ബാങ്ക്
10 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാലെണ്ണമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം തീരുമാനിച്ചിട്ടുണ്ട്. ഓറിയെന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷണല്‍ ബാങ്കിലും സിന്‍ഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിലും ആന്ധ്രാ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവ യൂണഇയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലും അലഹബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിലും ലയിക്കും. ലയനം ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ വരും.

38. ഇ-ഗവേണന്‍സിന്റെ ബോധവത്കരണാര്‍ഥം കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി?
ഉത്തരം: I am also digital
കേരള സംസ്ഥാന ഐ.ടി. മിഷന്റെയും സാക്ഷരതാ മിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് 'I am also digital' പദ്ധതി നടപ്പാക്കുന്നത്. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പരിചയപ്പെടുത്തുക, സൈബര്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനുള്ള ബോധവത്കരണം ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. തിരുവനന്തപുരം കോര്‍പ്പറേഷനിലാണ് പദ്ധതിയുടെ തുടക്കം.

39. സമഗ്രസംഭാവനയ്ക്കുള്ള ബി.ബി.സിയുടെ കായിക പുരസ്‌കാരം നേടിയതാര്?
ഉത്തരം: പി.ടി. ഉഷ
1980 മുതല്‍ 1996 വരെ ഒളിമ്പിക് മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധാനംചെയ്ത ഉഷയ്ക്ക് 1984-ല്‍ ലോസ് ആഞ്ജലീസില്‍ സെക്കന്‍ഡിന്റെ നൂറിലൊരംശത്തിനാണ് മെഡല്‍ നഷ്ടമായത്. 1985 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് സ്വര്‍ണം നേടി. 2019ലെ ഇന്ത്യയിലെ ഏറ്റവും മികച്ച കായികതാരത്തിനുള്ള പുരസ്‌കാരം ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു നേടി.

40. 2020ലെ ഐ.സി.സി വനിതാ ട്വന്റി20 ലോകകപ്പ് നേടിയ ടീം?
ഉത്തരം: ഓസ്‌ട്രേലിയ
ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് എട്ട് വരെ ഓസ്‌ട്രേലിയയിലായിരുന്നു ഇത്തവണത്തെ വനിതാ ട്വന്റി20 ലോകകപ്പ്. മെല്‍ബണഇല്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ 85 റണ്‍സിന് തോല്‍പ്പിച്ചു. ഓസ്‌ട്രേലിയയുടെ ബെത്ത് മൂണി ടൂര്‍ണമെന്റിലെ താരമായി. ഐ.സി.സിയുടെ ഏതെങ്കിലും ലോകകപ്പ് ഫൈനലില്‍ കളിക്കുന്ന പ്രായംകുറഞ്ഞ താരമെന്ന നേട്ടം ഇന്ത്യയുടെ ഷഫാലി വര്‍മ സ്വന്തമാക്കി.

41. 2020 വനിതാ ട്വന്റി20 ലോകകപ്പ് സെമിയില്‍ ഇന്ത്യയുടെ എതിരാളി?
ഉത്തരം: ഇംഗ്ലണ്ട്
മറ്റൊരു സെമിയില്‍, നിലവിലെ ജേതാക്കളായ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും. മാര്‍ച്ച് അഞ്ചിന് സിഡ്നിയിലാണ് സെമി മത്സരങ്ങള്‍. മാര്‍ച്ച് എട്ടിനാണ് ഫൈനല്‍.

42. സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപദ്ധതിയായ ലൈഫ് മിഷന്റെ ഉദ്ദേശ്യലക്ഷ്യമെന്ത്?
ഉത്തരം: സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ
ലൈഫ് മിഷന്‍ വഴി രണ്ടുലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം ഫെബ്രുവരി 29ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ലൈഫ് പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ 1,06,925 ഗുണഭോക്താക്കള്‍ അര്‍ഹരെന്നു കണ്ടെത്തിയിട്ടുണ്ട്. പ്രീഫാബ് സാങ്കേതികവിദ്യയിലാകും ഇവ നിര്‍മിക്കുക.

43. ഹോളിവുഡിലെ പ്രൊഡക്ഷന്‍ കമ്പനിയായ വാള്‍ട്ട് ഡിസ്‌നിയുടെ സി.ഇ.ഒ സ്ഥാനമൊഴിഞ്ഞതാര്?
ഉത്തരം: റോബര്‍ട്ട് ഐഗര്‍
ചീഫ് എക്‌സിക്യുട്ടീവ് പദവി ഒഴിയുന്ന ഐഗര്‍ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ പദവി ഏറ്റെടുക്കും. 2021 ഡിസംബര്‍ 31 വരെയാണ് കാലാവധി. കമ്പനിയുടെ ഏതാണ്ട് 100 വര്‍ഷത്തെ ചരിത്രത്തിലെ ആറാമത്തെ സി.ഇ.ഒ. ആണ് സ്ഥാനമൊഴിയുന്ന ഐഗര്‍. 2005 മുതല്‍ അദ്ദേഹം ഈ സ്ഥാനത്ത് തുടരുകയാണ്. ഡിസ്നി പാര്‍ക്സിന്റെ മേധാവി ബോബ് ചാപക് ആയിരിക്കും പുതിയ സി.ഇ.ഒ.

44. ഐ.ക്യു. എയര്‍ വിഷ്വലിന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ ഏറ്റവും മലിനമായ തലസ്ഥാനം?
ഉത്തരം: ന്യൂഡല്‍ഹി
അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം പരിശോധിക്കുന്ന കമ്പനിയാണ് ഐക്യുഎയര്‍ എയര്‍വിഷ്വല്‍. റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ 30 മലിന നഗരങ്ങളില്‍ ഇരുപത്തിയൊന്നും ഇന്ത്യയിലാണ്. ഗാസിയാബാദിലെ (യു.പി.) വായുവാണ് ശ്വസിക്കാന്‍ ഒട്ടും കൊള്ളാത്തത്. ലോകത്തെ ഏറ്റവും ദുഷിച്ച വായുവുള്ള രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ബംഗ്ലാദേശ്, പാകിസ്താന്‍, മംഗോളിയ, അഫ്ഗാനിസ്താന്‍ എന്നിവയാണ് ഒന്നുമുതല്‍ നാലുവരെ സ്ഥാനത്തുള്ളത്.

45. പ്രഥമ ഖേലോ യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ഒന്നാമതെത്തിയ സര്‍വകലാശാലയേത്?
ഉത്തരം: പഞ്ചാബ് സര്‍വകലാശാല
ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 01 വരെ ഒഡിഷ തലസ്ഥാനമായ ഭുവനേശ്വറിലെ കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്‌നോളജി യൂണിവേഴ്‌സിറ്റിയില്‍ വച്ചായിരുന്നു പ്രഥമ ഖേലോ യൂണിവേഴ്‌സിറ്റി ഗെയിംസ് സംഘടിപ്പിച്ചത്. 17 സ്വര്‍ണവും 18 വെള്ളിയും 10 വെങ്കലവുമായി 45 മെഡലുകള്‍ നേടിയാണ് പഞ്ചാബ് സര്‍വകലാശാല വിജയികളായത്. 37ഉം 32ഉം മെഡലുകള്‍ നേടിയ സാവിത്രിഭായ് ഫൂലെ പുണെ സര്‍വകലാശാല, പട്യാലയിലെ പഞ്ചാബി യൂണിവേഴ്‌സിറ്റി എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.

46. പുതുതായി സംരക്ഷണപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ദേശാടന ജീവികളില്‍ പെടാത്തതേത്?
ഉത്തരം:ഇന്ത്യന്‍ ലെപ്പേര്‍ഡ്
ദേശാടനംനടത്തുന്ന ഏഴ് ജീവികളെക്കൂടി സംരക്ഷണപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കണ്‍സര്‍വേഷന്‍ ഓഫ് മൈഗ്രേറ്ററി സ്പീഷീസ് ഓഫ് വൈല്‍ഡ് ആനിമല്‍ (സി.എം.എസ്.) സമ്മേളനത്തിലാണ് തീരുമാനമായത്. ഏഷ്യന്‍ ആന, ജാഗ്വാര്‍, ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ്, ബംഗാള്‍ ഫ്‌ളോറിക്കന്‍, ലിറ്റില്‍ ബസ്റ്റാര്‍ഡ്, ആന്റിപോഡിയന്‍ ആല്‍ബട്രോസ്, ഓഷ്യാനിക് വൈറ്റ് ടിപ് ഷാര്‍ക് എന്നിവയെയാണ് ഗുജറാത്തിലെ ഗാന്ധിനഗറില്‍നടന്ന സമ്മേളനത്തില്‍ അതീവശ്രദ്ധ വേണ്ട ഒന്നാംപട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇവയില്‍ പലതും നേരത്തേതന്നെ ഐ.യു.സി. എന്നിന്റെ ചുവപ്പുപട്ടികയില്‍ ഉള്‍പ്പെട്ടവയാണ്. ഫെബ്രുവരി 17 മുതല്‍ 22 വരെ നടന്ന സമ്മേളനത്തില്‍ 131 രാഷ്ട്രങ്ങളിലെ വിവിധ സ്ഥാപനങ്ങളില്‍നിന്നും ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി സംഘടനകളില്‍നിന്നുമായി 263 പ്രതിനിധികള്‍ പങ്കെടുത്തു.

47. 2020ലെ ദേശീയ ശാസ്ത്രദിനത്തിന്റെ പ്രമേയ വിഷയമെന്തായിരുന്നു?
ഉത്തരം: Women in Science
1986 മുതല്‍ വര്‍ഷവും ഫെബ്രുവരി 28നാണ് ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നത്. പ്രമുഖ ഭൗതികശാസ്ത്രജ്ഞന്‍ സി.വി. രാമന് 1930 ഫെബ്രുവരി 28ന് നൊബേല്‍ സമ്മാനം ലഭിച്ചതിന്റെ സ്മരണാര്‍ഥമാണ് ശാസ്ത്രദിനം ആചരിക്കുന്നത്. 'രാമന്‍ പ്രഭാവം' കണ്ടെത്തിയതായിരുന്നു അദ്ദേഹത്തെ പുരസ്‌കാര നേട്ടത്തിനര്‍ഹനാക്കിയത്.

48. അടുത്തിടെ വിരമിച്ച ടെന്നീസ് പ്ലെയര്‍ മരിയ ഷറപ്പോവയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവനയേത്
ഉത്തരം: 2017ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവ്
റഷ്യന്‍ ടെന്നിസ് പ്ലെയറായ മരിയ ഷറപ്പോവ 32-ാം വയസ്സിലാണ് ടെന്നീസിനോട് വിടപറഞ്ഞത്. രണ്ട് തവണ ഫ്രഞ്ച് ഓപ്പണ്‍ (2012, 2014), ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ (2008), യു.എസ്. ഓപ്പണ്‍ (2006), വിംബിള്‍ഡണ്‍ (2004) എന്നിവ ഓരോ തവണയും ഷറപ്പോവ സ്വന്തമാക്കിയിട്ടുണ്ട്.

49. ഫെബ്രുവരി 26ന് അന്തരിച്ച ഹൊസ്‌നി മുബാറക്ക് ഏത് രാജ്യത്തിന്റെ മുന്‍പ്രസിഡന്റായിരുന്നു?
ഉത്തരം: ഈജിപ്ത്
ഈജിപ്തിന്റെ മുന്‍ പ്രസിഡന്റായിരുന്ന ഹൊസ്‌നി മുബാറക്ക് 1928 മേയ് നാലിനാണ് ജനിച്ചത്. 1981 മുതല്‍ 2011 വരെ നീണ്ട 30 വര്‍ഷത്തോളം പ്രസിഡന്റ് പദവി നിര്‍വഹിച്ചു. 2020 ഫെബ്രുവരി 26നാണ് അന്തരിച്ചത്.

50. ട്രിപ്പ് അഡൈ്വസര്‍ തിരഞ്ഞെടുത്ത 2020ലെ ലോകത്തെ ഏറ്റവും മികച്ച ട്രെന്‍ഡിങ് വിനോദസഞ്ചാര കേന്ദ്രം?
ഉത്തരം: കൊച്ചി
യാത്രക്കാര്‍ ഇഷ്ടപ്പെടുന്നതും കൂടുതലായി ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്നതും തലേ വര്‍ഷത്തെ അപേക്ഷിച്ച് അവലോകനങ്ങളിലും റേറ്റിങ്ങുകളിലും മുന്നിട്ടുനില്‍ക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് പ്രമുഖ ട്രാവല്‍ സൈറ്റായ ട്രിപ് അഡൈ്വസറിലെ ട്രെന്‍ഡിങ് വിഭാഗത്തില്‍ ഉള്ളത്. ഫിലിപ്പീന്‍സിലെ ലുസോന്‍, പോര്‍ച്ചുഗലിലെ പോര്‍ട്ടോ എന്നിവയാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനത്തുള്ളത്. 
<സമകാലികം: മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (ENGLISH) -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here