ഇന്ത്യൻ ഭരണഘടന: ഒരു തിരിഞ്ഞുനോട്ടം 

ഏഴ് പതിറ്റാണ്ടുകള്‍ പിന്നിട്ട ഇന്ത്യന്‍ ഭരണഘടനയുടെ ചരിത്രം അറിഞ്ഞിരിക്കേണ്ടതാണ്.  

 ചരിത്രം 
ഇന്ത്യയുടെ രാഷ്ട്രരൂപീകരണത്തിന് അടിത്തറയായത് ഇന്ത്യൻ ഭരണഘടനയാണ്. കാബിനറ്റ്മിഷെൻറെ നിർദേശപ്രകാരം 1946-ൽ ഡോ. രാജേന്ദ്രപ്രസാദ് അധ്യക്ഷനായി ഭരണഘടനാനിർമാണസഭ രൂപീകരിച്ചു.
ഭരണഘടന എഴുതി തയാറാക്കാനായി ബി.ആർ.അംബേദ്കർ ചെയർമാനായി ഒരു ഡ്രാഫ്റ്റിങ് കമ്മിറ്റിയെ നിയമിച്ചു. 
നിരവധി ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും ഭരണഘടനയ്ക്ക് രൂപം
നൽകി.ഇന്ത്യൻ സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ ഉയർന്നുവന്ന ആശയാഭിലാഷങ്ങളുടെ പ്രതിഫലനമായിരുന്നു ഇന്ത്യയുടെ ഭരണഘടന.1950 ജനുവരി 26 ന് സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന നിലവിൽ വരുകയും ഇന്ത്യയെ ഒരു റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും ചെയ്തു.

ഭരണഘടന
*ഭരണഘടനയെ 1949 നവംബർ 26-ന്  ഭരണഘടനാ നിർമാണസഭ അംഗീകരിച്ചു. 
ഇതിന്റെ ഓർമയ്ക്കായി എല്ലാ വർഷവും നവംബർ 26 ഇന്ത്യയിൽ ഭരണഘടനാ ദിനമായി ആചരിക്കുന്നു. ആമുഖവും 395  വകുപ്പുകളും എട്ട് പട്ടികകളുമാണ് അന്നുണ്ടായിരുന്നത്  

ഭരണഘടനാ നിർമാണ സഭ
*1946 ഡിസംബർ ആറിന്  ഭരണഘടനാ നിർമാണസഭ നിലവിൽ വന്നു. 
പ്രവിശ്യാ നിയമനിർമാണ സഭകളിൽനിന്നുള്ള 292 അംഗങ്ങളും നാട്ടുരാജ്യങ്ങളെ പ്രതിനിധീകരിച്ച് 93 അംഗങ്ങളും ചീഫ് കമ്മിഷനേഴ്‌സ് പ്രൊവിൻസുകളിലെ നാലു പേരുമടക്കം 389 പേരാണ് അതിലുണ്ടായിരുന്നത്.
പാകിസ്താനിൽ ഉൾപ്പെട്ട പ്രദേശങ്ങളിലെ പ്രതിനിധികൾ ഒഴിഞ്ഞപ്പോൾ അത് 299 ആയി. ഇപ്പോൾ കേരളം ഉൾപ്പെടുന്ന പ്രദേശങ്ങളെ (മലബാറും തിരുവിതാംകൂറും കൊച്ചിയും) പ്രതിനിധീകരിച്ച് 17 പേരാണിതിലുണ്ടായിരുന്നത്. യുണൈറ്റഡ് പ്രൊവിൻസിനെ പ്രതിനിധാനം ചെയ്തവരുടെ കൂട്ടത്തിൽ മലയാളിയായ ഡോ. ജോൺ മത്തായിയും ഉണ്ടായിരുന്നു.  

ആദ്യസമ്മേളനം 
* ഭരണഘടനാനിർമാണ സഭയുടെ ആദ്യയോഗം 1946 ഡിസംബർ ഒമ്പതിന് കോൺസ്റ്റിറ്റ്യൂഷൻ ഹാളിൽ (ഇപ്പോഴത്തെ പാർലമെന്റ് സെൻട്രൽ ഹാളിൽ) ചേർന്നു. 
1946 ഡിംസബർ 23 വരെ നടന്ന  സമ്മേളനത്തിൽ ആചാര്യ കൃപലാനിയാണ് ആദ്യം സംസാരിച്ചത്. ഡോ. സച്ചിദാനന്ദ സിൻഹയായിരുന്നു സഭയുടെ താത്കാലികാധ്യക്ഷൻ. പിന്നീട് ഡോ. രാജേന്ദ്രപ്രസാദ് അധ്യക്ഷനായി. ബി.എൻ. റാവുവായിരുന്നു നിയമോപദേഷ്ടാവ്. ഡിസംബർ 13-ന് ജവാഹർലാൽ നെഹ്രു അവതരിപ്പിച്ച ലക്ഷ്യപ്രമേയം 22-ന് യോഗം അംഗീകരിച്ചു. 

ഇന്ത്യയ്ക്ക് ഭരണഘടനയാവുന്നു
*1947-ൽ ബ്രിട്ടീഷ് വാഴ്ചയിൽനിന്നും ഇന്ത്യ മോചിതമായി. 
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ നിയമമായിരുന്നു ഇന്ത്യൻ ഇൻഡിപെൻഡന്റ് ആക്ട്. ഇതിലെ വ്യവസ്ഥ പ്രകാരം ഇന്ത്യയുടെ പൂർണ അധികാരം നിയമനിർമാണ സഭ (ലജിസ്ളേറ്റീവ് അസംബ്ലി) ഏറ്റെടുത്തു. അന്നത്തെ നിയമന്ത്രിയായിരുന്ന ഡോ. ബി.ആർ. അംബേദ്കർ അധ്യക്ഷനായി ഇന്ത്യൻ ഭരണഘടനയുടെ കരട് നിർമാണ സമിതി (ഡ്രാഫ്റ്റിങ് കമ്മിറ്റി) 1947 ഓഗസ്റ്റ് 29-ന് നിലവിൽ വന്നു. 

ഭരണഘടനയുടെ ഭാഗങ്ങൾ
*ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദങ്ങൾ 25 ഭാഗങ്ങളിലായാണ് ഉൾപ്പെടുത്തിയത്. 
ഒന്നു മുതൽ നാലു വരെ അനുച്ഛേദങ്ങൾ ഉൾപ്പെടുന്ന ഒന്നാം ഭാഗത്ത് യൂണിയൻ ഭൂപ്രദേശത്തെക്കുറിച്ച്  വ്യക്തമാക്കുന്നു. ആർട്ടിക്കിൾ 5മുതൽ 11വരെയുള്ള രണ്ടാം ഭാഗത്താണ് പൗരത്വത്തെകുറിച്ചുള്ള പരാമർശം. ഭാഗം മൂന്നിലാണ് മൗലികാവകാശങ്ങളെക്കുറിച്ച് പറയുന്നത്. നിർദേശകതത്ത്വങ്ങൾ നാലിലും  മൗലികകർത്തവ്യങ്ങൾ അഞ്ച്-എയിലും ഉൾപ്പെടുന്നു. യൂണിയൻ എക്സിക്യുട്ടീവ്,  പാർലമെന്റ്, സുപ്രീംകോടതി, സംസ്ഥാനഭരണം, പഞ്ചായത്തുകളും നഗരസഭകളും തുടങ്ങിയ കാര്യങ്ങൾ അഞ്ചുമുതൽ പത്തുവരെയുള്ള ഭാഗങ്ങളിലാണ് പ്രതിപാദിക്കുന്നത്.

ഭരണഘടനയുടെ ആമുഖം
*ഭരണഘടനയുടെ ആത്മാവെന്ന് ജവാഹർലാൽ നെഹ്രു വിശേഷിപ്പിച്ചത് ആമുഖത്തെയാണ്. 
ഒറ്റത്തവണ മാത്രമേ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്തിട്ടുള്ളൂ. 1976-ൽ സോഷ്യലിസം, മതനിരപേക്ഷത, അഖണ്ഡത എന്നിവ കൂട്ടിച്ചേർക്കാനായിരുന്നു ഭേദഗതി.

നിർദേശക തത്ത്വങ്ങൾ
* ഭാഗം നാലിൽ 36 മുതൽ 51 വരെയുള്ള വകുപ്പുകളിലാണ് നിർദേശക തത്ത്വങ്ങൾ (ഡയറക്ടീവ് പ്രിൻസിപ്പിൾസ്) വരുന്നത്. 
ജനക്ഷേമത്തിനും സാമൂഹികക്രമത്തിനുമുള്ള ഒരുകൂട്ടം നിർദേശങ്ങളാണിവ. പൗരന്മാർക്ക് മതിയായ ജീവനോപാധി ഉറപ്പാക്കൽ, തുല്യജോല്യക്ക് തുല്യവേതനം, തൊഴിൽചൂഷണം തടയൽ, ഏകീകൃത സിവിൽനിയമം കൊണ്ടുവരൽ തുടങ്ങിയവ മാർഗനിർദേശങ്ങളിൽ ഉൾപ്പെടുന്നതാണ്. 

മൗലിക കർത്തവ്യങ്ങൾ
ഭരണഘടനയെ അനുസരിക്കുക, ഭരണഘടനാ സ്ഥാപനങ്ങളെയും ദേശീയപതാക, ദേശീയഗാനം, എന്നിവയെയും ആദരിക്കുക, ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന് പ്രചോദനമായ മഹനീയദർശനങ്ങളെ പരിപോഷിപ്പിക്കുക, രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും കാത്തുസൂക്ഷിക്കുക തുടങ്ങിയവ മൗലിക കർത്തവ്യങ്ങളിൽ പെടും. 

ഭരണം
യൂണിയൻ എക്സിക്യുട്ടീവ്, പാർലമെന്റ്, സുപ്രീംകോടതി, സംസ്ഥാന ഭരണം, പഞ്ചായത്തുകളും നഗരസഭകളും തുടങ്ങിയ കാര്യങ്ങൾ പ്രതിപാദിക്കുന്നത് ഭരണഘടനയുടെ അഞ്ചുമുതൽ പത്തുവരെ ഭാഗങ്ങളിലാണ്. രാഷ്ട്രപതിയാണ് രാഷ്ട്രത്തലവനെങ്കിലും അധികാരം പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര കാബിനറ്റിനാണ്. 

പാർലമെന്റ് 
ഇന്ത്യയിൽ പാർലമെന്റിനാണ് കേന്ദ്രീകൃത പരമോന്നത സ്ഥാനം. ഈ ആശയം ബ്രിട്ടീഷ് സംവിധാനത്തിൽ നിന്ന്‌ കടംകൊണ്ടതിനാൽ വെസ്റ്റ് മിൻസ്റ്റർ മോഡൽ എന്നും വിളിേപ്പരുണ്ട്.
ലോക്‌സഭയും രാജ്യസഭയും രാഷ്ട്രപതിയും ഉൾപ്പെടുന്നതാണ് ഇന്ത്യയുടെ പാർലമെന്റ്. ലോക്‌സഭയാണ് അധോസഭ. അതായത് താഴെനിന്ന് തിരഞ്ഞെടുക്കപ്പെട്ടവരുടെ സഭ. രാജ്യസഭ ഉപരിസഭയാണ്.

റിട്ടുകൾ
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകിയ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഉപാധിയാണ് റിട്ടുകൾ. ഭരണഘടനയുടെ 32, 226 വകുപ്പുകളിലാണ് ഇതേക്കുറിച്ച് പറയുന്നത്. ഹേബിയസ് കോർപ്പസ്, മൻഡാമസ്, പ്രൊഹിബിഷൻ, സർഷ്യോറ്റി, ക്വോ വാറന്റോ എന്നിങ്ങനെ ഇത് അഞ്ചു റിട്ടുകളുണ്ട്.  

ലിസ്റ്റുകൾ
ഇന്ത്യൻ ഭരണഘടനയനുസരിച്ച് യൂണിയൻ, സ്റ്റേറ്റ്, കൺകറന്റ് എന്നിങ്ങനെ മൂന്നു ലിസ്റ്റുകളുണ്ട്. യൂണിയൻ ലിസ്റ്റിൽ പരാമർശിക്കുന്നവയിൽ (പ്രതിരോധം, സായുധസേന, വിദേശകാര്യം തുടങ്ങിയവ) നിയമനിർമാണാധികാരം പാർലമെന്റിനും സ്റ്റേറ്റ് ലിസ്റ്റിൽ (ക്രമസമാധാനം, പോലീസ്, തദ്ദേശഭരണം, ഗതാഗതം തുടങ്ങിയവ) സംസ്ഥാനങ്ങൾക്കുമാണ്. കൺകറന്റ് ലിസ്റ്റിൽ (ക്രിമിനൽനിയമം, ക്രിമിനൽ നടപടിച്ചട്ടം, ട്രസ്റ്റും ട്രസ്റ്റികളും തുടങ്ങിയവ) സ്റ്റേറ്റിനും പാർലമെന്റിനും അധികാരമുണ്ട്. 

ഭേദഗതി 103 തവണ
ഇന്ത്യൻ ഭരണഘടനാ ഭേദഗതി ചെയ്യാനുള്ള അധികാരം പാർലമെന്റിനാണ്. ഇതേക്കുറിച്ച് ഭരണഘടനയുടെ 368-ാം വകുപ്പ് പരാമർശിക്കുന്നു. ചില ഭേദഗതികൾക്ക് പാർലമെന്റിലെ ഭൂരിപക്ഷം മതി. ചില വിഷയങ്ങൾ ഭേദഗതി ചെയ്യണമെങ്കിൽ പാർലമെന്റിലെ മൂന്നിൽ രണ്ടു ഭീരിപക്ഷം തന്നെ വേണം. പുറമേ പകുതിയെങ്കിലും സംസ്ഥാനങ്ങളിലെ നിയമസഭകൾ അംഗീകരിക്കുകയും വേണം. ഇന്ത്യൻ ഭരണഘടന ഇതുവരെ 103 തവണ ഭേദഗതി ചെയ്തിട്ടുണ്ട്. 

ചെറുഭരണഘടന
1976-ലെ 42-ാം ഭരണഘടനാ ഭേദഗതി ചെറുഭരണഘടന (മിനി കോൺസ്റ്റിറ്റ്യൂഷൻ) എന്നു കൂടി അറിയപ്പെടുന്നു. ഭരണഘടനയുടെ തുടക്കംമുതൽ ഒടുക്കംവരെയുള്ള ഭാഗങ്ങളിൽ ഭേദഗതി വരുത്തിയതിനാലാണിത്. ആമുഖത്തിൽ സോഷ്യലിസ്റ്റ്, സെക്യുലർ, ഇന്റഗ്രിറ്റി എന്നീ വാക്കുകൾ ചേർത്തതും ഈ ഭേദഗതിയിലാണ്. 

മൗലികാവകാശങ്ങൾ
വ്യക്തിസ്വാതന്ത്ര്യത്തിന്റെ മാഗ്നാകാർട്ട എന്നാണ് മൗലികാവകാശങ്ങൾ അറിയപ്പെടുന്നത്.  
ഭരണഘടനയുടെ ഭാഗം മൂന്നിൽ, 12 മുതൽ 35 വരെയുള്ള വകുപ്പുകളിലാണ് മൗലികാവകാശങ്ങളുള്ളത്. സമത്വം, സ്വാതന്ത്ര്യം, ചൂഷണത്തിന് എതിരേയുള്ള അവകാശം, മതസ്വാതന്ത്ര്യത്തിനുള്ള അവകാശം, സാംസ്കാരികവും വിദ്യാഭ്യാസ പരവുമായ അവകാശങ്ങൾ, ഭരണഘടനാപരമായ പരിഹാരമാർഗം തേടുന്നതിനുള്ള അവകാശം എന്നിവയാണിവ. സ്വത്തവകാശം കൂടി മൗലികാവകാശമായി ഉൾപ്പെടുത്തിയിരുന്നുവെങ്കിലും 1978-ലെ 44-ാം ഭേദഗതിയിലൂടെ അത് നിയമപരമായ അവകാശമാക്കി മാറ്റി. 
മൗലികാവകാശങ്ങളുടെ ശില്പി: സർദാർ വല്ലഭ്‌ഭായ് പട്ടേൽ

ആശയങ്ങൾ ഇവിടെ നിന്നെല്ലാം
ബ്രിട്ടൻ: പാർലമെന്ററി ജനാധിപത്യം, രണ്ടു സഭകളുടെ പാർലമെന്റ്, ഏകപൗരത്വം, പ്രധാനമന്ത്രി, രാഷ്ട്രത്തലവന് നാമമാത്ര അധികാരം, തിരഞ്ഞെടുപ്പു സമ്പ്രദായം.
അമേരിക്ക: മൗലികാവകാശം, ആമുഖം, രാഷ്ട്രത്തലവന് പ്രസിഡന്റ് എന്ന പേരും സായുധ സേനകളുടെ തലവനെന്ന പദവിയും.
കാനഡ: യൂണിയൻ, സ്റ്റേറ്റ് ലിസ്റ്റുകൾ, ശക്തമായ അധികാരമുള്ള കേന്ദ്ര ഫെഡറേഷൻ.
ദക്ഷിണാഫ്രിക്ക: ഭരണഘടനാ ഭേദഗതി
യു.എസ്.എസ്‍.ആർ.: മൗലിക കർത്തവ്യങ്ങൾ.
ഫ്രാൻസ്‌: സ്വാതന്ത്ര്യം, സമത്വം സാഹോദര്യം.

ചില വസ്തുതകൾ 
ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് അംബേദ്കറാണ്.
ഇന്ത്യൻ ഭരണഘടന എന്ന ദൗത്യം പൂർത്തിയാക്കാൻ രണ്ടു വർഷവും പതിനൊന്നുമാസവും പതിനെട്ട് ദിവസവും വേണ്ടിവന്നു. ഭരണഘടനയുടെ ആദ്യപകർപ്പ് 1948 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചു. നിയമനിർമാണ സഭയെന്ന നിലയ്ക്കുള്ള കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി ആദ്യമായി നവംബർ 17-ന് ചേർന്നു. 
ജി.വി. മാവ്‌ലങ്കറെ സ്പീക്കറായി തിരഞ്ഞെടുത്തു 
1950 ജനുവരി ജനുവരി 26-ന് ഭരണഘടന നിലവിൽ വന്നു. (ഇതിന്റെ ഓർമയ്ക്കായാണ് റിപ്പബ്ലിക് ദിനം ആചരിക്കുന്നത്‌). 

ഇവരെക്കൂടി അറിയണം
നന്ദലാൽ ബോസ്: നന്ദലാൽ ബോസാണ് നമ്മുടെ ഭരണഘടനയുടെ കൈയ്യെഴുത്തുരൂപം ചിത്രങ്ങളും അലങ്കാരങ്ങളും കൊണ്ട് മനോഹരമാക്കിയത്. ശാന്തിനികേതനിലെ വിദ്യാർഥികളും അതിൽ പങ്കാളികളായി. ഭാരതരത്നം, പദ്മശ്രീ ബഹുമതികളുടെ കീർത്തിമുദ്രകളും ഇദ്ദേഹത്തിന്റെ വരകളാണ്. 
പ്രേം ബിഹാരി നാരായൺ റൈസാദ: ഭരണഘടനയുടെ െെകയെഴുത്ത് പതിപ്പിലെ െെകയക്ഷരങ്ങൾ പ്രേം ബിഹാരി നാരൈൻ റൈസാദയുടേതാണ്. പ്രതിഫലം കൈപ്പറ്റാതെയാണ് അദ്ദേഹം ഈ ജോലി നിർവഹിച്ചത്. ഇറ്റാലിക് ശൈലിയിലുള്ള ഇംഗ്ലീഷ് അക്ഷരത്തിലാണ് എഴുത്ത്. കാലിഗ്രാഫിയിൽ ഉപയോഗിക്കാറുള്ള 303 നമ്പർ നിബ് കൊണ്ടായിരുന്നു രചന.
ബെഹാർ റാം മനോഹർ സിൻഹ: ഭരണഘടനയുടെ ആമുഖപേജ് തയ്യാറാക്കിയത് നന്ദലാൽ ബോസിന്റെ ശിഷ്യനായ ബെഹാർ റാം മനോഹർ സിൻഹയാണ്. (ആയിരത്തിലേറെ ഭരണഘടനാ ചോദ്യോത്തരങ്ങൾ അടുത്ത പേജിൽ)
ഇന്ത്യൻ ഭരണഘടന: 1000 - ലേറെ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here