ചരിത്രത്തിൽ ഇന്ന് (മെയ് 10): കുഞ്ഞുണ്ണിമാഷ് ജന്മദിനം - കുഞ്ഞുണ്ണിക്കവിതകൾ | 10 May - in history: Kunjunni Mash

തൃശൂർ വലപ്പാട് ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകനായി 1927 മേയ് 10-നാണ് കുഞ്ഞുണ്ണിമാഷ് ജനിക്കുന്നത്. തന്റെ പതിനൊന്നാമത്തെ വയസ്സിൽ, ആറാം ക്‌ളാസിൽ പഠിക്കുമ്പോൾ തന്നെ കുഞ്ഞുണ്ണി കവിതകളെഴുതിത്തുടങ്ങിയിരുന്നു. സ്വദേശത്തു തന്നെ നേടിയ വിദ്യാഭാസത്തിനു ശേഷം സംസ്കൃതപണ്ഡിതനായ പിതാവിന്റെയോ കുടുംബപൈതൃകമായ ആയുര്‍വ്വേദത്തിന്റെയോ പാത സ്വീകരിക്കാതെ , ചേളാരി ഹൈസ്കൂളിൽ അദ്ധ്യാപകനായി തന്റെ ഔദ്യോഗികജീവിതം ആരംഭിച്ച കുഞ്ഞുണ്ണിമാഷ് തന്റെ ജീവിതത്തിന്റെ സിംഹഭാഗവും കോഴിക്കോട്ടാണ് ചിലവഴിച്ചത്. 

1953ൽ കോഴിക്കോട് ശ്രീരാമകൃഷ്ണാ മിഷൻ ഹൈസ്കൂളിൽ അദ്ധ്യാപകനായി ചേർന്നു.1982ൽ അദ്ധ്യാപനരംഗത്തുനിന്ന് വിരമിച്ചു. 1987-ൽ സ്വദേശമായ വലപ്പാട്ടേക്ക് തിരിച്ചുപോകുകയും തൃശൂരിൽ സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു.

സ്കൂൾ വിദ്യാർത്ഥിയായിരിക്കുന്ന സമയത്ത് തുള്ളക്കഥകൾ എഴുതി സ്വയം അവതരിപ്പിച്ചിരുന്ന കുഞ്ഞുണ്ണി, പത്താം തരം കഴിഞ്ഞ സമയത്ത് യുഗപ്രപഞ്ചം എന്ന തുള്ളലെഴുതി കവിയായി അറിയപ്പെട്ടുതുടങ്ങി.1951 -ൽ  ഇരുപത്തിനാലാം വയസ്സിൽ കുഞ്ഞുണ്ണിമാഷിന്റെ ആദ്യത്തെ പുസ്തകം, കുട്ടിക്കവിതകളുടെ ഒരു സമാഹാരം, " കുട്ടികൾ പാടുന്നു.." എന്ന പേരിൽ പുറത്തിറങ്ങുന്നു. എഴുപതുകളുടെ മധ്യത്തോടെ ഒരു ബാലസാഹിത്യകാരനെന്ന പേരിൽ  കുഞ്ഞുണ്ണിമാഷ് മലയാളത്തിലെ കുട്ടികൾക്കൊക്കെയും പ്രിയങ്കരനായിത്തീർന്നിരുന്നു. 

ആധുനിക കവിതയുടെ ആദ്യകാല സമാഹാരമായ കാല്‍ശതം കുഞ്ഞുണ്ണി എന്ന പേരില്‍ സമാഹരിക്കപ്പെട്ട ഇരുപത്തിയഞ്ച് കവിതകള്‍ സമകാലീനരായ മറ്റു കവികളുടേതില്‍ നിന്നും ഭാവുകത്വപരമായ അന്തരം വ്യക്തമാക്കുന്നവയായിരുന്നു. ഈരടികള്‍ മുതല്‍ നാലുവരികള്‍ വരെയുള്ളവയാണ് കുഞ്ഞുണ്ണിക്കവിതകളില്‍ ഏറെയും. ആദ്യകാല കവിതകള്‍ ഇവയെ അപേക്ഷിച്ച് ദൈര്‍ഘ്യമുള്ളവയാണ്. കുഞ്ഞുണ്ണിമാഷിന്റെ കവിതകളുടെ സ്വഭാവത്തിന് കാര്യമായ ഒരു മാറ്റമുണ്ടാവുന്നത് 1961 മാർച്ചിൽ ഇറങ്ങുന്ന 'നോൺസെൻസ് കവിതകളി'ലൂടെയാണ്.

1969 -ൽ അദ്ദേഹം മാതൃഭൂമി ബാലപംക്തിയുടെ കുട്ടേട്ടനായി സ്ഥാനമേറ്റു. മാതൃഭൂമിയിൽ തന്നെ ബാലപംക്തിയിൽ ഒതുങ്ങിപ്പോവാനായിരുന്നു കവി എന്ന നിലയിൽ കുഞ്ഞുണ്ണിമാഷുടെ വിധി. അതിനു പുറമെ അദ്ദേഹം തന്റെ കവിതകൾ പ്രസിദ്ധപ്പെടുത്തിയിരുന്നത് കാമ്പിശ്ശേരി കരുണാകരൻ എഡിറ്റ് ചെയ്തിരുന്ന ജനയുഗം വാരികയിലായിരുന്നു. 'കുഞ്ഞുണ്ണിക്കവിത' എന്നൊരു പ്രയോഗം അദ്ദേഹത്തിന്റെ സംഭാവനയാണ്. 
1981  മുതൽ കുഞ്ഞുണ്ണിമാഷ് കോഴിക്കോട്ടുനിന്നും പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന മലർവാടി എന്ന കുട്ടികളുടെ മാസികയിൽ തുടങ്ങിയ  'കുഞ്ഞുണ്ണി മാഷും കുട്ട്യോളും' എന്ന പംക്തി നീണ്ട പതിനെട്ടു വര്ഷങ്ങളോളം അദ്ദേഹം തുടർന്നു.1998 ജനുവരി വരെ ആ പംക്തി തുടർന്നു. ആ പംക്തി നിർത്തിയ ശേഷം 2002 വരെ കുഞ്ഞുണ്ണി മാഷുടെ പേജ് എന്ന പേരിൽ മറ്റൊരു പംക്തിയിലൂടെ 5 വർഷം കൂടി കുഞ്ഞുണ്ണി മാഷ് മലർവാടിയിൽ ഉണ്ടായിരുന്നു. കവിതയ്ക്കു പുറമേ, കഥകളും എഴുതിയിരുന്ന കുഞ്ഞുണ്ണി മാഷ്, നല്ലൊരു ചിത്രകാരൻ കൂടിയായിരുന്നു. 
കുഞ്ഞുണ്ണിമാഷ് തന്റെ വലപ്പാടുള്ള തറവാടില്‍ 2006 മാര്‍ച്ച് 26നു അന്തരിച്ചു. അവിവാഹിതനായിരുന്നു അദ്ദേഹം.

1974ലും 1984ലും കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, 1982ല്‍ സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ്, 2002ല്‍ വാഴക്കുന്നം അവാര്‍ഡ്, 2003ല്‍ വി.എ.കേശവന്‍ നായര്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചു. ആജീവനാന്ത സംഭാവനകളെ മുന്‍നിര്‍ത്തി കേരള സാഹിത്യ അക്കാദമിയും സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടും 1988ലും 2002 ലും പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
വളരെ ലളിതമായ വാക്കുകളിൽ എഴുതപ്പെട്ടിരുന്ന കുഞ്ഞുണ്ണി മാഷുടെ കവിതകളിൽ അദ്ദേഹം പടർത്തി നിർത്താൻ ശ്രമിച്ചിരുന്നത് മനുഷ്യജീവിതത്തിന്റെ സംഘർഷങ്ങൾ തന്നെയായിരുന്നു.

അമ്പത്താറക്ഷരമല്ല
അമ്പത്തൊന്നക്ഷരവുമല്ലെന്റെ മലയാളം
മലയാളമെന്ന നാലക്ഷരമല്ല
അമ്മ എന്ന ഒരൊറ്റക്ഷരമാണ്‌
മണ്ണ്‌ എന്ന ഒരൊറ്റക്ഷരമാണെന്റെ മലയാളം
- കുഞ്ഞുണ്ണി
• വെറും അമ്പത്താറോ അമ്പത്തൊന്നോ അക്ഷരങ്ങള്‍ മാത്രമല്ല മലയാളം എന്നത്‌.
മലയാളം എന്ന വാക്കിലെ നാല്‌ അക്ഷരങ്ങളുമല്ല. അമ്മ എന്ന ഒരൊറ്റ അക്ഷരവും, മണ്ണ്‌ എന്ന ഒരൊറ്റ അക്ഷരവുമാണ്‌ മലയാളം. നമുക്ക്‌ പകരം വയ്ക്കാന്‍ കഴിയാത്തവയാണ്‌ അമ്മയും, മണ്ണും. അതുപോലെതന്നെ നമുക്കേറ്റവും പ്രിയപ്പെട്ടവയും. അത്‌ പോലെ പകരം വയ്ക്കാന്‍ കഴിയാത്തതും തനിക്കേറ്റവും പ്രിയപ്പെട്ടതുമാണ്‌ തന്റെ മാതൃഭാഷയായ മലയാളവും എന്നാണ കുഞ്ഞുണ്ണിമാഷ്‌ പറയുന്നത്‌.

"കപടലോകത്തിലാത്മാർത്ഥമായൊരു 
ഹൃദയമുണ്ടായതാണെൻ പരാജയം " - എന്ന് ചങ്ങമ്പുഴ ബാഷ്പാഞ്ജലിയിൽ എഴുതിയപ്പോൾ, കുഞ്ഞുണ്ണി അതിനെ സമീപിച്ചത്,
"കപട ലോകത്തിലെന്നുടെ കാപട്യം 
സകലരും കാണ്മതാണെൻ പരാജയം" - എന്നായിരുന്നു. 

"ഒരു വളപ്പൊട്ടുണ്ടെൻ കയ്യിൽ 
ഒരു മയിൽപ്പീലിയുണ്ടെന്നുള്ളിൽ 
വിരസ നിമിഷങ്ങൾ സരസമാക്കുവാ- 
നിവ ധാരാളമാണെനിക്കെന്നും." - എന്നാണ് മലയാളിയോട് കുഞ്ഞുണ്ണി മാസ്റ്റർ പറഞ്ഞത്. 

മലയാളികളുടെ  ഭാഷാസ്നേഹത്തിന്റെ ഇരട്ടത്താപ്പിനെ കണക്കറ്റു പരിഹസിച്ചുകൊണ്ട് കുഞ്ഞുണ്ണി മാഷ് ഒരിക്കൽ ഇങ്ങനെ എഴുതി, 

'ജനിക്കും നിമിഷം തൊട്ടെൻ 
മകനിംഗ്‌ളീഷു പഠിക്കണം 
അതിനാൽ ഭാര്യതന്‍ പേറ-
ങ്ങിംഗ്ലണ്ടിൽ തന്നെയാക്കി ഞാൻ..! ''

കുഞ്ഞുണ്ണി മാഷിന്റെ ചില ഫലിത പ്രയോഗങ്ങൾ
• പൊക്കമില്ലായ്മയാണ് എന്റെ പൊക്കം
• മുട്ടായിക്ക് ബുദ്ധിവച്ചാൽ ബുദ്ധിമുട്ടായി
• മത്തായിക്ക് ശക്തിവച്ചാൽ ശക്തിമത്തായി
• ഒരുമയുണ്ടെങ്കിൽ ഉലക്കേലും കിടക്കാല്ലോ
• ഒരുമയില്ല്ലെങ്കിൽ കിടക്കേയും ഉലയ്ക്കാലോ
• പിന്നോട്ടു മാത്രം മടങ്ങുന്ന കാലുകൊണ്ടല്ലയോ
 മുന്നോട്ടു പായുന്നിതാളുകൾ
• കട്ടിലുകണ്ട് പനിക്കുന്നോരെ
  പട്ടിണിയിട്ടു കിടത്തീടേണം 
ചില കുഞ്ഞുണ്ണിക്കവിതകൾ
‘എന്നിലുണ്ടെന്തുമെല്ലാരുമെല്ലാടവും‘ എന്ന ഒറ്റ വരികവിതയിൽ മാഷ് തന്റെ സമ്പൂർണ്ണ കവിതകളുടേയും സമഗ്ര പഠനം സംക്ഷേപിച്ചിട്ടുണ്ട്.

• കുഞ്ഞുണ്ണിക്കൊരു മോഹം
  എന്നും കുഞ്ഞായിട്ടു രമിക്കാൻ
  കുഞ്ഞുങ്ങൾക്കു രസിച്ചീടുന്നൊരു
  കവിയായിട്ടു മരിക്കാൻ.
  സത്യമേ ചൊല്ലാവൂ
  ധർമ്മമേ ചെയ്യാവൂ
  നല്ലതേ നൽകാവൂ
  വേണ്ടതേ വാങ്ങാവൂ
  ഒരു വളപ്പൊട്ടുണ്ടെൻ കയ്യിൽ
  ഒരു മയിൽപ്പിലിയുണ്ടെന്നുള്ളിൽ
  വിരസ നിമിഷങ്ങൾ സരസമാക്കുവാ
  നിവ ധാരാളമാണെനിക്കെന്നും.

• ജീവിതം നല്ലതാണല്ലോ
   മരണം ചീത്തയാകയാൽ

• ഉടുത്ത മുണ്ടഴിച്ചിട്ടു
  പുതച്ചങ്ങു കിടക്കുകിൽ
  മരിച്ചങ്ങു കിടക്കുമ്പോ
  ഴുള്ളതാം സുഖമുണ്ടിടാം.

• ഞാനെന്റെ മീശ ചുമന്നതിന്റെ
  കൂലിചോദിക്കാൻ
  ഞാനെന്നോടു ചെന്നപ്പോൾ
  ഞാനെന്നെ തല്ലുവാൻ വന്നു.

• പൂച്ച നല്ല പൂച്ച
  വൃത്തിയുള്ള പൂച്ച
  പാലു വച്ച പാത്രം
  വൃത്തിയാക്കി വച്ചു.

• എത്രമേലകലാം
  ഇനിയടുക്കാനിടമില്ലെന്നതുവരെ
  എത്രമേലടുക്കാം
  ഇനിയകലാനിടമില്ലെന്നതുവരെ.

• എനിക്കുണ്ടൊരു ലോകം
  നിനക്കുണ്ടൊരു ലോകം
  നമുക്കില്ലൊരു ലോകം.

• മഴ മേലോട്ട് പെയ്താലേ
  വിണ്ണു മണ്ണുള്ളതായ് വരു
  മണ്ണുള്ള ദിക്കിലുള്ളോർക്കേ
  കണ്ണു കീഴോട്ടു കണ്ടിടൂ

• കാലമില്ലാതാകുന്നു
  ദേശമില്ലാതാകുന്നു
  കവിതേ നീയെത്തുമ്പോൾ
  ഞാനുമില്ലാതാകുന്നു
  പൊക്കമില്ലാത്തതാണെന്റെ പൊക്കം
  മന്ത്രിയായാൽ മന്ദനാകും
  മഹാ മാർക്സിസ്റ്റുമീ
  മഹാ ഭാരതഭൂമിയിൽ

• മഴയും വേണം കുടയും വേണം കുടിയും വേണം
  കുടിയിലൊരിത്തിരി തീയും വേണം
  കരളിലൊരിത്തിരി കനിവും വേണം
  കൈയിലൊരിത്തിരി കാശും വേണം
  ജീവിതം എന്നാൽ പരമാനന്ദം
  ആശകൊണ്ടേ മൂസ തെങ്ങുമേ കേറി
  മടലടർന്നു വീണു
  മൂസ മലർന്നു വീണു
  മടലടുപ്പിലായി
  മൂസ കിടപ്പിലായി!
  ശ്വാസം ഒന്ന് വിശ്വാസം പലത്
  ശ്വാസമാവശ്യം ആശ്വാസമാവശ്യം വിശ്വാസമത്യാവശ്യം
  കപടലോകത്തിലെന്നുടെ കാപട്യം
  സകലരും കാണ്മതാണെൻ പരാജയം

• "ആറുമലയാളിക്കു നൂറുമലയാളം
  അരമലയാളിക്കുമൊരു മലയാളം
  ഒരുമലയാളിക്കും മലയാളമില്ല"

• കുരിശേശുവിലേശുമോ?

• യേശുവിലാണെൻ വിശ്വാസം
  കീശയിലാണെൻ ആശ്വാസം.

1. കുറ്റിപ്പെൻസിൽ എന്ന കൃതി രചിച്ചതാര്?
- കുഞ്ഞുണ്ണിമാഷ്

2. “വലിയൊരു ലോകം മുഴുവൻ നന്നാവാൻ ചെറിയൊരു സൂത്രം ചെവിയിലോതാം” ഞാൻ” ആരുടെ വരികൾ?
- കുഞ്ഞുണ്ണി മാഷ്

3. തൃശൂർ ജില്ലയിൽ വലപ്പാട്ട് ജനിച്ചു. നുറുങ്ങു കവിതകളിലൂടെ പുതിയ കാവ്യശൈലി തീർത്തു. 2006-ൽ അന്തരിച്ചു. ആര്?
- കുഞ്ഞുണ്ണിമാഷ് 

4. "വായിച്ചാൽ വളരും, വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും, വായിച്ചില്ലെങ്കിൽ വളയും”ആരുടെ വരികൾ ? 
- കുഞ്ഞുണ്ണിമാഷ് 
മറ്റ് പ്രധാന പഠനകുറിപ്പുകൾക്കായി ഇവിടെ ക്ലിക്കുക>
<കൂടുതൽ കാര്യങ്ങൾ പഠിക്കാനായി ഇവിടെ ക്ലിക്കുക>


PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here