പൊയ്‌കയിൽ യോഹന്നാൻ: ജാതിരഹിത പ്രസ്ഥാനത്തിന്റെ ദേവന്‍
ക്രിസ്തുമതം സ്വീകരിച്ചവരും അല്ലാത്തവരുമായ ദളിതരുടെ വിമോചനത്തിന് അവിരാമം പ്രയത്‌നിച്ച ആരാധ്യപുരുഷനാണ് 'പൊയ്കയില്‍ അപ്പച്ചന്‍' എന്നറിയപ്പെട്ടിരുന്ന കുമാരുഗുരുദേവന്‍. 
Loading...
തിരുവല്ലയ്ക്കടുത്തുള്ള ഇരവിപേരൂര്‍ എന്ന സ്ഥലത്ത് 1879 ഫെബ്രുവരി 17 നാണ് അനുയായികളാല്‍ 'അപ്പച്ചന്‍' എന്നുവിളിക്കപ്പെട്ട കുമാരുഗുരുദേവന്റെ ജനനം. ളേച്ചിയും കണ്ടനുമാണ് മാതാപിതാക്കള്‍. കൊമരന്‍ എന്ന പേരാണ് അച്ഛനമ്മമാര്‍ ഇട്ട പേര്. പറയസമുദായത്തില്‍പ്പെട്ട ഇവര്‍ ശങ്കരമംഗലത്ത് എന്ന ക്രൈസ്തവ ജന്മിയുടെ അടിയാളന്മാരായിരുന്നു. ഇവരുടെ പ്രേരണയാല്‍ കൊമരനും കുടുംബവും ക്രിസ്തുമതാനുയായികളായി. അങ്ങനെയാണ് കൊമരന്‍ യോഹന്നാനായിത്തീര്‍ന്നത്. എന്നാല്‍, സുറിയാനി ക്രിസ്ത്യാനികള്‍ എന്ന് മേനി നടിച്ചിരുന്ന ആഢ്യ ക്രിസ്ത്യാനികള്‍ ദളിത് ക്രിസ്ത്യാനികള്‍ക്ക് പള്ളിയില്‍ പ്രവേശനം നിഷേധിക്കുകയും തങ്ങളുടെ സെമിത്തേരികളില്‍ ദളിതരുടെ ശവമടക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുക പതിവായിരുന്നു. മാര്‍ത്തോമാസഭയിലെ ഉപദേശിയായിരുന്ന യോഹന്നാനെ ഈ വിവേചനങ്ങള്‍ വളരെ വേദനിപ്പിച്ചു. വിവേചനങ്ങള്‍ക്കെതിരെ പൊരുതാന്‍ തുടങ്ങിയപ്പോള്‍ യോഹന്നാനെ മാര്‍ത്തോമ്മ സഭാധികൃതര്‍ സഭയില്‍നിന്നും പുറത്താക്കി. തുടര്‍ന്ന് ബ്രദറണ്‍ സഭയില്‍ ചേര്‍ന്ന യോഹന്നാന്‍ നാലുവര്‍ഷത്തിനുശേഷം അതിനോടും വിട പറഞ്ഞു. പ്രസംഗങ്ങളില്‍ മാത്രമേ ആഢ്യക്രിസ്ത്യാനികള്‍ക്ക് സാഹദോര്യമുള്ളൂവെന്ന് തിരിച്ചറിഞ്ഞ യോഹന്നാന്‍ മാറിചിന്തിക്കുവാന്‍ തയ്യാറായി. അവശതയനുഭവിക്കുന്ന തന്റെ ജനവിഭാഗത്തിന്റെ മോചനത്തിനായി പൊയ്കയില്‍ അപ്പച്ചന്‍ നടത്തിയ പ്രക്ഷോഭങ്ങളെ 'അടിലഹള' എന്നാണ് അറിയപ്പെട്ടിരുന്നത്. 1906 ല്‍ വാകത്താനത്തിനടത്ത് ആദിച്ചന്‍ അബ്രഹാമിന്റെ പുരയിടത്തില്‍ നടന്ന യോഗത്തില്‍ അദ്ദേഹം ബൈബിള്‍ കത്തിച്ചു. പരസ്യമായ ഈ ബൈബിള്‍ ദഹനം കേരളചരിത്രത്തിലെ ആദ്യത്തേതും അവസാനത്തേതുമായിരിക്കാം. ഈ സംഭവം വളരെയധികം കോളിളക്കമുണ്ടാക്കി. പലതവണ അദ്ദേഹം അക്രമിക്കപ്പെട്ടു. അനുയായികളുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് ജീവന്‍ രക്ഷിക്കാനായത്. പരിവര്‍ത്തിത ക്രിസ്ത്യാനികളുടെ അനിഷേധ്യ നേതാവായിത്തീരാന്‍ യോഹന്നാന് അധികകാലം വേണ്ടിവന്നില്ല. അനുയായികള്‍ അദ്ദേഹത്തെ 'അപ്പച്ചന്‍' എന്നു സ്‌നേഹാദരങ്ങളോടെ സംബോധന ചെയ്യുവാന്‍ തുടങ്ങി. 1909 ല്‍ അദ്ദേഹം പ്രത്യക്ഷ രക്ഷാ ദൈവ സഭ (പിആര്‍ഡിഎസ്) സ്ഥാപിച്ചു. 1914 ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന് ചെങ്ങന്നൂരില്‍ പിആര്‍ഡിഎസ് സ്വീകരണം നല്‍കി. സ്വീകരണം കഴിഞ്ഞ് ഇറങ്ങുമ്പോള്‍ അപ്പച്ചനെ വിളിച്ച് മഹാരാജാവ് എന്തുവേണമെന്ന് തിരക്കി. ഇത്തരം അസുലഭ സന്ദര്‍ഭങ്ങളില്‍ രാജാവിനോട് അധികംപേരും ചോദിച്ചുവാങ്ങുന്നത് കരമൊഴിവായ വസ്തുക്കളാണ്. എന്നാല്‍ അപ്പച്ചന്റെ മറുപടി മഹാരാജാവിനെ അദ്ഭുതപ്പെടുത്തി. ''അടിയങ്ങള്‍ക്ക് ഒന്നും വേണ്ട. എന്റെ ആള്‍ക്കാര്‍ മഹാരാജാവിനെ കണ്ടിട്ടുള്ളവരല്ല. അവര്‍ ഇതേവരെ അതിനുള്ള അവസരം ലഭിച്ചിരുന്നില്ല. അവര്‍ ഈ രാജ്യത്തെ ഏറ്റവും താഴെത്തട്ടിലുള്ളവരാണ്. അവര്‍ക്ക് തങ്ങളുടെ പൊന്നുതമ്പുരാനെ നേരില്‍കണ്ട് വണങ്ങാന്‍ കഴിഞ്ഞത് തന്നെ മഹാഭാഗ്യം.'' 1921, 31 വര്‍ഷങ്ങളില്‍ യോഹന്നാന്‍ ശ്രീമൂലം പ്രജാസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. അക്കാലത്ത് ദളിതരായി വേറെയും അംഗങ്ങളുണ്ടായിരുന്നു. അവരോരുത്തരും തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ജാതിയുടെ ആവശ്യങ്ങള്‍ മാത്രമാണ് സഭയില്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ അപ്പച്ചനാകട്ടെ എല്ലാ വിഭാഗം ആള്‍ക്കാരുടെയും അവശതാ പരിഹാരത്തിന് വേണ്ടിയാണ് സഭാവേദി പ്രയോജനപ്പെടുത്തിയത്. സര്‍ക്കാര്‍ അനുമതിയോടെ തിരുവിതാംകൂറില്‍ അയിത്തജാതിക്കാര്‍ക്കായി ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം ആരംഭിച്ചത് പൊയ്കയില്‍ അപ്പച്ചനാണ്. 1939 ജൂലൈ രണ്ടിനായിരുന്നു അദ്ദേഹത്തിന്റെ ദേഹവിയോഗം. ദളിതരുടെ സാമൂഹികപദവി ഉയര്‍ത്താനുള്ള ജാതിരഹിത പ്രസ്ഥാനമായിരുന്നു പ്രത്യക്ഷ രക്ഷാദൈവസഭ. സഭയുടെ സ്ഥാപകന്‍ എന്ന നിലയില്‍ പൊയ്കയില്‍ അപ്പച്ചന് കുമാരുഗുരുദേവനെന്ന ആത്മീയനാമം ലഭിച്ചു. കുമാരുഗുരുദേവന്റെ സ്മരണ നിലനിര്‍ത്തുവാനും ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുവാനും സ്മാരക മന്ദിരവും ക്ഷേത്രവും ഇരവിപേരൂരില്‍ സ്ഥിതിചെയ്യുന്നു.
പൊയ്‌കയിൽ യോഹന്നാനുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക.