കറന്റ് അഫയേഴ്‌സ് (സമകാലികം) 2019 ഡിസംബർ (12 മുതൽ 31 വരെ) : ചോദ്യോത്തരങ്ങള്‍
1. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്റ്റ് ടാക്‌സ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി) ചെയര്‍മാനായി നിയമിതനായ മലയാളി ?
- ഡോ. ജോണ്‍ ജോസഫ് 
ഇന്ത്യന്‍ റെവന്യു സര്‍വീസിലെ 1983 ബാച്ച് ഓഫീസറാണ് ജോണ്‍ ജോസഫ്. ധനകാര്യ മന്ത്രാലയത്തില്‍ ടാക്‌സ് പോളിസി മെംബര്‍, റെവന്യു ഇന്റലിജന്‍സ് ഡയറക്ടറേറ്റ്, ജിഎസ്ടി ഇന്റലിജന്‍സ് ഡയറക്ടറേറ്റ് ജനറല്‍, കസ്റ്റംസ് പ്രിന്‍സിപ്പല്‍ കമ്മീഷ്ണര്‍ തുടങ്ങി നിരവധി മേഖലകളില്‍ സുപ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്‌ ജോണ്‍ ജോസഫ്.  കോഴിക്കോടാണ് സ്വദേശം. ജോണ്‍ ജോസഫിന്റെ മകള്‍ ചൈത്ര തേരേസ കേരള കേഡര്‍ ഐപിഎസ് ഓഫീസറാണ്. 

2. 2018-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച നോവല്‍ ?
- (ഉഷ്ണരാശി (കെ.വി. മോഹന്‍കുമാര്‍)
പുന്നപ്ര വയലാറിന്റെ പശ്ചാത്തലത്തില്‍ കെ.വി. മോഹന്‍ കുമാര്‍ എഴുതിയ 'ഉഷ്ണരാശി- കരപ്പുറത്തിന്റെ ഇതിഹാസം' ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് കരസ്ഥമാക്കി.

3. 2019-ലെ ദക്ഷിണേഷ്യന്‍ സാഹിത്യത്തിനുള്ള ഡി.എസ്.സി. പുരസ്‌കാരം നേടിയതാര്?
Answer: അമിതാഭ് ബാഗ്ച്ചി
ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരനായ അമിതാഭ് ബാഗ്ചിയുടെ ഹാഫ് ദ നൈറ്റ് ഈസ് ഗോണ്‍ എന്ന നോവലിനാണ് പുരസ്‌കാരം. 25,000 യു.എസ്.ഡോളറാണ് (ഏകദേശം 17.7 ലക്ഷം രൂപ) പുരസ്‌കാരത്തുക. ഡല്‍ഹി ഐ.ഐ.ടി. അധ്യാപകനാണ് ബാഗ്ചി. നേപ്പാളില്‍ വെച്ചായിരുന്നു ഇത്തവണത്തെ ഡി.എസ്.സി. സാഹിത്യോത്സവം.

4. ഏത് ഭാഷാ വിഭാഗത്തിലാണ് വി.മധുസൂദനന്‍ നായര്‍ക്ക്  ഈ വര്‍ഷം കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്?
- കവിത
 വി. മധുസൂദനന്‍ നായരുടെ അച്ഛന്‍ പിറന്ന വീട് എന്ന കവിതാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. മണ്ണും വെള്ളവും ആകാശവും അന്യമായ നഗരത്തില്‍ കഴിയുന്ന അച്ഛനും മകളുമാണ് വി.മധുസൂദനന്‍ നായര്‍ രചിച്ച അച്ഛന്‍ പിറന്ന വീട് എന്ന കവിതയിലെ പ്രമേയം. 

5. ലോക സാമ്പത്തിക ഫോറത്തിന്റെ 50-ാമത് വാര്‍ഷിക ഉച്ചകോടി എവിടെ വെച്ചാണ്?
Answer: ദാവോസ്
2020 ജനുവരി 21 മുതല്‍ 24 വരെയാണ് ലോക സാമ്പത്തിക ഫോറത്തിന്റെ 50-ാമത് വാര്‍ഷിക ഉച്ചകോടി നടക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രമുഖ നഗരമാണ് ദാവോസ്. ലോക നേതാക്കളും മന്ത്രിമാരുമടക്കം മൂവായിരത്തിലധികം പേര്‍ ഈ ഉച്ചകോടിയില്‍ പങ്കെടുക്കും. സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട ദാവോസ് മാനിഫെസ്റ്റോ 2020-ന് ഈ ഉച്ചകോടിയില്‍ രൂപം നല്‍കുമെന്നാണ് പ്രതീക്ഷ.

6. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍സിങ്ങിന്റെ ജന്മദിനമായ ഡിസംബര്‍ 23 ഏത് ദിനമായാണ് ഇന്ത്യയില്‍ ആചരിക്കുന്നത്?
Answer: കര്‍ഷക ദിനം
ഇന്ത്യയുടെ അഞ്ചാമത് പ്രധാനമന്ത്രിയാണ് ചൗധരി ചരണ്‍സിങ്. 1979 ജൂലായ് മുതല്‍ 1980 ജനുവരി വരെയായിരുന്നു ചരണ്‍സിങ് ഇന്ത്യയുടെ പ്രധാനമന്ത്രിയായത്. 2001 മുതലാണ് അദ്ദേഹത്തിന്റെ ജന്മദിനമായ ഡിസംബര്‍ 23 കര്‍ഷക ദിനമായി ആചരിക്കാന്‍ തുടങ്ങിയത്.

7.  യുനെസ്‌കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ മൊറോക്കോയിലെ പരമ്പരാഗത കലാരൂപം ?
- ഗ്നാവ സംഗീതം
വര്‍ഷങ്ങള്‍ പഴക്കമുള്ള മൊറോക്കോയിലെ കലാരൂപമാണ് ഗ്നാവ. ആഫ്രിക്കന്‍, സൂഫി സംസ്‌കാരവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഗ്നാവ സംഗീതത്തിന് ഗ്യൂന്‍ബ്രി എന്ന ഒരു വീണയും ക്രാകെബ്‌സ് എന്നറിയപ്പെടുന്ന സ്റ്റീല്‍ കാസ്റ്റനെറ്റസുമാണ് പിന്നണിയില്‍ ഉപയോഗിക്കുന്നത്. 

8. ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറിയായി നിയമിതനായതാര്?
Answer: ഹര്‍ഷ് വര്‍ധന്‍ ശൃംഗ്‌ല
അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതിയായി പ്രവര്‍ത്തിച്ചുവരുന്ന ഹര്‍ഷ് ശൃംഗ്‌ലയെ 2019 -ഡിസംബര്‍ 23-നാണ് കേന്ദ്ര ഗവണ്‍മെന്റ് പുതിയ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചത്. ജനുവരി 29-ന് ചുമതലയേല്‍ക്കും. നിലവിലെ വിദേശകാര്യ സെക്രട്ടറി വിജയ് കേശവ് ഗോഖലെ അതുവരെ തുടരും.

9. 43 വര്‍ഷത്തിനു ശേഷം ഈയിടെ വീണ്ടും പ്രധാനമന്ത്രിയെ നിയമിച്ച രാജ്യം?
Answer: ക്യൂബ
1959 മുതല്‍ 1976 വരെ ഫിദല്‍ കാസ്‌ട്രോ ആയിരുന്നു ക്യൂബയുടെ പ്രധാനമന്ത്രി. തുടര്‍ന്ന് അദ്ദേഹം പ്രസിഡന്റ് പദവിയിലേക്ക് മാറുകയും പ്രധാനമന്ത്രി പദവി എടുത്തുകളയുകയും ചെയ്തു. ഇപ്പോള്‍ ഈ പദവി തിരിച്ചുകൊണ്ടുവന്നിരിക്കയാണ് ക്യൂബ. ടൂറിസം മന്ത്രി മാനുവല്‍ മറീരോ ക്രൂസാണ് ക്യൂബയുടെ പുതിയ പ്രധാനമന്ത്രി.

10. പാകിസ്താന്‍ കോടതി വധശിക്ഷ വിധിച്ച പാകിസ്താന്‍ മുന്‍ പ്രസിഡന്റ് ?
- പര്‍വേസ്‌ മുഷറഫ്
2007 ല്‍ ഭരണഘടന അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തതിന് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കോടതി വധശിക്ഷ വിധിച്ചത്. പെഷവാറിലെ പ്രത്യേക കോടതിയാണ് വധശിക്ഷ വിധിച്ചത്. മുഷ്റഫ് കുറ്റക്കാരനാണെന്ന് 2014ല്‍ കോടതി കണ്ടെത്തിയിരുന്നു. 1999 മുതല്‍ 2008 വരെയാണ് മുഷ്‌റഫ് പ്രസിഡന്റായിരുന്നത്‌. 

11. ആരുടെ ജന്മദിനമാണ് ദേശിയ ഗണിത ശാസ്ത്ര ദിനമായി ആചരിക്കുന്നത്?
Answer: എസ്. രാമാനുജന്‍
ശ്രീനിവാസ രാമാനുജന്റെ ജന്മദിനമായ ഡിസംബര്‍ 22 ആണ് ദേശീയ ഗണിത ശാസ്ത്ര ദിനം. 2019 ഡിസംബര്‍ 22 അദ്ദേഹത്തിന്റെ 132-ാം ജന്മദിനമായിരുന്നു. 1887 ഡിസംബര്‍ 22-ന് തമിഴ്‌നാട്ടിലെ ഈറോട് ആണ് രാമാനുജന്‍ ജനിച്ചത്. 2012 മുതലാണ് ഡിസംബര്‍ 22 ദേശീയ ഗണിതശാസ്ത്ര ദിനമായി ആചരിച്ചു തുടങ്ങിയത്. ദേശീയ ഗണിതശാസ്ത്ര വര്‍ഷം കൂടിയായിരുന്നു 2012.

12. പന്നിയുടെയും കുരങ്ങിന്റെയും സങ്കരഇനത്തിനെ ലോകത്താദ്യമായി സൃഷ്ടിച്ചത്?
- ചൈനീസ് ഗവേഷകര്‍
കുരങ്ങിന്റെ ശരീര കലകള്‍ പേറുന്ന ഹൃദയം, കരള്‍, തൊലി എന്നിവയുള്ള രണ്ട് പന്നിക്കുഞ്ഞുങ്ങളെയാണ് ബീജിങ്ങിലെ സ്റ്റെംസെല്‍ ആന്‍ഡ് റീപ്രൊഡക്ടീവ് ബയോളജി ലബോറട്ടിയില്‍ ഗവേഷകര്‍ സൃഷ്ടിച്ചത്. എന്നാല്‍ പന്നിക്കുട്ടികള്‍ ജനിച്ചുവീണ് ഒരാഴ്ചക്കുള്ളില്‍ തന്നെ ചത്തതായും ചൈനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

13. 2019-ലെ ലോക ക്ലബ്ബ് ഫുട്‌ബോള്‍ കിരീടം നേടിയ ടീം?
Answer: ലിവര്‍പൂള്‍
ദോഹയില്‍ 2019 ഡിസംബര്‍ 21-ന് നടന്ന ഫൈനലില്‍ ബ്രസീലിയന്‍ ടീമായ ഫ്ളമെംഗോയെ പരാജയപ്പെടുത്തിയാണ് ഇംഗ്ലീഷ് ക്ലബ്ബായ ലിവര്‍ പൂള്‍ ലോക ചാമ്പ്യനായത്. ഫിഫ ക്ലബ്ബ് ഫുട്‌ബോളില്‍ ലിവര്‍പൂളിന്റെ ആദ്യ കിരീട നേട്ടമാണിത്.

14. യു.എസിന്റെ ചരിത്രത്തില്‍ ഇംപീച്ച്‌മെന്റ് നടപടി നേരിടുന്ന എത്രാമത്തെ പ്രസിഡന്റാണ് ട്രംപ്.
- മൂന്നാമത്തെ 
1868 ഫെബ്രുവരി 24ന് ആന്‍ഡ്രൂ ജോണ്‍സണ്‍ ഇംപീച്ച് ചെയ്യപ്പെട്ടു. 1974 ല്‍ റിച്ചാര്‍ഡ് നിക്‌സണ്‍ ഇംപീച്ച്‌മെന്റ് വിചാരണ നേരിട്ടു. 1998 ഡിസംബര്‍ 19ന് ബില്‍ ക്ലിന്റണ്‍ ഇംപീച്ച് ചെയ്യപ്പെട്ടു
2020-ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ പ്രധാന എതിരാളിയാകുമെന്ന് കരുതുന്ന ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനും മകന്‍ ഹണ്ടര്‍ ബൈഡനുംനേരെ കേസുകള്‍ കുത്തിപ്പൊക്കാന്‍ യുക്രൈന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തിയെന്ന കുറ്റത്തിന്മേലാണ് ട്രംപിനെ ഇംപീച്ച് ചെയ്തത്.

15. കേരള സാഹിത്യ അക്കാദമിയുടെ 2018-ലെ മികച്ച കവിതയ്ക്കുള്ള പുരസ്‌കാരം നേടിയതാര്?
Answer: വി.എം.ഗിരിജ
വി.എം ഗിരിജയുടെ ബുദ്ധ പൂര്‍ണിമ എന്ന കവിതയ്ക്കാണ് പുരസ്‌കാരം. മികച്ച നോവലിനുള്ള പുരസ്‌കാരം കെ.വി. മോഹന്‍കുമാറിന്റെ ഉഷ്ണ രാശിക്കും മികച്ച ചെറുകഥയ്ക്കുള്ള പുരസ്‌കാരം കെ.രേഖയുടെ മാനാഞ്ചിറയ്ക്കും ലഭിച്ചു. എം. മുകുന്ദന്‍, കെ.ജി.ശങ്കരപ്പിള്ള എന്നിവര്‍ക്ക് വിശിഷ്ടാംഗത്വവും സ്‌കറിയ സക്കറിയ, ഒ.എം.അനുജന്‍, എസ്. രാജശേഖരന്‍, മണമ്പൂര്‍ രാജന്‍ബാബു, നളിനി ബേക്കല്‍ എന്നിവര്‍ക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു.

16. ഏത് ഭാഷാ വിഭാഗത്തിലാണ് ശശി തരൂരിന് ഈ വര്‍ഷം കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്?
Answer: ഇംഗ്ലീഷ്
ആന്‍ ഇറ ഓഫ് ഡാര്‍ക്‌നസ് എന്ന ലേഖന സമാഹാരത്തിനാണ് ശശി തരൂരിന് 2019-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. മലയാളത്തിലെ അവാര്‍ഡ് വി.മധുസൂദനന്‍ നായര്‍ക്കാണ്. അച്ഛന്‍ പിറന്ന വീട് എന്ന കവിതാ സമാഹാരത്തിനായിരുന്നു പുരസ്‌കാരം. 

17. ഏത് യുദ്ധ വിമാനത്തിന്റെ സേവനമാണ് ഇന്ത്യന്‍ വ്യോമസേന 2019 ഡിസംബര്‍ 27-ന് ഔദ്യോഗികമായി അവസാനിപ്പിച്ചത്?
Answer: മിഗ് 27
ധീരന്‍ എന്നര്‍ഥമുള്ള ബഹാദൂര്‍ എന്നും വിളിപ്പേരുള്ള യുദ്ധവിമാനമാണ് മിഗ് 27. ഈ ശ്രേണിയില്‍ അവശേഷിച്ചിരുന്ന സ്‌കോര്‍പിയണ്‍ 29-ലെ ഏഴ് വിമാനങ്ങളാണ് ജോധ്പുരിലെ വ്യോമസേന ആസ്ഥാനത്ത് അവസാന പറക്കല്‍ നടത്തി പിന്‍വാങ്ങിയത്.

18. പുതുതായി രൂപവത്കരിച്ച ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് തസ്തികയിലെ വിരമിക്കല്‍ പ്രായം എത്രയാണ്?
Answer: 65
കരസേന മേധാവിസ്ഥാനത്ത് നിന്ന് ഡിസംബര്‍ 31-ന് വിരമിക്കുന്ന ജനറല്‍ ബിപിന്‍ റാവത്താണ് ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവി. കര,നാവിക,വ്യോമസേനകളുടെ ഏകോപനച്ചുമതല നിര്‍വഹിക്കുന്നതിനൊപ്പം സേനകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രതിരോധ മന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവുമായിരിക്കും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്. 62 വയസ്സാണ് സേനാ മേധാവികളുടെ വിരമിക്കല്‍ പ്രായം. അതിനു മുമ്പ് ഈ തസ്തികയില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയാലും വിരമിക്കേണ്ടിവരും.

19. സാഹിത്യ മികവിനുള്ള ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്‌കാരം നേടിയതാര്?
Answer: സന്തോഷ് ഏച്ചിക്കാനം
75,000 രൂപയാണ് പത്മപ്രഭാ പുരസ്‌കാരത്തുക. 1996 മുതലാണ് ഈ പുരസ്‌കാരം നല്‍കിത്തുടങ്ങിയത്. ഉണ്ണികൃഷ്ണന്‍ പുതൂരിനായിരുന്നു ആദ്യ പുരസ്‌കാരം. 2018-ല്‍ കല്പറ്റ നാരായണന് ലഭിച്ചു.

20. ഹേമന്ത് സോറന്‍ ഏത് സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രിയാണ്?
Answer: ജാര്‍ഖണ്ഡ്
ജാര്‍ഖണ്ഡിന്റെ പതിനൊന്നാമത് മുഖ്യമന്ത്രിയാണ് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറന്‍. ഇത് രണ്ടാം തവണയാണ് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയാകുന്നത്. ബിഹാര്‍ സംസ്ഥാനം വിഭജിച്ച് 2000 നവംബര്‍ 15-നാണ് ജാര്‍ഖണ്ഡ് സംസ്ഥാനം രൂപവത്കരിച്ചത്. ഗോത്രവര്‍ഗത്തില്‍നിന്നുള്ള സ്വാതന്ത്ര്യസമര നേതാവ് ബിര്‍സ മുണ്ടയുടെ 125-ാം ജന്മദിനമായിരുന്നു 2000 നവംബര്‍ 15.

21. അടുത്ത സെന്‍സസിനൊപ്പം പുതുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന എന്‍.പി.ആറിന്റെ പൂര്‍ണ രൂപമെന്ത്?
Answer: നാഷണല്‍ പോപ്പുലേഷൻ രജിസ്റ്റര്‍
വിവാദമായിരിക്കുന്ന പൗരത്വ പട്ടികയുടെ പേര് നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസന്‍സ്(എന്‍.ആര്‍.സി.) എന്നാണ്. ഇതോടൊപ്പം വാര്‍ത്തകളില്‍ പരാമര്‍ശിക്കപ്പെടുന്ന സി.എ.എയുടെ പൂര്‍ണ രൂപം സിറ്റിസന്‍ അമന്റ്‌മെന്റ് ആക്ട് എന്നാണ്. 2021-ലാണ് ഇന്ത്യയിലെ അടുത്ത സെന്‍സസ്.

22. എണ്‍പതാമത് ചരിത്ര കോണ്‍ഗ്രസ് കേരളത്തില്‍ എവിടെവെച്ചായിരുന്നു?
Answer: കണ്ണൂര്‍
ഡിസംബര്‍ 29 മുതല്‍ 31 വരെ കണ്ണൂര്‍ സര്‍വകലാശാലയില്‍വെച്ചായിരുന്നു ചരിത്ര കോണ്‍ഗ്രസ്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനായിരുന്നു ഉദ്ഘാടനം. പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ചരിത്ര കോണ്‍ഗ്രസിനെ വിവാദ കേന്ദ്രമാക്കിയിരുന്നു. ഇര്‍ഫാന്‍ ഹബീബാണ് ചരിത്ര കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍.

23. ലോങ് മാര്‍ച്ച് 5 ഏത് രാജ്യത്തിന്റെ പുതിയ റോക്കറ്റാണ്?
Answer: ചൈന
ചൈനയുടെ ഏറ്റവും കരുത്തേറിയ റോക്കറ്റാണ് ഡിസംബര്‍ 29-ന് വിജയകരമായി വിക്ഷേപിച്ച ലോങ് മാര്‍ച്ച് 5. CZ-5 എന്നും ഇതിന് പേരുണ്ട്. 25 ടണ്ണോളം ഭാരം ഭ്രമണ പഥത്തിലെത്തിക്കാന്‍ ഇതിന് ശേഷിയുണ്ട്.

24. വനിതകളുടെ ലോക റാപ്പിഡ് ചെസ് കിരീടം നേടിയ ഇന്ത്യന്‍ താരം?
Answer: കൊനേരു ഹംപി
മോസ്‌കോയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ചൈനയുടെ ടിങ്ജി ലീയെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ കൊനേരു ഹംപി കിരീടം നേടിയത്. ആന്ധ്രപ്രദേശുകാരിയാണ് 32 വയസ്സുള്ള കൊനേരു ഹംപി. ഹംപിയുടെ ആദ്യ ലോക കിരീടമാണിത്. പുരുഷവിഭാഗത്തില്‍ നോര്‍വെയുടെ മാഗ്നസ് കാള്‍സണാണ് കിരീടം.

25. കേന്ദ്ര മന്ത്രിസഭയുടെ പുതിയ തീരുമാനപ്രകാരം റെയില്‍വേ ബോഡ് അംഗസംഖ്യ (ചെയര്‍മാനടക്കം) എത്രയായാണ് കുറച്ചത്?
Answer: 5
നിലവില്‍ എട്ടു പേരാണ് റെയില്‍വേ ബോഡിലുള്ളത്. ഇത് ചെയര്‍മാനടക്കം അഞ്ചു പേരാക്കി ചുരുക്കാനാണ് കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്. റെയില്‍വേയുടെ ഭാഗമായി നിലവിലുള്ള എട്ട് ഗ്രൂപ്പ് എ സര്‍വീസുകള്‍ ഏകീകരിച്ച് ഇന്ത്യന്‍ റെയില്‍വേ മാനേജ്‌മെന്റ് സര്‍വീസ് എന്ന ഒറ്റവിഭാഗമാക്കി. ബോഡ് ചെയര്‍മാന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായിരിക്കും.

26. ഏറ്റവും പുതിയ ഫോറസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ ഭൂവിസ്തൃതിയുടെ എത്ര ശതമാനം വനമുണ്ട്?
Answer:21.67 ശതമാനം
കേന്ദ്ര ഗവണ്‍മെന്റിന്റെ വനം പരിസ്ഥിതി മന്ത്രാലയം തയ്യാറാക്കുന്ന സ്റ്റേറ്റ് ഫോറസ്റ്റ് റിപ്പോര്‍ട്ട് രണ്ട് വര്‍ഷം കൂടുമ്പോഴാണ് പ്രസിദ്ധീകരിക്കുന്നത്. 2019-ലെ റിപ്പോര്‍ട്ട് ഡിസംബര്‍ 30-ന് പ്രസിദ്ധീകരിച്ചു. ഇത് പ്രകാരം രാജ്യത്ത് 7,12,249 ചതുരശ്ര കിലോമീറ്റര്‍ വനമുണ്ട്. തൊട്ടു മുമ്പത്തെ റിപ്പോര്‍ട്ടിലേതിനേക്കാള്‍ 3,976 ചതുരശ്ര കിലോമീറ്ററിന്റെ വര്‍ധനയാണ് മൊത്തം വനവിസ്തൃതിയിലുള്ളത്. ഏറ്റവും കൂടുതല്‍ വര്‍ധന രേഖപ്പെടുത്തിയത് കര്‍ണാടകയിലാണ്. വര്‍ധനയില്‍ മൂന്നാം സ്ഥാനത്തുള്ള കേരളത്തില്‍ 823 ചതുരശ്ര കിലോമീറ്റര്‍ വനം വര്‍ധിച്ചു. 
PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here