ജി.എൻ. രാമചന്ദ്രൻ  (1922 – 2001)
മലയാളികൾ വേണ്ടത്ര അംഗീകരിക്കാതെ പോയ, സ്വതന്ത്ര്യാനന്തര ഭാരതം കണ്ട ശാസ്ത്രജ്ഞരിൽ പ്രമുഖനായിരുന്നു ജി.എൻ.ആർ എന്നും റാമെന്നും സുഹൃത്തുക്കൾ വിളിച്ചിരുന്ന ഗോപാലസുന്ദരം നാരായണ അയ്യർ രാമചന്ദ്രൻ. കേരളത്തില്‍നിന്ന്‌ ഒരു ശാസ്ത്രജ്ഞന്‍ ഇന്നും ലോകശാസ്ത്ര ഭൂപടത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്നുണ്ടെങ്കില്‍ അത്‌ ജി.എന്‍. രാമചന്ദ്രന്‍ ആണ്. ജീവതന്മാത്ര ശാസ്ത്ര (അഥവാ സ്ട്രക്ച്ചചല്‍ ബയോളജി) ത്തിന്‌ കേരളത്തിന്റെ സംഭാവന. അര്‍ഹതപ്പെട്ടിട്ടും നൊബേല്‍ സമ്മാനം കിട്ടാതെ പോയ ആ ശാസ്ത്രപ്രതിഭയുടെ വിസ്മയിപ്പിക്കുന്ന ജീവിതം. 
തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍നിന്ന് കേരളത്തില്‍ കുടിയേറിയ കുടുബമായിരുന്നു രാമചന്ദ്രന്റേത്. ഗണിതശാസ്‌ത്രാധ്യാപകനായ ജി.ആർ. നാരായണ അയ്യരുടെയും ലക്ഷ്‌മി അമ്മാളിന്റെയും മകനായി 1922 ഒക്‌ടോബർ എട്ടിന്‌ കൊച്ചിയിൽ ജനിച്ച ജി.എൻ. രാമചന്ദ്രൻ, തന്റെ പിതാവ് ജി. നാരായണ അയ്യർ പ്രിൻസിപ്പലായിരുന്ന മഹാരാജാസ് കോളേജിലാണ് പഠിച്ചത്. എറണാകുളത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം, മഹാരാജാസ് കോളേജില്‍ ഇന്റര്‍മീഡിയറ്റ് പൂര്‍ത്തിയാക്കി. മലയാളം, ഇംഗ്ലീഷ്, സംസ്‌കൃതഭാഷകള്‍ സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് തന്നെ സ്വായത്തമാക്കി. തിരുച്ചിയിലെ സെയിന്റ് ജോസഫ് കോളേജിൽനിന്നും ഭൗതികത്തിൽ ബി.എസ്.സി. (ഓണേഴ്‌സ്) ബിരുദം ഒന്നാം റാങ്കിൽ നേടിയ രാമചന്ദ്രൻ ബാംഗ്ലൂരിലെ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ഉപരിപഠനം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും അന്നവിടെ പ്രൊഫസറായിരുന്ന നോബൽ ജേതാവ് സി.വി. രാമന്റെ ശിഷ്യത്വം സ്വീകരിച്ച് ഭൗതിക ശാസ്ത്രഗവേഷണത്തിലേക്ക് തിരിയുകയായിരുന്നു.  ബിരുദാനന്തരബിരുദവും ആദ്യഡോക്ടറേറ്റും രാമന് കീഴിലാണ് നേടിയത്.  ക്രിസ്റ്റലുകള്‍, എക്‌സ്‌റേ ക്രിസ്റ്റലോഗ്രാഫി, പ്രകാശ വിഭംഗനം തുടങ്ങിയ മേഖലകളിലായിരുന്നു രാമന് കീഴില്‍ ഗവേഷണം. സി.വി. രാമന്റെ ഏറ്റവും പ്രഗത്ഭനായ വിദ്യാര്‍ഥിയെന്ന് ഖ്യാതി നേടിയ രാമചന്ദ്രന്‍, ലോകശാസ്ത്രഭൂപടത്തില്‍ ഇന്ത്യയ്ക്ക് അഭിമാനമാര്‍ന്ന സ്ഥാനം നേടിത്തന്നു. ശാസ്ത്രരംഗത്ത് കഴിഞ്ഞ 60 വര്‍ഷത്തിനിടയിലെ മലയാളി സാന്നിധ്യം തേടുമ്പോള്‍, അതില്‍ ഏറ്റവും തേജസ്സോടെ തെളിയുന്ന പേരുകളിലൊന്ന് രാമചന്ദ്രന്റേതാണ്. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ ശക്തിപ്രാപിച്ച ജീവതന്മാത്രാശാസ്ത്രം( അഥവാ സ്ട്രക്ച്ചറല്‍ ബയോളജി) എന്ന ഗവേഷണമേഖലയിലാണ് രാമചന്ദ്രന്റെ സംഭാവനകളുണ്ടായത്. ആ രംഗത്ത് പോയ നൂറ്റാണ്ട് കണ്ട എണ്ണപ്പെട്ട പ്രതിഭകളിലൊരാളായി ലോകമെങ്ങും രാമചന്ദ്രന്‍ അറിയപ്പെടുന്നു.
എക്‌സ്‌റേ ഡിഫ്രാക്ഷൻ, ക്രിസ്റ്റലോഗ്രാഫി എന്നീ ശാസ്ത്രശാഖകളിലെ സംഭാവനകളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിനു 1947-ൽ ഡി.എസ്.സി. ബിരുദം ലഭിച്ചു. പിന്നീട് ബ്രിട്ടനിലെ കാവെൻഡിഷ് ലബോറട്ടറിയിൽ നിന്നും പ്രസിദ്ധ ശാസ്ത്രജ്ഞനായിരുന്ന ഡബ്ലിയു.എ. വൂസ്റ്ററിന്റെ കീഴിൽ 1949-ൽ പി.എച്ച്.ഡി. നേടി. പിൽക്കാലത്ത് രാമചന്ദ്രനെ വളരെയധികം സ്വാധീനിച്ച ലിനസ് പൗളിങ്ങുമായി അദ്ദേഹം പരിചയപ്പെട്ടത് ഇവിടെ വെച്ചായിരുന്നു. കേംബ്രിഡ്ജില്‍ നിന്നാണ് രണ്ടാം ഡോക്ടറേറ്റ് നേടിയത്.
1949 ല്‍ കേംബ്രിഡ്ജില്‍നിന്ന് ഇന്ത്യയിലെത്തിയ രാമചന്ദ്രന്‍ ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ടില്‍ അസിസ്റ്റന്റ് പ്രൊഫസറായി ചേര്‍ന്നു. അവിടുത്തെ എക്‌സ്‌റേ ഡിഫ്രാക്ഷന്‍ ലബോറട്ടറിയുടെ ചുമതലയായിരുന്നു അദ്ദേഹത്തിന്. മലയാളിയായ ഗോപിനാഥ് കര്‍ത്ത ഉള്‍പ്പടെ ഏതാനും വിദ്യാര്‍ഥികള്‍ രാമചന്ദ്രന് കീഴില്‍ ഗവേഷണത്തിന് ചേര്‍ന്നു. പിന്നീട്, മദ്രാസ് സര്‍വ്വകലാശാലയില്‍ പുതിയതായി നിലവില്‍ വന്ന ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയായി 1952 ല്‍ രാമചന്ദ്രന്‍ ചുമതലയേറ്റു. സി വി രാമനാണ് ആ പദവിയിലേക്ക് അദ്ദേഹത്തെ ശുപാര്‍ശ ചെയ്തത്. 
1950-57 കാലത്ത് 'കറന്റ് സയന്‍സ്' ജേര്‍ണലിന്റെ പത്രാധിപരായും രാമചന്ദ്രന്‍ പ്രവര്‍ത്തിച്ചു. രാമചന്ദ്രന്‍ 17 വര്‍ഷം മദ്രാസിലുണ്ടായിരുന്നു. രാമചന്ദ്രന്റെ മേൽനോട്ടത്തിലാണ് മദ്രാസ് സർവകലാശാലയിൽ എക്‌സ്‌റേ ക്രിസ്സ്റ്റലോഗ്രാഫി ലബോറട്ടറി ആരംഭിച്ചത്. 1952-ൽ ഡിപ്പാർട്ടുമെന്റ് സന്ദർശിച്ച പ്രസിദ്ധ ശാസ്ത്ര ചരിത്രകാരനായിരുന്ന ജെ.ഡി. ബർണലാണ് പിൽക്കാലത്ത് രാമചന്ദ്രൻ മൗലിക സംഭാവന നൽകിയ കൊളാജൻ ഘടനാ ഗവേഷണത്തിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധ ആകർഷിച്ചത്. സഹപ്രവർത്തകനായിരുന്ന ഗോപിനാഥ് കർത്തായുമായി ചേർന്ന് നടത്തിയ ഗവേഷണങ്ങളെ തുടർന്ന് മൂന്ന് സമാന്തര പോളിപെപ്‌റ്റൈഡ് ശൃംഖലകൾ ചേർന്നതാണ് കൊളാജന്റെ ഘടന എന്ന നിഗമനത്തിൽ അദ്ദേഹം എത്തിചേർന്നു. ജെയിംസ് വാട്ട്‌സണും, ഫ്രാൻസിസ് ക്രിക്കും കണ്ടെത്തിയ ഡി.എൻ.എ.യുടെ ഘടന സംബന്ധിച്ച ഡബിൾ ഹെലിക്‌സ് സിദ്ധാന്തത്തെപ്പറ്റിയുള്ള ലേഖനം പ്രസിദ്ധീകരിച്ചതിന്റെ തൊട്ടടുത്തവർഷം തന്നെ (1954) രാമചന്ദ്രനും കർത്തായും ചേർന്നെഴുതിയ കൊളാജന്റെ ട്രിപ്പിൾ ഹെലിക്‌സ് ഘടനയെ സംബന്ധിച്ച ലേഖനം നേച്ചർ മാസിക പ്രസിദ്ധീകരിച്ചു.
1965-66 കാലത്ത് രാമചന്ദ്രന്‍ അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസറായി. 1970-ൽ മദ്രാസ് സർവകലാശാല വിട്ട രാമചന്ദ്രൻ ഇന്ത്യന്‍ ഇന്‍സ്റ്റട്ട്യൂട്ടില്‍ തന്നെ 'മാത്തമാറ്റിക്കല്‍ ഫിലോസൊഫി യൂണിറ്റ്' എന്ന പുതിയൊരു ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങി. ഒരു വർഷത്തോളം ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ബയോഫിസിക്‌സ് ഡിപ്പാർട്ടുമെന്റിൽ ഗവേഷണം നടത്തി. തിരികെ ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ എത്തിയ രാമചന്ദ്രൻ 1971-ൽ അവിടെ മോളിക്കുലാർ ബയോഫിസിക്‌സ് യൂണിറ്റ് സ്ഥാപിച്ചു. 1981 ല്‍ ബാംഗ്ലൂരില്‍ നിന്ന് രാജിവെച്ച് ഹൈദരാബാദിലെ 'സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ബയോളജി'യില്‍ എത്തിയെങ്കിലും അവിടെ ഏതാനും മാസം തുടരാനേ രാമചന്ദ്രന് കഴിഞ്ഞുള്ളൂ. 1978-ൽ ഔപചാരിക ഗവേഷണ ചുമതലകളിൽ നിന്നൊഴിഞ്ഞ ശേഷം അദ്ദേഹം മാത്തമാറ്റിക്കൽ ഫിലോസഫി പ്രൊഫസറായി 1989 വരെ സേവനം അനുഷ്ഠിച്ചു.
പെപ്‌റ്റൈഡിന്റെ ഘടന വിവരിക്കുന്ന രാമചന്ദ്രൻ മാപ്പ് ((Ramachandran Map) സി.വി. രാമന്റെ പ്രസിദ്ധമായ രാമൻ ഇഫക്ടു ((Raman Effect) പോലെ ശാസ്ത്രലോകം വിലമതിച്ചിരുന്നു. എക്‌സ്‌റേ ക്രിസ്റ്റലോഗ്രാഫിക്കു പുറമേ പോളിപെപ്‌റ്റൈഡ് സ്റ്റീരിയോ കെമിസ്ട്രി, ടോമോഗ്രാഫി, ബയോഫിസിക്‌സ് തുടങ്ങിയ നിരവധി നവീന ശാസ്ത്രശാഖകളിൽ മൗലിക സംഭാവനകൾ നൽകിയ ജി.എൻ.ആർ. നോബൽ സമ്മാനാർഹനായിരുന്നെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ശാസ്ത്രവിഷയങ്ങൾക്കു പുറമേ തത്വചിന്തയിലും പാശ്ചാത്യ-കർണ്ണാട്ടിക് സംഗീതത്തിലും അവഗാഹം നേടിയ രാമചന്ദ്രൻ ”പ്രായോഗിക തർക്കശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങൾ” എന്ന പേരിൽ ഒരു ഗ്രന്ഥവും രചിച്ചിട്ടുണ്ട്.
 'നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹ'നെന്ന് വാഴ്ത്തപ്പെട്ട ശാസ്ത്ര വ്യക്തിത്വമാണ് രാമചന്ദ്രന്‍. നോബൽ സമ്മാനം കൈവിട്ടുപോയെങ്കിലും ശാസ്ത്രലോകത്തെ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 1972-ൽ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി രാമാനുജൻ സ്മാരക സമ്മാനം നൽകി അദ്ദേഹത്തെ ആദരിച്ചു. ക്രിസ്റ്റലോഗ്രാഫിയിലുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ പരിഗണിച്ച് ഇന്റർനാഷണൽ യൂണിയൻ ഓഫ് ക്രിസ്റ്റലോഗ്രാഫി 1999-ൽ നൽകിയ അഞ്ചാമത് ഇവാൽഡ് പ്രൈസാണ് അദ്ദേഹത്തിനു ലഭിച്ച ഏറ്റവും അവസാനത്തെ പുരസ്‌കാരം. 
1980 കളുടെ ആരംഭത്തില്‍ പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പിടിയിലായ അദ്ദേഹത്തിന്റെ മാനസികാരോഗ്യം അതിന് മുമ്പ് തന്നെ തകരാന്‍ തുടങ്ങിയിരുന്നു. 1945 ല്‍ തന്നോടു ചേര്‍ന്ന രാജലക്ഷ്മി എന്ന രാജമായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. 2001 ഏപ്രില്‍ ഏഴിന് ചെന്നൈയിലായിരുന്നു രാമചന്ദ്രന്റെ അന്ത്യം. ഗവേഷകര്‍ ഇന്ത്യയില്‍ നിന്ന് പാശ്ചാത്യ ശാസ്ത്രസ്ഥാപനങ്ങളിലേക്ക് ചെക്കേറുന്ന കാലത്ത്, അത്തരം ഒട്ടേറെ അവസരങ്ങള്‍ വന്നിട്ടും അതിന് മുതിരാതെ രാമചന്ദ്രന്‍ മാതൃരാജ്യത്ത് തന്നെ നിലകൊണ്ടു. ഇവിടെ തന്നെ ഗവേഷണം നടത്തി. രാജ്യത്തിന്റെ യശസ്സുയര്‍ത്തുന്ന കണ്ടുപിടുത്തങ്ങള്‍ നടത്തി.
മറ്റ് പ്രധാന പഠനകുറിപ്പുകൾക്കായി ഇവിടെ ക്ലിക്കുക>
<കൂടുതൽ കാര്യങ്ങൾ പഠിക്കാനായി ഇവിടെ ക്ലിക്കുക>

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here