പദ്മ പുരസ്കാരങ്ങൾ 2024: പത്മശോഭയിൽ 9 മലയാളികൾ; ജസ്റ്റിസ് എം. ഫാത്തിമാബീവി, ഒ.രാജഗോപാൽ, ഉഷ ഉതുപ്പ് എന്നിവർക്ക് പത്മഭൂഷൺ 


Padma Awards 2024 announced
2024-ലെ പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: പത്മശോഭയിൽ 9 മലയാളികൾ; ജസ്റ്റിസ് എം. ഫാത്തിമാബീവി, ഒ.രാജഗോപാൽ, ഉഷ ഉതുപ്പ് എന്നിവർക്ക് പത്മഭൂഷൺ

• ഈ വർഷത്തെ പദ്മപുരസ്കാരങ്ങൾ

ഈ വർഷത്തെ പദ്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍, പദ്മശ്രീ ബഹുമതികളാണ് പ്രഖ്യാപിച്ചത്. 5 പേര്‍ക്ക് പത്മവിഭൂഷണ്‍, 17 പേര്‍ക്ക് പത്മഭൂഷണ്‍, ആകെ 132 പുരസ്കാരങ്ങള്‍. പത്മ പുരസ്കാരങ്ങളിൽ 9 എണ്ണം മരണാനന്തര ബഹുമതിയാണ്. ജേതാക്കളിൽ 30 പേർ വനിതകളും 8 പേർ വിദേശ ഇന്ത്യക്കാരുമാണ്. ഇന്നലെ രാത്രി വൈകിയാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. 

അഞ്ചുപേര്‍ക്കാണ് പദ്മവിഭൂഷണ്‍. വൈജയന്തിമാല ബാലി (കല), ചിരഞ്ജീവി (കല), മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ബിന്ദേശ്വര്‍ പഥക് (സാമൂഹിക സേവനം - മരണാനന്തരം), പദ്മ സുബ്രഹ്‌മണ്യം (കല) എന്നിവര്‍ക്കാണ് പദ്മവിഭൂഷണ്‍ ലഭിച്ചത്.

സുപ്രീംകോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് ഫാത്തിമ ബീവി (മരണാനന്തരം), മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി.യുടെ മുതിര്‍ന്ന നേതാവുമായ ഒ. രാജഗോപാല്‍ ഉള്‍പ്പെടെ 17 പേര്‍ക്കാണ് പത്മഭൂഷണ്‍.  

ജസ്റ്റിസ് ഫാത്തിമ ബീവി (പൊതുകാര്യം), ഹോര്‍മുസ്ജി എന്‍. കാമ, മിഥുന്‍ ചക്രവര്‍ത്തി, സീതാറാം ജിന്‍ഡാല്‍, യങ് ലിയു, അശ്വിന്‍ ബാലചന്ദ് മെഹ്ത, സത്യഭാരത മുഖര്‍ജി (മരണാനന്തരം), റാം നായിക്, തേജസ് മധുസൂദന്‍ പട്ടേല്‍, ഒ. രാജഗോപാല്‍ (പൊതുകാര്യം), ദത്തത്രായ് അംബദാസ് മയലൂ ഏലിയാസ് രാജ്ദത്ത്, തോഗ്ദാന്‍ റിന്‍പോച്ചെ (മരണാനന്തരം), പ്യാരിലാല്‍ ശര്‍മ, ചന്ദ്രേശ്വര്‍ പ്രസാദ് ഠാക്കൂര്‍, ഉഷ ഉതുപ്പ്, വിജയകാന്ത് (മരണാനന്തരം), കുന്ദന്‍ വ്യാസ് എന്നിവരാണ് പദ്മഭൂഷണ്‍ ലഭിച്ചവര്‍.

110പേര്‍ക്കാണ് വിവിധ വിഭാഗങ്ങളിലായി പത്മശ്രീ പുരസ്കാരം ലഭിച്ചത്. കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, തെയ്യം കലാകാരൻ ഇ.പി. നാരായണൻ, കാസർകോട്ടെ നെൽക്കർഷകൻ സത്യനാരായണ ബലേരി, എഴുത്തുകാരനും വിദ്യാഭ്യാസപ്രവർത്തകനുമായ പകരാവൂർ ചിത്രൻ നമ്പൂതിരിപ്പാട് (മരണാനന്തരം), ആധ്യാത്മികാചാര്യൻ മുനി നാരായണപ്രസാദ്, തിരുവിതാംകൂർ കൊട്ടാരത്തിലെ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായ്‌ തമ്പുരാട്ടി എന്നീ മലയാളികളാണ് പദ്മശ്രീ പുരസ്കാരത്തിനർഹരായത്.

ഇന്ത്യയിലെ ആദ്യ വനിതാ പാപ്പാന്‍ പാര്‍ബതി ബറോ, ഗോത്രക്ഷേമപ്രവര്‍ത്തകന്‍ ജഗേശ്വര്‍ യാദവ്, ഗോത്ര പരിസ്ഥിതി പ്രവര്‍ത്തകയും സ്ത്രീശാക്തീകരണപ്രവര്‍ത്തകയുമായ ചാമി മുര്‍മു, സാമൂഹികപ്രവര്‍ത്തകന്‍ ഗുര്‍വീന്ദര്‍ സിങ്, ഗോത്ര പരിസ്ഥിതി പ്രവര്‍ത്തകന്‍ ദുഖു മാജി, ജൈവ കര്‍ഷക കെ. ചെല്ലമ്മാള്‍, സാമൂഹിക പ്രവര്‍ത്തകന്‍ സംഘാതന്‍കിമ, പാരമ്പര്യചികിത്സകന്‍ ഹേംചന്ദ് മാഞ്ജി, പച്ചമരുന്ന് വിദഗ്ധ യാനുംഗ് ജമോഹ് ലെഗോ, ഗോത്ര ഉന്നമനപ്രവര്‍ത്തകന്‍ സോമണ്ണ, ഗോത്ര കര്‍ഷകന്‍ സര്‍ബേശ്വര്‍ ബസുമതാരി, പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധ പ്രേമ ധന്‍രാജ്, മല്ലഖമ്പ് കോച്ച് ഉദയ് വിശ്വനാഥ് ദേശ്പാണ്ഡെ, നേപ്പാള്‍ ചന്ദ്ര സൂത്രധാര്‍, ബാബു രാം യാദവ്, ദസരി, കൊണ്ടപ്പ, ജാങ്കിലാല്‍, ഗഡ്ഡം സാമയ്യ, മാച്ചിഹാന്‍ സാസ, ജോര്‍ദാന്‍ ലെപ്ച, ബദ്രപ്പന്‍ എം, സനാതന്‍ രുദ്രപാല്‍, ഭഗവത് പദാന്‍, ഓംപ്രകാശ് ശര്‍മ, സ്മൃതി രേഖ ചക്മ, ഗോപിനാഥ് സ്വെയിന്‍, ഉമാ മഹേശ്വരി ഡി, അശോക് കുമാര്‍ ബിശ്വാസ്, രതന്‍ കഹാര്‍, ശാന്തി ദേവി പാസ്വാന്‍ & ശിവന്‍ പാസ്വാന്‍, യസ്ദി മനേക്ഷ ഇറ്റാലിയ എന്നിവര്‍ പദ്മശ്രീ ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു.

രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന പുരസ്‌കാരം രണ്ട് ദിവസം മുമ്പ് പ്രഖ്യാപിച്ചിരുന്നു. ബിഹാര്‍ മുന്‍മുഖ്യമന്ത്രിയായിരുന്ന കര്‍പ്പൂരി ഠാക്കൂറിന് അദ്ദേഹത്തിന്റെ ജന്മശതാബ്ദി ദിനത്തോടനുബന്ധിച്ച് മരണാനന്തര ബഹുമതിയായാണ് ഭാരതരത്‌ന നല്‍കി ആദരിച്ചിരിക്കുന്നത്.