കറന്റ് അഫയേഴ്‌സ് (സമകാലികം) 2020 ജനുവരി: ചോദ്യോത്തരങ്ങള്‍ - (പേജ്: 01)
1. ലോകാരോഗ്യസംഘടന ആഗോളതലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് എന്തുമായി ബന്ധപ്പെട്ടാണ്?
- കൊറോണ വൈറസ് ബാധ
ചൈനയിലെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകാരോഗ്യസംഘടന ആഗോളതലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചൈനക്ക് പുറത്തേക്ക് ഇരുപതു രാജ്യങ്ങളിലേക്ക് രോഗം പടരുന്ന സാഹചര്യത്തിലാണ് നടപടി. ജനീവയില്‍ ചേര്‍ന്ന ലോകാരോഗ്യസംഘടനയുടെ അടിയന്തര യോഗത്തിലാണ് തീരുമാനം.

2. വാട്‌സ് ആപ്പിനു പകരം സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ ആശയവിനിമയത്തിനായി കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുന്ന പുതിയ മൊബൈല്‍ ആപ്ലിക്കേഷന്റെ പേര്?
- ജിംസ്
ഗവണ്‍മെന്റ് ഇന്‍സ്റ്റന്റ് മെസേജിങ് സിസ്റ്റം എന്നതിന്റെ ചുരുക്ക രൂപമാണ് ജിംസ്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററാണ് ഇത് വികസിപ്പിക്കുന്നത്. വാട്‌സ് ആപ്പ് ഫീച്ചറുകളെല്ലാം ഉള്‍പ്പെടുത്തിയാണ് പുതിയ സംവിധാനം തയ്യാറാക്കുന്നത്.

3. സംസ്ഥാന പേരന്റ്‌സ് ആന്റ് ടീച്ചേഴ്‌സ് അസോസിയേഷന്റെ അക്ഷരം ഗുരുശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചതാർക്ക് ?
എം.ടി.വാസുദേവന്‍ നായര്‍
സാഹിത്യ-സാംസ്‌കാരിക മേഖലയിലെ ഗുരുക്കന്മാരെ ആദരിക്കുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന പുരസ്‌കാരമാണിത്.

4. ഗ്രാമി പുരസ്‌കാരം ഏത് രംഗത്തെ മികവിനുള്ളതാണ്?
- സംഗീതം
അമേരിക്കയിലെ ദ റെക്കോഡിങ് അക്കാദമിയാണ് സംഗീത രംഗത്തെ മികവിന് എല്ലാ വര്‍ഷവും ഗ്രാമി അവാര്‍ഡ് നല്‍കുന്നത്. ഗ്രാമ ഫോണ്‍ അവാര്‍ഡ് എന്നതിന്റെ ചുരുക്കപ്പേരാണ് ഗ്രാമി. 1959-ലാണ് ഈ അവാര്‍ഡ് ആദ്യമായി നല്‍കിയത്. 62-ാമത് അവാര്‍ഡ് 2020 ജനുവരി 27-ന് പ്രഖ്യാപിച്ചു. മികച്ച ഗാനം, ആല്‍ബം, റെക്കോഡ്, പുതുമുഖ സംഗീതജ്ഞ, ആല്‍ബം ഓഫ് ദ ഇയര്‍ എന്നിങ്ങനെ അഞ്ച് പുരസ്‌കാരങ്ങള്‍ നേടി ബില്ലി ഐലിഷ് എന്ന 18കാരി ഇത്തവണ റെക്കോഡിട്ടു.

5. പത്മശ്രീ ലഭിച്ച കേരളത്തില്‍നിന്നുള്ള നോക്കുവിദ്യ പാവകളി കലാകാരി?
- മൂഴിക്കല്‍ പങ്കജാക്ഷി
കേരളത്തില്‍നിന്നുള്ള നോക്കുവിദ്യ പാവകളി കലാകാരി മൂഴിക്കല്‍ പങ്കജാക്ഷി, സാമൂഹികപ്രവര്‍ത്തക എം.കെ. കുഞ്ഞോള്‍, സസ്യവര്‍ഗീകരണ ശാസ്ത്രജ്ഞന്‍ കെ.എസ്.മണിലാല്‍, സാഹിത്യകാരന്‍ എന്‍. ചന്ദ്രശേഖരന്‍ നായര്‍, സാമൂഹികപ്രവര്‍ത്തകന്‍ സത്യനാരായണന്‍ മുണ്ടയൂര്‍ എന്നിവര്‍ ഉള്‍പ്പെടെ 118പേര്‍ പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി.

6. കേന്ദ്ര സര്‍ക്കാര്‍ ജനുവരി 27-ന് ഒപ്പുവെച്ച ബോഡോ ഉടമ്പടി ഏത് സംസ്ഥാനത്തെ ബോഡോ തീവ്രവാദം അവസാനിപ്പിക്കാനുള്ളതാണ്?
- അസം
അസമിലെ ബോഡോ വിഭാഗക്കാര്‍ക്ക് പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യവുമായി സായുധ പോരാട്ടം നടത്തുന്നവരാണ് ബോഡോ സായുധ സംഘങ്ങള്‍. 27 വര്‍ഷത്തിനിടെ ബോഡോ പ്രക്ഷോഭകാരികളുമായി കേന്ദ്ര സര്‍ക്കാര്‍ ഒപ്പിടുന്ന മൂന്നാമത്തെ കരാറാണ് ഇത്തവണത്തേത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ സാന്നിധ്യത്തില്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ് സോനേവാളാണ് ബോഡോ സംഘടനകളുടെ നേതാക്കള്‍ക്കൊപ്പം കരാറില്‍ ഒപ്പിട്ടത്.

7. കേരളത്തിൽ നിന്നും പത്മഭൂഷണ്‍ ലഭിച്ചത് ആർക്ക്?
- ശ്രീ എം, എൻ.ആർ.മാധവ മേനോൻ (മരണാനന്തരം)
രണ്ട് മലയാളികൾക്കു പത്മഭൂഷണ്‍ ലഭിച്ചു. ശ്രീ എം, എൻ.ആർ.മാധവ മേനോൻ (മരണാനന്തരം) എന്നിവർക്കാണ് പുരസ്കാരങ്ങൾ. സയിദ് മൂവാസം അലി (മരണാനന്തരം), മുസാഫർ ഹുസൈൻ ബൈഗ്, അജോയ് ചക്രവർത്തി, മനോജ് ദാസ്, ബാലകൃഷ്ണ ദോഷി, കൃഷ്ണമ്മാൾ ജഗന്നാഥൻ‌, എസ്.സി. ജാമിര്‍, അനിൽ പ്രകാശ് ജോഷി, സെറിങ് ലൻഡോൽ, ആനന്ദ് മഹീന്ദ്ര, മനോഹർ പരീക്കർ (മരണാനന്തരം), ജഗദീഷ് ഷേത്, പി.വി. സിന്ധു, വേണു ശ്രീനിവാസൻ എന്നിവരാണ് മറ്റു പത്മഭൂഷൺ ജേതാക്കൾ.

8. ഏത് കലയിലെ മികവിനാണ് 2020-ല്‍ ചാന്നുലാല്‍ മിശ്രയ്ക്ക് പദ്മവിഭൂഷന്‍ ലഭിച്ചത്?
- ഹിന്ദുസ്ഥാനി സംഗീതം
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയാണ് പദ്മ വിഭൂഷന്‍. ഏഴ് പേര്‍ക്കാണ് ഇത്തവണ പദ്മ വിഭൂഷന്‍ ലഭിച്ചത്. സോഷ്യലിസ്റ്റ് നേതാവ് ജോര്‍ജ് ഫെര്‍ണാണ്ടസ്, മുന്‍ കേന്ദ്ര മന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, സുഷമ സ്വരാജ്, ഉടുപ്പി മഠാധിപതിയായിരുന്ന വിശ്വേശതീര്‍ഥ സ്വാമി എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായി പദ്മവിഭൂഷന്‍ സമര്‍പ്പിച്ചു. ബോക്‌സിങ് താരം മേരികോം, മൗറീഷ്യസ് പൊതുപ്രവര്‍ത്തകന്‍ അനിറൂഡ് ജഗ്നാഥ് എന്നിവരാണ് ചാന്നുലാല്‍ മിശ്രയ്ക്ക് പുറമെ പദ്മവിഭൂഷന്‍ നേടിയ ജീവിച്ചിരിക്കുന്നവര്‍. 16 പേര്‍ക്ക് പദ്മ ഭൂഷനും 118 പേര്‍ക്ക് പദ്മശ്രീയും ഇത്തവണ സമ്മാനിച്ചു.

9. അന്താരാഷ്ട്ര സസ്യ ആരോഗ്യവര്‍ഷം (International Year of Plant Health - IYPH) ആയി ആചരിക്കാന്‍ തീരുമാനിച്ചത് ഏത് വർഷമാണ്?
- 2020
ഐക്യരാഷ്ട്രസഭയുടെ 2018ലെ ജനറല്‍ അസംബ്ലിയിലാണ് 2020 അന്താരാഷ്ട്ര സസ്യ ആരോഗ്യവര്‍ഷം (International Year of Plant Health - IYPH) ആയി ആചരിക്കാന്‍ തീരുമാനമായത്. 2030 ആകുമ്പോഴേക്കും സസ്യാരോഗ്യത്തിലൂടെ സുസ്ഥിര വികസനം എന്ന കാഴ്ചപ്പാട് പ്രാവര്‍ത്തികമാക്കാനാണ് എഫ്.എ.ഒ ശ്രമിക്കുന്നത്.

10. അമേരിക്കയില്‍ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട കോബി ബ്രയാന്റ് ഏത് കളിയിലെ ലോക പ്രശസ്ത താരമായിരുന്നു?
- ബാസ്‌കറ്റ് ബോള്‍
അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസമായ കോബി ബ്രയന്റ്‌റ്(41 വയസ്സ്) ജനുവരി 26-നാണ് കാലിഫോര്‍ണിയയിലെ കലബസാസില്‍ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്. അഞ്ചുതവണ ലോകചാമ്പ്യന്‍, 18 തവണ ഓള്‍ സ്റ്റാര്‍, മോസ്റ്റ് വാല്യബിള്‍ പ്ലെയര്‍, രണ്ട് തവണ ഒളിമ്പിക് സ്വര്‍ണ മെഡല്‍ തുടങ്ങിയ നേട്ടങ്ങള്‍ കോബി ബ്രയന്റ് സ്വന്തമാക്കിയിട്ടുണ്ട്.

11. 71-ാമത് റിപ്പബ്ലിക് ദിനാചരണത്തോടനുബന്ധിച്ച് പാവങ്ങള്‍ക്ക് 10 രൂപയ്ക്ക് ഭക്ഷണം ലഭ്യമാക്കുന്ന ശിവ് ഭോജന്‍ സ്‌കീം തുടങ്ങിയത് ഏത് സംസ്ഥാന സര്‍ക്കാരാണ്?
- മഹാരാഷ്ട്ര
സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഒരു ശിവ ഭോജന്‍ കാന്റീന്‍ തുടങ്ങാനാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനം. പദ്ധതി വിജയിച്ചാല്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ കാന്റീന്‍ തുടങ്ങും. 6.4 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നത്.

12. ഇന്ത്യയും ഏത് രാജ്യവും തമ്മില്‍ നടക്കുന്ന ഉന്നതതല ചര്‍ച്ചകളാണ് ഗംഗ-വോള്‍ഗ ഡയലോഗ് എന്നറിയപ്പെടുന്നത്?
- ഇന്ത്യയും റഷ്യയും
ജനുവരി 22-ന് ഡല്‍ഹിയിലായിരുന്നു ചര്‍ച്ച. ഗംഗ-വോള്‍ഗ ഡയലോഗ് ഒഫ് സിവിലൈസേഷന്‍ എന്നായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയുടെ മുഴുവന്‍ പേര്. 2018-ല്‍ നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദമിര്‍ പുടിനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഉരുത്തിരിഞ്ഞ ആശയമാണ് കൂടുതല്‍ സഹകരണത്തിനുള്ള ഗംഗ-വോള്‍ഗ ഡയലോഗ്. പരസ്പര ബന്ധം മെച്ചപ്പെടുത്താനുള്ള സാധ്യതകളാണ് ഇത്തവണത്തെ ചര്‍ച്ചയില്‍ പ്രധാനമായി നടന്നത്. റഷ്യയുടെ ദേശീയ നദിയായി പരിഗണിക്കപ്പെടുന്ന വോള്‍ഗ യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദിയാണ്.

13. ഒട്ടേറെപ്പേരുടെ മരണത്തിനിടയാക്കി ചൈനയില്‍ പടര്‍ന്നു പിടിക്കുന്ന പുതിയ വൈറസിന് ലോകാരോഗ്യ സംഘടന നല്‍കിയ പേരെന്ത്?
- 2019 നോവല്‍ കൊറോണ
ചൈനീസ് കോബ്ര, ചൈനാസ് ക്രയ്റ്റ് എന്നീ പാമ്പുകളാകാം ഈ വൈറസിന്റെ ഉറവിടം എന്നാണ് പ്രാഥമിക നിഗമനം. ജനിതക പരിശോധനയിലൂടെ ചൈനീസ് ശാസ്ത്രജ്ഞരാണ് ഈ നിഗമനത്തിലെത്തിയത്. ചൈനീസ് നഗരമായ വൂഹാനാണ് രോഗത്തിന്റെ പ്രഭവ കേന്ദ്രം. ചൈനയ്ക്ക് പുറമെ ഒട്ടേറെ വിദേശ രാജ്യങ്ങളിലും വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. 100-ലേറെപ്പേർ വൈറസ് ബാധിച്ച് മരിച്ചു.

14. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയുടെ എത്ര ശതമാനം ഓഹരികളാണ് കേന്ദ്ര സര്‍ക്കാര്‍ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്?
- 100 ശതമാനം
എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്‌സപ്രസിന്റെയും മുഴുവന്‍ ഓഹരികളും വില്‍ക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. സിങ്കപ്പുര്‍ എയര്‍ലൈന്‍സുമായി സഹകരിച്ചുള്ള സംയുക്ത സംരംഭമായ ഐസാറ്റ്‌സിന്റെ പകുതി ഓഹരികളും ഇതോടൊപ്പം വില്‍ക്കും.

15. ദേശീയ സമ്മദിതായക ദിനം എന്നായിരുന്നു?
- ജനുവരി 25
ഇലക്ഷന്‍ കമ്മിഷന്‍ നിലവില്‍ വന്നതിന്റെ സ്മരണയ്ക്കായാണ് ജനുവരി 25 എല്ലാ വര്‍ഷവും ദേശീയ സമ്മദിതായക ദിനമായി ആചരിക്കുന്നത്. 1950 ജനുവരി 25-നാണ് ഇന്ത്യയില്‍ ഇലക്ഷന്‍ കമ്മിഷന്‍ സ്ഥാപിതമായത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 324 പ്രകാരമാണ് ഇലക്ഷന്‍ കമ്മിഷന്‍ രൂപവത്കരിച്ചത്. 2011-ലാണ് ജനുവരി 25 വോട്ടേഴ്‌സ് ദിനമായി ആദ്യം ആചരിച്ചത്. 2020-ലേത് പത്താമത് സമ്മദിതായക ദിനാചരണമായിരുന്നു.

16. സ്വതന്ത്ര ഇന്ത്യയിലെ എത്രാമത് സെന്‍സസാണ് 2021-ല്‍ നടക്കാനിരിക്കുന്നത്?
- 8-ാമത്
1951-ലാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സെന്‍സസ് നടന്നത്. ഇന്ത്യയില്‍ ആദ്യ സെന്‍സസ് നടന്നത് 1872 ലാണ്. എന്നാൽ ശാസ്ത്രീയ രീതിയിൽ ആദ്യ സെന്‍സസ് നടന്നത് 1881-ലാണ്. 31 ചോദ്യങ്ങളടങ്ങുന്ന വിവര ശേഖരണമാണ് 2021-ലെ സെന്‍സസില്‍ നടക്കുന്നത്. 2020 സെപ്റ്റംബറില്‍ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങും.

17. 72-ാമത് കരസേന ദിനമായി ആചരിച്ചതെന്ന്?
- ജനുവരി 15
1949 ജനുവരി 15-നാണ് ഇന്ത്യന്‍ കരസേനയുടെ ആദ്യ ജനറലായി കെ.എം.കരിയപ്പ ചുമതലയേറ്റത്. ബ്രിട്ടനില്‍നിന്നുള്ള ഔദ്യോഗികമായ സൈനിക അധികാരക്കൈമാറ്റം കൂടിയായിരുന്നു ഇത്. 1953 ജനുവരി 14 വരെ കരിയപ്പ ഈ പദവിയില്‍ തുടര്‍ന്നു. സായുധ സേന വെറ്ററന്‍സ് ദിനമായി ആചരിക്കുന്നത് അദ്ദേഹത്തിന്റെ വിരമിക്കൽ ദിനമായ ജനുവരി 14 -നാണ്.

18. 2020-ലെ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് മത്സരം എവിടെവെച്ചാണ് നടക്കുന്നത്?
- ദക്ഷിണാഫ്രിക്ക
അണ്ടര്‍ 19 ലോകകപ്പിലെ നിലവിലെ ജേതാക്കളാണ് ഇന്ത്യ. ഉത്തര്‍പ്രദേശുകാരനായ പ്രിയം ഗാര്‍ഗാണ് ഇത്തവണ ഇന്ത്യയെ നയിക്കുന്നത്. 16 രാജ്യങ്ങളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്.

19. വിവര്‍ത്തന സാഹിത്യത്തിനുള്ള 2020-ലെ ക്രോസ് വേഡ് ബുക് പുരസ്‌കാരം നേടിയതാര്?
- എന്‍.പ്രഭാകരന്‍
മികച്ച ഇന്ത്യന്‍ എഴുത്തുകാര്‍ക്കുള്ള ഈ പുരസ്‌കാരം 1998-ലാണ് തുടങ്ങിയത്. 17-ാമത് പുരസ്‌കാരമാണ് ഇത്തവണ നല്‍കിയത്. മൂന്ന് ലക്ഷം രൂപയാണ് സമ്മാനത്തുക. വിവര്‍ത്തന വിഭാഗത്തിലെ ക്രോസ് വേഡ് ബുക് പുരസ്‌കാരമാണ് മലയാള സാഹിത്യകാരന്‍ എന്‍. പ്രഭാകരന് ലഭിച്ചത്. ഒരു മലയാളി ഭ്രാന്തന്റെ ഡയറി എന്ന കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്കാണ് പുരസ്കാരം. ജയശ്രീ കളത്തിലാണ് ഡയറി ഓഫ് എ മലയാളി മാഡ്മാന്‍ എന്ന പേരിലുള്ള ഇംഗ്ലീഷ് വിവര്‍ത്തനം തയ്യാറാക്കിയത്.

20. ഐ.എസ്.ആര്‍.ഒ. 2020 ജനുവരി 17-ന് വിജയകരമായി വിക്ഷേപിച്ച ജി സാറ്റ് 30 ഉപഗ്രഹം ഏത് വിഭാഗത്തില്‍ പെടുന്നതാണ്?
- വാര്‍ത്താ വിനിമയം
ഫ്രഞ്ച് ഗയാനയില്‍നിന്ന് ഏരിയന്‍ 5 റോക്കറ്റ് ഉപയോഗിച്ചാണ് ജി സാറ്റ് 30 വിജയകരമായി വിക്ഷേപിച്ചത്. 3357 കിലോഗ്രാമാണ് ഈ ഉപഗ്രഹത്തിന്റെ ഭാരം. 15 വര്‍ഷമാണ് ഇതിന്റെ പ്രവര്‍ത്തന കലാവധി.

21. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഇത്തവണ നേടിയതാര്?
- ബെന്‍ സ്‌റ്റോക്‌സ്
ഇംഗ്ലണ്ട് താരമാണ് ബെന്‍സ്‌റ്റോക്‌സ്. മികച്ച ഏകദിന താരത്തിനുള്ള പുരസ്‌കാരം ഇന്ത്യയുടെ രോഹിത് ശര്‍മയ്ക്കാണ്. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരവും 2019-ലെ ഐ.സി.സി. ടെസ്റ്റ്, ഏകദിന ടീം ക്യാപ്റ്റന്‍സിയും ഇന്ത്യയുടെ വിരാട് കോലി നേടി.

22. എ.പി. മഹേശ്വരി ഏത് അര്‍ധ സൈനിക വിഭാഗത്തിന്റെ ഡയരക്ടര്‍ ജനറലാണ്?
- സി.ആര്‍.പി.എഫ്.
ലോകത്തെ ഏറ്റവും വലിയ പാരാമിലിട്ടറി ഫോഴ്‌സാണ് സി.ആര്‍.പി.എഫ്. 3.25 ലക്ഷമാണ് ഈ ഫോഴ്‌സിന്റെ അംഗ ബലം. ജനുവരി 15-നാണ് ഐ.പി.എസ്. ഓഫീസറായ ആനന്ദ് പ്രകാശ് മഹേശ്വരി സി.ആര്‍.പി.എഫിന്റെ ഡയരക്ടര്‍ ജനറലായി ചുമതലയേറ്റത്.

23. താഴെപ്പറയുന്ന ഏത് ഡാമിന്റെ ശില്പിയാണ് ജോണ്‍ പെന്നി ക്വിക്ക്?
- മുല്ലപ്പെരിയാര്‍
പെന്നിക്വിക്കിന്റെ ജന്മ ദിനമായ ജനുവരി 15-ന് തമിഴ്‌നാട് സര്‍ക്കാര്‍ 2020 മുതല്‍ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ബ്രിട്ടീഷ് ആര്‍മി എന്‍ജിനറായിരുന്ന പെന്നിക്വിക്ക് മദ്രാസ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

24. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ 2020-ലെ നിശാഗന്ധി പുരസ്‌കാരം ലഭിച്ചതാര്‍ക്ക്?
- ഡോ. സി.വി. ചന്ദ്രശേഖര്‍
സംഗീതം, നൃത്തം എന്നിവയില്‍ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കാനായി 2013 മുതല്‍ നല്‍കിവരുന്നതാണ് നിശാഗന്ധി പുരസ്‌കാരം. ആദ്യ പുരസ്‌കാരം 2013-ല്‍ മൃണാളിനി സാരാഭായിക്ക് ലഭിച്ചു. ഭരതനാട്യ പണ്ഡിതനും നര്‍ത്തകനുമാണ് ഡോ. സി.വി. ചന്ദ്രശേഖര്‍. ഒന്നര ലക്ഷം രൂപയും ഭരത മുനിയുടെ വെങ്കല ശില്പവുമടങ്ങുന്നതാണ് നിശാഗന്ധി പുരസ്‌കാരം.

25. മിഖായേല്‍ മിഷുസ്തിന്‍ ഏത് രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയാണ്?
- റഷ്യ
2012 മുതല്‍ റഷ്യന്‍ പ്രധാനമന്ത്രി പദവി വഹിച്ചിരുന്ന ദിമിത്രി മെദ് വദേവ് രാജിവെച്ചതിനെത്തുടര്‍ന്നാണ് പുതിയ പ്രധാനമന്ത്രിയായി മിഖേയാല്‍ മിഷുസ്തിനെ പ്രസിഡന്റ് വ്ളാദമിർ പുതില്‍ ശുപാര്‍ശ ചെയ്തത്. 2010 മുതല്‍ ഫെഡറല്‍ ടാക്‌സ് സര്‍വീസ് മേധാവിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു മിഷുസ്തിന്‍.

26. പെന്റഗണ്‍ ഏത് രാജ്യത്തിന്റെ പ്രതിരോധ ആസ്ഥാനമാണ്?
- അമേരിക്ക
ഇറാന്റെ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ചതില്‍ പ്രതിഷേധിച്ച് യു.എസ്.സൈന്യത്തെയും പ്രതിരോധ ആസ്ഥാനമായ പെന്റഗണെയും ഇറാന്‍ പാര്‍ലമെന്റ് ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ജനുവരി അഞ്ചിനാണ് ബാഗ്ദാദില്‍വെച്ച് സുലൈമാനിയെ യു.എസ്. വ്യോമാക്രമണത്തിലൂടെ വധിച്ചത്.

27. റിസര്‍വ് ബാങ്ക് തത്വത്തില്‍ അനുമതി നല്‍കിയ സഹകരണ മേഖലയിലെ ആദ്യ ചെറു ബാങ്കായ ശിവാലിക് മര്‍ക്കന്റൈല്‍ സഹകരണ ബാങ്ക് ഏത് സംസ്ഥാനത്താണ്?
- ഉത്തര്‍പ്രദേശ്
അര്‍ബന്‍ സഹകരണ ബാങ്കുകളെ ചെറുകിട ബാങ്കുകളാക്കാനുള്ള നയത്തിന്റെ ഭാഗമായാണ് റിസര്‍വ് ബാങ്ക് ശിവാലിക് സഹകരണ ബാങ്കിന് തത്വത്തില്‍ അനുമതി നൽകിയത്. ഉത്തര്‍പ്രദേശിലെ സഹാരന്‍പുരിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 18 മാസം കൊണ്ട് റിസര്‍വ് ബാങ്ക് നിബന്ധനകള്‍ പാലിച്ചാല്‍ ശിവാലികിന് ചെറുബാങ്ക് പദവി ലഭിക്കും.

28. അന്താരാഷ്ട്ര കാലാവസ്ഥ സംഘടനയുടെ ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ട് പ്രകാരം 1901-നു ശേഷം ഏറ്റവും ചൂടുകൂടിയ എത്രാമത്തെ വര്‍ഷമായിരുന്നു 2019?
- ഏഴാമത്
അന്താരാഷ്ട്ര കാലാവസ്ഥാ ഓര്‍ഗനൈസേഷന്റെ 2019-ലെ കാലാവസ്ഥാ റിപ്പോര്‍ട്ട് 2020 ജനുവരി 7-നാണ് പ്രസിദ്ധീകരിച്ചത്. 2016-ലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ വര്‍ഷം.

29. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പാക്കിയത് എന്ന് മുതലാണ്?
- 2020 ജനുവരി 1
കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി തുടങ്ങിയത്. 2020 ജനുവരി 1 മുതല്‍ ഈ സംസ്ഥാനങ്ങളിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇവയില്‍ ഏത് സംസ്ഥാനത്തെ റേഷന്‍ കടയില്‍നിന്നും റേഷന്‍ സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യമൊരുക്കുന്നതാണ് പദ്ധതി.

30. ഇന്ത്യയുടെ പുതിയ കരസേന മേധാവി?
- മനോജ് മുകുന്ദ് നരവണെ
2019 ഡിസംബര്‍ 31-നാണ് നരവണെ കരസേന മേധാവിയായി ചുമതലയേറ്റത്. ബിപിന്‍ റാവത്ത് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി ചുമതലയേറ്റതിനെത്തുടര്‍ന്നാണ് അദ്ദേഹം വഹിച്ചിരുന്ന കരസേന മേധാവി പദവിയിലേക്ക് നരവണെ എത്തിയത്. രാജ്യത്തിന്റെ 28-ാമത് കരസേന മേധാവിയാണ് ഇദ്ദേഹം.

31. ജസ്റ്റിസ് ഹേമ കമ്മറ്റി ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്?
- സിനിമ
സിനിമയിലെ സ്ത്രീകളുടെ തൊഴില്‍സാഹചര്യം പരിശോധിച്ച് പ്രശ്‌ന പരിഹാരം നിര്‍ദേശിക്കാനായി സംസ്ഥാന സര്‍ക്കാര്‍ രൂപവത്കരിച്ച കമ്മറ്റിയാണ് ജസ്റ്റിസ് ഹേമ കമ്മറ്റി. കമ്മിറ്റി റിപ്പോര്‍ട്ട് 2019 ഡിസംബര്‍ 31-ന് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു.

32. ഏത് സംസ്ഥാന സര്‍ക്കാരാണ് പെണ്‍കുട്ടികളുടെ വിവാഹത്തിന് 10 ഗ്രാം സ്വര്‍ണം സമ്മാനമായി നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചത്?
- അസം
വിവാഹം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് അസം സര്‍ക്കാരിന്റെ ഈ സമ്മാന പദ്ധതി. 2020 ജനുവരി 1-ന് പദ്ധതി നിലവില്‍ വന്നു. വധു പത്താം ക്ലാസ് വരെയെങ്കിലും പഠിച്ചിരിക്കണം, കുടുംബത്തിന്റെ വാര്‍ഷിക വരുമാനം അഞ്ചു ലക്ഷം രൂപയില്‍ താഴെയായിരിക്കണം തുടങ്ങിയ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് പദ്ധതി നടപ്പാക്കുന്നത്.

33. ജനുവരി 7-ന് കോയമ്പത്തൂരില്‍ അന്തരിച്ച അക്ബര്‍ പദംസി ഏത് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു?
- ചിത്രകല
അക്ബര്‍ പദംസിയുടെ 'റിക്ലൈനിങ് നൂഡ' എന്ന ചിത്രം 2011-ല്‍ 10 കോടിയിലധികം രൂപയ്ക്കാണ് വിറ്റത്. 2010-ല്‍ പദ്മഭൂഷണ്‍ ലഭിച്ചിട്ടുണ്ട്. ലളിത കലാ അക്കാദമിയുടെ ഫെലോഷിപ്പ്, സ്വര്‍ണമെഡല്‍ എന്നിവയടക്കം ഒട്ടേറെ ബഹുമതികള്‍ നേടിയിട്ടുണ്ട്.

34. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തിക പിന്നാക്കക്കാര്‍ക്ക് സംവരണത്തിനുള്ള സാമ്പത്തിക പരിധി എത്രയായാണ് കേരള സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്?
- നാല് ലക്ഷം
കുടുംബ വാര്‍ഷിക വരുമാനം നാല് ലക്ഷത്തില്‍ കവിയാത്ത മുന്നാക്ക വിഭാഗക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജോലികളില്‍ പത്ത് ശതമാനം സാമ്പത്തിക സംവരണം ലഭിക്കും. സംവരണം നടപ്പാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിർദേശിക്കാനായി സംസ്ഥാന സർക്കാർ രൂപവത്കരിച്ച ജസ്റ്റിസ് കെ. ശ്രീധരൻ നായർ കമ്മിഷന്റെ റിപ്പോർട്ട് അനുസരിച്ചാണ് വരുമാന പരിധി നാല് ലക്ഷമാക്കിയത്. കേന്ദ്ര സർക്കാർ 8 ലക്ഷം രൂപയാണ് സാമ്പത്തിക സംവരണത്തിനുള്ള വരുമാന പരിധിയായി നിശ്ചയിച്ചിരിക്കുന്നത്.

35. ശബരിമല പുന:പരിശോധന ഹര്‍ജികളില്‍ തീര്‍പ്പുകല്പിക്കാന്‍ സുപ്രിം കോടതി രൂപവത്കരിച്ച ബെഞ്ചില്‍ എത്ര ജഡ്ജിമാരാണുള്ളത്?
- ഒമ്പത്
ചിഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയാണ് ഒമ്പതംഗ ബെഞ്ചിന്റെ അധ്യക്ഷന്‍. പുന:പരിശോധനാ ഹര്‍ജികളില്‍ ജനുവരി 13 മുതല്‍ ബെഞ്ച് വാദം കേള്‍ക്കും. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ട് 2018 സെപ്റ്റംബര്‍ 28-നാണ് വിധി പറഞ്ഞത്. ഇതിനെതിരെയുള്ള പുന:പരിശോധന ഹര്‍ജികളാണ് പുതിയ ബെഞ്ച് വിശദമായ വാദത്തിന് പരിഗണിക്കുന്നത്.

36. മാൾട്ടയുടെ പുതിയ പ്രധാനമന്ത്രി
- റോബർട്ട് അബെല

37. 2020 ജനുവരിയിൽ ആൻഡ്രോയിഡ് ഫോണുകളെ ബാധിച്ച മാൽവേർ
- Shopper

38. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി ദുർബല വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് വീടിനകത്തും പുറത്തും  സുരക്ഷിതമായ  ജീവിതം ഉറപ്പാക്കുന്നതിനായുള്ള കേരള പോലീസിന്റെ പദ്ധതി
- കവചം പദ്ധതി
കുട്ടികള്‍ ശാരീരിക ലൈംഗിക പീഡനങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും ഇരയാകുന്നത് തടയാന്‍ ‘കവചം’ എന്ന പേരില്‍ പൊലീസ് പുതിയ പദ്ധതി നടപ്പാക്കും. ഇതേ പേരില്‍ കണ്ണൂര്‍ റേഞ്ചില്‍ നടപ്പാക്കിയ പദ്ധതിയാണ് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നത്.

39. സി.ആർ.പി.എഫ്  ന്റെ പുതിയ ഡയറക്ടർ  ജനറൽ
- എ.പി.മഹേശ്വരി
യു.പി കേഡറിലെ 1984 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. 2021 ഫെബ്രുവരി വരെ സർവിസ് കാലാവധിയുണ്ട്.

40. ഏത് വിഭാഗത്തിൽപ്പെട്ട  സ്കൂളുകളെയാണ് No Anger Zone/ Anger Free Zone ഗണത്തിൽ ഉൾപ്പെടുത്തിയത്
- സി.ബി.എസ്.ഇ

41. 2020 ജനുവരിയിൽ റിപ്പോർട്ട് സമർപ്പിച്ച മലയാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി പഠിക്കാനായി കേരള സർക്കാർ രൂപീകരിച്ച കമ്മീഷൻ
- ജസ്റ്റിസ് ഹേമ കമ്മീഷൻ
2017 ജൂലായ് മാസത്തിലാണ് സർക്കാർ ഹേമ കമ്മീഷന് രൂപം നൽകിയത്. രണ്ടര വർഷത്തെ തെളിവെടുപ്പിന് ശേഷമാണ് കമ്മീഷൻ ഇപ്പോൾ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.

42. നാഷണൽ ബുക്ക് ട്രസ്റ്റിന്ടെ പുതിയ ഡയറക്ടർ
- യുവരാജ് മാലിക്ക്

43. ലോക ഹിന്ദി ദിനമായി ആചരിക്കുന്നതെന്ന്?
- ജനുവരി 10
ഭാരത സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് എല്ലാ വര്‍ഷവും ജനുവരി 10-ന് ലോക ഹിന്ദി ദിനമായി ആചരിക്കുന്നത്. ലോകത്താകെ 43 കോടിപ്പേര്‍ ഹിന്ദി സംസാരിക്കുന്നതായാണ് കണക്ക്. 2006 മുതലാണ് ജനുവരി 10-ന് ലോക ഹിന്ദി ദിനമായി ആചരിച്ചു തുടങ്ങിയത്. ദേശീയ ഹിന്ദി ദിനമായി ആചരിക്കുന്നത് സെപ്റ്റംബര്‍ 14 ആണ്.

44. പോളി ഉമ്രിഗര്‍ അവാര്‍ഡ് ഏത് കായികയിനത്തിലെ മികവിനുള്ളതാണ്?
- ക്രിക്കറ്റ്
ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്(ബി.സി.സി.ഐ) നല്‍കിവരുന്ന അവാര്‍ഡാണ് പോളി ഉമ്രിഗര്‍ അവാര്‍ഡ്. ഇത്തവണത്തെ അവാര്‍ഡ് ജസ്പ്രിത് ബുംറയ്ക്കും വനിത സ്പിന്നര്‍ പൂനം യാദവിനും ലഭിച്ചു.

45. ഐക്യരാഷ്ട്ര സഭയുടെ എത്രാമത് വാര്‍ഷികമാണ് 2020-ല്‍?
- 75
1942 ജനുവരി ഒന്നിനാണ് അമേരിക്കന്‍ പ്രസിഡന്റ് ഫ്രാന്‍ങ്ക്‌ലിന്‍ ഡി. റൂസ് വെല്‍റ്റ് യുണൈറ്റഡ് നാഷന്‍സ് (ഐക്യരാഷ്ട്ര സഭ) എന്ന പേര് സംഘടനയ്ക്ക് പ്രഖ്യാപിച്ചത്. 1945 ജനുവരി 26ന് 50 രാജ്യങ്ങള്‍ യു.എന്‍.ചാര്‍ട്ടറില്‍ ഒപ്പുവെച്ചു. 1945 ഒക്ടോബര്‍ 24ന് ഐക്യരാഷ്ട്ര സംഘടന നിലവില്‍ വന്നു.

PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here